28 November Tuesday

മാർക‌്സിന്റെ ഓർമപോലും ഭയപ്പെടുന്നവർ

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019


ലോക തൊഴിലാളിവർഗത്തിന് വിമോചനത്തിന്റെ പാത കാട്ടിത്തന്ന മഹാനായ കാൾ മാർക‌്സിന്റെ ശവകുടീരം തകർക്കാൻ ശ്രമിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വടക്കൻ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരമാണ് ഭാഗികമായി തകർത്തത‌്. കല്ലറയിൽ സ്ഥാപിച്ചിരുന്ന മാർബിൾ ഫലകമാണ് ചുറ്റികകൊണ്ട് അടിച്ചുതകർത്തത്. മാർബിൾ പാളിയിൽ കൊത്തിവച്ചിരുന്ന മാർക‌്സിന്റെയും കുടുംബത്തിന്റെയും പേരുകളാണ് വികൃതമാക്കിയത്. മാർക‌്സിന്റെ ജനന മരണ തീയതി ആലേഖനംചെയ‌്ത ഭാഗമാണ് ഏറ്റവും വികൃതമാക്കപ്പെട്ടത്. മാർക‌്സിന്റെ ഓർമപോലും ഭയക്കുന്നവരാണ് ഈ സാഹസത്തിന് തയ്യാറായതെന്ന് വ്യക്തം. അക്രമി ആരാണെന്ന് ലണ്ടൻ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.

ജർമനിയൽ ജനിച്ച് പിന്നീട് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കാൾ മാർക‌്സ‌് 1883ലാണ് മരിച്ചത്. ലണ്ടനിലെ ബെൽസൈസ് പാർക്കിലെ വസതിയിലാണ് ദീർഘകാലം മാർക‌്സും കുടുംബവും താമസിച്ചത്. മൂലധനം ഉൾപ്പെടെയുള്ള പല പ്രധാനകൃതികളും മാർക്സ് എഴുതിയതും ഇവിടെവച്ചുതന്നെ. ഹൈഗേറ്റിലെ ഈസ്റ്റേൺ സെമിത്തേരിയിൽനിന്ന‌് ശവകുടീരം 1954ലാണ് ഹൈഗേറ്റ് സെമിത്തേരിയിലെ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്. മാർക്സിനെപ്പോലെ ലോകംമുഴുവൻ അറിയപ്പെടുന്ന തത്വചിന്തകന്റെയും സാമ്പത്തിക ശാസ്ത്രജ്ഞന്റെയും  ചരിത്രകാരന്റെയും ശവകുടീരം പ്രധാനസ്ഥലത്ത് വേണമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാർക്സിന്റെ ചെറുമക്കളുടെ ആവശ്യമനുസരിച്ചുള്ള ഈ മാറ്റം. മാർക്സിന്റെയും ഭാര്യ ജെന്നിയുടെയും മകളുടെയും മറ്റും പേര‌് പതിച്ച ഫലകമാണ് ഇങ്ങനെ മാറ്റിയത്.  ഗ്രേറ്റ് ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർടിയായിരുന്നു ഇതിന് നേതൃത്വം നൽകിയത്. അവർതന്നെ ഫണ്ട് പിരിച്ചെടുത്താണ് മാർബിൾ ഫലകത്തിനുമേൽ മാർക്സിന്റെ ഒരു പ്രതിമ സ്ഥാപിച്ചത്. ബ്രിട്ടീഷ‌് ശിൽപ്പി ലോറൻസ് ബ്രാഡ് ഷാ രൂപകൽപ്പന ചെയ്തതായിരുന്നു ഈ പ്രതിമ. ഇത് അനാവരണം ചെയ്ത ചടങ്ങിൽ അന്നത്തെ ഇടതുപക്ഷ ബുദ്ധിജീവികളും എഴുത്തുകാരും മറ്റും പങ്കെടുത്തിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഹാരി പോളിറ്, രജനി പാം ദത്ത്, ഐറിഷ് ശാസ്ത്രജ്ഞൻ ജെ ഡി ബർണൽ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് സ്ഥാപിക്കപ്പെട്ട ശവകുടീരമാണ് ഇപ്പോൾ ഭാഗികമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചരിത്രത്തോട് മുഖം തിരിഞ്ഞുനിൽക്കുന്നവരാണ് ശവകുടീരത്തിനുനേരെ ആക്രമണം നടത്തിയതെന്നു സാരം.

ഇതാദ്യമായൊന്നുമല്ല മാർക്സിന്റെ ശവകുടീരം ആക്രമിക്കപ്പെടുന്നത്. നേരത്തെ ശവകുടീരത്തിലെ ഫലകത്തിനുമേൽ പെയിന്റ് ഒഴിച്ച് വികൃതമാക്കുകയും മാർക്സിന്റെ പ്രതിമ തള്ളി താഴെയിടുകയും ചെയ‌്തിരുന്നു. 1970ൽ ഈ ശവകുടീരത്തിനടുത്തുനിന്ന് പൈപ്പ‌് ബോംബ‌് കണ്ടെത്തുകയുമുണ്ടായി. എന്നാൽ, ആവർത്തിച്ചുള്ള ഈ ആക്രമണങ്ങൾകൊണ്ടൊന്നും മാർക്സിനെ ജനങ്ങളുടെ മനസ്സിൽനിന്ന‌് തേച്ചുമായ‌്ച്ച‌് കളയാനായില്ലെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. മാർക്സ് മരിച്ച് 136 വർഷത്തിനുശേഷവും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും ജനങ്ങളെ സ്വാധീനിക്കുന്നതും മാർക‌്സിസംതന്നെയാണ്. മാർക്സ് ജനിച്ച ജർമനിയിലെ ട്രയർ നഗരത്തിൽപ്പോലും കഴിഞ്ഞവർഷം മാർക്സിന്റെ ഒരു കൂറ്റൻ പ്രതിമ ഉയരുകയുണ്ടായി. മാർക്സിന്റെ 200 –-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് ‘മാർക്സ് നിങ്ങളാണ് ശരി' എന്നായിരുന്നു. 
മാർക‌്സ് ലോകത്തിനു നൽകിയ സന്ദേശം അക്രമികൾ നശിപ്പിക്കാൻ ശ്രമിച്ച ശവകുടീരത്തിൽ എഴുതിവച്ചിട്ടുണ്ട്. ‘സർവരാജ്യത്തൊഴിലാളികളേ ഏകോപിക്കുവിൻ' എന്നായിരുന്നു അത്. 1848ൽ മാർക്സും എംഗൽസും ചേർന്ന് എഴുതിയുണ്ടാക്കിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാക്കുകളായിരുന്നു അത്. സംഘടിച്ച് വിലപേശിയാൽമാത്രമേ മുതലാളിത്ത ലോകത്ത് ജീവിക്കാനാവൂ എന്ന സന്ദേശം ഇന്ന് ലോകജനത ഹൃദയത്തിൽ ഏറ്റുവാങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ. ഫ്രാൻസിലും കൊസോവയിലും സെർബിയയിലും ഹംഗറിയിലും മാത്രമല്ല സുഡാനിലും ഇറാനിലും ഇറാഖിലും ഇന്ത്യയിലും മറ്റും പൊരുതുന്ന തൊഴിലാളിവർഗത്തിന് പ്രചോദനമേകുന്നത് മാർക്സിന്റെ ആശയങ്ങൾതന്നെ. സോഷ്യലിസം എന്ന വാക്കുപോലും ചതുർഥിയായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയിലെ സോഷ്യലിസ്റ്റ് പാർടി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അവിടത്തെ ജനങ്ങൾക്ക് പോരാട്ടവീര്യം പകർന്നുനൽകുന്നതും മാർക്സിന്റെ ആശയങ്ങൾതന്നെ.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി റോബർട്ട് ഗ്രിഫ്രിത്ത് പറഞ്ഞതുപോലെ ശവകുടീരത്തിൽ കൊത്തിവച്ച മാർക്സിന്റെ വചനങ്ങൾ മാർക്സിസത്തിനെതിരെ ഉയരുന്ന എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് മനുഷ്യമനസ്സിൽ നിലനിൽക്കുകതന്നെ ചെയ്യും. അൽപ്പബുദ്ധികളുടെ ആക്രമണംകൊണ്ട് മാർക്സിന്റെ ആശയങ്ങൾ ചുരുങ്ങിപ്പോവുകയല്ല മറിച്ച് കൂടുതൽ ജനങ്ങളിലേക്ക് എത്തുകയാണ് ചെയ്യുക എന്നും റോബർട്ട് ഗ്രിഫിത്ത് ശരിയായി വിലയിരുത്തുന്നു. മാർക്സിന്റെ ശവകുടീരം പഴയനിലയിലാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ലോകജനതയ‌്ക്ക് വാക്കുനൽകി. മൈക്കിൾ റോസ പോലുള്ള കവികളും എഴുത്തുകാരും ശവകുടീരം പുതുക്കിപ്പണിയുന്നതിന് ഫണ്ട് ശേഖരണത്തിന് ആഹ്വാനം നൽകിക്കഴിഞ്ഞു. കുബുദ്ധികളുടെയും വലതുപക്ഷ പിന്തിരിപ്പന്മാരുടെയും എല്ലാവിധ ആക്രമണങ്ങളെയും അപഹസിക്കലുകളെയും മാർക്സിസം അതിജീവിക്കുകതന്നെ ചെയ്യും. കാരണം, അത് ജനവിമോചനത്തിനുള്ള തത്വശാസ്ത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top