ഭരണഘടനയുടെ 370–-ാം വകുപ്പ് പ്രകാരം ജമ്മു കശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് നാലു വർഷം പൂർത്തിയായി. 2019 ആഗസ്‌ത് അഞ്ചിനാണ് മറ്റ് കൂടിയാലോചനകളൊന്നും കൂടാതെ വകുപ്പ് റദ്ദാക്കി ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത്. സമാധാനം പുനഃസ്ഥാപിക്കാനാണ് ഈ നടപടിയെന്നാണ് അന്ന് സർക്കാർ വിശദീകരിച്ചത്. തുടർന്ന്, ഒക്‌ടോബർ 31ന് സംസ്ഥാനപദിവയും എടുത്തുകളഞ്ഞു. ഈ മേഖലയെ ജമ്മു ആൻഡ് കശ്‌മീർ, ലഡാക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു. നാലു വർഷമായി ഇവിടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല.
പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള പ്രതിഷേധം ഒതുക്കാൻ കടുത്ത നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് കശ്‌മീർ ജനതയെ ഒറ്റപ്പെടുത്തി. പ്രതിപക്ഷ പാർടിയുടെ സമുന്നതരായ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. പല നേതാക്കളും വീട്ടുതടങ്കലിലായിരുന്നു. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള എല്ലാ കമ്യൂണിക്കേഷൻ സംവിധാനങ്ങളും നിരോധിച്ചു. ശരിക്കും ഭരണകൂട ഭീകരതയാണ് ഇവിടെ അരങ്ങേറിയത്.
നാലു വർഷം പിന്നിടുമ്പോഴും കേന്ദ്ര ഭരണാധികാരികൾ അവകാശപ്പെടുന്ന സമാധാനമോ ജനാധിപത്യ അവകാശങ്ങളോ ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടില്ല. ഇപ്പോഴും നൂറുകണക്കിനാളുകൾ ജയിലിൽ കിടക്കുകയാണ്. മൊത്തം തടവുകാരിൽ 91 ശതമാനവും രാഷ്‌ട്രീയ തടവുകാരാണെന്നാണ് കണക്കുകൾ പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻപോലും അനുവാദമില്ല. സംസ്ഥാനപദവി എടുത്തുകളഞ്ഞതിന്റെ നാലാം വാർഷിക ദിനത്തിൽ പിഡിപി നേതാവ് മെഹ്‌ബൂബ മുഫ്‌തിയെ വീട്ടുതടങ്കലിലാക്കിയെന്നും നിരവധി പാർടി പ്രവർത്തകരെ പൊലീസ് സ്‌റ്റേഷനുകളിൽ തടങ്കലിലാക്കിയെന്നുമാണ് റിപ്പോർട്ട്. മെഹ്‌ബൂബതന്നെ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നാഷണൽ കോൺഫറൻസിന്റെ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്‌തതായി അവരും പറഞ്ഞിട്ടുണ്ട്. പാർടി ഓഫീസുകളെല്ലാം പൂട്ടി പൊലീസ് ഭീകരത സൃഷ്‌ടിക്കുകയാണ്.
ഭരണകൂട ഭീകരതയിൽ ജമ്മു കശ്‌മീരിൽ മനുഷ്യാവകാശം പൂർണമായും ചവിട്ടിയരയ്‌ക്കപ്പെട്ടു. ഇന്ത്യൻ പൗരന്മാരായ ഇവിടത്തെ ജനതയെ രണ്ടാംതരം പൗരന്മാരായാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കാണുന്നത്. തൊഴിലില്ലായ്‌മ മൂന്നിരട്ടിയായി വർധിച്ചു. വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനതയാണ് ഭൂരിപക്ഷം. സർക്കാർ ഭൂമിയിൽ ചെറു കച്ചവടം നടത്തി ഉപജീവനം നടത്തിവന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ, സർക്കാർ ഭൂമി കൈമാറ്റ നിയമഭേദഗതിയോടെ ഇവരെല്ലാം വഴിയാധാരമായി. പഴയ നിയമം അനുസരിച്ച് സർക്കാർ ഭൂമിയിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്ന ലൈസൻസ് പൂർണമായും പിൻവലിച്ചതോടെയാണ് ഇവരുടെ തൊഴിൽ നഷ്ടമായത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുമില്ല. ജീവിതം വഴിമുട്ടിയവർ എന്തുചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിലാണ്.
സംസ്ഥാന പദവിയിൽനിന്ന് തരംതാഴ്‌ത്തിയ ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത നിലയിലാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ നാലു വർഷമായിട്ടും നടപടികൾ സ്വീകരിക്കുന്നില്ല. ബിജെപിക്ക് ജയിക്കാനാവശ്യമായ രീതിയിൽ മണ്ഡല പുനർനിർണയം നടത്തിയിട്ടും തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാരോ തെരഞ്ഞെടുപ്പ് കമീഷനോ നടപടി സ്വീകരിക്കുന്നില്ല. കശ്‌മീർ താഴ്‌വരയിലെ ജനപ്രതിനിധികളുടെ എണ്ണം കുറച്ചും ജമ്മു മേഖലയിലെ എണ്ണം ഗണ്യമായി വർധിപ്പിച്ചുമാണ് പുനർനിർണയം. എന്നിട്ടും തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സർക്കാരിനെ പുനഃസ്ഥാപിക്കാനുള്ള ധൈര്യം ബിജെപിക്കില്ല.
ക്രമസമാധാന നില താറുമാറായി. തീവ്രവാദികൾ നുഴഞ്ഞുകയറി ആക്രമിക്കുന്നതും പതിവായി. തീവ്രവാദി ആക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ച വാർത്തയാണ് ശനിയാഴ്ച പുറത്തുവന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നാണ് ഈ മേഖലയിൽനിന്നുള്ള റിപ്പോർട്ടുകൾ തെളിയിക്കുന്നത്. എത്രയും വേഗം ജനാധിപത്യം പുനഃസ്ഥാപിച്ച് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം ഭരിക്കുന്നവർ തയ്യാറാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..