18 April Thursday

കസാഖ്സ്ഥാൻ ഇനി എങ്ങോട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


ഇന്ധനവില അമിതമായി കൂട്ടിയതിനെതിരെ കസാഖ്‌സ്ഥാനിൽ അലയടിച്ച പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ അസ്‌കർ മാമിൻ മന്ത്രിസഭ രാജിവച്ചിരിക്കുകയാണല്ലോ. പിടിച്ചുനിൽക്കാനുള്ള അവസാനത്തെ  വഴിയെന്നനിലയിൽ വിലവർധന റദ്ദാക്കിയെങ്കിലും ജനങ്ങൾ അടങ്ങിയിരിക്കാൻ തയ്യാറായിട്ടില്ല. പടിഞ്ഞാറൻ കസാഖ്‌സ്ഥാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യവ്യാപകമായതോടെയാണ്‌ സർക്കാർ രാജിവച്ചത്‌. തെരുവുകൾ കീഴടക്കിയ പ്രക്ഷോഭകർ  സർക്കാർ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും എണ്ണ പമ്പുകളും ആക്രമിച്ച്‌ ശേഷികാട്ടി.  തുടർന്ന്‌ മന്ത്രിസഭ മുൻകരുതലെന്നോണം ചില ഭാഗത്ത്‌ റാലികൾ നിരോധിച്ച്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  പ്രക്ഷോഭത്തിനു പിന്നിൽ വിദേശപരിശീലനം സിദ്ധിച്ച  തീവ്രവാദികളാണെന്നാണ്‌  പ്രസിഡന്റ്‌ കാസിം ജൊമാർട്ട് ടോകയേവിന്റെ  തുടർച്ചയായ ആരോപണം.

2022 ജനുവരി ഒന്നുമുതലാണ് കസാഖിൽ പ്രക്ഷോഭം തുടങ്ങിയത്‌. ഊർജസമ്പന്നമായിട്ടും ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടു കാരണം സാമ്പത്തിക ക്ലേശത്തിൽ നട്ടംതിരിയുകയാണ്‌ ആ പഴയ സോവിയറ്റ്‌ റിപ്പബ്ലിക്‌  രാജ്യം. എന്നിട്ടും ഇന്ധനവില ഇരട്ടിയാക്കിയായിരുന്നു  മന്ത്രിസഭ  പുതുവത്സരസമ്മാനം നൽകിയത്‌. വിലനിയന്ത്രണാധികാരം നീക്കി ആഭ്യന്തര‐ വിദേശ കുത്തകകളെ തുണയ്‌ക്കാനായിരുന്നു ആ ഇരുട്ടടി. അതോടെ പടിഞ്ഞാറൻ കസാഖ്‌സ്ഥാനിലെ ഭൂരിപക്ഷം ടാക്സി ഡ്രൈവർമാരും  പ്രതീകാത്മക സമരം ആരംഭിച്ചു. അവർ വാഹനങ്ങൾ റോഡിൽ നിർത്തി താക്കോലുമായി ഇറങ്ങിപ്പോയി. വാഹനങ്ങൾ കൂടിവന്നപ്പോൾ മണിക്കൂറുകൾക്കകം തെരുവുകൾ സ്‌തംഭിക്കുകയായിരുന്നു. ജനങ്ങൾ ശക്തമായ പിന്തുണയുമായി തെരുവിൽ ഇറങ്ങിയതോടെ  പൊലീസിനെയും  പട്ടാളത്തെയും അർധസൈനികരെയും വിന്യസിച്ചു. നിയമപാലകരും  പ്രതിഷേധക്കാരും പലയിടത്തും രൂക്ഷമായി ഏറ്റുമുട്ടി. വിവിധ മേഖലകളിലെ ആക്രമണങ്ങളിൽ 1000 പേർക്ക് പരിക്കേറ്റു. 28 പ്രക്ഷോഭകരും 12 സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടു. സർക്കാർ കെട്ടിടങ്ങൾ കത്തിക്കുകയും  അൽമാട്ടി വിമാനത്താവളം പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് അയൽരാജ്യങ്ങളിൽനിന്ന് സൈനികസഹായം തേടി. കസാഖിൽ എത്തിയ വിദേശസേനയിൽ 2500 പട്ടാളക്കാരുണ്ട്‌. റഷ്യ, അർമേനിയ, ബലാറസ്, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നിവയുടെ സൈനിക സഖ്യമായ ‘കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷ’നോടും  കസാഖ്‌ സഹായം തേടി.

ദിവസങ്ങളായി പ്രതിഷേധം തുടരുന്ന അൽമാട്ടിയിൽ നിരവധി പ്രതിഷേധക്കാരെ വധിച്ചു. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസി (എൽപിജി)ന്റെ  രൂക്ഷമായ വിലവർധനയാണ് ഏറെ പ്രതിസന്ധിയുണ്ടാക്കിയത്‌. എണ്ണത്തൊഴിലാളി നഗരമായ സാനോസന്റെ  പ്രതിഷേധം ദിവസങ്ങൾക്കുള്ളിൽ രാജ്യമാകെ  പടർന്നു. കസാഖിലെ എണ്ണമേഖലാ ജീവനക്കാരുടെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ 2011 ഡിസംബർ 16ന്‌ 16 പേരെ പൊലീസ് വെടിവച്ചുകൊന്ന നഗരമാണ്‌  സാനോസൻ. രാജ്യത്തിന്റെ  മൂന്നു പതിറ്റാണ്ട്‌  ചരിത്രത്തിലെ ഏറ്റവും ഭീകരമായ നരനായാട്ടിലൊന്നായിരുന്നു അത്‌.  2021ൽ ഒരു ലിറ്റർ എൽപിജിയുടെ വില 50 ടെംഗെ ആയിരുന്നത്‌  വർഷാവസാനത്തോടെ  ഇരട്ടിയിലേറെയായി. എണ്ണവിലയും  ഇരട്ടിയായി കുതിച്ചുയർന്നു. അത്‌ താങ്ങാനാകാതെയാണ്‌ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. എണ്ണ ഖനനത്തിന്‌ പ്രശസ്‌തമാണ്‌ സനോസൻ. 

ഇന്ധനമേഖലയിലും  അനുബന്ധ തൊഴിലുകളിലുമായി ജീവിക്കുന്നവരാണ്‌  ഭൂരിപക്ഷവും. അവർ  തെരുവിൽ ഇറങ്ങിയതിനു പിന്നാലെ പ്രധാന പട്ടണത്തിലെല്ലാം പ്രതിഷേധം കത്തിജ്വലിച്ചു. കലാപം വ്യാപിച്ചതോടെ പല നഗരത്തിലും ഇന്റർനെറ്റും ഫോണും വിച്ഛേദിക്കപ്പെട്ടു. അതോടെ ചിലയിടത്ത്‌ സുരക്ഷാസേനയിൽ ഒരു വിഭാഗവും  ജനങ്ങൾക്കൊപ്പം അണിനിരന്നു.  2019 വരെ പ്രസിഡന്റായിരുന്ന  നൂർസുൽത്താൻ നസർബയേവിന്റെ പ്രതിമകൾ തകർക്കപ്പെട്ടു.  പ്രകോപിതമായ പട്ടാളം  നഗരങ്ങൾ വളഞ്ഞു. ഇത്തരം സമ്മർദങ്ങളാണ്‌ വിലനിയന്ത്രണം എടുത്തുകളയാനും വിലവർധന റദ്ദാക്കാനും  പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്‌. പലവട്ടം കബളിപ്പിക്കപ്പെട്ട ജനങ്ങൾ ആ വാഗ്‌ദാനം തള്ളുകയും കലാപം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.അതോടെയാണ്‌ അദ്ദേഹം രാജിനൽകിയത്‌. കസാഖ്‌സ്ഥാന്റെ അവസ്ഥയും  അസ്‌കർ മാമിന്റെ കീഴടങ്ങലും മോദിക്കും പാഠമാകുമോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top