02 October Monday

പ്രതീക്ഷ നൽകുന്ന യുഎഇ സന്ദർശനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018


പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിലും വ്യവസായ– പശ്ചാത്തല വികസനമേഖലകളിലും സുപ്രധാന ചുവടുവയ‌്പിന‌്  മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം കളമൊരുക്കിയിരിക്കുന്നു. കേരളം നേരിട്ട അതിദാരുണമായ ദുരന്തത്തിൽനിന്ന‌് കരകയറാൻ മലയാളികളുമായി ഹൃദയ ഐക്യം പ്രഖ്യാപിച്ച‌് ലോകത്തെമ്പാടുമുള്ള സഹജീവികളുടെ സഹായംമുഴുവൻ ലഭ്യമാക്കുക എന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇതിനാണ‌് മന്ത്രിമാർ വിവിധ രാജ്യങ്ങളിലെത്തി കൂട്ടായ‌്മകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത‌്. എന്നാൽ, കേന്ദ്ര സർക്കാർ തുടർന്നുവരുന്ന വിദ്വേഷപരമായ നിലപാട‌് തെല്ലൊന്നുമല്ല കേരളത്തെ മുറിപ്പെടുത്തുന്നത‌്. 700 കോടിയുടെ സഹായവാഗ‌്ദാനവുമായി മുന്നോട്ടുവന്ന യുഎഇ സർക്കാരിന്റെ നല്ല മനസ്സിന‌് ആദ്യം തടയിട്ടു. ധനസമാഹരണ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിനായുള്ള മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞതായിരുന്നു മറ്റൊരു പ്രഹരം. കേന്ദ്രത്തിന്റെ ഇത്തരം പ്രതികാരനടപടികൾക്കുമുന്നിൽ നിശ്ചേഷ്ടരായിരക്കാൻ തയ്യാറല്ലെന്ന‌ സർക്കാർ നിലപാടിന്റെ വിജയമാണ‌് മുഖ്യമന്ത്രിയുടെ ഗൾഫ‌് സന്ദർശനത്തിൽ പ്രതിഫലിച്ചത‌്‌.

പ്രകൃതിയുടെ വിളയാട്ടത്തിൽ നിരാലംബമാക്കപ്പെട്ട ഒരു ജനതയെ കൈപിടിച്ചുയർത്താനുള്ള തീവ്രയത‌്നത്തിൽ ഏർപ്പെട്ട സർക്കാരിന്റെ തലവനെ പ്രവാസിസമൂഹം  പിന്തുണ അറിയിക്കുകയായിരുന്നു. കേരളത്തിന്റെ ദൈന്യതയുടെ യഥാർഥ ചിത്രം മനസ്സിലാക്കിയ  യുഎഇ ഭരണാധികാരികളുടെ ഇടപെടൽ വാക്കുകൾക്ക‌് അതീതമാണെന്ന‌് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട‌്. വിവിധ എമിറേറ്റുകളിൽ  അഞ്ചുദിവസം നടന്ന പരിപാടികളിൽ അതിവൈകാരികമായ പ്രതികരണമാണ‌് മലയാളികളും അല്ലാത്തവരുമായ പ്രവാസികളിൽനിന്നുണ്ടായത‌്. കേവലമായ ചടങ്ങുകൾക്കപ്പുറത്ത‌് വ്യക്തമായ ഒരു കർമപരിപാടിയാണ‌് മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ രൂപപ്പെട്ടത‌്. ഇതിനകംതന്നെ ഗൾഫ‌് പ്രവാസികളിൽനിന്ന‌് വളരെയേറെ സഹായം ലഭിച്ചിട്ടുണ്ട‌്. കേന്ദ്ര സർക്കാർ ശത്രുതാപരമായി നീങ്ങുന്ന പുതിയ സാഹചര്യത്തിൽ ഇനിയുമേറെ സഹായം ഗൾഫ‌് നാടുകളിൽനിന്നു ലഭിക്കുമെന്ന പ്രതീക്ഷയാണ‌് എല്ലാവരിലുമുള്ളത‌്.

യുഎഇ ഭരണാധികാരികൾ പ്രഖ്യാപിച്ച സഹായം സ്വീകരിക്കേണ്ടതില്ലെന്ന‌് കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും അതിലുമേറെ സഹായം അവിടെനിന്ന‌് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളാണ‌് നടന്നുവരുന്നത‌്. വിവിധ ഫൗണ്ടേഷനുകൾ, ചാരിറ്റി സ്ഥാപനങ്ങൾ, പ്രവാസി സംഘടനകൾ , ലോക കേരള സഭ, നോർക്ക, സംരംഭകർ, പ്രൊഫഷണലുകൾ തുടങ്ങി നാനാമേഖലകളിലുമുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ ആശയവിനിമയം ക്രിയാത്മകമായി.  പ്രളയാനന്തര കേരളം എങ്ങനെയാകണമെന്നതിന‌്  പുതിയൊരു ഉൾക്കാഴ‌്ച നൽകുന്ന സമീപനമാണ‌് യുഎഇ ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനുകളും സ്ഥാപനങ്ങളും സ്വീകരിച്ചത‌്. മണലാരണ്യത്തിൽ പുതിയ ജീവിതസാഹചര്യം  കെട്ടിപ്പടുത്തവർ, കേരളത്തിന്റെ പുനർനിർമാണത്തിന്റെ രൂപരേഖ ചോദിച്ചറിയുകയും കൂടുതൽ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരെ അയക്കാമെന്ന‌് അറിയിക്കുകയും ചെയ‌്തത‌് ആവേശകരമായ അനുഭവമാണ‌്. സർക്കാർ പ്രതിനിധികൾ നേരിട്ടെത്തണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണവും അവർ സ്വീകരിച്ചു.

പുനർനിർമാണ യജ്ഞത്തിനൊപ്പം കേരളത്തിന്റെ വ്യവസായനിക്ഷേപത്തിലും പശ്ചാത്തലവികസന രംഗത്തും വൻ കുതിപ്പിനും സാധ്യത തെളിയുകയാണ‌്‌. ലോകത്തിലെതന്നെ ഏറ്റവും വലിയ നിക്ഷേപകസംരംഭമായ മുബദല, വിഖ്യാത തുറമുഖ മാനേജ‌്മെന്റ‌് കമ്പനിയായ ഡി പി വേൾഡ‌്, സ‌്മാർട‌്സിറ്റി സംരംഭകരായ ദുബായ‌് ഹോൾഡിങ‌് തുടങ്ങിയവയുടെ ഉന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും അതിരുകളില്ലാത്ത ലോകമാണ‌് കേരളത്തിന‌് തുറന്നുതന്നത‌്. വിവിധങ്ങളായ വ്യവസായമേഖലകളിലും തുറമുഖ സൗകര്യങ്ങളിലും ഉൾനാടൻ ജലപാത പദ്ധതിയിലും അന്താരാഷ്ട്രമാനമുള്ള സഹായവും സങ്കേതികവിദ്യയുമാണ‌് കേരളത്തിന‌് ലഭ്യമാകാൻ പോകുന്നത‌്.

സാധാരണ തൊഴിലാളികളും പ്രൊഫഷണലുകളും സാങ്കേതികവിദഗ‌്ധരും സംരംഭകരുമായ ലക്ഷക്കണക്കിന‌്  മലയാളികൾ  വിദേശങ്ങളിൽ ജോലിചെയ്യുന്നുണ്ട‌്. യുഎഇയിൽ ഇപ്പോൾ സാധ്യമായതുപോലുള്ള മുന്നേറ്റം കഴിയാവുന്നിടത്തെല്ലാം നടന്നാൽ വലിയൊരു തുക കേരളത്തിന്റെ പുനർനിർമാണത്തിന‌് സമാഹരിക്കാൻ  കഴിയുമായിരുന്നു. കേന്ദ്രത്തിന്റെ സങ്കുചിതരാഷ്ട്രീയമാണ‌് ആ സാധ്യതകൾ തകർത്തുകളഞ്ഞത‌്. ആ തിരിച്ചടി അതിജീവിക്കാൻ,  മുഖ്യമന്ത്രിയുടെ സന്ദർശനത്തിലൂടെ യുഎഇയിൽ ഉയർന്നുവന്ന അനുകൂല അന്തരീക്ഷത്തെ പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.

അതിനുള്ള പ്രവർത്തനപദ്ധതികളാണ‌് നോർക്ക, ലോക കേരളസഭ തുടങ്ങിയ ഔദ്യോഗികസംവിധാനങ്ങൾവഴിയും  പ്രവാസി സംഘടനകൾവഴിയും യാഥാർഥ്യമാക്കേണ്ടത‌്. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ജനങ്ങളുടെ കരുത്തിൽ വിശ്വാസമർപ്പിച്ചുനീങ്ങുന്ന ഭരണമാണ‌് ഇന്ന‌് സംസ്ഥാനത്തുള്ളത‌്. പ്രളയത്തിന്റെ നാളുകളിലും പിന്നീടും സർക്കാരിനെ താറടിക്കാനും പിന്നിൽനിന്ന‌് കുത്താനും ശ്രമം നടന്നു. രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും ജനകീയശക്തി നന്നായി  ഉപയോഗിക്കാൻകഴിഞ്ഞു. പുനർനിർമാണത്തിന‌് സാലറി ചലഞ്ച‌് ആരംഭിച്ച ഘട്ടത്തിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം ഇറങ്ങി.  പ്രവാസി മലയാളികളിൽനിന്നുള്ള ധനസമാഹരണത്തിന‌് മന്ത്രിമാർ പോകേണ്ടെന്ന‌്  കൽപ്പിച്ച കേന്ദ്ര സർക്കാരും സ്വന്തം ചുമതല നിറവേറ്റാൻ തയ്യാറായിട്ടില്ല. ഈ പ്രതിസന്ധികളെയെല്ലാം നേരിടുമ്പോഴും നിശ്ചയദാർഢ്യത്തോടെ  പുതിയ കേരളത്തിനായി പോരാടുന്ന പിണറായി സർക്കാരിൽ നാട്ടിലും മറുനാട്ടിലുമുള്ള  മലയാളിക്ക‌്  അടിയുറച്ച വിശ്വാസമുണ്ട‌്. ദുരിതാശ്വാസനിധിയിലും സാലറി ചലഞ്ചിലും യുഎഇ ധനസമാഹരണത്തിലുമെല്ലാം പ്രകടമാകുന്നത‌് ആ വിശ്വാസമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top