20 April Saturday

നവകേരളത്തിലേക്ക്‌ വീണ്ടും ഒരു ചുവട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


ലോകത്തെ ഗ്രസിച്ച പൊതുസാമ്പത്തിക പ്രതിസന്ധിയുടെയും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെയും സമ്മർദങ്ങൾക്കിടയിലും എൽഡിഎഫ്‌ മന്ത്രിസഭയ്‌ക്കുവേണ്ടി ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്‌ ബദൽ മാർഗങ്ങൾ ചൂണ്ടുന്ന, ആശ്വാസകരമായ ഇടപെടലാണ്‌. നവകേരള സൃഷ്ടിയും വിജ്ഞാന സമൂഹത്തിലേക്കുള്ള പ്രയാണവും അതിവേഗത്തിലാക്കാനുള്ള നവീനാശയങ്ങളാൽ സമ്പുഷ്ടമാണത്‌. വിഭവ പരിമിതികൾക്കിടയിലും സർവമേഖലയിലും കൈത്താങ്ങ്‌ നൽകുന്നുവെന്നതാണ്‌ പ്രത്യേകത. 64,006 അതിദരിദ്ര കുടുംബത്തെ അഞ്ചുവർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ 50 കോടി ഗ്യാപ് ഫണ്ടും സബ്സിഡിക്ക്‌ 2190 കോടിയും സാമൂഹ്യസുരക്ഷാ പെൻഷന് 9764 കോടിയും അനുവദിച്ചു. ലൈഫ് മിഷന്റെ  ഭാഗമായി 71,861 വീടും 30 ഭവനസമുച്ചയവും പണിയാൻ 1436 കോടിയും  തദ്ദേശസ്ഥാപനങ്ങൾക്ക് 14,149 കോടിയും  കുടുംബശ്രീക്ക്‌ 260 കോടിയും നൽകും. ആഭ്യന്തരോൽപ്പാദനവും തൊഴിൽ, സംരംഭക, നിക്ഷേപ അവസരങ്ങളും കൂട്ടുന്നതിന്‌  ‘മേക്ക് ഇൻ കേരള’ പദ്ധതി പ്രഖ്യാപിച്ചത്‌ പ്രതീക്ഷാനിർഭരമാണ്‌. കൊച്ചി‐ പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാംഘട്ടമായി 10,000 കോടി നിക്ഷേപത്തിലൂടെ അഞ്ചു കൊല്ലത്തിനുള്ളിൽ ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. മിഷൻ 1000 -പ്രകാരം 1000 സംരംഭത്തിന്‌ നാലുവർഷംകൊണ്ട് 1,00,000 കോടി വിറ്റുവരവ് കൈവരിക്കാൻ സ്കെയിൽ അപ്പ് പാക്കേജ് വിഭാവനം ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനവിഹിതമായി 230 കോടി നീക്കിവച്ചു.  

ഇടുക്കി, വയനാട്, കാസർകോട്‌ വികസന പാക്കേജ് 75 കോടി വീതം, സ്പേസ് പാർക്കിന് 71.84 കോടി, സ്റ്റാർട്ടപ് മിഷന് 90.52 കോടി എന്നിങ്ങനെയും വിഹിതമുണ്ട്‌. റബർ സബ്സിഡി  600 കോടിയായി കൂട്ടി. കേന്ദ്ര നയത്താൽ രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷൻ മേഖലയായ കേരളത്തിലെ റബർ കൃഷിക്കാർ വൻ പ്രതിസന്ധിയിലാണ്. നാളികേര, കയർ, കശുവണ്ടി, കൈത്തറി, മത്സ്യ, തോട്ടം മേഖലകൾക്കും  ഉണർവേകുന്നതാണ്‌ ബജറ്റ്‌. അങ്കണവാടികളിൽ ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ  63.5 കോടി, വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി, കണ്ണൂരിൽ എ കെ ജി മ്യൂസിയത്തിന് ആറു കോടി എന്നിങ്ങനെയും വകയിരുത്തി.

വൈദ്യുതി സ്‌റ്റേഷനുകൾ, ലൈനുകൾ എന്നിവയ്‌ക്ക്‌ 300 കോടി. കെ -ഫോണിന്‌  100 കോടി, സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്‌ഷന് രണ്ടു കോടി. അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖവികസനത്തിന് 40.5 കോടി, അഴീക്കലിൽ 3698 കോടിയുടെ ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര തുറമുഖം എന്നിങ്ങനെ വിപുലമായ നീക്കിവയ്‌പുണ്ട്‌. സംസ്ഥാനത്തെ ലോകത്തിന്റെ ഹെൽത്ത്‌ ഹബ്ബാക്കാനുള്ള ബഹുമുഖ പദ്ധതികളും പ്രഖ്യാപിച്ചു.  ആരോഗ്യമേഖലയ്‌ക്കാകെ  2828.33 കോടി അനുവദിക്കും. കാരുണ്യ പദ്ധതിക്ക് 574.5 കോടി. കോവിഡാനന്തര പ്രശ്നങ്ങൾ നേരിടാൻ അഞ്ചു കോടി. പേവിഷ വാക്സിൻ വികസിപ്പിക്കാൻ അഞ്ചു കോടി. ലൈഫ് സപ്പോർട്ട് ആംബുലൻസുകൾക്ക് 75 കോടി. ആയുർവേദ, സിദ്ധ, യുനാനി, നാച്ചുറോപ്പതി ശാഖകൾ ഉൾപ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി. തിരുവനന്തപുരം, തൃപ്പുണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടിയും ഹോമിയോ വകുപ്പിന്റെ ശാക്തീകരണത്തിന്‌ 25.15 കോടിയും വകയിരുത്തി. നാഷണൽ മിഷൻ ഓൺ ആയുഷ് ഹോമിയോയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിഹിതമായി അഞ്ചുകോടിയും ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.90 കോടിയും വകയിരുത്തി. ആർസിസിയെ സംസ്ഥാന ക്യാൻസർ സെന്ററായി ഉയർത്താൻ 81 കോടി. മലബാർ ക്യാൻസർ സെന്ററിന്‌ 28 കോടി. കൊച്ചിൻ ക്യാൻസർ സെന്ററിന്‌  14.5 കോടി. എല്ലാ താലൂക്ക് ആശുപത്രികളോടും ചേർന്ന് നഴ്‌സിങ്‌  കോളേജുകൾ. പേവിഷത്തിനെതിരെ തദ്ദേശീയ വാക്സിൻ. എല്ലാവർക്കും നേത്രാരോഗ്യത്തിന് നേർക്കാഴ്ച പദ്ധതി തുടങ്ങി ഈ മേഖലയിലെ ജാഗ്രത എടുത്തുപറയേണ്ടതാണ്‌. എയിംസ്‌  പോലുള്ള സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങൾ കേന്ദ്രം നിഷേധിക്കുമ്പോഴാണ്‌ ഈ ശ്രദ്ധ.  

പ്രവാസികളുടെ വിമാനയാത്രാ ചെലവ് കുറയ്‌ക്കാൻ കോർപസ് ഫണ്ടായി 15 കോടിയും  തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിന്‌ 50 കോടിയും നീക്കിവച്ചു. ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക്‌  200 കോടിയുടെ പദ്ധതി, കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾക്ക്‌ 200 കോടിയുടെ പദ്ധതി. 2040 ആകുമ്പോഴേക്കും നൂറ് ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും രണ്ടായിരത്തിഅമ്പതോടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറുകയാണ് ലക്ഷ്യം. തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 231 കോടി, അങ്കണവാടി ജീവനക്കാർക്ക്‌ ഇൻഷുറൻസ്‌ എന്നിവയ്‌ക്കും പരിഗണന ലഭിച്ചു. ദുർബല വിഭാഗങ്ങളെ തുണയ്‌ക്കുന്നതിന്‌ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും.  അതിന്‌ 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻനിർമിത വിദേശമദ്യത്തിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപ നിരക്കിലും പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കിലും സെസ് ഏർപ്പെടുത്തും. സർക്കാർ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയുള്ളതുമാക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി അനുവദിച്ചതിനാൽ ഈ ഭാരം നാമമാത്രമാകുമെന്നുറപ്പ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top