26 September Tuesday

സമൂഹവ്യാപനം: ഭയവും വസ്‌തുതയും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


കേരളത്തിൽ കോവിഡിന്റെ സമൂഹവ്യാപനം ആരംഭിച്ചുവെന്ന ആശങ്കാജനകമായ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്‌. സമ്പർക്കംമൂലമുള്ളതും സ്രോതസ്സ്‌ അറിയാത്തതുമായ രോഗപ്പകർച്ച വർധിക്കുന്നുവെന്നതാണ്‌ ഇതിന്‌ ആധാരമായി  പറയുന്നത്‌.  രണ്ടുവിധത്തിലുമുള്ള രോഗവ്യാപനം പ്രതീക്ഷിക്കേണ്ടതാണെന്നും ഇതിന്റെ നിരക്ക്‌ നിയന്ത്രിച്ചുനിർത്താൻ സാധിക്കാതെ വരുന്നത്‌ ആപൽക്കരമാണെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഒരാളിലേക്കാണെങ്കിലും രോഗം സമ്പർക്കംവഴി പകർന്നാൽ അത്‌ ഗൗരവമർഹിക്കുന്ന കാര്യമാണ്‌. രോഗം പകർന്നവഴി കണ്ടെത്താനാകുന്നില്ലെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതി അന്തർദേശീയതലത്തിൽത്തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്‌. ഫലപ്രദമായി മുന്നേറുന്ന ഈ പദ്ധതിയിൽ വിശ്വാസമർപ്പിക്കുന്നതിനുപകരം വഴിവിട്ട ചർച്ചകൾ നടത്തുന്നത്‌ ആശാസ്യമല്ല.

കോവിഡ്‌ ലക്ഷണങ്ങളുമായി നിരവധിപേർ ആശുപത്രികളിൽ എത്തുക, പരിശോധനയിൽ അവർക്കെല്ലാം രോഗം സ്ഥിരീകരിക്കുക, ദിനംപ്രതി കണ്ടെത്തുന്ന രോഗബാധയിൽ ഭൂരിപക്ഷവും സമ്പർക്കംവഴിയോ സ്രോതസ്സ്‌ അറിയാത്തതോ ആകുക, പൊതുജനങ്ങളിൽനിന്നുള്ള പരിശോധനയിൽ ഭൂരിപക്ഷത്തിനും രോഗം കണ്ടെത്തുക ഇതൊക്കെയാണ്‌ സമൂഹവ്യാപനത്തിന്റെ ഗുരുതരമായ സ്ഥിതി. എന്നാൽ, ഇതിൽ കുറച്ചുള്ളതൊന്നും സമൂഹവ്യാപനമല്ലെന്ന നിലപാടും ശാസ്‌ത്രീയമല്ല. സമൂഹവ്യാപനമാണോ അല്ലയോ എന്നതിനേക്കാൾ പ്രാധാന്യം രോഗവ്യാപനം പരമാവധി കുറയ്‌ക്കുക എന്നതിനാകണം‌. സമൂഹവ്യാപനം ഇല്ലെന്ന്‌ ആശ്വസിച്ച്‌ മുൻകരുതലുകളും ജാഗ്രതയും കുറയ്‌ക്കുന്നത്‌ അപകടകരമായ പ്രവണതയാണ്. ‌ ഇതിനെതിരെയുള്ള ബോധവൽക്കരണവും  നടപടികളും ശക്തിപ്പെടുത്തുന്നതിനുപകരം ആരോഗ്യസംവിധാനങ്ങളെ അവമതിക്കുകയും വീഴ്‌ചകൾ ആരോപിക്കുകയും ചെയ്യുന്നത്‌  അവസാനിപ്പിക്കണം‌.

കേരളത്തിൽ കോവിഡിന്റെ നാൾവഴികൾ യാഥാർഥ്യബോധത്തോടെ പരിശോധിച്ചാൽ നമ്മുടെ നേട്ടങ്ങളുടെ തിളക്കം ബോധ്യമാകും. ജനുവരി അവസാനം ചൈനയിലെ വുഹാനിൽനിന്ന്‌ എത്തിയ മൂന്ന്‌ മെഡിക്കൽ വിദ്യാർഥികളാണ്‌ കേരളത്തിലെയും ഇന്ത്യയിലെയും ആദ്യ കോവിഡ്‌ ബാധിതർ. ഇവരിൽനിന്ന്‌ ഒരാളിലേക്കുപോലും രോഗം പകരാതെ ചികിത്സിച്ചു മാറ്റിയതുമുതൽ കേരളത്തിന്റെ  രോഗപ്രതിരോധയജ്ഞം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി  വിശ്രമരഹിതമായ പ്രവർത്തനമാണ്‌ കഴിഞ്ഞ നാലുമാസമായി കേരളത്തിൽ തുടരുന്നത്‌. രണ്ടാംഘട്ടത്തിൽ ഇറ്റലി, ഗൾഫ്, ഇതര സംസ്ഥാനങ്ങൾ  എന്നിവിടങ്ങളിൽനിന്ന്‌ എത്തിയവർക്കും അവരുമായി സമ്പർക്കമുണ്ടായവർക്കുമായിരുന്നു‌ രോഗബാധ‌. സമ്പൂർണ ലോക്‌ഡൗൺവഴി ഈ ഘട്ടത്തിൽ രോഗവ്യാപനം തടുത്തുനിർത്താൻ നമുക്കായി. ചികിത്സയിലുള്ളവരുടെ എണ്ണം നൂറിൽ താഴെയാക്കി കുറച്ചു. മെയ്‌ ആദ്യത്തോടെ ഗൾഫിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ആളുകൾ വരാൻ തുടങ്ങിയതാണ്‌ മൂന്നാംഘട്ടം. ഇങ്ങനെ വരുന്നവർ പൂർണ നിരീക്ഷണത്തിലായതിനാൽ സമൂഹവ്യാപന സാധ്യത വളരെ കുറവാണ്‌. എന്നിട്ടും സ്രോതസ്സ്‌ അറിയാതെ രോഗപ്പകർച്ച ഉണ്ടാകുന്നുണ്ടെങ്കിൽ അതീവ ജാഗ്രത അനിവാര്യമാണ്‌.  അവശേഷിക്കുന്ന പഴുതുകൾകൂടി അടച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.


 

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌ പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.  ഇതിൽ വികസിത രാജ്യമായ അമേരിക്കയെന്നോ ഇന്ത്യയിലെ മെട്രോനഗരമായ മുംബൈ എന്നോ വ്യത്യാസമില്ല. സൗകര്യങ്ങൾ എത്ര വിപുലപ്പെടുത്തിയാലും ഒരു പരിധിയുണ്ട്‌. ഇപ്പോൾ കേരളത്തിൽ കോവിഡ്‌ ആശുപത്രികൾ, ഫസ്‌റ്റ്‌ ലൈൻ ചികിത്സാ കേന്ദ്രം, കോവിഡ്‌ കെയർ സെന്റർ എന്നിങ്ങനെ മൂന്നുതട്ടായാണ്‌ പ്രവർത്തനം. ഇതിൽ വെന്റിലേറ്ററും തീവ്രപരിചരണ വിഭാഗവും ആശുപത്രികളിൽ മാത്രമാണുള്ളത്‌. ഈ സംവിധാനങ്ങൾക്ക്‌ കൈകാര്യം ചെയ്യാവുന്ന നിലയിൽ ‌ രോഗബാധിതരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്‌ ശ്രമകരമായ ദൗത്യമാണ്‌. പരിശോധനകളുടെ എണ്ണം കുറവാണ്‌, ഇവിടെനിന്ന്‌ പുറത്തേക്ക്‌ പോയവരിൽ രോഗം കണ്ടെത്തി തുടങ്ങിയ വാദങ്ങൾ ഉന്നയിച്ച്‌ കേരളത്തിൽ സമൂഹവ്യാപനം യാഥാർഥ്യമായി എന്നൊക്കെ പറയുന്നവർ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിന്റെ രോഗപ്രതിരോധ തന്ത്രങ്ങൾ കുറ്റമറ്റതാണെന്ന്‌ പറയുന്നത്‌ നിശ്‌ചിത മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്‌. ഉയർന്ന ജനസാന്ദ്രത, വയോജനങ്ങളുടെ എണ്ണക്കൂടുതൽ, പ്രമേഹം, ഹൃദ്രോഗ, വൃക്കരോഗങ്ങളുടെ ഉയർന്ന നിരക്ക്‌ ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ എല്ലാ അർഥത്തിലും കോവിഡിനെ പ്രതിരോധിച്ചുനിൽക്കാൻ ഇതുവരെ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ, ഇതൊരു നൂൽപ്പാലമാണ്. മറുപുറം എത്തുമെന്ന്‌ ഉറപ്പാക്കണമെങ്കിൽ നിയന്ത്രണങ്ങളെ ലാഘവത്തോടെ കാണുന്ന സമീപനം അവസാനിപ്പിച്ചേ മതിയാകൂ. അത്യാവശ്യ യാത്രകൾമാത്രം, സാമൂഹ്യഅകലം, ശരിയായ രീതിയിൽ മാസ്‌ക്‌ ധരിക്കൽ,  കൈകഴുകൽ ഇവയെല്ലാം കൂടുതൽ കൃത്യമായി തുടർന്നേ മതിയാകൂ.  വീഴ്‌ചവരുത്തുന്നവർക്കെതിരെ നടപടി ശക്തമാക്കണം. സമൂഹവ്യാപനം മുന്നിൽക്കണ്ടുകൊണ്ടുള്ള നടപടികൾതന്നെയാണ്‌ ഇപ്പോൾ സ്വീകരിച്ചുവരുന്നത്‌. രോഗം സ്ഥിരീകരിക്കുന്ന ഘട്ടത്തിൽ സ്രോതസ്സ്  അറിയില്ലെങ്കിലും തുടർ അന്വേഷണത്തിലൂടെ കണ്ടെത്തുക, രോഗവ്യാപനം സംശയിക്കുന്ന  ക്ലസ്‌റ്ററുകളൂം ചുറ്റുമുള്ള ബഫർസോണുകളും പൂർണമായി അടച്ചിടുക തുടങ്ങിയ വഴികളിലൂടെ സമൂഹവ്യാപനത്തിന്റെ തീവ്രത ഇല്ലാതാക്കുക എന്നതാണ്‌ ഇപ്പോൾ അവലംബിക്കുന്ന രീതി. വൈറസ്‌ നമുക്ക്‌ ചുറ്റും ഉണ്ടെങ്കിലും അത്‌ ശരീരത്തിലേക്ക്‌ പ്രവേശിക്കാതെ, മറ്റുള്ളവരിലേക്ക്‌ വ്യാപിക്കാതെ നോക്കുക എന്നത്‌ ഓരോരുത്തരുടെയും മുൻഗണനയാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top