27 April Saturday

കേരള ബാങ്കിന് ഇടങ്കോലിടരുത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019


കേരളത്തിലെ സഹകരണമേഖലയ‌്ക്കുനേരെ സമീപകാലത്ത‌്  നടന്ന ഏറ്റവും കടുത്ത കടന്നാക്രമണം നോട്ടുനിരോധനത്തിന്റെ ഘട്ടത്തിലായിരുന്നു. പഴയ നോട്ടുകൾ മാറിക്കൊടുക്കാനോ നിലവിൽ കൈവശമുള്ള നോട്ടുകൾ മാറ്റിയെടുക്കാനോ സംസ്ഥാന, ജില്ലാ ബാങ്കുകളെയോ പ്രാഥമിക സഹകരണ ബാങ്കുകളെയോ അനുവദിച്ചില്ല. ദിനംപ്രതി കോടികളുടെ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾക്ക‌് മാറിയെടുക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമോ ഇരുപതിനായിരമോ മാത്രമായിരുന്നു.  വ്യക്തികൾക്കുള്ള അതേ മാനദണ്ഡം. അന്ന‌് സഹകരണമേഖല പൂർണമായി സ‌്തംഭിച്ചു. സഹകരണ ബാങ്കുകളിൽ  നിക്ഷേപിച്ചവർ പണം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നെട്ടോട്ടമോടി. സഹകരണനിക്ഷേപം മുഴുവൻ വൻകിട ബാങ്കുകളിലേക്ക‌് ഒഴുക്കുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.  ആ നീക്കത്തിന‌് തടയിട്ടുകൊണ്ട‌്   മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനം ജനങ്ങളിൽ വിശ്വാസം പകർന്നു. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചവരുടെ ചില്ലിക്കാശുപോലും നഷ്ടപ്പെടില്ല. സർക്കാർ ഗ്യാരണ്ടി. കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ നടപടികൾ ജനജീവിതം ദുരിതപൂർണമാക്കിയ ആ നാളുകളിൽ സഹകരണപ്രസ്ഥാനത്തിന്റെ ചരമക്കുറിപ്പും എഴുതാമെന്നാണ‌് ചിലർ വ്യാമോഹിച്ചത‌്. ബാങ്കിങ‌് സേവനം കോർപറേറ്റ‌ുകൾക്ക‌് തീറെഴുതാമെന്ന കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച‌് കേരളത്തിലെ സഹകരണമേഖല ഉയിർത്തെഴുന്നേറ്റു.  കേരള ബാങ്കിനെതിരെ ഇപ്പോൾ തുടർന്നുവരുന്ന ഗൂഢനീക്കങ്ങളും പഴയതിന്റെ തുടർച്ചയല്ലാതെ മറ്റെന്താണ‌്.

കേരളത്തിൽ സമസ‌്ത മേഖലയിലും ജീവവായുപോലെ പ്രവർത്തിക്കുന്നതാണ‌് സഹകരണം. ഇതിന്റെ നായകസ്ഥാനം വായ‌്പാമേഖലയ‌്ക്കും. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചും സ്വകാര്യവൽക്കരിച്ചും ബാങ്കിങ‌് രംഗത്ത‌് കോർപറേറ്റുവൽക്കരണം ശക്തിപ്പെടുത്തുമ്പോൾ ജനപക്ഷബദൽ സഹകരണ ബാങ്കുകൾ മാത്രമാണ‌്. കേരളത്തിന്റെ സ്വന്തം ബാങ്കായ എസ‌്ബിടിയെയും കേന്ദ്രം ലയിപ്പിച്ച‌് ഇല്ലാതാക്കി. ഈ പ്രതികൂലസാഹചര്യങ്ങളെ മുന്നിൽ ക്കണ്ടാണ‌് കേരളത്തിന‌് സ്വന്തമായി ഒരു വൻകിട ഷെഡ്യൂൾ ബാങ്ക‌് എന്ന ആശയം ഇടതുജനാധിപത്യമുന്നണി പ്രകടനപത്രികയിൽ മുന്നോട്ടുവച്ചത‌്. നിലവിലുള്ള ത്രിതല സംവിധാനത്തിലെ ജില്ല, സംസ്ഥാന അപ്പെക‌്സ‌് ബാങ്കുകൾ ലയിപ്പിച്ച‌് കേരളബാങ്ക‌് രൂപീകരിക്കുക. പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുക.  ജനങ്ങൾക്ക‌് ഏറ്റവും ചെലവുകുറച്ച‌് ആധുനിക ബാങ്കിങ‌് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസന സംരംഭങ്ങൾക്കും സഹകരണ ബാങ്കിങ‌് അടിത്തറയൊരുക്കും. ഈ ലക്ഷ്യം യാഥാർഥ്യത്തിലേക്ക‌് നീങ്ങവെയാണ‌് പതിവുപോലെ പ്രതിപക്ഷവും കേന്ദ്ര സർക്കാരും ചേർന്ന‌് വഴിമുടക്കാൻ ശ്രമിക്കുന്നത‌്.

ബാങ്കിങ‌് രംഗത്തെ ഉന്നത വ്യക്തിത്വങ്ങളെ നിയോഗിച്ച‌് ശാസ‌്ത്രീയ പഠനം നടത്തിയാണ‌് കേരള ബാങ്കിന്റെ ഓരോ നടപടിയും മുന്നോട്ടുകൊണ്ടുപോയത‌്. നിയമവ്യവസ്ഥകൾ പാലിച്ചും  സഹകരണ ജനാധിപത്യത്തിന‌് പോറലേൽക്കാതെയും ഒരോ സൂക്ഷ‌്മാംശത്തിലും ജാഗ്രത പുലർത്തി. ഇതര സംസ്ഥാനങ്ങളിലെ സമാന സംരംഭങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തി. ഈ ഘട്ടങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിൽ കേരള ബാങ്കിന‌് അള്ളുവയ‌്ക്കാമോയെന്ന പരീക്ഷണത്തിലായിരുന്നു കേരളത്തിലെ പ്രതിപക്ഷവും അതിന്റെ നേതാവും. റിസർവ‌്‌ ബാങ്കിന‌് ഊമക്കത്ത‌് എഴുതുന്നതുവരെ എത്തി അവരുടെ പാപ്പരത്തം. കേന്ദ്ര ഭരണകക്ഷിയും ആകാവുന്നത‌് ശ്രമിച്ചു. എന്നാൽ, കേരള ബാങ്ക‌് നിയമാനുസൃതവും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക‌് അനുപേക്ഷണീയവും ആയതിനാൽ തടയിടാൻ സാധിച്ചില്ല. റിസർവ‌് ബാങ്കിന്റെ അന്തിമാനുമതി കേരള ബാങ്കിന‌് ലഭിച്ചുകഴിഞ്ഞു. അടുത്ത സാമ്പത്തികവർഷത്തോടെ കേരളത്തിന്റെ സ്വന്തം ബാങ്ക‌്  പ്രവർത്തിച്ചുതുടങ്ങും.

  റിസർവ‌് ബാങ്ക‌് നിർദേശിച്ച 19 വ്യവസ്ഥയും പാലിച്ചാണ‌് ബാങ്ക‌് യാഥാർഥ്യമാകുന്നത‌്. ലയനതീരുമാനം ജില്ലാ ബാങ്ക‌ുകളുടെ ജനറൽ ബോഡികൾ മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ പാസാക്കണമെന്ന വ്യവസ്ഥയുടെ മറവിൽ വിട്ടുനിൽക്കാൻ ചില ജില്ലാ ബാങ്കുകൾ ശ്രമിക്കുകയാണ‌്‌. ഇങ്ങനെ രാഷ‌്ട്രീയ താൽപ്പര്യത്തിന്റെപേരിൽ ഒന്നോരണ്ടോ ബാങ്കുകൾ വിട്ടുനിന്നാലും കേരള ബാങ്കിന‌് കുഴപ്പമൊന്നുമില്ല. നഷ്ടം വിട്ടുനിൽക്കുന്നവർക്കായിരിക്കും. ഇതിനിടയിലാണ‌് ഗ്രാമീണ –- കാർഷിക വായ‌്പ സംവിധാനത്തിന്റെ കടയ‌്ക്കൽ കത്തിവയ‌്ക്കുന്ന പുതിയൊരു നിർദേശവുമായി നബാർഡ‌് രംഗപ്രവേശം ചെയ‌്തത‌്. എല്ലാ സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ അംഗത്വം നൽകണമെന്നാണ‌് നിർദേശം. വ്യവസ്ഥാപിതമായി ക്രെഡിറ്റ‌് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും കേരള ബാങ്കുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കാൻ പാകത്തിലാണ‌് പുതിയ സംവിധാനം. ഇതിന‌് രാഷ‌്ട്രീയ പരിഗണനകളൊന്നുമില്ല. ഇതര സഹകരണ സ്ഥാപനങ്ങൾക്കാകട്ടെ അതത‌് മേഖലകളിൽ അപ്പെക‌്സ‌് സംഘങ്ങൾ ഉണ്ടുതാനും.

ജില്ലാ ബാങ്കുളുടെ ഭരണം പിടിക്കാനായി കാലാകാലങ്ങളിൽ യുഡിഎഫ‌് കക്ഷികൾ രൂപം നൽകിയ നിരവധി കടലാസ‌് സംഘങ്ങൾ സംസ്ഥാനത്തുണ്ട‌്. ഇവയ‌്ക്കെല്ലാം കേരള ബാങ്കിൽ പ്രവേശനമൊരുക്കണമെന്നത‌് യുഡിഎഫിന്റെയും ബിജെപിയുടെയും  രാഷ‌്ട്രീയതാൽപ്പര്യമാണ‌്‌. ഇത‌് നബാർഡിന്റെ നിർദേശമായി വരുന്നതിനുപിന്നിലെ  ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ട‌്.

നോട്ടുനിരോധനത്തിന്റെ മറവിൽ കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ നടന്ന ശ്രമത്തെ ചെറുത്ത അനുഭവം നമ്മുടെ മുന്നിലുണ്ട‌്. അന്ന‌്  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ സഹകാരികളും ജനപ്രതിനിധികളും ഒന്നടങ്കം തിരുവനന്തപുരത്തെ റിസർവ‌് ബാങ്ക‌് ആസ്ഥാനത്ത‌് അണിനിരന്നു.  രാഷ‌്ട്രീയ കുതന്ത്രങ്ങളിൽ കുടുക്കി കേരളത്തിന്റെ  അഭിമാനസംരംഭത്തെ തകർക്കാൻ അനുവദിച്ചുകൂടാ. കടലാസ‌് സംഘങ്ങൾക്ക‌് കേരള ബാങ്കിൽ സ്ഥാനമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശാവഹമാണ‌്. അനാവശ്യ നിബന്ധനകളിൽനിന്ന‌് പിന്മാറി കേരള ബാങ്കിന‌് എത്രയും പെട്ടെന്ന‌് വഴിയൊരുക്കാനാണ‌് കേന്ദ്ര സർക്കാരും സ്ഥാപനങ്ങളും തയ്യാറാകേണ്ടത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top