24 April Wednesday

കശ്‌മീരിൽ ബിജെപിയുടെ സംവരണതന്ത്രം

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2022


എന്തുവിലകൊടുത്തും അധികാരത്തിലെത്തുകയെന്നത്‌ ആർഎസ്‌എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപിയുടെ മുഖമുദ്രയാണ്‌. ഭരണഘടന അട്ടിമറിച്ചായാലും പണവും പ്രലോഭനങ്ങളും വാരിവിതറി എംഎൽഎമാരെ വിലയ്‌ക്ക്‌ വാങ്ങിയായാലും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചായാലും പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും അധികാരം  പിടിക്കുകയെന്നത്‌ ബിജെപിയുടെ രീതിയാണ്‌. പ്രതിപക്ഷമുക്തഭാരതം എന്നത്‌ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗംതന്നെയാണ്‌.

ബിജെപിയുടെ ഈ അജൻഡ ഏറ്റവും നഗ്‌നമായി നടപ്പാക്കുന്നത്‌ ജമ്മു കശ്‌മീരിലാണ്‌. രാജ്യത്തെ  മുസ്ലിം ഭൂരിപക്ഷ കേന്ദ്രഭരണപ്രദേശമാണിത്‌. അതുകൂടി ബിജെപിയുടെ കൈവശമാക്കിയാലേ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം സമ്പൂർണമായ അർഥത്തിൽ നടപ്പാക്കാൻ കഴിയൂ. കഴിഞ്ഞ മൂന്ന്‌ വർഷമായി ഈ ലക്ഷ്യം നേടുന്നതിനായി ബിജെപി ശ്രമിച്ചുവരികയാണ്‌. അതിന്റെ തുടക്കമെന്ന നിലയിലാണ്‌ ജമ്മു കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കിയത്‌.  ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശമായി മാറ്റുകയും തുടർന്ന്‌, ബിജെപിക്ക്‌ ജയിക്കാൻ തക്കവണ്ണം മണ്ഡലപുനർനിർണയവും നടത്തി. കൂടുതൽ ജനസംഖ്യയുള്ള മുസ്ലിം ഭൂരിപക്ഷ കശ്‌മീരിൽ ഒരു സീറ്റ്‌മാത്രം വർധിക്കുമ്പോൾ ഹിന്ദു ഭൂരിപക്ഷ ജമ്മുവിൽ ആറ്‌ സീറ്റാണ്‌ വർധിക്കുന്നത്‌. അതോടൊപ്പം ജമ്മു കശ്‌മീരിനുപുറത്തുനിന്നു വന്ന്‌ താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നവർക്ക്‌ വോട്ടവകാശം നൽകാനും തയ്യാറായി. നാലരലക്ഷം വോട്ടർമാരാണ്‌ പുതുതായി വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നത്‌. ഇതിനെതിരെ ശക്തമായ വികാരമാണ്‌ ഇവിടെ ഉയരുന്നത്‌.

ജമ്മു കശ്‌മീരിന്റെ ഭരണം പിടിക്കാൻ ഏറ്റവും അവസാനമായി ബിജെപി പുറത്തെടുത്ത അടവാണ്‌ സംവരണം. ഫാസിസ്‌റ്റ്‌ ചുവയുള്ള കക്ഷികൾ പൊതുവെ സംവരണത്തിന്‌ എതിരാണ്‌. ആർഎസ്‌എസും ബിജെപിയും അതിൽനിന്ന്‌ വ്യത്യസ്‌തമല്ല. സംവരണം പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നു പറഞ്ഞത്‌ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതാണ്‌. ഒരു വിഭാഗത്തിന്റെ ആഗ്രഹാഭിലാഷങ്ങൾ പൂർത്തീകരിക്കേണ്ടത്‌ മറ്റൊരു വിഭാഗത്തിന്‌ അത്‌ നിഷേധിച്ചുകൊണ്ടാകരുതെന്ന ന്യായീകരണമുയർത്തിയാണ്‌ 2015ൽ മോഹൻ ഭാഗവത്‌ സംവരണനയം പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ പറഞ്ഞത്‌. തുടർന്ന്‌, സംവരണത്തെക്കുറിച്ച്‌ സംവാദം വേണമെന്നായി.

എന്നാൽ, സംവരണനയം പുനഃപരിശോധിക്കണമെന്ന്‌ പറയുന്നവർതന്നെ ജമ്മു കശ്‌മീരിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട്‌ അതേനയം ആവേശത്തോടെ നടപ്പാക്കുകയാണ്‌. ഈ മാസം ആദ്യവാരം  കശ്‌മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ രജൗരിയിലെ  പൊതുയോഗത്തിൽ സംസാരിക്കവെ ഗുജ്ജർ, ബക്കേർവാല, പഹാഡി എന്നീ വിഭാഗങ്ങളെ പട്ടികവർഗ വിഭാഗത്തിൽപ്പെടുത്തി സംവരണാനുകൂല്യങ്ങൾ നൽകുമെന്ന്‌ പ്രഖ്യാപിച്ചത്‌. ഗുജ്ജറുകൾക്കും ബക്കേർവാലകൾക്കും 1991 മുതൽതന്നെ പട്ടികവർഗവിഭാഗത്തിൽ ഉൾപ്പെടുത്തി ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകുന്നുണ്ട്‌. ഭാഷാന്യൂനപക്ഷങ്ങളായ പഹാഡികളെ 2020 മുതൽ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി നാല്‌ ശതമാനം സംവരണവും നൽകുന്നുണ്ട്‌.  നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടാണ്‌ ഈ മൂന്ന്‌ വിഭാഗത്തെയും പട്ടികവർഗ വിഭാഗത്തിൽപ്പെടുത്തി സംവരണം നൽകുന്നത്‌.

നിയമസഭാ സീറ്റിൽ കണ്ണുനട്ടുകൊണ്ടുള്ള നടപടിയാണിത്‌. ജമ്മു കശ്‌മീരിൽ ഒമ്പത്‌ സംവരണ സീറ്റാണുള്ളത്‌. അതിൽ ആറും പീർ പഞ്ചാൽ മേഖലയിൽപ്പെട്ട രജൗരി, പൂഞ്ച്‌, റിയാസി ജില്ലകളിലാണ്‌. ഈ മേഖലയിലെ ജനസംഖ്യയുടെ അമ്പത്‌ ശതമാനത്തോളം ഈ മൂന്ന്‌ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്‌. ബഹുസ്വര സംസ്‌കാരത്തിന്‌ നല്ല വേരോട്ടമുള്ള മേഖലയാണിത്‌. ഈ മതനിരപേക്ഷ ബഹുസ്വര അടിത്തറ തകർക്കാനാണ്‌ ബിജെപിയിപ്പോൾ സംവരണ കാർഡ്‌ ഇറക്കിയിരിക്കുന്നത്‌. നാടോടി ജീവിതം നയിക്കുന്ന ഗുജ്ജറുകളെയും ബക്കേർവാലകളെയും അപേക്ഷിച്ച്‌ സാമ്പത്തികമായി ഉന്നതിയിലുള്ളവരാണ്‌ പഹാഡികളെന്ന വിശകലനങ്ങൾ ഉയരുന്നതോടൊപ്പം പഹാഡികൾക്ക്‌  പട്ടികവർഗസംവരണം നൽകുന്നത്‌ മറ്റ്‌ രണ്ട്‌ വിഭാഗത്തിന്റെയും സംവരണാനുകൂല്യം കവരാനാണെന്ന പരാതിയും ഉയർന്നു കഴിഞ്ഞു. പീർപഞ്ചാൽ മേഖലയിലെ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം തകർത്തായാലും ജമ്മു കശ്‌മീരിന്റെ അധികാരം കൈയടക്കുകയെന്ന ലക്ഷ്യം മാത്രമാണ്‌ ബിജെപിക്കുള്ളത്‌. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്‌ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും സംഘപരിവാറിന്‌ മടിയില്ലെന്ന്‌ ഈ നീക്കം വ്യക്തമാക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top