28 March Thursday

പോരാട്ടങ്ങളിൽ കേരളത്തിന്റെ കൈയൊപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


അനന്തമായ കാലത്തിന്റെ  മഹാപ്രവാഹം തുടരുന്നു. ഒരാണ്ടുകൂടി യാത്രാമൊഴി പറഞ്ഞു. ഇനി പുതിയ പ്രഭാതങ്ങൾ. നമ്മുടെ വെറും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു കുഞ്ഞൻ വൈറസ് ലോകത്തെയാകെ പിടിച്ചുലച്ച ഒരു വർഷമാണ് കടന്നുപോയത്.  കോവിഡ് മഹാമാരിയെ ചെറുക്കാൻ വാക്സിൻ ഉടൻ എത്തുന്നുവെന്നതാണ്‌  പുതുവർഷപ്പിറവിയിൽ രാജ്യത്തിന്റെ പ്രതീക്ഷ. അനേകം മനുഷ്യജീവനുകൾ വിഴുങ്ങിയ ഈ മഹാമാരിക്കാലത്തും അതിജീവനത്തിനായി ഇന്ത്യൻ കർഷകർ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഇന്ത്യയിൽ പുതിയ വർഷം പിറന്നുവീഴുന്നത്. ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങൾക്കൊടുവിൽ, കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞുവീശുന്ന പോരാട്ടത്തിന്റെ തുടർ സ്പന്ദനങ്ങൾ ഇന്ത്യയിലെവിടെയും കാണാം.

സമരഭൂമിയിലെ കൊടുംതണുപ്പിൽ, ഇതിനകം നാൽപതോളം കൃഷിക്കാർ മരിച്ചുവീണിട്ടും കരിങ്കല്ലിന്റെ ധാർഷ്ട്യത്തോടെ സമരത്തെ നേരിടാനാണ് മോഡി ഭരണം ഇതുവരെ ശ്രമിച്ചത്. സമരം ഒത്തുതീർക്കാനെന്ന പേരിൽ നടത്തിയ ആറു ചർച്ചയും പ്രഹസനമായിരുന്നു. ഇതേസമയം, കാർഷികമേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്ന മൂന്നു കരിനിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ കർഷകസമൂഹം സമരത്തിലുറച്ചു നിൽക്കുന്നു. സമരത്തിന്റെ ജനകീയത, പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പ്‌, ഇച്ഛാശക്തിയുടെ ധീരത, ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവ ഈ പോരാട്ടത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതുല്യ സമരേതിഹാസമായി മാറ്റിക്കഴിഞ്ഞു. ഇന്ത്യ ഒന്നാകെ ഈ സമരത്തിനു പിന്നിലുണ്ട്.  സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം കൂട്ടംകൂട്ടമായി ഡൽഹി അതിർത്തികളിൽ കർഷകർക്കൊപ്പം അണിചേരുകയാണ്.


 

ഈ ജീവന്മരണ പോരാട്ടത്തിന്റെ സാഹചര്യത്തിൽ, കൃഷിക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും  വിവാദനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും  കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം  ഏകകണ്ഠമായി പ്രമേയം പാസാക്കിയത് രാജ്യത്തിനാകെ മാതൃകയായി.  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞതുപോലെ വ്യാഴാഴ്‌ച ചേർന്ന പ്രത്യേകസമ്മേളനം  ചരിത്രപ്രാധാന്യമുള്ളതായി.

മോഡി സർക്കാർ കൊണ്ടുവന്നിട്ടുള്ള വിവാദനിയമങ്ങൾ പിൻവലിക്കണമെന്നത് രാജ്യത്തിന്റെ  ആവശ്യമാണ്. കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതും അതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന ചില ഭേദഗതികൾ വോട്ടിനിട്ടെങ്കിലും ഒടുവിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രമേയം അംഗീകരിച്ച് പാസാക്കുകയായിരുന്നു. ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലും പ്രമേയത്തെ എതിർത്തില്ല. അങ്ങനെ, കർഷകരുടെ ജീവൽപ്രശ്നത്തിൽ കേരളം ഒറ്റ മനുഷ്യനായി പിന്തുണ പ്രഖ്യാപിച്ചു.

ജനാധിപത്യത്തിന്റെ പ്രാരംഭബിന്ദു അഭിപ്രായം തേടലും ചർച്ചയുമൊക്കെയാണ്.  അങ്ങനെയൊരു ചർച്ചപോലുമില്ലാതെ നിയമങ്ങൾ കൊണ്ടുവന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുന്നതായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം. കൃഷി ഭരണഘടനാപരമായിത്തന്നെ സംസ്ഥാന വിഷയമായിട്ടും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ഒരു ആലോചനയും നടത്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷിക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് സംസ്ഥാനം നിയമനിർമാണം നടത്തുന്ന കാര്യം പരിശോധിച്ചുവരികയാണ്. 


 

കാർഷികമേഖലയെയും കൃഷിക്കാരെയും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.  നെൽക്കർഷകർക്ക് റോയൽറ്റി,  രാജ്യത്ത്‌ ആദ്യമായി പച്ചക്കറികൾക്ക് താങ്ങുവില, നെൽക്കൃഷിയുടെയും പച്ചക്കറി ഉൽപ്പാദനത്തിലെയും വർധന... ഇങ്ങനെ ഇന്ത്യക്കാകെ മാതൃകയായി കാർഷികമേഖലയിൽ കേരളം നേടിയ മുന്നേറ്റം സഭയിൽ മുഖ്യമന്ത്രി വിവരിച്ചപ്പോൾ ആർക്കും രണ്ടഭിപ്രായമുണ്ടായില്ല. പ്രമേയത്തെ മുൻനിർത്തി സംസാരിച്ചവരെല്ലാം കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തിയതും പ്രത്യേക സമ്മേളനത്തിന്റെ സവിശേഷതയായി. പുതുവർഷത്തിൽ മറ്റു സഭകളും ഇത്തരത്തിൽ പ്രമേയം പാസാക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിലോമകാരിയായ നരേന്ദ്ര മോഡിയുടെ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ആർത്തിരമ്പുമ്പോഴാണ് 2020 പിറന്നുവീണത്. ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തിയ നാളുകൾ. ഡൽഹിയിലെ ഷഹീൻ ബാഗിൽ മാർച്ചുവരെ ആ സമരം തുടർന്നു. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ തെഴിലാളിവർഗം രണ്ട്‌ ദേശീയ പണിമുടക്കുതന്നെ നടത്തി. കോവിഡിനുമുന്നേതന്നെ ആരംഭിച്ച സാമ്പത്തികത്തകർച്ച കോവിഡോടെ രൂക്ഷമായി. തൊഴിലില്ലായ്‌മയുടെയും വരുമാനത്തകർച്ചയുടെയും കൂട്ട പ്രതിസന്ധികൾ.  ജനങ്ങളാകെ സമരപാതയിൽ അണിനിരക്കേണ്ട സാഹചര്യം. അതിനിടെയാണ്, ജൂലൈമുതൽ ആരംഭിച്ച കർഷകസമരം ഡൽഹി വളഞ്ഞത്. ഈ പോരാട്ടങ്ങളിലുയരുന്ന ഐക്യം - അതുതന്നെയാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുക. അതെ, പുതിയ പ്രഭാതങ്ങളിലെ ഈ പോരാട്ടങ്ങളിൽ പ്രതീക്ഷയുടെ സൗന്ദര്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top