24 April Wednesday

മനുഷ്യജീവന്‍കൊണ്ട് പന്താടരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2016


കറുകുറ്റിയില്‍ തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് പാളംതെറ്റിയത് സുരക്ഷാവീഴ്ചമൂലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കേടായ പാളം അറ്റകുറ്റപ്പണി നടത്തിയതിലെ അപാകമാണ് അപകടത്തിലേക്ക് നയിച്ചത്. വിചിത്രമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. റെയില്‍വേയുടെ പ്രത്യേക മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. ആ ഭാഗം മുറിച്ചുമാറ്റി വെല്‍ഡ് ചെയ്ത് കൂട്ടിച്ചേര്‍ക്കുകയാണ് വേണ്ടത്. അതിനുപകരം രണ്ടു വശങ്ങളിലും സ്റ്റീല്‍ പ്ളേറ്റിട്ട്  മുറുക്കുകയാണ് ചെയ്തതത്രേ. ഏച്ചുകൂട്ടിയ പാളത്തിലൂടെ തീവണ്ടി തുടര്‍ച്ചയായി കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാവുകയും പാളം പൊട്ടിമാറുകയുംചെയ്തു. ഒരുപക്ഷേ, രാജ്യം കണ്ട ഏറ്റവും കൊടിയ ദുരന്തമാകുമായിരുന്നു കറുകുറ്റിയിലേത്. മംഗലാപുരം എക്സ്പ്രസ് കറുകുറ്റി സ്റ്റേഷനിലൂടെ പോകുമ്പോള്‍ത്തന്നെ ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സമാന്തരപാതയിലൂടെ പോകേണ്ടതായിരുന്നു. സ്റ്റേഷന്‍മാസ്റ്ററുടെയും മംഗലാപുരം എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെയും ചടുലമായ ഇടപെടല്‍മൂലം ചെന്നൈ എക്സ്പ്രസ് പിടിച്ചിടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ മറിഞ്ഞ ബോഗികളില്‍ ഇടിച്ച് പ്രവചനാതീതമായ അപകടം സംഭവിക്കുമായിരുന്നു. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പെരുമണ്‍ ദുരന്തത്തിന്റെ കാരണമായി ആരുംകേട്ടിട്ടില്ലാത്ത ചുഴലിക്കൊടുങ്കാറ്റിനെ പ്രതിഷ്ഠിച്ചവരാണ് ഇന്ത്യന്‍ റെയില്‍വേ. കറുകുറ്റി അപകടത്തിന്റെ അന്വേഷണം എവിടെ എത്തിനില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം.

യാത്രക്കാരുടെ സുരക്ഷ റെയില്‍വേ നിസ്സാരമായികാണുന്നു എന്നാണ് വ്യക്തമാകുന്നത്. ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എല്ലാ റെയില്‍ബജറ്റിലും പ്രഖ്യാപനമുണ്ടാകാറുണ്ട്. ആധുനിക ട്രാക് സംവിധാനം, സിഗ്നലിങ് പരിഷ്കരണം, ഭാരമേറിയ റെയില്‍, മെച്ചപ്പെട്ട വെല്‍ഡിങ്, റെയില്‍ പരിശോധനയ്ക്ക് അത്യന്താധുനിക സംവിധാനം– ഇതെല്ലാം ഓരോ ബജറ്റിലും കേള്‍ക്കാറുണ്ട്. കഴിഞ്ഞ തവണയും ആവര്‍ത്തിച്ചു. പക്ഷേ ഒന്നും നടന്നില്ല. റെയില്‍വേയില്‍ ഒഴിവുള്ള തസ്തികകളില്‍ ഭൂരിഭാഗവും സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ജീവനക്കാരുടെ എണ്ണക്കുറവും ജോലിക്കൂടുതലും സുരക്ഷാവീഴ്ചയായാണ് മാറുക.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്വര്‍ക്കുകളിലൊന്നാണ് നമ്മുടേത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയോടെ ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ആരംഭിച്ച റെയില്‍വേ വലിയ തോതില്‍ വളര്‍ന്നു. ഒരുലക്ഷത്തി പതിനായിരത്തിലേറെ കിലോമീറ്റര്‍ പാളവും ഏഴായിരത്തിലധികം സ്റ്റേഷനുമുള്ള, പൊതുമേഖലയിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇന്ന് ഇന്ത്യന്‍ റെയില്‍വേ. യാത്രാ ചരക്കുകൂലി കൂട്ടുന്നതിലും സ്വകാര്യവല്‍ക്കരണത്തിലും ആവേശം കാണിക്കുകയും പ്രാഥമികകാര്യങ്ങളായ സുരക്ഷ, യാത്രക്കാര്‍ക്കുള്ള സൌകര്യങ്ങള്‍ എന്നിവയില്‍ പിറകോട്ടടിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥായിയായ സ്വഭാവമായി മാറിയിട്ടുണ്ട്.

പാളവും വാഗണും കോച്ചുകളും പാലങ്ങളും സിഗ്നല്‍സംവിധാനവും കാലോചിതം ശക്തിപ്പെടുത്താത്തതും മെച്ചപ്പെടുത്താത്തതുമാണ് തുടര്‍ച്ചയാകുന്ന അപകടങ്ങള്‍ക്ക് മുഖ്യകാരണമെന്ന് ഔദ്യോഗികമായി റെയില്‍വേ കണ്ടെത്തിയിട്ടുണ്ട്. ട്രാക്കില്‍ നാലിലൊന്നും കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലാണെന്നതടക്കം വിശദമായ റിപ്പോര്‍ട്ടുകള്‍ റെയില്‍വേയുടെയും സര്‍ക്കാരിന്റെയും കൈയിലുണ്ട്. അങ്ങനെ റിപ്പോര്‍ട്ട് നല്‍കിയവരില്‍ ഇ ശ്രീധരനെപ്പോലുള്ള പ്രഗത്ഭമതികളുണ്ട്. എല്ലാമായിട്ടും അപകടങ്ങള്‍ക്ക് ഒരു കുറവും വരുന്നില്ല. ഇപ്പോഴും നാം സമാധാനിക്കുന്നത് വലിയൊരു ദുരന്തം വരേണ്ടതായിരുന്നു; ഒഴിഞ്ഞുപോയി എന്നാണ്. ഇതുപോലെ മനുഷ്യന്റെ ജീവന്‍കൊണ്ട് പന്താടുന്ന അവസ്ഥ തുടരാന്‍ പാടില്ല.

കറുകുറ്റി അപകടം ഒറ്റപ്പെട്ടതല്ല. റെയില്‍വേയുടെ അനാസ്ഥയും അശ്രദ്ധയുംകൊണ്ടുണ്ടാകുന്ന അനേകം അപകടങ്ങളില്‍ ഒന്നുമാത്രമാണ്. പൊതുസേവനത്തിനുള്ള സ്ഥാപനമാണെങ്കില്‍ത്തന്നെയും റെയില്‍വേ യാത്രക്കാരെ കൊണ്ടുപോകുന്നുത് കൃത്യമായ യാത്രക്കൂലി വാങ്ങിയാണ്. ഓരോ യാത്രക്കാരന്റെയും സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും ഉത്തരവാദിത്തമാണ്. അപകടം സംഭവിച്ചശേഷം അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്താനും കാരണം നിരത്താനും ആര്‍ക്കും കഴിയും. അപകടമില്ലാതെ നോക്കലാണ് പ്രധാനം. അതിന് കേന്ദ്രസര്‍ക്കാര്‍തന്നെ വിചാരിക്കണം. സുരക്ഷാമാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചാല്‍ പോര, അത് യാഥാര്‍ഥ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.

ജീവനക്കാരുടെ എണ്ണം കുറച്ച് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ശൈലി അവസാനിപ്പിക്കണം. ആവശ്യമായിടങ്ങളിലെല്ലാം നിയമനം നടത്തണം. പഴകിയ ബോഗികള്‍ സമയപരിധി നിശ്ചയിച്ച് മാറ്റണം. പാളങ്ങളും പാലങ്ങളും തുടര്‍ച്ചയായ ശാസ്ത്രീയ നിരീക്ഷണത്തിലാക്കണം. മരണസംഖ്യകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നതുമാത്രമല്ല അപകടങ്ങള്‍. നിസ്സാരമെന്നുതോന്നുന്ന സാങ്കേതികപ്രശ്നങ്ങള്‍പോലും വന്‍ ദുരന്തത്തിന് കാരണമാകുമെന്ന ബോധമാണ് വേണ്ടത്. അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പാലിക്കാതെ കോച്ചുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച്  വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി റെയില്‍വേക്ക് നോട്ടീസയച്ചത് നമ്മുടെ ഓര്‍മയിലുണ്ട്. സംവിധാനമാകെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള മുന്നറിയിപ്പിന്റെ ഒടുവിലത്തെ ആവര്‍ത്തനമാണ് കറുകുറ്റി അപകടം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top