26 April Friday

അതിർത്തി അടച്ചുപൂട്ടി കേരളത്തെ ഞെരുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കോവിഡ്‌ പടരുന്നത്‌ തടയാൻ കേന്ദ്രം രാജ്യവ്യാപക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ മറവിൽ അതിർത്തി റോഡുകൾ അടച്ച്‌ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്‌ കർണാടകം. കേട്ടുകേൾവിയില്ലാത്തവിധം ദേശീയപാതയടക്കം കർണാടകം മണ്ണിട്ട്‌ അടച്ചിരിക്കുന്നു. അതിർത്തിയിലെ ചെറുറോഡുകളിൽപ്പോലും ആളുയരത്തിൽ മണ്ണ്‌ നിരത്തിയിട്ട്‌ ദിവസങ്ങളായി. ദേശീയപാത അടച്ചതിനാൽ മംഗളൂരുവിൽ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ എത്താനാകാതെ കാസർകോട്ട്‌ ഏഴുപേർ മരണത്തിന്‌ കീഴടങ്ങി. ദേശീയപാത അടയ്‌ക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നും രോഗികളോടെങ്കിലും മനുഷ്യത്വം കാണിക്കണമെന്നുമുള്ള കേരള ഹൈക്കോടതി ഉത്തരവുപോലും അനുസരിക്കാൻ കർണാടകം തയ്യാറായിട്ടില്ല.

രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്‌ക്കും വിരുദ്ധമാണ്‌ കർണാടകത്തിന്റെ നടപടി. ദേശീയപാതകളും അന്തർ സംസ്ഥാന റോഡുകളും രാജ്യത്തെ ജനങ്ങൾക്കെല്ലാം നിയമപരമായി അവകാശപ്പെട്ടതാണ്‌. ഏതെങ്കിലും സംസ്ഥാനത്തിന്‌ അതിൽ പ്രത്യേക അവകാശമില്ല. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ നിയമപരമായി സാധിക്കില്ല. തെറ്റാണെന്ന്‌ അറിഞ്ഞിട്ടും റോഡുകൾ തുറക്കില്ലെന്നും രോഗികളെപ്പോലും പ്രവേശിപ്പിക്കില്ലെന്നുമുള്ള ഏകപക്ഷീയവും വെല്ലുവിളി നിറഞ്ഞതുമായ നിലപാടാണ്‌ കർണാടകം കേരള ഹൈക്കോടതിയിൽ സ്വീകരിച്ചത്‌. നിയമവും തത്വങ്ങളുമൊന്നും  ബാധകമല്ലെന്നും അതിർത്തി തുറക്കില്ലെന്നുമുള്ള പ്രാകൃതമായ പിടിവാശിയാണ്‌ അവർ കാണിക്കുന്നത്‌.

സംസ്ഥാന അതിർത്തികളിലെ ജനങ്ങൾ നൂറ്റാണ്ടുകളായി പരസ്‌പരം ആശ്രയിച്ചും സഹകരിച്ചും കഴിയുന്നവരാണ്‌. ഉത്തര കേരളത്തിന്‌ കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളുമായും മധ്യകേരളത്തിനും ദക്ഷിണ കേരളത്തിനും തമിഴ്‌നാടുമായുമുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം നിഷേധിക്കാനാകില്ല. കാസർകോട്‌ ജില്ലയിലെ ജനങ്ങൾക്ക്‌ മംഗളൂരുവും പരിസരപ്രദേശങ്ങളുമായി പതിറ്റാണ്ടുകളായി ബന്ധമുണ്ട്‌. തൊട്ടടുത്ത നഗരമായ മംഗളൂരുവിനെയാണ്‌ ചികിത്സയ്‌ക്കും ഉന്നത വിദ്യാഭ്യാസത്തിനും മറ്റും കാസർകോട്ടെ ജനങ്ങൾ ആശ്രയിക്കുന്നത്‌. കന്നഡ ജനത ഇത്‌ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്‌തിട്ടുമുണ്ട്‌. മംഗളൂരുവിന്റെ വളർച്ചയിൽ കാസർകോട്ടെ ജനങ്ങളുടെ പണവും പിന്തുണയുമുണ്ട്‌. കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക്‌ കുടകുമായും വയനാട്ടുകാർക്ക്‌ ഗുണ്ടൽപേട്ട–-മൈസൂർ മേഖലയുമായും അടുത്ത ബന്ധമാണ്‌. തൊഴിലിനും വിനോദസഞ്ചാരത്തിനും കൃഷിക്കുമെല്ലാം ജനങ്ങൾ പരസ്‌പരം ആശ്രയിക്കുന്നു. ഇതെല്ലാം മറന്നാണ്‌ അത്യാസന്നരായ രോഗികളെപ്പോലും പ്രവേശിപ്പിക്കില്ലെന്ന്‌ കർണാടക പിടിവാശി കാട്ടുന്നത്‌.


 

മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പലവട്ടം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇടപെടാമെന്ന മറുപടിയല്ലാതെ ഒന്നുമുണ്ടായില്ല. കർണാടകത്തിന്റെ നിലപാടിന്‌ കേന്ദ്ര സർക്കാരിന്റെ മൗനാനുവാദം ഉണ്ടെന്ന്‌ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. യഥാർഥത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും ജനവിരുദ്ധവും ഏകപക്ഷീയവുമായ നിലപാടുകളുടെയും നടപടികളുടെയും തുടർച്ചയാണ്‌ കർണാടകം കേരളത്തോട്‌ കാട്ടുന്ന കടന്നാക്രമണ സമാനമായ ധിക്കാരം. നിയമവും ഫെഡറൽ തത്വങ്ങളും ഭരണഘടനയുമൊന്നും കണക്കാക്കാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണ്‌ സംഘപരിവാറിന്റെ രീതി. അതിർത്തി അടയ്‌ക്കലിലും അതുതന്നെയാണ്‌ കാണുന്നത്‌.

ലോക്ക്‌ഡൗണിൽ ചരക്കുനീക്കം തടയരുതെന്ന്‌ സംസ്ഥാനങ്ങളോട്‌ നിർദേശിച്ച കേന്ദ്ര സർക്കാർ കർണാടകത്തോട്‌ റോഡ്‌ തുറക്കാൻ ആവശ്യപ്പെടാത്തത്‌ എന്തുകൊണ്ടാണ്‌. ഇത്തരം ഒളിച്ചുകളിയും മൗനം പാലിക്കലും കണ്ണടച്ച്‌ ഇരുട്ടാക്കലും ബിജെപിയുടെയും സംഘപരിവാറിന്റെയും ശൈലിയാണ്‌. അടച്ചിട്ട റോഡുകളിൽ ആർഎസ്‌എസുകാർ കുറുവടിയുമായി കാവൽ നിൽക്കുന്നത്‌ സംഘപരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാട്‌ ഒന്നാണെന്ന്‌ വ്യക്തമാക്കുന്നു. പ്രശ്‌നത്തിൽ കേരളത്തിലെ ബിജെപി നേതൃത്വം എന്തുപറയുമെന്നറിയാൻ ജനങ്ങൾക്ക്‌ താൽപ്പര്യമുണ്ട്‌.

കാസർകോട്‌ കോവിഡ്‌ പ്രഭവകേന്ദ്രമായതിനാൽ റോഡ്‌ തുറക്കാനാകില്ലെന്നാണ്‌ കർണാടകത്തിന്റെ ന്യായം. പ്രത്യേക കാലയളവിൽ ഏതെങ്കിലും റോഡുകളോ അതിർത്തികളോ അടച്ച്‌ തടയാവുന്നതല്ല കോവിഡ്‌ വൈറസ്‌. ലോക്ക്‌ഡൗൺ നടപ്പായി ഒരാഴ്‌ചയ്‌ക്കിടെ രാജ്യത്ത്‌ കോവിഡ്‌ കേസുകൾ കുതിച്ചുയരുകയാണ്‌. കോടിക്കണക്കായ ജനങ്ങൾ പലവഴി സഞ്ചരിക്കുകയും കൂടിക്കലരുകയും ചെയ്യുന്ന രാജ്യത്ത്‌ ലോക്ക്‌ഡൗണും അടച്ചുപൂട്ടലും രോഗപ്രതിരോധത്തിനുള്ള അവസാനവാക്കല്ലെന്ന്‌ ശാസ്‌ത്രലോകം പറയുന്നു. കഴിയുന്നത്ര ആളുകളെ പരിശോധിച്ച്‌ രോഗികളെയും അടുത്ത്‌ പെരുമാറിയവരെയും കണ്ടെത്തി ചികിത്സിക്കുകയാണ്‌ പ്രധാനം.

ലോകരാജ്യങ്ങൾ പരസ്‌പരം സഹകരിച്ച്‌ മഹാമാരിക്കെതിരെ പൊരുതേണ്ട കാലമാണിത്‌. കോവിഡിനെതിരായ യുദ്ധം സംസ്ഥാനങ്ങൾക്ക്‌ ഒറ്റയ്‌ക്ക്‌ ചെയ്യാവുന്നതല്ല. എന്നാൽ, രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ ചെറുക്കണമെന്ന്‌ കേന്ദ്ര സർക്കാരിന്‌ ബോധ്യമായിട്ടില്ല. രോഗം കണ്ടെത്തലും ചികിത്സയുമെല്ലാം സംസ്ഥാനങ്ങളുടെ തലയിലിട്ട്‌ മാറിനിൽക്കുകയാണ്‌ കേന്ദ്രം. അതിനിടയ്‌ക്ക്‌ കേരളത്തിനെതിരെ സംഘപരിവാറിന്റെ അജൻഡ കർണാടകം നടപ്പാക്കിക്കോട്ടെ എന്ന്‌ കേന്ദ്രം കരുതുന്നുണ്ടാകാം. സംഘപരിവാറും മോഡി സർക്കാരും മനസ്സിലാക്കിയതിനേക്കാൾ വലിയ ദുരന്തമുഖത്താണ്‌ ഇന്ത്യ. കൂട്ടായി പോരാടേണ്ട കാലത്ത്‌ വഴിയടയ്‌ക്കൽപോലുള്ള അപക്വമായ നടപടികളിൽനിന്ന്‌ കർണാടകം പിൻവാങ്ങുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top