20 April Saturday

ജനവിരുദ്ധമായി മാറിയ കർണാടക പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2023

വർഗീയ, സാമുദായിക വികാരങ്ങൾ ആളിക്കത്തിച്ച്‌ വോട്ട്‌ പിടിക്കാൻ ബിജെപിയും കോൺഗ്രസും തമ്മിൽ മത്സരിച്ചതിന്റെ ചിത്രമാണ്‌ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ദൃശ്യമായത്‌. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ബിജെപി ഭരണത്തിനെതിരെ സംസ്ഥാനത്ത്‌ ജനവികാരം പ്രകടമായിരുന്നു. ഭരണവിരുദ്ധവികാരം മറികടക്കാൻ തീവ്രവർഗീയതയിലും അസത്യപ്രചാരണത്തിലും കേന്ദ്രീകരിച്ച പ്രചാരണത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും_കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും നേതൃത്വം നൽകി.

മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അടക്കമുള്ളവർ പ്രചാരണരംഗത്ത്‌ അപ്രസക്തരായി. കർണാടകത്തിൽ മുസ്ലിങ്ങൾക്ക്‌ നൽകിവന്ന നാല്‌ ശതമാനം സംവരണം അവസാനിപ്പിച്ചതിന്റെ പേരിൽ_അമിത്‌ ഷാ പരസ്യമായി_വോട്ട്‌ ചോദിക്കുന്നതിനും പ്രചാരണരംഗം സാക്ഷ്യംവഹിച്ചു._വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ _ഈ പ്രഖ്യാപനം. അമിത്‌ ഷായുടെ പെരുമാറ്റത്തെ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്‌_രൂക്ഷമായി വിമർശിച്ചിട്ടുണ്ട്‌.

ബി എസ്‌ യെദ്യൂരപ്പയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവന്നിട്ടും സ്ഥിതി മോശമായി തുടരുന്നുവെന്ന്‌ മനസ്സിലാക്കിയ ബിജെപി നേതൃത്വം മാസങ്ങൾക്കുമുമ്പേ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ദക്ഷിണേന്ത്യയിൽ തങ്ങളുടെ _ഭരണത്തിലുള്ള ഏക സംസ്ഥാനമായ കർണാടകത്തിൽ പരാജയം നേരിടേണ്ടിവരുന്നത്‌ അവർക്ക്‌ താങ്ങാൻ കഴിയുന്നതല്ല. പണമൊഴുക്കിയും കേന്ദ്രഭരണ സംവിധാനങ്ങൾ ദുരുപയോഗിച്ചും ജനങ്ങളെ സ്വാധീനിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും കാര്യമായി മുന്നോട്ടുപോയില്ല. ഭരണതലത്തിലെ വൻ അഴിമതികൾ പുറത്തുവന്നത്‌ അവരുടെ മുഖം കൂടുതൽ വികൃതമാക്കി.  പ്രതിസന്ധി മറികടക്കാൻ ബിജെപി പതിവ്‌ ആയുധം കൂടുതൽ മൂർച്ചകൂട്ടി പ്രയോഗിക്കുകയാണ്‌ ചെയ്‌തത്‌. വർഗീയവിദ്വേഷ പ്രചാരണത്തിന്‌ എതിരായ നടപടിയുടെ ഭാഗമായി ബജ്‌റംഗദളിനെ നിരോധിക്കുമെന്ന്‌ കോൺഗ്രസ്‌ പ്രകടനപത്രികയിൽ പറഞ്ഞത്‌ ബിജെപി ഏറ്റുപിടിച്ചു.

ബജ്‌റംഗദളിനെ കോൺഗ്രസ്‌ പോപ്പുലർ ഫ്രണ്ടിനോട്‌ ഉപമിക്കുകകൂടി ചെയ്‌തതോടെ ബിജെപിക്ക്‌ കാര്യങ്ങൾ എളുപ്പമായി. ‘ബജ്‌റംഗ്‌ ബലി’ എന്നും അറിയപ്പെടുന്ന ഹനുമാനെ പൂട്ടാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്ന്‌ പ്രധാനമന്ത്രിതന്നെ ആരോപിച്ചു. ഗോവയിലെ ബിജെപി സർക്കാർ ശ്രീരാമസേനയെ നിരോധിച്ചത്‌ ചൂണ്ടിക്കാണിച്ച്‌ പ്രതിരോധം തീർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിച്ചത്‌. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഇതേച്ചൊല്ലിയുള്ള വാക്‌പോരാണ്‌ ഇരുകൂട്ടരും തമ്മിൽ നടന്നത്‌. ആർഎസ്‌എസിനെ പുകഴ്‌ത്താനും കോൺഗ്രസ്‌ നേതാക്കൾ തയ്യാറായി.

കർണാടകത്തെ ഇന്ത്യയിൽനിന്ന്‌ വേർപെടുത്താൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്ന്‌ ആരോപിക്കാനും പ്രധാനമന്ത്രി മുതിർന്നു. ഇത്തരത്തിൽ എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാൻ തയ്യാറാകാതെ പൊതുയോഗത്തിൽ ആക്ഷേപം ഉന്നയിച്ചത്‌ പ്രധാനമന്ത്രിസ്ഥാനത്ത്‌ ഇരിക്കുന്ന വ്യക്തിക്ക്‌ യോജിച്ച പ്രവൃത്തിയല്ല. കലാപത്തിൽ മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും കർണാടകത്തിൽ വിദ്വേഷപ്രചാരവേല നടത്തുകയായിരുന്നു. ലിംഗായത്ത്‌ സമുദായത്തിലെ പ്രധാന നേതാക്കൾ ബിജെപിയുമായി പിണങ്ങുകയോ വിട്ടുപോകുകയോ ചെയ്‌തതോടെ ഇതര സമുദായങ്ങളെ പ്രീണിപ്പിക്കാൻ വഴിവിട്ട നീക്കങ്ങളും പ്രസ്‌താവനകളും കേന്ദ്ര– -സംസ്ഥാന ഭരണനേതൃത്വത്തിൽനിന്നുണ്ടായി. ഇതൊന്നും തുറന്നുകാട്ടാൻ തയ്യാറാകാതെ സാമുദായിക പ്രീണനത്തിലും ബിജെപിയെ അനുകരിക്കുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണമാണ്‌ ജനാധിപത്യം. എല്ലാ പൗരന്മാരും_ഒന്നിച്ചുകൂടി തീരുമാനങ്ങൾ എടുക്കുക അപ്രായോഗികമാണ്‌.

ജനപ്രതിനിധികളെ തെരഞ്ഞെടുത്ത്‌ നിയമനിർമാണ സഭകളിലേക്ക്‌ അയക്കുന്ന സംവിധാനം നിലവിൽവന്നത്‌ ഈ പരിമിതി മറികടക്കാനാണ്‌. അതിനാൽ തെരഞ്ഞെടുപ്പുകളിൽ ചർച്ചചെയ്യേണ്ടത്‌ മുഴുവൻ ജനങ്ങളുടെയും ജീവിതപ്രശ്‌നങ്ങളാണ്‌. ജനങ്ങളെ തമ്മിൽ അകറ്റുന്ന വിഷയങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത്‌ ജനാധിപത്യസംവിധാനം അട്ടിമറിക്കലാണ്‌. കർണാടകത്തിൽ ഇത്രത്തോളം തീവ്രമായ വർഗീയപ്രചാരണം നടന്നപ്പോൾ തെരഞ്ഞെടുപ്പ്‌ കമീഷൻ ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ നേട്ടങ്ങൾക്കായി സങ്കുചിത താൽപ്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭവിഷ്യത്ത്‌ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്‌. കടമകൾ നിറവേറ്റാൻ ഉത്തരവാദിത്വപ്പെട്ടവർ അതിനു തയ്യാറാകാത്തത്‌ അങ്ങേയറ്റം ആപൽക്കരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top