19 April Friday

കാസ്‌ഗഞ്ച്: ഒരു മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018


രാജ്യം 69‐ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളപോലും വർഗീയധ്രുവീകരണത്തിനുള്ള അവസരമായി ഹിന്ദുത്വവാദികൾ ഉപയോഗിക്കുകയായിരുന്നുവെന്ന് പശ്ചിമ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹള തെളിയിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ മുസ്ലിങ്ങൾ  ത്രിവർണ പതാക ഉയർത്താൻ ശ്രമിക്കവെ അത് തടഞ്ഞ് കാവിപ്പതാക ഉയർത്താൻ എബിവിപി, വിഎച്ച്പി പ്രവർത്തകർ നിർബന്ധിച്ചതാണ് വർഗീയലഹളയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച വർഗീയലഹളയിൽ വെടിയേറ്റ് ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയുംചെയ്തു. ഇരുപത്തിരണ്ടുകാരനായ ബികോം വിദ്യാർഥി ചന്ദർ ഗുപ്തയാണ് നെഞ്ചിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. നൗഷാദ് എന്ന ചെറുപ്പക്കാരൻ കാലിന് വെടിയേറ്റ് അലിഗഡിൽ ചികിത്സയിലുമാണ്. തൊട്ടടുത്ത ദിവസം ചന്ദർ ഗുപ്തയുടെ ശവസംസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് സംഘപരിവാർ സംഘം നഗരത്തിലെ പത്തോളം കടകൾ തകർത്തതും രണ്ട് ബസുകൾ കത്തിച്ചതും.  സ്ഥലം എംപിയും മുൻ മുഖ്യമന്ത്രി കല്യാൺസിങ്ങിന്റെ മകനുമായ രാജ്വീർസിങ് ഉൾപ്പെടെ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.  റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിന്  ശേഷവും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ തയ്യാറാകാതെ കലാപകാരികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുകയായിരുന്നു യോഗി ആദിത്യനാഥിന്റെ പൊലീസ്. ദ്രുതകർമ സേനയെയും പോസ്റ്റ് ആംഡ് കോൺസ്റ്റാബ്യുലറിയെയും വിന്യസിച്ചതിന് ശേഷമാണ് ഈ സംഭവം. താൻ അധികാരമേറ്റശേഷം സംസ്ഥാനത്ത് ഒരു വർഗീയ ലഹള പോലും നടന്നിട്ടില്ലെന്ന യോഗി ആദിത്യനാഥിന്റെ അവകാശമാണ് തകർന്നടിഞ്ഞത്. വർഗീയസംഘർഷത്തിന്റെ കറയില്ലാതെ യുപി പുതിയ ദിശയിലേക്ക് നീങ്ങുകയാണെന്നായിരുന്നു തന്റെ ഭരണത്തിന് ആറ് മാസം പൂർത്തിയായ വേളയിൽ ആദിത്യനാഥ് അവകാശപ്പെട്ടത്.

മതസൗഹാർദത്തിന് പേരുകേട്ട പ്രദേശമാണ് കാസ്ഗഞ്ച്. മറ്റുപിന്നോക്ക സമുദായത്തിൽപെട്ട ലോധ് രജപുത്ത്, കച്ചി (ശാക്യർ), യാദവ് വിഭാഗങ്ങളും മുസ്ലിങ്ങളും ഇടകലർന്ന് താമസിക്കുന്ന പ്രദേശമാണിത്. ഈട്ട ജില്ല വിഭജിച്ച് 2008ൽ മായാവതി സർക്കാരാണ് പുതിയ ജില്ല രൂപീകരിച്ചത്. പുതിയ ജില്ലയ്ക്ക് മായാവതി ഇട്ട പേര് കൻഷിറാം (ബിസ്്പി സ്ഥാപകൻ) നഗർ എന്നായിരുന്നു. എന്നാൽ, 2012ൽ അഖിലേഷ് യാദവ് സർക്കാരാണ് ജില്ലയ്ക്ക് കാസ്ഗഞ്ച് എന്ന പേര്  നൽകുന്നത്. ബാബ്റി മസ്ജിദ് തകർത്തതിനുശേഷം 1993ൽ നടന്ന തെരഞെടുപ്പിൽ കല്യാൺസിങ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത് കാസ്ഗഞ്ചിൽനിന്നായിരുന്നു. 2009ൽ കാസ്ഗഞ്ച് ഉൾപ്പെട്ട ഈട്ട ലോക്സഭാ മണ്ഡലത്തിൽനിന്ന് കല്യാൺസിങ് ലോക്സഭയിലുമെത്തി.  ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇവിടത്തെ ഇപ്പോഴത്തെ എംപി കല്യാൺസിങ്ങിന്റെ മകൻ രാജ്വീർസിങ്ങാണ്. 

കാസ്ഗഞ്ചിലെ ബഡു നഗറിൽ എല്ലാ വർഷവുമെന്നപോലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അവിടത്തെ മുസ്ലിങ്ങൾ റോഡിൽ ഒത്തുകൂടി. പരംവീർ ചക്ര ജേതാവായ വീർ അബ്ദുൾ ഹമീൻ ക്രോസിങ്ങിൽ ഇവർ ത്രിവർണപതാക ഉയർത്താൻ ശ്രമിക്കവെയായിരുന്നു ബൈക്കിൽ അറുപതോളംപേർ എത്തി ആ നീക്കം തടഞ്ഞത്. ജില്ലാ അധികൃതരുെട അനുവാദമില്ലാതെ എബിവിപിയും വിഎച്ച്പിയും നടത്തിയ തിരംഗയാത്രയുടെ ഭാഗമായിരുന്നു ഈ ബൈക്ക് റാലി.  കൊടി ഉയർത്തൽ ചടങ്ങ് തടസ്സപ്പെടുത്തി മുന്നോട്ടുപോകാൻ തിരംഗയാത്രക്കാർ ശ്രമിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായത്. കൊടി ഉയർത്തിയതിന് ശേഷം ബൈക്ക് റാലി കടന്നുപോകാൻ അനുവദിക്കാമെന്ന ബഡുനഗർവാസികളുടെ വാദമൊന്നും കാവിക്കൊടിയും ത്രിവർണപതാകയും കൈയിലേന്തിയ സംഘപരിവാറുകാർ കേട്ടില്ല. ഇതിനിടെ ത്രിവർണപതാകയല്ല മറിച്ച് കാവിക്കൊടി ഉയർത്തണമെന്ന ആവശ്യം ഉയർന്നുവെന്ന് വീഡിയോദൃശ്യങ്ങളെ ഉദ്ധരിച്ച്് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.'ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ' എന്ന മുദ്രാവാക്യവും ഉയർന്നു. ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ വന്ദേമാതരം പാടേണ്ടിവരുമെന്നും അവർ ഓർമിപ്പിച്ചു. ഇതിനിടയിൽ കല്ലേറും വെടിവയ്പും ഉണ്ടായി. ഇതിലാണ് ഒരു യുവാവ് കൊല്ലപ്പെട്ടതും മറ്റൊരാൾക്ക് പരിക്കേറ്റതും. പൊലീസ് രണ്ട് കേസെടുക്കുകയും 49 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റുമുട്ടൽ കൊലകളും റോമിയോ സ്ക്വാഡുകളും ക്രമസമാധാനനില വഷളാക്കവെയാണ് വർഗീയലഹളകളും യുപിയിലെ ജനജീവിതത്തെ അസ്വസ്ഥമാക്കുന്നത്. ആദിത്യനാഥ് അധികാരമേറിയശേഷം 920 ഏറ്റുമുട്ടലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദിനംപ്രതി മൂന്ന് ഏറ്റുമുട്ടലാണ് നടക്കുന്നത്. ലൗ ജിഹാദ് തടയാനെന്നപേരിൽ ദിനംപ്രതി ആറ് കേസാണ് റോമിയോ സ്ക്വാഡുകൾ രജിസ്റ്റർ ചെയ്യുന്നത്. ഒമ്പത് മാസത്തിനകം മൂവായിരത്തിലധികം പേർക്കെതിരെ 1076 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014 ലെ വിജയം ആവർത്തിക്കണമെങ്കിൽ വർഗീയധ്രുവീകരണം ശക്തമാക്കണമെന്ന് ബിജെപിക്കും സംഘപരിവാറിനും നന്നായി അറിയാം. അതിന്റെ ഭാഗമായാണ് ഏറ്റുമുട്ടൽ കൊലകളും വർഗീയലഹളകളും ഇവർ ആസൂത്രണംചെയ്യുന്നത്് എന്നുവേണം കരുതാൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top