25 April Thursday

ബിജെപിക്ക‌് കോടതി നൽകിയ പ്രഹരം

വെബ് ഡെസ്‌ക്‌Updated: Saturday May 19, 2018


കർണാടകത്തിൽ ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന  സുപ്രീംകോടതി വിധി ആ സംസ്ഥാനത്തിന്റെ ഭരണം അവിഹിത വഴിയിലൂടെ പിടിച്ചടക്കിയ ബിജെപിക്കും അതിനു സഹായം നൽകിയ ഗവർണർക്കുമുള്ള പ്രഹരംതന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യ  ലോകത്തിൽ ഏറ്റവും കൂടുതൽ അനർഹർ  അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന രാജ്യമെന്ന ദുഷ‌്പേരിലേക്ക്  മാറുകയാണെന്ന സമത്യമാണ് കഴിഞ്ഞദിവസങ്ങളിൽ  കർണാടകത്തിലും ഡൽഹിയിലും ഉണ്ടായ രാഷ്ട്രീയ സംഭവങ്ങൾ തെളിയിക്കുന്നത്. ജനാധിപത്യമെന്നത് ജനങ്ങളുടെ ആധിപത്യമാണ്. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭൂരിപക്ഷം ജനങ്ങളുടെ ഹിതമാണ‌്.

ഭൂരിപക്ഷം ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ്  സർക്കാർ രൂപീകരിക്കുന്നത്. കർണാടക നിയമസഭയിൽ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനംചെയ്യുകയും  ഭൂരിപക്ഷം നിയമസഭാംഗങ്ങൾ അണിനിരക്കുകയും ചെയ്യുന്ന സഖ്യത്തെ  പുറത്തുനിർത്താനും ന്യൂനപക്ഷ  സർക്കാരിനെ അവരോധിക്കാനും  സംസ്ഥാന ഗവർണർ തന്നെ തുനിഞ്ഞിറങ്ങിയ  അനുഭവമാണ്  കഴിഞ്ഞദിവസമുണ്ടായത്. സാമാന്യബുദ്ധിക്കും  കീഴ‌്‌വഴക്കങ്ങൾക്കും ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് തന്നെയും  നിരക്കാത്ത അത്തരമൊരു തീരുമാനം ഗവർണർ എടുത്തപ്പോൾ അതിനെ അനുകൂലിക്കാനും അതാണ് ശരിയെന്ന് ഒരിറ്റു നാണമില്ലാതെ  വിളിച്ചുപറയാനും ഇവിടെ ആളുകൾ ഉണ്ടായി എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു ദുരന്തം.

224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ 117 പേരുടെ പിന്തുണയുമായി ചെന്ന  കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനോട് നിങ്ങൾക്ക് മന്ത്രിസഭ രൂപീകരിക്കാൻ അർഹതയില്ല  103 സീറ്റ് മാത്രം കിട്ടിയ ബിജെപിക്കാണ് നിങ്ങളേക്കാൾ അർഹതയെന്ന് പറയാൻ കർണാടക ഗവർണർക്ക് അല്പംപോലും ശങ്കയുണ്ടായില്ല. രാജ്യം എങ്ങോട്ട് നീങ്ങുന്നു എന്നതിന്റെ കൃത്യമായ സൂചനയാണിത്. ജനാധിപത്യമോ അതിന്റെ മൂല്യങ്ങളോ ഇന്ത്യൻ ഭരണഘടനയോ സുപ്രീംകോടതി വിധിയിലൂടെ  നടപ്പാക്കാൻ ബാധ്യതപ്പെട്ട കീഴ്‌വഴക്കങ്ങളോ അല്ല, തങ്ങളുടെ പാർടിയുടെ യുക്തിരഹിതമായ രാഷ്ട്രീയ തീരുമാനമാണ് ശരിയെന്ന് ഭരണകക്ഷി കരുതുകയും അത് നടപ്പാക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ  നിർലജ്ജം പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന  അപകടമാണ് സംഭവിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ശ്മശാനത്തിലേക്കുള്ള വഴിയാണ്.

കർണാടകത്തിൽ ബിജെപി ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന സുപ്രീംകോടതി വിധിയുടെ പ്രാധാന്യവും പ്രസക്തിയും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അതീവ ഗൗരവമുള്ളതാണ്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ചതു തെറ്റാണ് എന്ന് സുപ്രീകോടതി സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ്.

ബിഹാറിലും ഗോവയിലും മണിപ്പുരിലും മേഘാലയത്തിലും കർണാടക ഗവർണറുടെ അതേ തീർപ്പാണ് സർക്കാർ രൂപീകരണത്തിന് മാനദണ്ഡമെങ്കിൽ ഇന്ന് ആ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഭരണപങ്കാളിത്തം ഉണ്ടാകില്ല. കേന്ദ്ര ഭരണം കൈയാളുന്ന ശക്തികൾ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളും മര്യാദകളും ചവിട്ടിത്തേക്കാൻ ഭരണഘടനാ  സ്ഥാപനങ്ങളെ  സ്വാർഥ താല്പര്യാർഥം ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്നം.,

ഗവർണർ 15 ദിവസമാണ് യെദ്യൂരപ്പയ്ക്ക്  ഭൂരിപക്ഷം തെളിയിക്കാൻ കൊടുത്തത്, കൂടുതൽ സമയം വേണമെന്നാണ്  ബിജെപി ആവശ്യപ്പെട്ടത്‌. അതിനുമപ്പുറം  രഹസ്യ ബാലറ്റ് വേണമെന്നാണ് അറ്റോർണി ജനറൽ ആവശ്യപ്പെട്ടത്.  എല്ലാ ആവശ്യവും സുപ്രീംകോടതി തള്ളി. ഏതു രീതിയിൽ വോട്ടെടുപ്പ് വേണമെന്ന് പ്രോടെം സ്പീക്കർ തീരുമാനിക്കുമെന്നും  എംഎൽഎമാർക്ക് ആവശ്യമായ സുരക്ഷ ഡിജിപി ഒരുക്കണമെന്നുമാണ് കോടതി ഉത്തരവ്. കോൺഗ്രസ‌് എംഎൽഎമാരെ പാർപ്പിച്ച റിസോർട്ടിന്റെ രക്ഷാസന്നാഹം യെദ്യൂരപ്പ പിൻവലിച്ചത് തെറ്റാണെന്നും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽനിന്ന് യെദ്യൂരപ്പയെ കോടതി വിലക്കിയിട്ടുമുണ്ട്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള നീക്കത്തിനും തടയിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top