26 April Friday

കേരള ബാങ്ക്‌ ഉണർത്തുന്ന പ്രതീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

സംസ്ഥാനത്തിന്റെ വികസനത്തിൽ പുതിയ പ്രതീക്ഷകൾ ഉണർത്തി കേരള ബാങ്ക് യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും സംയോജിപ്പിച്ച് കേരള ബാങ്ക് ആരംഭിക്കാൻ അനുമതി നൽകിയ റിസർവ് ബാങ്കിന്റെ തീരുമാനം രാജ്യത്തിന്റെ ബാങ്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരു സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ സമ്പൂർണ ആധുനിക ബാങ്കിന് രൂപംനൽകുന്നത് രാജ്യത്ത് ആദ്യം. സഹകരണമേഖലയെ വികസനത്തിന്റെ ചാലകശക്തിയാക്കുന്നതിൽ ഇതുവഴി കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്.

യുഡിഎഫിന്റെ വിശേഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കടുത്ത എതിർപ്പ് അതിജീവിച്ചാണ് പിണറായി സർക്കാർ കേരള ബാങ്ക് യാഥാർഥ്യമാക്കുന്നത്. റിസർവ് ബാങ്കിന് പരാതി നൽകിയും യുഡിഎഫ് അനുകൂലികളെക്കൊണ്ട് കേസ് കൊടുപ്പിച്ചും ചെന്നിത്തലയും സംഘവും കേരള ബാങ്കിന് തടസ്സം സൃഷ്ടിച്ചു. രാഷ്ട്രീയമായ കാരണങ്ങളാൽ മുസ്ലിംലീഗ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സഹകരിക്കാൻ തയ്യാറായില്ല. കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് ബിജെപിയും അനുമതി തടയാൻ ശ്രമിച്ചു. എന്നാൽ, എതിർപ്പുകളിലും വിമർശനങ്ങളിലും കഴമ്പില്ലെന്ന് മനസ്സിലാക്കിയാണ് കേരള ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. സംസ്ഥാനത്തിന്റെ വികസനത്തിൽ ഫലപ്രദമായി ഇടപെടാൻ സ്വന്തം ബാങ്ക് വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് കേരള ബാങ്കിന്റെ പിറവിക്കു പിന്നിൽ. കേരള ബാങ്ക് രൂപീകരിക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം ദീർഘവീക്ഷണത്തോടെ ഉള്ളതായിരുന്നുവെന്ന് രാഷ്ട്രീയ വിമർശകർ ഇനിയെങ്കിലും സമ്മതിക്കേണ്ടതുണ്ട്.

പൊതുമേഖല–-പുതുതലമുറ ബാങ്കുകൾ നൽകുന്ന നൂതന സേവനങ്ങൾ കാര്യക്ഷമതയോടും സാങ്കേതിക മികവോടും ജനപക്ഷത്തുനിന്ന് ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് കേരള ബാങ്ക് മുന്നോട്ടുവയ്‌ക്കുന്നത്. ബാങ്കിങ് സേവനങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റുന്ന ദേശീയ ബാങ്കുകളുടെ ജനവിരുദ്ധ സമീപനത്തിന് ജനപക്ഷത്തുനിന്നുള്ള ബദൽ. സാധാരണക്കാരെ മുഖ്യധാരാ ബാങ്കിങ്ങിൽനിന്ന് പുറത്താക്കി മൈക്രോഫിനാൻസിന്റെ കഴുത്തറുപ്പൻ പലിശയ്‌ക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾക്കുള്ള കേരളത്തിന്റെ മറുപടി കൂടിയാണിത്.

കോർപറേറ്റുകൾക്കും വൻകിടക്കാർക്കും മാത്രം വായ്‌പകളും സേവനങ്ങളും നൽകുന്നതാണ് ഇന്ന് ബാങ്കുകളുടെ സമീപനം. കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചും നോട്ടെണ്ണുന്നതിനുപോലും സർവീസ് ചാർജ് ഈടാക്കിയും സാധാരണക്കാരെയും ഇടത്തരക്കാരെയും ബാങ്കുകളിൽനിന്ന് അകറ്റുന്നു. കൃഷിക്കും ചെറുകിട വ്യവസായത്തിനുമൊന്നും വായ്‌പ കൊടുക്കുന്നില്ല. ചെറിയ ബാങ്കുകളെ വൻകിട ബാങ്കുകളിൽ ലയിപ്പിച്ച് ഗ്രാമങ്ങളിലെ ശാഖകൾ പൂട്ടുന്നു. സാധാരണക്കാരെ തള്ളിക്കളയുന്ന ഇത്തരം കോർപറേറ്റ് ബാങ്കിങ്ങിന് ജനകീയ ബദലായിരിക്കും കേരള ബാങ്ക്.
പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിന് ഉപയുക്തമാക്കുകയാണ് കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽനിന്ന് നിക്ഷേപമായി സ്വരൂപിക്കുന്ന കോടിക്കണക്കിനു രൂപ സംസ്ഥാനത്ത് വായ്‌പയായി പോലും നൽകാൻ ബാങ്കുകൾ തയ്യാറാകുന്നില്ല. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കുന്ന സംസ്ഥാന സർക്കാരിന്റെ പണവും കേരളത്തിൽ ഉപയോഗിക്കാത്ത സ്ഥിതിയാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് കേരള ബാങ്കിന് രൂപംനൽകാൻ എൽഡിഎഫ് തീരുമാനിച്ചത്. പ്രവാസികൾ അടക്കമുള്ളവരുടെ നിക്ഷേപങ്ങൾ ആകർഷിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനാണ്‌ സംസ്ഥാന സർക്കാരിന്റെ ശ്രമം.

കിഫ്ബിയിലൂടെ തുടക്കമിട്ട വികസനമുന്നേറ്റത്തിന് കേരള ബാങ്കിന്റെ രൂപീകരണത്തിലൂടെ കൂടുതൽ വേഗം കൈവരും. കിഫ്ബിയും കേരള ബാങ്കും പൂർണ സജ്ജമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസനത്തിന് പണം ഒഴുകും. അടിസ്ഥാനസൗകര്യവികസനം ഉൾപ്പെടെ എല്ലാ മേഖലയിലും സംസ്ഥാനം പുതിയ വളർച്ച കൈവരിക്കും. ഇത് രാഷ്ട്രീയമായ തിരിച്ചടിയാകുമെന്ന ബോധ്യമാണ് കേരള ബാങ്കിനെ എതിർക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. എല്ലാ എതിർപ്പുകളും അതിജീവിച്ച് കേരള ബാങ്ക് യാഥാർഥ്യമാകുക തന്നെ ചെയ്യും. റിസർവ് ബാങ്ക് മുന്നോട്ടുവച്ച നിബന്ധനകൾ പാലിച്ചും ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ വസ്‌തുതകൾ ബോധ്യപ്പെടുത്തിയും കേരള ബാങ്ക് പ്രവർത്തനപഥത്തിലെത്തിക്കാൻ സാധിക്കുമെന്നുറപ്പാണ്.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കിന്‌ രൂപംനൽകി സഹകരണമേഖലയെ വികസനത്തിന്റെ അടിത്തറയാക്കി മാറ്റുകയാണ്‌ കേരളം. വികസനത്തിന്റെ പുതിയ പന്ഥാവിലൂടെ മുന്നേറുന്ന മലയാളിസമൂഹം കേരള ബാങ്കിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top