27 April Saturday

ജമ്മു കശ്‌മീർ വീണ്ടും പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021



ജമ്മു -കശ്‌മീരിൽനിന്ന്‌ വരുന്ന വാർത്തകൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. ഒരാഴ്‌ചയിലധികമായി ഭീകരാക്രമണത്തെക്കുറിച്ചുള്ള വാർത്തയാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. തിങ്കളാഴ്‌ച മലയാളിയായ വൈശാഖ്‌ ഉൾപ്പെടെ അഞ്ച്‌ സൈനികരാണ്‌ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്‌. ഈ വർഷം ആദ്യമായാണ്‌ ഒരു ഏറ്റുമുട്ടലിൽ ഇത്രയും അധികം ജവാന്മാരുടെ ജീവൻ ഒന്നിച്ച്‌ നഷ്ടപ്പെടുന്നത്‌. മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഭീകരർ സൈനികർക്കു പകരം മതന്യൂനപക്ഷത്തിൽപ്പെട്ട സിവിലിയന്മാരെയാണ്‌ കൂടുതലായും ലക്ഷ്യംവയ്‌ക്കുന്നത്‌. ഒക്ടോബർ ആദ്യവാരംമാത്രം ഏഴുപേരാണ്‌ വധിക്കപ്പെട്ടത്‌. പ്രധാനമായും കശ്‌മീരി പണ്ഡിറ്റുകളും സിഖുകാരും അന്യസംസ്ഥാനങ്ങളിൽനിന്ന്‌ ജോലിതേടിയെത്തിയ ഹിന്ദുക്കളുമാണ്‌ ഭീകരരുടെ ചോരക്കൊതിക്ക്‌ ഇരയാകുന്നത്‌.1990 കളിലാണ്‌ ജമ്മു കശ്‌മീർ ഭീകരാക്രമണത്തിന്റെ പിടിയിലമർന്നത്‌. അന്നാണ്‌ കശ്‌മീരി പണ്ഡിറ്റുകൾ കൂട്ടമായി സംസ്ഥാനം വിട്ട്‌ ഡൽഹിയിലേക്കും മറ്റും കുടിയേറിയത്‌. അതിനുശേഷം ആദ്യമായാണ്‌ കശ്‌മീരി പണ്ഡിറ്റുകൾ വീണ്ടും ഭീകരവാദികളുടെ ആക്രമണത്തിന്‌ വിധേയരാകുന്നത്‌.

ഒക്ടോബർ അഞ്ചിനാണ്‌ ശ്രീനഗറിലെ ഇക്ബാൽ പാർക്കിൽ ഫാർമസി നടത്തുന്ന മക്കൻ ലാൽ ബിന്ദ്രുവിനെ ഭീകരർ വെടിവച്ച്‌ കൊന്നത്‌. കടുത്ത ഭീകരാക്രമണം നടന്ന 1990കളിലും കശ്‌മീർ താഴ്‌വര ഉപേക്ഷിക്കാൻ തയ്യാറാകാതെ ശ്രീനഗറിൽ ഉറച്ചുനിന്ന പണ്ഡിറ്റ്‌ കുടുംബങ്ങളിൽ ഒന്നായിരുന്നു ബിന്ദ്രുവിന്റേത്‌. ഇതേ ദിവസംതന്നെ ലാൽബസാറിലെ ബേൽപൂരി കച്ചവടക്കാരനായ ബിഹാറുകാരനും കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം ശ്രീനഗറിലെ ഒരു സ്‌കൂൾ പ്രിൻസിപ്പലും സിഖ്‌ മതവിശ്വാസിയുമായ സുപീന്ദ്രർ കൗറും സഹ അധ്യാപകനും വധിക്കപ്പെട്ടു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തയ്ബയുടെ നിഴൽസംഘടനയായി പ്രവർത്തിക്കുന്ന ടിആർഎഫ്‌ എന്ന സംഘടനയാണ്‌ പുതിയ ആക്രമണത്തിനു പിന്നിലുള്ളതത്രേ.

കശ്‌മീരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നത്‌ സമൂഹത്തെ വർഗീയവൽക്കരിക്കാൻ ലക്ഷ്യംവച്ചുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. ഭീകരർ അവരുടെ തന്ത്രത്തിൽ വരുത്തിയ മാറ്റമായാണ്‌ സുരക്ഷാസേന ഇതിനെ വിലയിരുത്തുന്നത്‌. അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതുമായി ഈ ഭീകരാക്രമണങ്ങൾക്ക്‌ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇനിയും വ്യക്തമല്ലതാനും. ഏതായാലും കശ്‌മീരിലെ സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാകുകയാണ്‌. കൊടും ശൈത്യത്തിലേക്ക്‌ നീങ്ങുന്നതിനുമുമ്പായി പരമാവധി ഭീകരവാദികളെ ഇന്ത്യയിലേക്ക്‌ തള്ളിവിടാനുള്ള നീക്കം പാകിസ്ഥാനും മറ്റും നടത്തുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. ലഡാക്ക്‌ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാനാകാത്തതും ആശങ്ക വർധിപ്പിക്കുന്നു.

ജമ്മു കശ്മീർ സാധാരണനിലയിലേക്ക്‌ മടങ്ങി എന്ന കേന്ദ്ര സർക്കാരിന്റെ വാദം പൊള്ളയാണെന്ന്‌ ഈ സംഭവവികാസങ്ങൾ ബോധ്യപ്പെടുത്തുന്നു. ഭരണഘടനയിലെ 370–-ാം വകുപ്പും 35എ വകുപ്പും റദ്ദാക്കി സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കിയതോടെ കശ്‌മീരിലെ ഭീകരവാദത്തിന്‌ അന്ത്യമായെന്നാണ്‌ മോദി–-ഷാ കൂട്ടുകെട്ട്‌ അവകാശപ്പെട്ടത്‌. ജമ്മു കശ്‌മീരിനെ ഇന്ത്യയുമായി കൂടുതൽ ഇണക്കിച്ചേർത്തെന്നും ന്യൂഡൽഹിയുമായുള്ള അകൽച്ച പൂർണമായും ഇല്ലാതാക്കിയെന്നുമായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ അവകാശവാദം. ജമ്മു കശ്‌മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റി, എല്ലാ പ്രദേശത്തും പട്ടാളക്കാരെ കുത്തിനിറച്ച്‌, ഇന്റർനെറ്റ്‌ ബന്ധങ്ങൾ വിച്ഛേദിച്ച്‌, മാധ്യമങ്ങളുടെ വായമൂടിക്കെട്ടി, ഭീകരവാദികളുമായി അകന്ന ബന്ധംപോലുമുള്ള സർക്കാർ ജീവനക്കാരെ സർവീസിൽനിന്ന്‌ പിരിച്ചുവിട്ട്‌ സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ ജയിലിലടച്ച്‌ രണ്ടരവർഷമായി കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ താഴ്വര. എന്നിട്ടും ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ സൈന്യത്തിനുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നടപടി ജമ്മു കശ്‌മീരിൽ സമാധാനത്തിന്റെ പുതുയുഗത്തിന്‌ വഴിതുറന്നെന്ന ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ്‌ അരുൺ മിശ്രയുടെ വാക്കുകൾ എത്രമാത്രം അർഥശൂന്യമാണെന്നും ഇതിൽനിന്ന്‌ ബോധ്യപ്പെടും. ഇനിയെങ്കിലും തെറ്റ്‌ മനസ്സിലാക്കി കശ്‌മീരിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുമായി ചേർന്ന്‌ പ്രവർത്തിക്കാൻ മോദി സർക്കാർ തയ്യാറാകണം. ജനാധിപത്യഭരണം എത്രയുംപെട്ടെന്ന്‌ പുനഃസ്ഥാപിക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top