26 April Friday

ജനവിധി റാഞ്ചുന്ന ഷൈലോക്കുമാർ

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


കർണാടകത്തിൽ ഗവർണറുടെയും കേന്ദ്ര ഭരണകക്ഷിയുടെയും നേതൃത്വത്തിൽ ജനാധിപത്യക്കുരുതി നടന്നിരിക്കുന്നു. നിയമസഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ വിളിച്ചെന്നുമാത്രമല്ല അത് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. ഭൂരിപക്ഷമില്ലാത്ത ഒരു സർക്കാർ അധികാരത്തിൽ തുടരണമെങ്കിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചേ മതിയാകൂ.

എസ് ആർ  ബൊമ്മൈക്കേസിലെ സുപ്രീംകോടതി വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതും ഇതാണ്.  എന്നാൽ, ഗവർണർ വാജുഭായ് വാല 15 ദിവസമാണ് വിശ്വാസം തെളിയിക്കാനായി അനുവദിച്ചത്. 224 അംഗ സഭയിൽ 104 സീറ്റ് മാത്രമുള്ള ബിജെപി എങ്ങനെയാണ് ഭൂരിപക്ഷം തെളയിക്കുക. നേരായ മാർഗത്തിലുടെ ഇതിന് കഴിയില്ലെന്ന് പകൽ പോലെ വ്യക്തമാണ്. അതിന് ചാക്കിട്ടുപിടിത്തവും നിയമസഭാസാമാജികരെ തട്ടിക്കൊണ്ടുപോകലും നോട്ടുകെട്ടുകളും വേണം.

ജനതാദൾ എസ് നേതാവ് കുമാരസ്വാമിതന്നെ പറഞ്ഞത് 100 കോടി രൂപവരെയാണ് ബിജെപി കാലുമാറ്റത്തിന് എംഎൽമാർക്ക് നൽകുന്ന വിലയെന്നാണ്. ഇത്തരം നടപടികൾ ജനാധിപത്യത്തെ അട്ടിമറിക്കലാണ്. അത് തടയാനാണ് ഭരണഘടനാപദവികളിൽ ഇരിക്കുന്ന ഗവർണറും പരമോന്നത നീതിന്യായപീഠവും മറ്റും ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഈ ജനാധിപത്യവിരുദ്ധ നടപടിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഗവർണറിൽനിന്ന‌്ഉണ്ടായിട്ടുള്ളത്. ജനാധിപത്യഹത്യ തടയേണ്ട സുപ്രീംകോടതിയാകട്ടെ അതിന് സമ്മതംമൂളുകയും ചെയ്തു. 

തൂക്കുസഭ നിലവിൽ വരുമ്പോൾ ഏറ്റവും വലിയ കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. 1996ൽ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ എറ്റവും വലിയ കക്ഷിയായ ബിജെപിയെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എന്നാൽ, 13‐ാം ദിവസം ആ സർക്കാർ നിലംപൊത്തി. അതിന്‌ശേഷം രാഷ്ട്രപതിയായ കെ ആർ നാരായണനാകട്ടെ 1998 ലെ തെരഞ്ഞെടുപ്പിൽ 182 സീറ്റുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും പിന്തുണയ‌്ക്കുന്നവരുടെ പട്ടിക സമർപ്പിച്ചതിനുശേഷം മാത്രമാണ് വാജ്‌പേയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. സുസ്ഥിരമായ ഒരു സർക്കാരുണ്ടാക്കാനുള്ള ശ്രമമാണ് ഗവർണർ അല്ലെങ്കിൽ രാഷ്ട്രപതി നടത്തേണ്ടതെന്നർഥം. 
അങ്ങനെ വരുമ്പോൾ ഏറ്റവും വലിയ കക്ഷി, തെരഞ്ഞെടുപ്പിനുമുമ്പ് രൂപീകരിച്ച സഖ്യം, തെരഞ്ഞെടുപ്പിന് ശേഷം രൂപീകൃതമായ സഖ്യം എന്നിവയെല്ലാം പരിഗണിക്കാൻ ഗവർണർ തയ്യാറാകണം.  അതായത് ആരെയാണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കേണ്ടത് എന്നത് ഗവർണറുടെ അവകാശമല്ല, മറിച്ച് കടമയാണെന്ന് വരുന്നു.

കേവല ഭൂരിപക്ഷമില്ലാത്ത  ഏറ്റവും വലിയ കക്ഷിയെയോ തെരഞ്ഞെടുപ്പ് പൂർവ സഖ്യത്തെയോ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് കാലുമാറ്റത്തിനും കുതിരക്കച്ചവടത്തിനും പ്രോത്സാഹനം നൽകലായിരിക്കും.  കർണാടകത്തിൽ അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിക്കുകയും അവർ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷവും ഉണ്ട്.  രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 118 പേരുടെ പിന്തുണയാണ് അവർ അവകാശപ്പെടുന്നത്.

സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കുകയാണ് ഗവർണറുടെ കടമയെങ്കിൽ ആ സഖ്യത്തെയാണ് കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടത്.  ഭൂരിപക്ഷമുള്ള സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചാൽ കാലുമാറ്റവും പണക്കൊഴുപ്പം തടയാനാകുമായിരുന്നു. വിവിധ രാഷ്ട്രീയപാർടികളുടെ സ്ഥാനാർഥികളായി ജയിച്ച എംഎൽഎമാർ അതത് പാർടികളിൽത്തന്നെ തുടരുകയും ചെയ്യുമായിരുന്നു.

ഗവർണർ പ്രാമുഖ്യം നൽകേണ്ടത് ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനാണ്. കേവല ഭൂരിപക്ഷം ഒരു സഖ്യത്തിനും ഇല്ലെങ്കിൽ മാത്രമേ എറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപകരിക്കാൻ ക്ഷണിക്കാൻ പാടുള്ളു. ഇന്ത്യൻ ജനാധിപത്യ സമ്പ്രദായത്തിൽ വർഷങ്ങളായി രൂപപ്പെട്ട ഇത്തരം കീഴ‌്‌വഴക്കങ്ങളാണ് അധികാരക്കൊതിമൂത്ത മോഡി‐അമിത്ഷാ കൂട്ടുകെട്ട് ഷൈലോക്കിയൻ തന്ത്രത്തിലുടെ തകർത്തെറിഞ്ഞിരിക്കുന്നത്.

ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഉത്തരാഖണ്ഡിലും ന്യുനപക്ഷമായിട്ടും കാലുമാറ്റത്തിലൂടെ പണച്ചാക്കിറക്കിയാണ് ബിജെപി അധികാരത്തിൽ വന്നത്. ജനവിധിയെ കൊള്ളക്കാരന്റെ കൗശലത്തോടെ റാഞ്ചുന്ന രീതിയാണ് മോഡി‐അമിത്ഷാ കൂടുകെട്ട് പയറ്റുന്നത്.  അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കർണാടകത്തിലേത്. 
കാവി നിക്കറിട്ട വാജുഭായ് വാല എന്ന ഗവർണർ അതിന് ഉപകരണമാകുകയുംചെയ്തു. കൊള്ളമുതൽ ശാശ്വതമല്ലെന്നുമാത്രം ഓർമിപ്പിക്കട്ടെ. ഇത‌് മോഡിയുടെമാത്രം നാടല്ല; എൻ ടി രാമറാവുവിന്റെയും നാടായിരുന്നു എന്നും ബിജെപി ഓർക്കുന്നത‌് നല്ലതാണ‌്.  ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top