23 June Sunday

കശ്മീരിന്റെ സവിശേഷത തുടച്ചുനീക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 24, 2022


ജമ്മു കശ്മീരിൽ കേന്ദ്ര ബിജെപി ഭരണത്തിന്റെ  മുൻനിശ്ചിതമായ ഹിന്ദുത്വ അജൻഡകൾ  ഖണ്ഡശ്ശയായി അതിവേഗം നടപ്പാക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് കശ്മീരിന് പുറത്തുള്ളവർക്കും വോട്ടവകാശം നൽകുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പ്രഖ്യാപനം. ഏഴുദശകത്തോളം കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത്, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്, താഴ്‌വരയിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയ പാർടികളുടെ നേതാക്കളെ തടവിലാക്കിയത്, കശ്മീരിലെ ഭൂരിപക്ഷത്തെ അട്ടിമറിക്കുന്ന തരത്തിൽ മണ്ഡല പുനർനിർണയം എന്നിവ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ ഹിന്ദുത്വ അജൻഡകളാണ്.

ഇതിനൊടുവിലാണ്, ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടെ വോട്ടർപട്ടിക അട്ടിമറിക്കാനുള്ള പുതിയ നീക്കം. 50 ലക്ഷത്തോളം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.  താഴ്‌വരയുടെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന ബിജെപിയൊഴികെയുള്ള രാഷ്ട്രീയ പാർടികളുടെ ആവശ്യം കേന്ദ്രം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. കശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും തിരിച്ചുനൽകി,  സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തി യഥാർഥ ജനാധിപത്യം നടപ്പാക്കുകയല്ല കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ജനാധിപത്യം അട്ടിമറിക്കലാണ് കേന്ദ്രം ഉന്നമിടുന്നത്.

തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന സർവകക്ഷി യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കമീഷന്റെ തീരുമാനത്തിൽ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പാർടി നേതാക്കൾ സെപ്തംബറിൽ കശ്മീരിലെത്തുമെന്നും അവരുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം തീരുമാനങ്ങളുണ്ടാകുമെന്നുമാണ് യോഗത്തിനുശേഷം ഫാറുഖ് അബ്ദുള്ള വ്യക്തമാക്കിയത്.  പിഡിപി, കോൺഗ്രസ്, സിപിഐ എം, സിപിഐ, അവാമി നാഷണൽ കോൺഫറൻസ്, ശിവസേന, അകാലിദൾ, ജനതാദൾ യു എന്നീ പാർടികൾ യോഗത്തിൽ പങ്കെടുത്തു. പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് യോഗം ലഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്കുകൂടി വോട്ടവകാശം നൽകുന്നതോടെ നിയമസഭ  കശ്മീരികളുടേതല്ലാതാകുമെന്നതാണ് യോഗത്തിലുയർന്ന പ്രധാന ഉൽക്കണ്ഠ. സംഘപരിവാറിന് താൽപ്പര്യമുള്ളവരെ വോട്ടർമാരാക്കുന്നതിനാണ് കശ്മീർ വാസികളല്ലാത്തവരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നത്. 

2019 ആഗസ്ത് അഞ്ചിന് കശ്മീരിനെ വിഭജിച്ചതുതന്നെ സാമുദായികവും ജനസംഖ്യാപരവുമായ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു. ഇനി വോട്ടർപട്ടികയും അങ്ങനെയാക്കണം. കശ്മീരിൽ സമാധാനം കൈവരുത്താൻ എന്നവകാശപ്പെട്ടാണ്,  ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ ഒരു കാലത്തിലൂടെ താഴ്‌വര കടന്നുപോകുമ്പോൾ വിഭജന നടപടികൾ. ഇതോടെ നാൾക്കുനാൾ ഭീകരാക്രമണം വർധിച്ചു. ഭീകരസംഘടനകൾ തന്ത്രംതന്നെ മാറ്റി. ന്യൂനപക്ഷങ്ങളായ കശ്മീരി പണ്ഡിറ്റുകളെയും ഡോഗ്രകളെയും ദളിത് ഹിന്ദുക്കളെയുമെല്ലാം തിരഞ്ഞുപിടിച്ച് കൊല്ലാൻ തുടങ്ങി. അപ്പോഴും, ആകെ കണക്കെടുത്താൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിംജനത തന്നെ. പരിഹാരങ്ങൾ വേണ്ടിടത്ത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി.

ഹിന്ദുത്വ രാഷ്ട്രനിർമിതിയുടെ പരീക്ഷണശാലകളാണ് സംഘപരിവാറിന് കശ്മീരും ഉത്തർപ്രദേശുമെല്ലാം. ഇന്ത്യൻ അവസ്ഥകളെ അടിസ്ഥാനപരമായി മാറ്റിമറിച്ച്, ഭരണഘടനതന്നെ തകർത്ത് മനുസ്മൃതിയിലേക്ക് കൊണ്ടുപോകണം. ഈ ലക്ഷ്യത്തോടെയാണ് ബ്രാഹ്മണാധിപത്യപരവും പുരുഷാധിപത്യപരവും മതമൗലികവാദപരവുമായ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുന്നത്. നാടിന്റെ സാമൂഹ്യാഭിലാഷങ്ങളെയും പുരോഗമന താൽപ്പര്യങ്ങളെയും സമൂഹത്തിന്റെ വികസന മുന്നേറ്റങ്ങളെയും തടസ്സപ്പെടുത്തി പൗരസമൂഹത്തെ പിന്തിരിപ്പനാക്കി മാറ്റണം. അതിനാണ് സംഘപരിവാർ നിരന്തരം ശ്രമിച്ചുവരുന്നത്.  രാജ്യത്തിന്റെ സവിശേഷതകളാകെ തുടച്ചുനീക്കാനുള്ള ശ്രമം. കശ്മീരിൽ തുടർച്ചയായി നടക്കുന്നത് ഈ വഴിക്കുള്ള നീക്കങ്ങളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top