24 April Wednesday

ചലച്ചിത്രലോകത്തിന് പുതുജീവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


പത്തുമാസത്തോളം ചലനമറ്റുകിടന്ന മലയാള ചലച്ചിത്രലോകത്തിന് പുതുജീവൻ. കേരളത്തിന്റെ വെള്ളിത്തിരകൾ ബുധനാഴ്ചമുതൽ വീണ്ടും ചലിക്കുകയായി.  നിരാശയുടെ ശൈത്യത്തിൽനിന്ന് പ്രതീക്ഷയുടെ വസന്തത്തിലേക്ക് പുതിയ ഉണർവ് ലഭിച്ച പ്രതീതിയിലാണ്  മലയാള സിനിമാ ലോകം. ചലനമറ്റുകിടന്ന ചലച്ചിത്രമേഖലയെ ഉണർത്താൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകളെ സഹർഷം സ്വാഗതംചെയ്തും മുക്തകണ്ഠം പ്രശംസിച്ചും സിനിമാ ലോകത്തുയർന്ന പ്രതികരണം  പ്രതീക്ഷയുടെ വസന്തത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സിനിമാശാലകളുടെ വാതിലുകൾ വീണ്ടും തുറക്കുന്നതിന്  മുഖ്യമന്ത്രി സ്വീകരിച്ച എല്ലാ നടപടിയെയും  അഭിനേതാക്കളും സംവിധായകരും തിയറ്റർ ഉടമകളും സിനിമയുമായി ബന്ധപ്പെട്ടവരാകെയും പ്രേക്ഷകരും അഭിനന്ദിച്ചു.

തിയറ്ററുകൾ തുറക്കാൻ ഏതാനും ദിവസങ്ങൾമുമ്പ് തീരുമാനിച്ചെങ്കിലും പ്രവർത്തിക്കാൻ കഴിയണമെങ്കിൽ ചില അടിയന്തര ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടണമെന്ന് ആവശ്യമുയർന്നു. ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി  മുഖ്യമന്ത്രി തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ എല്ലാ കാര്യത്തിലും മിന്നൽ വേഗത്തിൽ തീരുമാനമായി. ഇതോടെ, ബുധനാഴ്ചമുതൽ തിയറ്ററുകൾ തുറക്കുമെന്ന പ്രഖ്യാപനവുമായി.  മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രധാന ഇളവുകളും തീരുമാനങ്ങളും ഇപ്രകാരമാണ്: 2021 ജനുവരി മുതൽ മാർച്ച് 31 വരെ തിയറ്റുകൾ വിനോദനികുതി അടയ്ക്കേണ്ടതില്ല. തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറച്ചു. ബാക്കി  ഗഡുക്കളായി അടച്ചാൽ മതി. 2020 മാർച്ച് 31നകം തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതിയും മാസ ഗഡുക്കളായി അടച്ചാൽ മതി. തദ്ദേശഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിങ് ഫിറ്റ്നസ്, ആരോഗ്യം, ഫയർ ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ  ദീർഘിപ്പിച്ചു.


 

സിനിമാ ലോകം ഉന്നയിച്ച ഈ ആവശ്യങ്ങളിൽ കൃത്യവും ചടുലവുമായ ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടായതാണ് സിനിമാ രംഗത്തുള്ളവർക്ക് ആവേശം പകർന്നത്.  മമ്മൂട്ടിയും മോഹൻലാലുമടക്കം താരനിരയൊന്നാകെ സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് രംഗത്തെത്തി. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണെന്ന് വീണ്ടും തെളിയിച്ചതായി സംവിധായകൻ രഞ്ജിത്തും മലയാള സിനിമയ്‌ക്ക് സർക്കാർ പുതുജീവൻ നൽകിയതായി സംവിധായകൻ ബി  ഉണ്ണികൃഷ്ണനും കുറിച്ചു. അങ്ങനെ എത്രയോ പ്രതികരണങ്ങൾ.

മാനുഷിക സമത്വബോധത്തിന്റെയും സമത്വത്തിലധിഷ്ഠിതമായ അവകാശങ്ങളുടെയും സാർവത്രികമായ അരങ്ങേറ്റമാണ് പിണറായി സർക്കാരിന്റെ ഭരണത്തിലുടനീളം ജനങ്ങൾ അനുഭവിച്ചറിഞ്ഞത്.  ഈ മഹാമാരിക്കാലത്ത് ഉപജീവനമാർഗം നഷ്ടപ്പെട്ട എല്ലാവരെയും സംരക്ഷിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ ഏവരും തൊട്ടറിഞ്ഞു. ആരും വിശന്നിരിക്കരുതെന്ന പ്രഖ്യാപനത്തോടെ സാമൂഹ്യ അടുക്കളകൾ തുടങ്ങിയതും പിന്നെ തുടർച്ചയായി സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ നൽകുന്നതും ജനങ്ങൾക്കേകിയ ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. പ്രയാസമനുഭവിക്കുന്ന കലാകാരൻമാർക്കും കലാപ്രകടനത്തിന് പശ്ചാത്തലമൊരുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകുന്നതും എടുത്തുപറയണം. സർക്കാർ ഒപ്പമുണ്ടെന്ന പ്രഖ്യാപനം അർഥപൂർണമായ ദിനങ്ങളാണ് കടന്നുപോയത്.


 

അത്യസാധാരണവും അവിശ്വസനീയവുമായ ഒരു ദുരന്തത്തെയാണ് മനുഷ്യവംശമാകെ ഒരു വർഷത്തിലേറെയായി നേരിട്ടുകൊണ്ടിരിക്കുന്നത്.  കോവിഡ് വൈറസിന്റെ വ്യാപനംപോലെ അതിവേഗത്തിലായിരുന്നു സാമ്പത്തിക പ്രത്യാഘാതങ്ങളുടെ വ്യാപനവും. അതിൽ പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു സിനിമാ രംഗം. കാഴ്ചയുടെ കലയും വിനോദവും എന്നതിനൊപ്പം ലക്ഷക്കണക്കിനാളുകളുടെ ജീവിതമാർഗവും തൊഴിലുമാണിത്.   അതുകൊണ്ടുതന്നെ പ്രതിസന്ധികൾ മറികടന്നേ പറ്റൂ.  ഈ ലക്ഷ്യത്തോടെ പതുക്കെയെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയെയും ചലിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളോടെ വ്യവസായങ്ങൾ, തൊഴിലിടങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു. സ്കൂളുകൾ, കോളേജുകൾ, കളിക്കളങ്ങൾ, ഉത്സവപ്പറമ്പുകൾ എന്നിവയും പതുക്കെ ഉണരുകയാണ്. ഇപ്പോൾ സിനിമയുമായി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിദിനം ഇരുപതിനായിരംവരെ ആയേക്കാമെന്നും മരണം വലിയ തോതിൽ കൂടിയേക്കാമെന്നും ഒരിക്കൽ നമ്മൾ ഭയപ്പെട്ടിരുന്നു. അതെല്ലാം തടഞ്ഞ്, രോഗവ്യാപനവും മരണവും പിടിച്ചുനിർത്തിയാണ് ഇപ്പോൾ നമ്മൾ ഇവിടംവരെ എത്തിനിൽക്കുന്നത്. പ്രതിരോധവാക്സിൻ എത്തുന്നു എന്ന ശുഭ സൂചനയുണ്ട്. എങ്കിലും  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും നിയന്ത്രണങ്ങൾ ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണം. നാമെല്ലാവരും സ്വയം പ്രതിരോധം തീർക്കണം. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരും സിനിമ കാണാനെത്തുന്നവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം.  ഒരു തരത്തിലുള്ള അലംഭാവവും ജാഗ്രതക്കുറവും പാടില്ല.  സിനിമാശാലകൾ തുറക്കുമ്പോഴും കോവിഡ്  പ്രതിരോധമെന്ന മുഖ്യ ലക്ഷ്യത്തിൽനിന്ന് അണുവിട വ്യതിചലിക്കാതിരിക്കാൻ എല്ലാവർക്കും കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top