28 March Thursday

മനസ്സുറപ്പിച്ച്‌ എൽഡിഎഫ് കുതന്ത്രം മെനഞ്ഞ്‌ മറുപക്ഷം‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021


ജനങ്ങൾ തൊട്ടറിഞ്ഞ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ്‌ വോട്ടെടുപ്പുനാളിലും എൽഡിഎഫ്‌ മനസ്സുറപ്പിക്കുന്നത്‌. പ്രചാരണത്തിലെന്നപോലെ അവസാന പോയിന്റിലും കുതന്ത്രങ്ങളിലാണ്‌ യുഡിഎഫും ബിജെപിയും അഭയം കണ്ടെത്തുന്നത്‌‌. നാട്ടിൽ വന്ന മാറ്റങ്ങളും കഷ്ടകാലങ്ങളിൽ സർക്കാർ ജനങ്ങളെ ചേർത്തുപിടിച്ചതുമായിരുന്നു‌ എൽഡിഎഫ്‌ പ്രചാരണത്തിന്റെ കാതൽ. യുഡിഎഫ്‌ ഭരണത്തിലെ ദുരനുഭവങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും നല്ലരീതിയിൽ എടുത്തുകാട്ടി. ഇതിനൊന്നും വിശ്വാസ്യയോഗ്യമായി മറുപടി നൽകാൻ കഴിയാത്ത പ്രതിപക്ഷം പച്ചനുണകൾ പടച്ചുവിടുകയും വിവാദങ്ങൾ കുത്തിപ്പൊക്കുകയും ചെയ്‌തു. എല്ലാം ചീറ്റിപ്പോയിട്ടും ജനങ്ങളെ നേരായ വഴിയിൽ അഭിസംബോധന ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറായില്ല.

വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചും ആശയക്കുഴപ്പം സൃഷ്‌ടിച്ചും എന്തെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്നാണ്‌ പരസ്യ പ്രചാരണം അവസാനിച്ചപ്പോഴും പ്രതിപക്ഷം നോക്കിയത്‌‌‌. കുഴപ്പങ്ങൾ ഇളക്കിവിട്ട്‌ അക്രമമുറവിളിയിലേക്ക്‌ മാധ്യമങ്ങളെ നയിക്കാനുള്ള ഗൂഢനീക്കവും നടക്കുന്നുണ്ട്‌. കണ്ണൂർ മമ്പറത്ത്‌ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം വെട്ടിമാറ്റിയാണ്‌ പ്രകോപനത്തിന്‌ ശ്രമം നടന്നത്‌. യുഡിഎഫ്‌ –- ബിജെപി വോട്ടുമറിക്കൽ പ്രയോഗത്തിൽ കൊണ്ടുവരുന്നതിനുള്ള പ്രതികരണങ്ങൾ‌ നിശ്ശബ്ദ പ്രചാരണ ദിവസം ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്‌ ആസൂത്രിതമാണ്‌. തലശേരിയിൽ ജില്ലാ പ്രസിഡന്റിന്റെ പത്രിക പാർടി അധ്യക്ഷന്റെ ഒപ്പിടാതെ നൽകി, ‌ മത്സരരംഗം വിട്ട ബിജെപിയുടെ മനഃസാക്ഷി വോട്ട്‌ ഏത്‌ പെട്ടിയിൽ വീഴുമെന്ന്‌ വ്യക്തമാണ്‌. ഇതുസംബന്ധിച്ച്‌ കെ സുരേന്ദ്രനും വി മുരളീധരനുമൊക്കെ നടത്തിയ പ്രസ്‌താവനകൾ അണികൾക്കുള്ള വ്യക്തമായ സന്ദേശമായിരുന്നു. ആരുടെ വോട്ടും വേണ്ടെന്ന്‌ പറയില്ലെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ ആവർത്തിക്കുമ്പോൾ കൃത്യമായ കൊടുക്കൽ വാങ്ങലുകളാണ്‌ തെളിഞ്ഞുവരുന്നത്‌.

മഞ്ചേശ്വരത്ത്‌ യുഡിഎഫിന്‌ ജയിക്കാൻ സിപിഐ എമ്മിന്റെ പിന്തുണ തേടിയ കെപിസിസി അധ്യക്ഷൻ നൽകുന്ന സൂചനയും വ്യക്തമാണ്‌. യുഡിഎഫിന്‌ ജയസാധ്യതയില്ലെന്ന്‌ വോട്ടെടുപ്പിന്റെ തലേന്ന്‌ പറയുന്നതിന്റെ ലക്ഷ്യം ലീഗ്‌ സ്ഥാനാർഥിയെ കാലുവാരുകയല്ലാതെ മറ്റെന്താണ്‌‌. കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ടുമറിക്കുമെന്ന വ്യക്തമായ സൂചന പുറത്തുവന്നതോടെ ലീഗണികൾ കടുത്ത ആശയക്കുഴപ്പത്തിലാണ്‌. മറ്റുചില മണ്ഡലങ്ങളിലും സമാനമായ പ്രചാരണമാണ്‌ ബിജെപിയും യുഡിഎഫും നടത്തുന്നത്‌. വോട്ടുമറിക്കലിന്‌ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിലെല്ലാം രഹസ്യ ഇടപാട്‌ നല്ലനിലയിൽ ചർച്ചയായിക്കഴിഞ്ഞു. ഇവിടങ്ങളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ നടത്തിയ മികച്ച മുന്നേറ്റത്തോടൊപ്പം വോട്ടുകച്ചവടത്തിനെതിരായ ജനവികാരവും ശക്തമാണ്‌.

എൽഡിഎഫിനെതിരെ ബിജെപിയും യുഡിഎഫും പരസ്‌പരം വോട്ടുകച്ചവട ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങൾക്കുപോലും അത്‌ ദഹിക്കുന്നില്ല. കോ ലീ ബി സഖ്യം മറനീക്കി പുറത്തുവന്നതിനെ പ്രതിരോധിക്കാനുള്ള വൃഥാ ശ്രമത്തിനപ്പുറമുള്ള പ്രാധാന്യം ആരും കൽപ്പിക്കുന്നുമില്ല.

വടകരയിൽ യുഡിഎഫ്‌ സ്ഥാനാർഥി കെ കെ രമ സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. ശബരിമലയുടെ പേരിൽ മുതലെടുപ്പിന്‌ തെക്കൻ കേരളത്തിലെങ്ങും ശ്രമം തുടരുകയാണ്‌. പിതൃശൂന്യ പോസ്‌റ്ററുകളും നോട്ടീസുകളും വ്യാപകമാണ്‌. വിശ്വാസികളെ ലക്ഷ്യമാക്കി വിഭാഗീയതയും വർഗീയതയും തരാതരംപോലെ പ്രയോഗിക്കുന്നു.

രാഷ്‌ട്രീയ നിലപാടുകളിലും നാടിന്റെയും ജനങ്ങളുടെയും പുരോഗതിയിലും ഊന്നിയുള്ള പ്രചാരണത്തിനൊടുവിൽ നല്ല ആത്മവിശ്വാസത്തോടെയാണ്‌ എൽഡിഎഫ്‌ വേട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌. ഭരിക്കുന്ന സർക്കാരിനെതിരെ വികാരമുണ്ടാക്കാൻ പ്രതിപക്ഷത്തിന്‌ വിഷയമൊന്നും ഉണ്ടായില്ലെന്നതാണ്‌ യാഥാർഥ്യം. സർക്കാരിനെ അനുകൂലിക്കാൻ ജനങ്ങൾക്ക്‌ ഒട്ടേറെ കാര്യങ്ങൾ ഉണ്ടാകുകയും ചെയ്‌തു. എന്നാൽ, യാഥാർഥ്യം അംഗീകരിക്കാൻ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും തയ്യാറല്ല‌. പ്രതിസന്ധികൾക്ക്‌ നടുവിൽ നിൽക്കുമ്പോഴും സർക്കാരിനെ അന്യായമായി കടന്നാക്രമിച്ചു‌. ഓഖിയും നിപായും പ്രളയവും കോവിഡും തീർത്ത ദുരിതങ്ങൾ നേരിടുന്നതിന്‌ പ്രതിപക്ഷമോ കേന്ദ്ര സർക്കാരോ കേരളത്തെ സഹായിച്ചില്ല. സർക്കാരിന്റെ പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, പ്രതിസന്ധികളെ മുറിച്ചുകടന്ന്‌, പശ്‌ചാത്തല വികസനത്തിലും ജനക്ഷേമത്തിലും എടുത്തുപറയാവുന്ന ഒട്ടേറെ നേട്ടങ്ങൾ യാഥാർഥ്യമാക്കിയാണ്‌ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്‌. ഭരണവിരുദ്ധവികാരം എന്ന പതിവുരീതിയെ എൽഡിഎഫ്‌ സർക്കാർ മാറ്റിമറിച്ചത്‌ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ്‌.

കോവിഡ്‌ പ്രതിസന്ധി കടുത്തുനിൽക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ ആരംഭിച്ച ആക്രമണം ഇതുവരെ തുടർന്നു. ഇല്ലാക്കഥകളുടെയും അഴിമതി ആരോപണങ്ങളുടെയും മലവെള്ളപ്പാച്ചിലിനിടയിലും എൽഡിഎഫ്‌ സർക്കാർ ജനവിശ്വാസം കാത്തുവെന്നതിന്റെ സാക്ഷ്യപത്രമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം. യുഡിഎഫും കേന്ദ്ര സർക്കാർ ഏജൻസികളും കിണഞ്ഞുശ്രമിച്ചിട്ടും ഈ സർക്കാരിന്റെ നേട്ടങ്ങൾക്കും സംശുദ്ധതയ്‌ക്കും മങ്ങലേൽപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ പുതിയൊരു ചരിത്രത്തിലേക്കാണ്‌ കേരളത്തെ നയിക്കുന്നത്‌. തുടർഭരണമെന്ന പുതിയ അധ്യായം രചിക്കുന്നതിനുള്ള നിർണായക പോരാട്ടത്തിലാണ്‌ കേരള ജനത. പരമാവധി വോട്ടുകൾ എൽഡിഎഫ്‌ സാരഥികൾക്ക്‌ അടയാളപ്പെടുത്താനുള്ള വിട്ടുവീഴ്‌ചയില്ലാത്ത ദൗത്യമാണത്‌. കണ്ണും കാതും ഹൃദയവുമർപ്പിച്ച്‌ ജാഗ്രതയുടെ ഒരു പകൽകൂടി പിന്നിടുമ്പോൾ, എല്ലാ കുതന്ത്രങ്ങളെയും പിന്തള്ളി ജനവിധി കുറിച്ചുകഴിയും. അതിനായി അവിശ്രമം യത്‌നിക്കുന്ന പ്രവർത്തകർക്കും വോട്ടർമാർക്കും ഊഷ്‌മളമായ അഭിവാദ്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top