19 April Friday

വളരട്ടെ ഈ മാതൃക

വെബ് ഡെസ്‌ക്‌Updated: Friday May 25, 2018


രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന‌് കേരളത്തെ വ്യത്യസ്തമാക്കുന്നത് സംസ്ഥാനം നേടിയ സർവതലസ്പർശിയായ പുരോഗതി തന്നെയാണ്. ആരോഗ്യ‐വിദ്യാഭ്യാസ രംഗങ്ങളിലെ  അസൂയാവഹമായ മുന്നേറ്റം,  ഭൂപരിഷ്കരണം,  മികവുറ്റ സാമൂഹ്യസുരക്ഷാ പദ്ധതികൾ,  ആയുർദൈർഘ്യം, മാതൃ‐ശിശു മരണനിരക്ക് കുറവ് എന്നിങ്ങനെ  വിവിധമേഖലകളിൽ കേരളം ആർജിച്ച നേട്ടം വികസിതരാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഏറ്റവുമൊടുവിൽ നിപാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ദ ഹിന്ദു എഴുതിയ മുഖപ്രസംഗത്തിൽ കേരളത്തിന്റെ അനുഭവത്തെ ലോകത്തെ ഏറ്റവുംവികസിച്ച രാജ്യങ്ങളുടേതുമായാണ്  താരതമ്യം ചെയ്യുന്നത്. ഐക്യകേരള രൂപീകരണംമുതൽ ഇങ്ങോട്ടുവന്ന ഇടതുപക്ഷ സർക്കാരുകളുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിന്റെ ഫലമാണ് ഈ നേട്ടങ്ങൾ. ഭൂപരിഷ്കരണം, തൊഴിലാളിക്ഷേമം, വിദ്യാഭ്യാസം, തദ്ദേശഭരണം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നിരവധി നിയമനിർമാണങ്ങൾക്ക്  തുടക്കംക്കുറിച്ചത് കമ്യൂണിസ്റ്റ് പാർട്ടി നയിച്ച കേരളത്തിന്റെ ആദ്യ സർക്കാരാണ്.

1957ലെ കേരള കാർഷികബന്ധ ബിൽ കേരളത്തിലെ ഭൂവുടമ﹣കുടിയാൻ ബന്ധങ്ങളിൽ സമഗ്രമായ പരിഷ്കരണമാണ് വരുത്തിയത്. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിൽ ഈ നിയമനിർമാണം നിസ്തുലമായ പങ്കുവഹിച്ചു. കുടിയൊഴിപ്പിക്കൽ തടയലും തൊഴിൽതർക്കങ്ങളിൽനിന്ന് പൊലീസിനെ മാറ്റിനിർത്തലും വിദ്യാഭ്യാസനിയമവും  കേരളത്തിന്റെ  ഇന്നത്തെ മാതൃകാപരമായ വളർച്ചയുടെ അടിത്തറ തന്നെയാണ്.   1967ലും എൺപതിലും 87ലും 96ലും 2006ലും അധികാരത്തിൽവന്ന സർക്കാരുകൾ ആദ്യ ഇ എം എസ് സർക്കാരിന്റെ കാൽപ്പാടുകൾ പിന്തുടർന്നു. അതിന്റെ യാഥാർഥ്യ ബോധത്തോടെയുള്ളതും കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതുമായ തുടർച്ചയായിരുന്നു 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റ എൽഡിഎഫ് സർക്കാർ. രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ  പിണറായി സർക്കാർ ജനങ്ങളോട് പറയുന്നത് ഇനി ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, ഇതുവരെ  ചെയ്തുതീർത്ത കാര്യങ്ങളെക്കുറിച്ച് കൂടിയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇന്നയിന്ന വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു;  അതിൽ ഇന്നതൊക്കെ പൂർത്തിയാക്കി;  ഇതാ ഞങ്ങളുടെ പ്രോഗ്രസ‌് റിപ്പോർട്ട് എന്ന് ജനങ്ങളോട് പറയാനും  അത് ജനകീയപരിശോധനയ്ക്കായി സമർപ്പിക്കാനും തയ്യാറാകുന്ന  സർക്കാരുകളെ രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും കാണാനാകില്ല.

ആക്രമണോത്സുകമായ വർഗീയതയുടെയും  നവലിബറൽ നയങ്ങളുടെയും അജണ്ടകൾ രാജ്യത്ത് ശക്തിയുക്തം നടപ്പാക്കുന്ന ഘട്ടത്തിലാണ് പരിമിതികളെയും വെല്ലുവിളികളെയും  മറികടന്ന്  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് പ്രവർത്തിച്ചത്.  സംസ്ഥാനത്ത‌്  സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നോട്ടുപോവുക  എന്ന  ദൗത്യത്തിനൊപ്പം സംസ്ഥാനത്തിന്റെ ജനങ്ങളുടെ മൂർത്തമായ പ്രശ്നങ്ങൾക്ക് ത്വരിതപരിഹാരം; വരുംകാല കേരളത്തിന്റെ അഭിവൃദ്ധിക്കും  നിലനിൽപ്പിനും ജനക്ഷേമത്തിലുമുള്ള  ദീർഘകാലപദ്ധതികൾ  എന്ന ബഹുമുഖശൈലിയാണ് സർക്കാർ അനുവർത്തിച്ചത്.

നയവ്യക്തതയും അത് നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവുമാണ് സർക്കാരിന്റെ സവിശേഷതയായി കാണാവുന്നത്.  ചെയ്യാനാകുന്നതുമാത്രം ഏറ്റെടുക്കുകയും ഏറ്റെടുത്തത് ചെയ്തുകാണിക്കുകയുമെന്നത് സമകാലത്ത‌് സവിശേഷമായ അനുഭവം തന്നെയാണ്. പണമില്ല, കേന്ദ്ര വിഹിതമില്ല എന്ന വസ്തുതയ്ക്കുമുന്നിൽ പകച്ചുനിൽക്കാതെ, അടിസ്ഥാന സൗകര്യവികസനത്തിന് വിഭവം സമാഹരിച്ചേ തീരൂ എന്ന ഉറച്ച തീരുമാനത്തോടെ അതിനുള്ള വഴി ആവിഷ്കരിക്കുകയാണ് സർക്കാർ ചെയ്തത്. അഞ്ചുവർഷംകൊണ്ട് അമ്പതിനായിരം കോടിരൂപ കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച സംവിധാനവും അതിലൂടെ   ആദ്യ രണ്ടുവർഷംകൊണ്ട്  ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചതും മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിപത്സന്ധികളിൽ ഇടപെടുന്നതിനും പണമില്ലായ്മ  തടസ്സമാകുന്നില്ല.  മഹാമേളകൾ നടത്തി ചെറുതുക വിതരണം ചെയ്യുകയല്ല, അർഹതപ്പെട്ടവർക്ക് ദുരിതാശ്വാസം വീട്ടിലെത്തിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി  പിണറായി വിജയൻ ചെയ്തത്.
അഴിമതി ആരോപണങ്ങളില്ല, വാഗ്‌ദാനലംഘനമെന്ന് ആക്ഷേപമില്ല. രണ്ടുവർഷംമുമ്പ‌് എങ്ങനെയായിരുന്നു കേരളം അതിൽനിന്ന് പരിപൂർണമായി മാറിയിരിക്കുന്നു. ഭരണത്തിന്റെ യന്ത്രത്തെ ബാധിച്ച ജീർണതയാണ് ഇല്ലാതാകുന്നത്.

പൊലീസ് അടിമുടി മാറിയിട്ടില്ല. സർക്കാരിന്റെ പൊലീസ് നയം നടപ്പാക്കാൻ വിമുഖത കാട്ടുന്നവരുടെ സാന്നിധ്യമുണ്ട്. അത്തരക്കാരെ കർക്കശമായി നേരിടുന്ന സർക്കാറുണ്ട് എന്നതും ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുന്നു. കസ്റ്റഡി മരണമുണ്ടായാൽ മറച്ചുവയ‌്ക്കുകയായിരുന്നു മുൻ രീതി. അതിനെ കൊലപാതകമാണെന്നുതന്നെ കണ്ടു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതും ഇരകൾക്കു ആശ്വാസം പകരുന്നതുമാണ് പുതിയ കാഴ്ച. അധികാരകേന്ദ്രങ്ങളുടെ അഴിമതി സംരക്ഷകരായി അധഃപതിച്ചിരുന്ന പൊലീസിനെ അത്തരം തിന്മകളിൽനിന്ന് വിടുവിക്കാനുള്ള ശ്രമമാണ് വിജയം കാണുന്നത്.

സാമൂഹ്യസുരക്ഷാ പദ്ധതികൾ, തൊഴിലാളിക്ഷേമം, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം, പൊതുമേഖലാ വ്യവസായങ്ങളുടെ വളർച്ച എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിൽ അതുല്യമായ നേട്ടപ്പട്ടികയുമായാണ് സർക്കാർ മൂന്നാംവർഷത്തിലേക്കു കടക്കുന്നത‌്. ഹരിതകേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം എന്നിങ്ങനെ നാല് മിഷനുകൾ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന്റെ സൂചനകളാണ്. സർക്കാരിന്റെ ഈ ഇടപെടലുകൾ മൂടിവച്ചു വിവാദസൃഷ്ടിയിലും അപവാദപ്രചാരണത്തിലും മുഴുകുന്നവരുണ്ട്; ദോഷൈകദൃഷ്ടിയോടെ ആക്ഷേപംമാത്രം ഉയർത്തുന്ന പ്രതിപക്ഷമുണ്ട്. വർഗീയത കെട്ടഴിച്ചുവിട്ടും ജനങ്ങളിൽ പരസ്പര സ്പർദ്ധവളർത്തിയും കേരളത്തെ അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നവരുണ്ട്, അവർക്കു ലഭിക്കുന്ന കേന്ദ്ര പിന്തുണയുണ്ട്. മാർക്സിസ്റ്റു വിരുദ്ധ ജ്വരംബാധിച്ച മാധ്യമങ്ങളുണ്ട്. ഇതൊക്കെയുണ്ടായിട്ടും ജനങ്ങൾ സർക്കാരിനെ പിന്തുണയ്ക്കുന്നു; സംരക്ഷിക്കാൻ കൈകോർക്കുന്നു. രണ്ടുവർഷത്തെ നേട്ടങ്ങൾ നിരത്തി, മൂന്നാംവർഷം എന്തുചെയ്യുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുപോകുന്ന സർക്കാരിന്റെ ഏറ്റവുംവലിയ ബലം അചഞ്ചലമായ ജനപിന്തുണയാണ്. ഈ മാതൃക വളരാനും ഈ തിളക്കം അനുസ്യൂതം നിലനിൽക്കാനും ജനം ഹൃദയംകൊണ്ട് ആഗ്രഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top