28 March Thursday

ലോക്ക്‌ഡൗണിന് അപ്പുറം ചിന്തിച്ച് കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020


കോവിഡ് ലോകാവസാനമല്ല. ലോക്ക്‌ഡൗൺ എന്നെന്നേക്കും ഉള്ളതുമല്ല. ഈ കാലവും കടന്നുപോകും. അതുകൊണ്ട് ഇനി ഈ അടച്ചുപൂട്ടലിനപ്പുറം എന്ത് എന്ന് ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. കേരള സർക്കാർ അക്കാര്യത്തിലും ഇന്ത്യക്ക് വഴികാട്ടുകയാണ്. ലോക്ക്‌ഡൗൺ കാലത്തുപോലും രാജ്യം എങ്ങനെ മുന്നോട്ടുപോകണം എന്ന ചിന്തയില്ലാതെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. കോർപറേറ്റുകളുടെ കൊള്ളപ്പണം കണക്കെഴുതി തള്ളുന്നതിനാണ്  അവിടെ മുൻഗണന. അപ്പോഴാണ്‌ ലോക്ക്‌ഡൗണിന് ശേഷം എന്ത് എന്ന ചിന്തയുമായി കേരളം വീണ്ടും മുന്നിൽ നടക്കുന്നത്.

ലോക്ക്‌ഡൗണിനുശേഷം സംസ്ഥാന സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയെപ്പറ്റി സർക്കാർ ആലോചന തുടങ്ങിയതായി  മുഖ്യമന്ത്രി പിണറായി വിജയനാണ് തിങ്കളാഴ്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. കോവിഡിന്റെ ആഘാതത്തിൽ പ്രതിസന്ധിയിലാകാത്ത ഒരു മേഖലയും കേരളത്തിലില്ല. അതുകൊണ്ടുതന്നെ എല്ലായിടത്തും കണ്ണെത്തണം. ഇപ്പോൾ, തുടക്കമേ ആയിട്ടുള്ളൂ. സാമ്പത്തികം, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണ്ടായ തിരിച്ചടികൾ  മറികടക്കാൻ അടിയന്തരനടപടി ഉണ്ടാകും. മറ്റ് മേഖലകളിൽ പഠനങ്ങൾക്കുശേഷം ദീർഘകാലപദ്ധതികളും വേണ്ടിവരും. അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ചചെയ്ത് വിശദമായ പുനരുജ്ജീവനപദ്ധതി തയ്യാറാക്കാൻ വകുപ്പ്‌ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആസൂത്രണ ബോർഡ്  വിശദമായ പഠനവും നടത്തും.  ഈ സാമ്പത്തികവർഷം പിന്നിട്ട മൂന്നുമാസം മാത്രം മൂലധന
രംഗത്ത് 80,000 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്‌ വിദഗ്‌ധരുടെ കണക്ക്‌. അതുകൊണ്ട് പുനരുജ്ജീവനം എന്നത് ചെറിയ വെല്ലുവിളിയല്ല.

പ്രളയത്തിൽ നിന്ന് കരകയറാനുള്ള പുനരുദ്ധാരണ പദ്ധതിക്കൊപ്പം തകർന്ന സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും നമുക്ക്  വഴി കണ്ടെത്തണം. പണം തന്നെയാണ് പ്രശ്നമാകുക. കേന്ദ്രസർക്കാർ സഹായിച്ചേതീരൂ.

2018ലെ വൻ പ്രളയവും അടുത്ത വർഷത്തെ പ്രകൃതിക്ഷോഭവും തകർത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥയിൽനിന്ന് കരകയറാൻ വ്യക്തമായ പദ്ധതികളുമായി സർക്കാർ നീങ്ങുന്നതിനിടയിലാണ് കോവിഡ് ഇത്ര കനത്ത ആഘാതം ഏൽപ്പിച്ചത്. അതോടെ പ്രയത്നം ഇരട്ടിയാകുകയാണ്. പ്രളയത്തിൽ നിന്ന് കരകയറാനുള്ള പുനരുദ്ധാരണ പദ്ധതിക്കൊപ്പം തകർന്ന സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും നമുക്ക്  വഴി കണ്ടെത്തണം. പണം തന്നെയാണ് പ്രശ്നമാകുക. കേന്ദ്രസർക്കാർ സഹായിച്ചേതീരൂ. വരുമാനമെല്ലാം കേന്ദ്രത്തിനും ചെലവ് മാത്രം സംസ്ഥാനത്തിനും എന്ന മട്ടിലാണ് ജിഎസ്ടി കൂടെ വന്നശേഷം കാര്യങ്ങൾ. രാജ്യത്തിന്റെ ഫെഡറൽ ഘടനയെത്തന്നെ അപകടത്തിലാക്കുന്ന ഈ സമീപനം തിരുത്തിക്കാൻ ശക്തമായ സമ്മർദം വേണ്ടിവരും. മറ്റ് സംസ്ഥാനങ്ങളെക്കൂടി അണിനിരത്തി ഇതൊരു ദേശീയ വിഷയമാക്കേണ്ട ഉത്തരവാദിത്തംകൂടി കേരളത്തിനാകും.

പ്രളയത്തിനുശേഷം പുനർനിർമാണം ചർച്ചചെയ്യുമ്പോൾ നമ്മൾ കണ്ട ചില കാര്യങ്ങളുണ്ട്. ഒന്നും ഇനി പഴയതുപോലെ ആകില്ല എന്ന കാഴ്ചപ്പാടായിരുന്നു അതിൽ മുഖ്യം. നമ്മുടെ എല്ലാ വികസന പദ്ധതികളിലും ജീവിതവൃത്തികളിലും എല്ലാക്കൊല്ലവും വന്നേക്കാവുന്ന ഒരു പ്രളയംകൂടി കണ്ടുള്ള മുന്നൊരുക്കം വേണം എന്ന് അന്ന് നമ്മൾ തിരിച്ചറിഞ്ഞു. ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്ന പുനരുജ്ജീവന നടപടികളിലും അതേ കാഴ്ചപ്പാട് വേണ്ടിവരും.

ഓരോ യാതനയും ഓരോ പാഠംകൂടി പകർന്നാണ് മറയുന്നത്. ഇപ്പോഴത്തെ കോവിഡ് ബാംധയിൽനിന്ന്‌ നമുക്ക് പഠിക്കാൻ ഏറെയുണ്ട്. എല്ലാ മേഖലയിലും ഇനി വയ്‌ക്കുന്ന ചുവടുകളിലെല്ലാം ഇത്തരം ഒരു പകർച്ചവ്യാധി വന്നാൽ നേരിടാനുള്ള കരുതൽകൂടി വേണ്ടിവരും. അത് ആരോഗ്യരംഗത്ത് മാത്രമായി ഒതുങ്ങുന്നതാകില്ല. ഒരു മഹാമാരി നേരിട്ടാൽ അപ്പോഴും കൃഷിയെ എങ്ങനെ പിടിച്ചുനിർത്താം, വ്യവസായസ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാം, നിർമാണ പ്രവൃത്തികൾ എങ്ങനെ തുടരാം, വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം  എന്നൊക്കെയുള്ള ചിന്ത വേണ്ടിവരും. അതുപോലെ ആരോഗ്യരംഗത്തെ നേട്ടങ്ങൾക്കൊപ്പം കുറവുകളും ഈ പ്രതിസന്ധികാലം നമ്മുടെ മുമ്പിലെത്തിച്ചിട്ടുണ്ട്. അവയും പരിഹരിച്ചു മുന്നോട്ടുപോകാനുള്ള നിർദേശങ്ങൾ ഉണ്ടാകണം. ഇത്തരത്തിൽ സമഗ്രമായ ഒരു പുനരുജ്ജീവന പദ്ധതിയാകും സംസ്ഥാന സർക്കാർ നടപ്പാക്കുക എന്ന് നമുക്ക് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top