20 April Saturday

കേരള വികസനമാതൃകയുടെ പുതിയ പതിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020


ധനമന്ത്രി തോമസ് ഐസക്‌ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച 2020–-21 വർഷത്തെ ബജറ്റ് കേരളവികസന മാതൃകയുടെ പുതിയ പതിപ്പിന്റെ  പ്രഖ്യാപനമായി. സംസ്ഥാനത്തിന്റെ സാമൂഹ്യനേട്ടങ്ങൾ സംരക്ഷിച്ച് വ്യവസായ, കാർഷികമേഖലകളിൽ പുതിയ കുതിപ്പ് കൈവരിക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ  നാലുവർഷമായി ദൃഢപ്രതിജ്ഞയോടെ ശ്രമിച്ചുവരുന്നത്. ആ ദിശയിൽ കേരളത്തെ നയിക്കാൻ ഒരു ചുവടുകൂടി മുന്നോട്ടുവയ്ക്കുന്നതാണ് ഈ ബജറ്റ്.

ധനപരമായ കാര്യങ്ങളിൽ കേന്ദ്രം ഒട്ടും ഉദാരമല്ലാത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ സാമ്പത്തികമാന്ദ്യം വിഴുങ്ങിയ പശ്ചാത്തലത്തിലുമാണ്  ഡോ. ഐസക്കിന്റെ ബജറ്റ് എന്നതുകൂടി പരിഗണിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കുകൂടി മാതൃകയായ ബദലാണിത്. വികസന, ക്ഷേമച്ചെലവുകൾ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും ധനസ്ഥിതിയെയും ശക്തിപ്പെടുത്തലാണ് ബജറ്റിലെ പൊതുസമീപനം. ഈ ലക്ഷ്യത്തോടെതന്നെ തനതു വരുമാനം വർധിപ്പിച്ച് 1103 കോടിയുടെ അധികപണം കണ്ടെത്താനുള്ള നിർദേശം ബജറ്റിലുണ്ട്. എല്ലാ ക്ഷേമപെൻഷനുകളും 100 രൂപ വർധിപ്പിച്ച് 1300 രൂപയാക്കിയത് പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുന്നതായി.

വിജയഗാഥകൾ രചിച്ച് മുന്നേറുന്ന ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസം, ഹരിതം മിഷനുകളെ ഇനിയും ശക്തിപ്പെടുത്താൻ തുടർനടപടികൾ ബജറ്റിലുണ്ട്. കേരളത്തിന്റെ മണ്ണും പുഴയും കുന്നുകളും പ്രകൃതിയുമെല്ലാം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. കിണറുകളുടെയും പുഴകളുടെയും തോടുകളുടെയുമെല്ലാം നവീകരണം തുടരുമെന്ന പ്രഖ്യാപനം ഈ ലക്ഷ്യം അർഥപൂർണമാക്കാനുള്ളതാണ്.

വ്യവസായവികസനവും പശ്ചാത്തലസൗകര്യവും മുൻനിർത്തി ഒട്ടേറെ നടപടികൾ ബജറ്റിലുണ്ട്. കാർഷികമേഖലയ്‌ക്കും വലിയ പരിഗണന നൽകിയപ്പോൾ കയർ, കശുവണ്ടി, ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ ചേർത്തുപിടിച്ചു. 2021 ൽ കയർ ഉൽപ്പാദനം ഇരട്ടിയാക്കും. നെൽക്കൃഷിക്ക് 40 കോടി നീക്കിവച്ചിട്ടുണ്ട്. നെല്ലുൽപ്പാദനം കൂട്ടാനും നെൽക്കൃഷിയുടെ വിസ്തൃതി വർധിപ്പിക്കാനും നടപടികൾ തുടരും. 2018 –-19ൽ നെല്ലുൽപ്പാദനം 5.8 ലക്ഷം ടണ്ണായി വർധിച്ചിരുന്നു. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, പ്രവാസികൾ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവരുടെയെല്ലാം ജീവിതത്തിന് ഉണർവേകാൻ ബജറ്റിൽ വകയിരുത്തലുണ്ട്. പ്രവാസിക്ഷേമത്തിന് 90 കോടി നീക്കിവച്ചു. പ്രവാസികളുടെ നിർവചനംപോലും കേന്ദ്രം മാറ്റിമറിക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ അവരെ ഒപ്പംനിർത്താൻ ശ്രമിക്കുകയാണ്. 1000 നേഴ്‌സുമാർക്ക് വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള ക്രാഷ് ഫിനിഷിങ് കോഴ്സിന് അഞ്ചുകോടി അനുവദിച്ചതും ശ്രദ്ധേയമായി.
കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ഭീഷണി നേരിടുന്ന വയനാട് (2000 കോടി), കുട്ടനാട് (2000 കോടി), ഇടുക്കി (1000 കോടി) പാക്കേജുകൾ ബജറ്റിലെ പ്രധാന കരുതലുകളായി, തീരദേശത്തിന് 1000 കോടിയുടെ പാക്കേജുണ്ട്.


 

എൽഡിഎഫിന്റെ വാക്കും കർമവും രണ്ടല്ലെന്ന് വസ്തുതകളുടെ പിൻബലത്തോടെ ബജറ്റ് കൃത്യമായി വ്യക്തമാക്കുന്നു. നാലുവർഷത്തിനിടെ ഓരോ മേഖലയിലും കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ ബജറ്റ് ഇതിനു മുന്നേയുള്ള എല്ലാ ബജറ്റിൽനിന്നും വ്യത്യസ്തമായി. കേരള ബാങ്ക് യാഥാർഥ്യമായതടക്കം ഇവിടെ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ഭരണത്തിൽ അഞ്ചുവർഷംകൊണ്ട് നൽകിയ ക്ഷേമപെൻഷൻ 9311 കോടിയെങ്കിൽ ഈ സർക്കാർ നാലുവർഷത്തിനകം 22,000 കോടി നൽകി. പൊതുമരാമത്ത് വകുപ്പ്‌ 14,623 കിലോമീറ്റർ റോഡ് പൂർത്തിയാക്കി, 68 പാലങ്ങൾ പണിതു, പൊതുവിദ്യാലയങ്ങളിൽ അഞ്ചുലക്ഷം കുട്ടികൾ വർധിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ച 4.9 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി. വ്യവസായമേഖലയും കുതിക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസമേഖലകളിൽ ബജറ്റ് വലിയ ഊന്നൽ നൽകുന്നുണ്ട്. ജനകീയാസൂത്രണം 25ാം വർഷത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയപങ്കാളിത്തത്തിന്റെയും അനുഭവങ്ങൾ അവലോകനംചെയ്യും. തദ്ദേശസ്ഥാപനങ്ങൾക്ക് 12074 കോടി നീക്കിവച്ചു. പ്രകൃതിദുരന്തത്തെ തരണംചെയ്യാൻ പ്രാദേശികതലത്തിൽ പ്രതിരോധസംവിധാനമുണ്ടാക്കുന്നത് പുതിയ കാൽവയ്പാണ്. സംസ്ഥാനത്തിന്റെ ഉണർവായ ചെറുകിടവ്യവസായമേഖലയിൽ തുടർന്നും മുന്നേറ്റമുണ്ടാക്കാൻ നടപടികളുണ്ട്.

പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ എളുപ്പമാക്കാനായത് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കി. സ്റ്റാർട്ടപ്പുകൾക്ക് പലിശരഹിത വായ്പയടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും വികസനവഴിയിൽ മുന്നേറാൻ സഹായിക്കും. സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിനും വികസനത്തിന് ബജറ്റിനുപുറത്ത് പണം കണ്ടെത്തുന്നതിനും രൂപീകരിക്കപ്പെട്ട കിഫ്ബി കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണ്. 2020–-21 ൽ കിഫ്ബി 20000 കോടി കൂടി ചെലവാക്കും.

സംസ്ഥാനത്തിന്റെ ധനപരമായ ആരോഗ്യം വിശദീകരിക്കുന്ന ബജറ്റ് തനതുവരുമാനം കൂട്ടാനും ചെലവ് ചുരുക്കാനും മുന്നോട്ടുവച്ച നിർദേശങ്ങൾ യുക്തിസഹമാണ്. 2019-–-20 ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ ചെലവ് 15 ശതമാനം വർധിച്ചു. അതുകൊണ്ട്, ചെലവ് ഗണ്യമായി വർധിക്കുകയും വരുമാനം പ്രതീക്ഷിച്ചതോതിൽ ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ട്.  ചരക്ക് സേവനനികുതി സമാഹരണം ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ, നേരത്തേയുണ്ടായിരുന്ന മൂല്യവർധിത നികുതിയിലെ കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികൾ, തസ്തികകളുടെ പുനർവിന്യാസം, ഭൂമിയുടെ ന്യായവിലയിൽ പത്തുശതമാനം വർധന, പുതിയ വാഹനങ്ങളുടെ നികുതിയിലെ ക്രമീകരണങ്ങൾ എന്നിവ ഈ വഴിക്കുള്ള നിർദേശങ്ങളാണ്. ഇതേസമയം, ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ചുവർഷം നികുതി ഒഴിവാക്കിയത് പ്രധാനം. മൊത്തം പ്രതീക്ഷിക്കുന്ന റവന്യൂവരവ് 114 635.37 കോടിയും റവന്യൂചെലവ് 129837.37 കോടിയുമാണ്.

ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന ഇന്ത്യയുടെ വർത്തമാനകാലത്തെ ഓർമിപ്പിക്കുന്ന ബജറ്റ് രാജ്യത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കവികളുടെയും എഴുത്തുകാരുടെയും മുന്നറിയിപ്പുകളും തുടർച്ചയായി പറയുന്നതും തോമസ് ഐസക്കിന്റെ പതിനൊന്നാമത് ബജറ്റിന്റെ പ്രത്യേകതയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top