26 April Friday

ജനാധിപത്യക്കുരുതിയും കർണാടകത്തിന്റെ പാഠവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019


വിശ്വാസപ്രമേയത്തിലൂടെയോ അവിശ്വാസപ്രമേയത്തിലൂടെയോ മന്ത്രിസഭകൾ പുറത്താകുന്നതിൽ അസാധാരണമായൊന്നുമില്ല. ജനാധിപത്യത്തിന്റെ അംഗീകൃത പ്രവർത്തനരീതികളിൽ ഒന്നുതന്നെയാണത്‌. ജനങ്ങൾക്ക് വേണ്ടാതായാൽ സർക്കാരുകൾ തുടരാതിരിക്കാനുള്ള ജനാധിപത്യത്തിന്റെ ജാഗ്രതയാണത്‌. ഭരണത്തിനൊപ്പം നിൽക്കുന്ന കക്ഷികൾ പല കാരണത്താൽ മാറിച്ചിന്തിച്ചെന്നുവരും. അവർ മുന്നണി വിടും. സർക്കാരിനെതിരെ നിലപാടെടുക്കും. ഭൂരിപക്ഷം നഷ്ടപ്പെട്ട്‌ സർക്കാർ നിലംപതിക്കും. തികച്ചും സ്വാഭാവികമായ നടപടിക്രമം.

എന്നാൽ, കർണാടകത്തിൽ ബംഗളൂരുവിലെ വിധാൻ സൗധയിൽ ചൊവ്വാഴ‌്ച രാത്രി ഏഴിന്‌ അവസാനിച്ച വിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും ഇന്ത്യയിലെ ജനാധിപത്യപ്രക്രിയക്കുതന്നെ കളങ്കമായി. തീർത്തും ജനാധിപത്യപരമായ ഒരു പ്രക്രിയയെ പണാധിപത്യം അട്ടിമറിക്കുന്ന കാഴ്‌ചയാണ്‌ അവിടെ കണ്ടത്‌. വാങ്ങാൻ വേണ്ടി ഇറങ്ങിയവർ ഒരുഭാഗത്തും സ്വയം വിൽക്കപ്പെടാൻ തയ്യാറായി നിരന്ന ജനപ്രതിനിധികൾ മറുഭാഗത്തും. ഒരു പാർടിയുടെ സ്ഥാനാർഥികളായി ജയിച്ചവർ ഒരു തത്വദീക്ഷയുമില്ലാതെ മറുഭാഗത്തേക്ക് നീങ്ങുന്നു. ഇവരുടെ കള്ളക്കച്ചവടത്തിൽ ചിതയൊരുങ്ങിയതാകട്ടെ, ഇന്ത്യൻ ജനാധിപത്യത്തിനും. ഏറെക്കാലം രാജ്യം ഭരിച്ച പാർടിയും ഇന്ന് അധികാരത്തിലുള്ളവരും ചേർന്നാണ്‌ ഈ ജനാധിപത്യക്കുരുതിക്ക് കളമൊരുക്കിയത്‌ എന്നത് ഏറെ ആശങ്കയുയർത്തുന്നു.

ബിജെപി വേരോട്ടമുണ്ടാക്കിയ ആദ്യത്തെ തെക്കേ ഇന്ത്യൻ സംസ്ഥാനമാണ്‌ കർണാടകം. അവർ അവിടെ ഇടയ‌്ക്ക‌് അധികാരത്തിലുമെത്തി. ഖനി മാഫിയകളടക്കം എല്ലാ പ്രതിലോമശക്തികളെയും ഉപയോഗപ്പെടുത്തി ഭരണം നിലനിർത്താൻ ശ്രമിച്ചിട്ടും ഒരു ഭരണകാലം മാത്രമേ പൂർണമാക്കാൻ  അവർക്ക്‌ കഴിഞ്ഞിട്ടുള്ളൂ.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന സാധ്യത പ്രകടമായിരുന്നു. എന്നാൽ, ഈ ഭീഷണി നേരിടാൻ ഉത്തരവാദപ്പെട്ടവർ എന്ന്‌ സ്വയം അവകാശപ്പെടുന്ന കോൺഗ്രസ്‌, അധികാരക്കൊതി മാത്രം അടിസ്ഥാനമാക്കിയ രാഷ്ട്രീയനീക്കങ്ങളിൽ മുഴുകി. ‘അനായാസേന ഭരണം' എന്ന പ്രതീക്ഷയിലായിരുന്ന അവർ ഒരു മതേതര ജനാധിപത്യസഖ്യത്തിന്‌ തയ്യാറായില്ല. മറ്റൊരു മുഖ്യമതനിരപേക്ഷ കക്ഷിയായ  ജനതാദളും വേണ്ടത്ര വിട്ടുവീഴ്‌ചയ്‌ക്ക്‌ മുതിർന്നില്ല. ഈ ഇരു പാർടിയും ഭിന്നിച്ചു മത്സരിച്ചിട്ടും കർണാടക ജനത ബിജെപിക്ക്‌ ഭരണം നൽകിയില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവർക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. രാജ്യത്തെ മതേതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സമ്മർദങ്ങൾക്കൊടുവിൽ കോൺഗ്രസും ജനതാദളും തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യത്തിലൂടെ അവിടെ സർക്കാരുണ്ടാക്കി.

എന്നാൽ, അത്തരത്തിൽ രൂപംകൊണ്ട സർക്കാരിനെ നിലനിർത്താനോ മതനിരപേക്ഷത ശക്തിപ്പെടുത്തി മുന്നോട്ടുപോകാനോ ഉള്ള കരുതലോടെയുള്ള നീക്കം കോൺഗ്രസിൽനിന്ന‌് ഉണ്ടായില്ല. അരികിൽ നിൽക്കുന്ന വർഗീയ രാഷ്‌ട്രീയത്തിന്റെ ഭീഷണിപോലും അവരെ അലോസരപ്പെടുത്തിയില്ല. സഖ്യ സർക്കാരിനെ നിലനിർത്തുക എന്നതിലും പ്രധാനമായി പതിവു ഗ്രൂപ്പുവഴക്കുകളും സഖ്യകക്ഷിയുമായുള്ള തർക്കങ്ങളുമായിരുന്നു അവർക്ക് പ്രധാനം. ‘ദേശീയ' നേതാവ് കെ സി വേണുഗോപാലാണോ സംസ്ഥാന നേതാവ് ഡി കെ ശിവകുമാറാണോ ഇടപെടേണ്ടത് എന്നതൊക്കെയായിരുന്നു തർക്കവിഷയം.

പല ഘട്ടത്തിൽ വിമതനീക്കങ്ങൾ ഉയർന്നപ്പോഴും കോൺഗ്രസ്‌ നേതൃത്വം ഒന്നും ചെയ്‌തില്ല. ആദ്യമാദ്യം ഒറ്റയ‌്ക്കും പിന്നീട്‌ കൂട്ടമായും എംഎൽഎമാരെ കോടികൾ എറിഞ്ഞ്‌ ബിജെപി മാടുകളെ വാങ്ങുംപോലെ വാങ്ങി. 13 കോൺഗ്രസ് എംഎൽഎമാർ ബിജെപി ആലയിലായി. മൂന്ന് ജനതാദൾ എംഎൽഎമാരും ഒപ്പം പോയി. ഒടുവിൽ കഴിഞ്ഞ ദിവസം സഖ്യ സർക്കാർ നിലംപതിച്ചു. ബിജെപി വീണ്ടും അധികാരമേറാൻ ഒരുങ്ങുന്നു. എംഎൽഎമാരുടെ അയോഗ്യതാ പ്രശ്‌നമടക്കമുള്ള നിയമ തർക്കങ്ങൾ നീണ്ടേക്കാം. പക്ഷേ,  ജനാധിപത്യക്കുരുതി നടന്നുകഴിഞ്ഞു. അതിന്റെ രക്തക്കറ രാഷ്ട്രശരീരത്തിൽ പടർന്നുകിടക്കുന്നു.

കുമാരസ്വാമി സർക്കാരിന്റെ പതനം ഒട്ടേറെ പ്രശ്നമുയർത്തുന്നുണ്ട്‌. ഇന്ത്യൻ ജനാധിപത്യം എന്നതുതന്നെ പണമിടപാടിലൂടെ പൊളിച്ചടുക്കാവുന്ന ദുർബല നിർമിതിയാണെന്ന ഓർമിപ്പിക്കൽ. ഒപ്പം നൂറ്റാണ്ടിന്റെ പാരമ്പര്യവും മതനിരപേക്ഷതയുടെ കാവലാൾ പദവിയും  അവകാശപ്പെടുന്ന കോൺഗ്രസിന്റെ ദയനീയ പതനം. കോൺഗ്രസ്‌ നിശ്‌ചയിച്ച്‌ മത്സരിപ്പിച്ച പ്രമുഖ നേതാക്കൾ അടക്കമാണ്‌ ഇപ്പോൾ പണം വാങ്ങിയും മറ്റു പ്രലോഭനങ്ങളിൽ കുടുങ്ങിയും ലജ്ജയേതുമില്ലാതെ മറുപക്ഷത്തേക്ക്‌ ഓടിയും നടന്നും കയറിയത്‌. ബിജെപിയാകട്ടെ ഫാസിസ്‌റ്റ്‌ പ്രവണതകൾ പേറുന്ന ഒരു പാർടിക്ക്‌ ചേരുന്നവിധം ജനാധിപത്യത്തെ വെറും കെട്ടുകാഴ്‌ചയുമാക്കി.

കർണാടകം എവിടെയും ആവർത്തിക്കപ്പെടാം. കോൺഗ്രസിനും മറ്റ്‌ ബൂർഷ്വാ കക്ഷികൾക്കും ഭൂരിപക്ഷമുള്ളിടങ്ങളിലെല്ലാം ശതകോടികൾ എറിഞ്ഞ്‌ ഭരണം പിടിക്കാൻ ബിജെപി ശ്രമിക്കും. ഇടതുപക്ഷത്തിനും ഒപ്പംനിൽക്കുന്ന മതനിരപേക്ഷ ജനാധിപത്യ കക്ഷികൾക്കും തിരിച്ചടി നേരിട്ട കാലമായതിനാൽ ബിജെപിക്ക‌് കാര്യങ്ങൾ എളുപ്പമാണ്. നിലവിലുള്ള പരിമിതമായ ബൂർഷ്വാ ജനാധിപത്യംപോലും നിലനിർത്താൻ ഏറെ പോരാട്ടം വേണ്ടിവരുമെന്ന പാഠംകൂടിയാണ്‌ കർണാടകം എഴുതിവയ‌്ക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top