19 April Friday

വിവേകത്തിന്റെ ശബ്ദങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 31, 2018


കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരം മാർക്സിസ്റ്റ് വിരുദ്ധ വിശാല സഖ്യമാക്കാനുള്ള ശ്രമങ്ങൾ പരിധിവിട്ട് മുന്നേറുമ്പോൾ, സാമൂഹ്യ‐ സാംസ്കാരിക മേഖലയിൽനിന്ന് ഉയരുന്ന വിവേകത്തിന്റെയും മുന്നറിയിപ്പിന്റെയും ശബ്ദങ്ങൾ സ്വാഗതാർഹമാണ്. എം മുകുന്ദനും അശോകൻ ചരുവിലും രാവുണ്ണിയും കെ എസ് രാധാകൃഷ്ണനുമടക്കം നീതിരഹിതമായ സമരത്തിനും അതിനു പിന്നിലെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കും എതിരെ രംഗത്തുവന്നു. സിപിഐ എമ്മിനെതിരെ നിശിത വിമർശമുയർത്താറുള്ള, മുൻ വൈസ് ചാൻസലറും മുൻ പിഎസ്സി ചെയർമാനുമായ  ഡോ. കെ എസ് രാധാകൃഷ്ണൻ അഭ്യർഥിക്കുന്നത്, മാർക്സിസ്റ്റ് പാർടിയോടുള്ള എതിർപ്പിൽ കീഴാറ്റൂർ സമരത്തെ പിന്തുണയ്ക്കരുത് എന്നാണ്. 'മാർക്സിസ്റ്റ് പാർടിയുടെയും പിണറായി സർക്കാരിന്റെയും പ്രവർത്തനത്തോടുള്ള എതിർപ്പിന്റെ പേരിൽ കീഴാറ്റൂർ സമരത്തെ പിന്തുണയ്ക്കുന്നത് തെറ്റുതന്നെയാണ്' എന്ന് അദ്ദേഹം പറയുന്നത് ആ സമരത്തെ ആഘോഷമാക്കി, കീഴാറ്റൂരിൽ നന്ദിഗ്രാമും സിംഗൂരും സ്വപ്നംകണ്ട് അങ്ങോട്ട് ചെന്ന വി എം സുധീരൻ അടക്കമുള്ളവരോടാണ്. പരിസ്ഥിതി സംരക്ഷണം  എന്ന മറവിൽ രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന അഭ്യാസമായി ആ സമരത്തെ പരിവർത്തിപ്പിച്ചെടുക്കുന്നതിൽ മാർക്സിസ്റ്റ് വിരുദ്ധ ശക്തികൾ മത്സരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സമരം ഏറ്റെടുക്കുന്നതായി ബിജെപി നേതാവ് നടത്തിയ പ്രഖ്യാപനം.

നാട്ടിലെ വാഹനങ്ങളുടെ എണ്ണം സംസ്ഥാനത്തെ റോഡുകൾക്ക് താങ്ങാനാകാത്തവിധം വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടര ലക്ഷത്തിലധികം വാഹനം പുതുതായി രജിസ്റ്റർ ചെയ്തു എന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്. ഒരു കോടി ഇരുപതു ലക്ഷത്തോളം വാഹനം കേരളത്തിലെ നിരത്തുകളിൽ ഓടുന്നു. എന്നാൽ, വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് റോഡ്  വികസിക്കുന്നില്ല. ഗതാഗതക്കുരുക്കും റോഡപകട സാധ്യതയും വർധിക്കുന്നു. കഴിഞ്ഞ വർഷം 4287 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. 20നും 55നും ഇടയിൽ പ്രായമുള്ളവരാണ് ഈ അപകടങ്ങളിൽ മരിച്ചവരിൽ ഭൂരിപക്ഷവും.
അപകടം മാത്രമല്ല, ഗതാഗത സൗകര്യത്തിന്റെ അഭാവംമൂലം ബഹുമുഖ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത് പരിഹരിക്കുക എന്ന നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന് ജനം നൽകുന്ന പിന്തുണയാണ്, ജനവിരുദ്ധ കുടില സമരങ്ങൾക്കെതിരെ ഉയരുന്ന വികാരം.

അടിസ്ഥാനസൗകര്യ വികസനത്തിന് 2050 കോടി രൂപയുടെ പദ്ധതിയാണ് ഇതിനകം എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്.  അഞ്ചുവർഷംകൊണ്ട് പതിനായിരക്കണക്കിനു കോടി രൂപയുടെ വികസന നിക്ഷേപം എന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ ബജറ്റിനു പുറത്ത് ഇത്ര ഭീമമായ തുക സമാഹരിക്കാൻ കഴിയില്ലെന്നു പറഞ്ഞ് വിമർശിച്ചവരുണ്ട്. 51,000 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിനുപുറത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിൽ 40,000 കോടിയുടെ പ്രോജക്ടുകൾക്ക് ഈ വർഷം അംഗീകാരം നൽകി. 12,600 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിടാൻ സാധിച്ചു. ഇതിലാണ് റോഡും പാലവും ഫ്ളൈ ഓവറും അടങ്ങുന്ന മരാമത്തുവകുപ്പിന്റെ പദ്ധതികൾ  ഉൾപ്പെടുന്നത്.

കോഴിക്കോട് ബൈപാസിന്റെ പൂർത്തീകരണം, രാമനാട്ടുകര, തൊണ്ടയാട് മേൽപ്പാലങ്ങളുടെ നിർമാണം, മലയോരപാതകളുടെ വികസനം, എറണാകുളം ജില്ലയിലെ വെണ്ടുരുത്തിപാലത്തിന്റെ നിർമാണം, ഇടപ്പള്ളി മേൽപ്പാല നിർമാണം, പാലാരിവട്ടം ഫ്ളൈ ഓവർ തുടങ്ങി നിരവധി നിർമാണ പ്രവർത്തനങ്ങൾ കേരള റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടുപയോഗിച്ച് യാഥാർഥ്യമാക്കി.
ആലപ്പുഴയിലും കണ്ണൂരിലും കൊല്ലത്തും നഗര റോഡുവികസന പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. 252 കോടി രൂപ ചെലവിൽ 46 കിലോമീറ്റർ ദൈർഘ്യം വരുന്ന 21 റോഡിന്റെ വികസനമാണ് ആലപ്പുഴ നഗര റോഡു വികസന പദ്ധതി. 414 കോടി രൂപ ചെലവിൽ 48 കിലോമീറ്ററോളം ദൈർഘ്യം വരുന്ന 12 റോഡിന്റെ വികസനം കണ്ണൂരിലും യാഥാർഥ്യമാക്കും. ഏഴ് റോഡിന്റെ വികസനമാണ് കൊല്ലം നഗര റോഡു വികസന പദ്ധതിയിൽ നടക്കുക. ഇതിനു പുറമെയാണ് ദേശീയ പാത വികസന പദ്ധതികൾ വേഗത്തിലാക്കാനുള്ള സർക്കാരിന്റെ ഇടപെടലും ബദൽ ഗതാഗത മാർഗങ്ങൾ സാക്ഷാൽക്കരിക്കാനുള്ള ത്വരിത നീക്കങ്ങളും.

വികസനകാര്യത്തിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കാണ് മുന്തിയ പരിഗണന ലഭിക്കുന്നത്. ജനപക്ഷത്തുനിന്നുള്ള വികസനകാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നത് എന്നാണ്, വിവാദങ്ങൾ ഉയർത്താൻ ശ്രമിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു നൽകുന്ന മറുപടി. വികസന പദ്ധതികൾ സംബന്ധിച്ച പരാതികളും വിമർശങ്ങളും സഹിഷ്ണുതയോടെ വിലയിരുത്തി പരിഹാരം കാണാൻ ശ്രമിക്കുമ്പോൾത്തന്നെ, പുരോഗതിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വികസനപദ്ധതിളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്തുന്നവരോട് ഒരു തരത്തിലും സന്ധി ചെയ്യില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു ലഭിക്കുന്ന പിന്തുണയാണ് സാംസ്കാരികമേഖലയിൽനിന്നുള്ള പ്രതികരണങ്ങൾ.

ഏതാനും സ്ഥാപിത താൽപ്പര്യക്കാർ ചില മാധ്യമങ്ങളുടെ ഒത്താശയോടെ നടത്തുന്ന കുപ്രചാരണങ്ങൾ തള്ളി ജനം സ്വമേധയാ മുന്നോട്ടു വരേണ്ടതുണ്ട്. സ്വാർഥതയിൽ അധിഷ്ഠിതമായ വ്യക്തിതാൽപ്പര്യങ്ങൾ നാടിന്റെ പൊതുവായ പുരോഗതിക്ക് തടസ്സംനിൽക്കുന്നത് അനുവദിക്കരുത്. വരാനിരിക്കുന്ന വാഹനപ്പെരുപ്പം ഉൾക്കൊള്ളാൻ പര്യാപ്തമായ രീതിയിൽ ഗതാഗതമേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് കേരളത്തിന്റെയാകെ പിന്തുണയുണ്ട്. എത്ര കോടികൾ കൂട്ടിക്കെട്ടിയാലും എന്തു തന്നെ നുണപ്രചാരണം നടത്തിയാലും തെറ്റായ നീക്കങ്ങൾക്ക് ജനങ്ങൾ കൂട്ടുനിൽക്കില്ല എന്നതുകൊണ്ടാണ്, കീഴാറ്റൂർ സമരത്തിന്റെ സങ്കുചിതവും സ്വാർഥതാൽപ്പര്യ പ്രചോദിതവും ജനവിരുദ്ധവുമായ മറുവശം പുറത്തുകൊണ്ടുവരാനും അവയെ തുറന്നെതിർക്കാനും സാധാരണ ജനങ്ങൾക്കൊപ്പം സാംസ്കാരിക രംഗത്തെ പ്രമുഖരും മുന്നോട്ടുവരുന്നത്, അത് വ്യക്തമായ ചുവരെഴുത്താണ്; ജനവികാരത്തിന്റെ പ്രതിഫലനമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top