26 March Sunday

യാഥാർഥ്യം കോൺഗ്രസ് അംഗീകരിക്കുമോ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020ദേശീയ പാർടിയായ കോൺഗ്രസിന്റെ  ദയനീയസ്ഥിതിയിലേക്ക് വിരൽചൂണ്ടി  മുതിർന്ന നേതാവ് കബിൽ സിബൽ  വസ്തുതാപരമായ ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനം, രാജ്യത്തെ ഫലപ്രദമായ ബദലായി ജനങ്ങൾ കോൺഗ്രസിനെ കാണുന്നില്ല എന്നതു തന്നെയാണ്. കോൺഗ്രസിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നില്ലെന്നും ഈ യാഥാർഥ്യം അംഗീകരിക്കാൻ പാർടി ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. യാഥാർഥ്യം തൊട്ടറിയുക എന്നത് ഒരു രാഷ്ട്രീയ പാർടിയെ സംബന്ധിച്ച് വളരെ പ്രസക്തമായ കാര്യമാണ്. എന്നാൽ, കോൺഗ്രസ് അതിന് തയ്യാറാകുമോ എന്നതാണ് പ്രശ്നം.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് തകർന്നടിഞ്ഞ പശ്ചാത്തലത്തിലാണ് സിബൽ വീണ്ടും പരസ്യമായി രംഗത്തു വന്നത്. നേരത്തേ ആഗസ്തിൽ, കബിൽ സിബൽ, ഗുലാം നബി ആസാദ്, മനീഷ് തിവാരി, വീരപ്പ മൊയ്‌ലി, ആനന്ദ് ശർമ എന്നിവരടക്കം 23 നേതാക്കൾ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. പാർടിയിൽ ജനാധിപത്യപരമായി സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താനോ പൂർണസമയ പ്രസിഡന്റിനെ കണ്ടെത്താനോ കഴിയാത്ത നിസ്സഹായാവസ്ഥയെയാണ് അന്ന് കത്തിൽ ഇവർ ചൂണ്ടിക്കാട്ടിയത്.  ഇന്നിപ്പോൾ, ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഒരു പടികൂടി കടന്ന് പാർടിയുടെ അവസ്ഥ എന്തെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ച് ധാരണയുള്ളവർ നേതൃത്വത്തിൽ വരണമെന്ന് സിബൽ പറയുമ്പോൾ നേതൃമാറ്റമാണ് ഉന്നയിക്കുന്നതെന്ന് വ്യക്തം. എന്നാൽ, ഇതോടൊപ്പം, ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതാണ്  പ്രധാനവും. യഥാർഥ കോൺഗ്രസുകാർ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയവും ഇതു തന്നെ.

ബദലാകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല രാജ്യത്ത് കോൺഗ്രസ് തന്നെ ശിഥിലമാകുന്നുവെന്നതാണ് സത്യം. ഏറ്റവും ഒടുവിൽ  ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും അതു തെളിയിച്ചു. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയത് 19 സീറ്റു മാത്രം. മഹാസഖ്യത്തിന് അധികാരത്തിൽ വരാനുള്ള സാധ്യത തകർത്തത് കോൺഗ്രസാണ്. 135 വർഷത്തെ പാരമ്പര്യമുള്ള പാർടിയുടെ ഈ ദുരവസ്ഥ ചില നേതാക്കളെങ്കിലും തിരിച്ചറിയുന്നുണ്ട്. 2014 ലെ ലോക്‌സഭാ തെരത്തെടുപ്പിൽ  ലഭിച്ചത് 44 സീറ്റ്. 2019 ൽ കിട്ടിയത് 54. കർണാടകത്തിലും മധ്യപ്രദേശിലുമുണ്ടായിരുന്ന സർക്കാരുകളെ ബിജെപി കൊണ്ടുപോയി. രാജസ്ഥാനിൽ തൽക്കാലം രക്ഷപ്പെട്ടെങ്കിലും തരംകിട്ടിയാൽ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ്  എംഎൽഎമാർ . ഏതാനും നാളുകൾക്കുള്ളിൽ  120 പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപി യിലേക്ക് പോയി. കേരളത്തിലടക്കം ആ പ്രവണത തുടരുന്നു. 

കോൺഗ്രസിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നില്ലെന്ന് സിബൽ തുറന്നു പറയുമ്പോൾ കാണേണ്ടത് ഇക്കാര്യങ്ങളൊക്കെയാണ്. രാജ്യത്തെ ബാധിക്കുന്ന നിർണായക പ്രശ്നങ്ങളിൽ മൗനംപാലിക്കുകയോ ബിജെപിക്ക് അരുനിൽക്കുകയോ ചെയ്യുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുതയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും ബാബ്‌റി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രത്തിന് ശിലയിടാൻ പ്രധാനമന്ത്രി പോയപ്പോഴും അവർ സ്വീകരിച്ച അനുകൂല നിലപാട് രാജ്യം കണ്ടതാണ്.

kapil sibal photo credit wikibio

kapil sibal photo credit wikibio

വർഗീയ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യ നേരിടുന്ന ആപത്ത് തിരിച്ചറിയാൻ കോൺഗ്രസിന് വേണ്ടവണ്ണം കഴിയുന്നില്ലെന്നതാണ് ഏറ്റവും പ്രധാന പ്രശ്നം.  പലേടത്തും കോൺഗ്രസുകാർ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂലിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു.  മതനിരപേക്ഷ രാഷ്ട്രീയത്തിന് കരുത്തു പകരുന്നതിന് പകരം ബി ജെപിയുടെ മതരാഷ്ട്രീയത്തിന് അരുനിൽക്കുന്നു. സാമ്പത്തിക നയത്തിന്റെ കാര്യത്തിലാകട്ടെ, ബിജെപി യും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല. കോൺഗ്രസിന്റെ അതേ സാമ്പത്തിക നയം തന്നെയാണ് അതിനേക്കാൾ തീവ്രതയോടെ ബിജെപി നടപ്പാക്കുന്നത്. ബദലാകാൻ കോൺഗ്രസിനു കഴിയാത്തതിന്റെ കാരണങ്ങൾ ഇവിടെയൊക്കെയുണ്ട്.

കേരളത്തിലാകട്ടെ, ദേശീയ നേതൃത്വത്തെത്തന്നെ പലവട്ടം തള്ളിപ്പറഞ്ഞു കഴിഞ്ഞു. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ, സ്വന്തം നേതൃത്വം പറയുന്നതിനേക്കാൾ അനുസരിക്കുന്നത് ബിജെപി യെയാണെന്ന് കേരളം ഇതിനകം പലവട്ടം കണ്ടു. ഏറ്റവുമൊടുവിൽ കിഫ്ബിക്കെതിരായ നീക്കത്തിൽ ആർ എസ് എസിന്റെ വക്കീലായത് കെ പിസിസി ഭാരവാഹി. ഭരണഘടനാപരമായ മാനദണ്ഡങ്ങളും ജനാധിപത്യ തത്വങ്ങളും ഒന്നൊന്നായി ലംഘിച്ച്  കേന്ദ്ര അന്വേഷണ ഏജൻസികളെ മോഡി സർക്കാർ ദുരുപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പരസ്യമായി വിമർശമുന്നയിച്ചു. പക്ഷേ, കേരള നേതാക്കൾ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഇവിടെ  നിലപാട്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് സംസ്ഥാനത്തെ കോൺഗ്രസ് കൂട്ടുനിൽക്കുന്നു. ഇത് തിരുത്തിക്കാൻ കഴിയുന്നില്ലെന്നത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമാണ്. സംഘടനയിൽ ജനാധിപത്യപരമായ ചർച്ച വേണമെന്നും നയങ്ങളിൽ വ്യക്തത വേണമെന്നും സിബലും മറ്റും വാദിക്കുമ്പോൾ ഇക്കാര്യങ്ങളൊക്കെ ഉന്നയിക്കപ്പെടേണ്ടതാണ്.  ഒരു അഖിലേന്ത്യാ പാർടിയുടെ നിലപാടുകൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്നതാകണമല്ലോ.

ചുരുക്കി പറഞ്ഞാൽ എങ്ങനെ ബദലാകും? വർഗീയ രാഷ്ട്രീയത്തിൽ നിന്ന് രാജ്യം നേരിടുന്ന വെല്ലുവിളി തിരിച്ചറിഞ്ഞ്,  അതിനെ ചെറുക്കാൻ കൃത്യമായ നിലപാടെടുക്കാൻ കഴിയണം. മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും ദേശീയ പുരോഗതിക്കും  പാവപ്പെട്ട ജനകോടികളുടെ സംരക്ഷണത്തിനും വേണ്ടി നിലകൊളളാൻ സാധിക്കണം. ഇതിനൊന്നിനും കോൺഗ്രസിന് കഴിയുന്നില്ല. അത് ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അവരെ ജനങ്ങൾ വിശ്വാസത്തിലെടുക്കാത്തതും. ഈ യാഥാർഥ്യം നേതൃത്വം മനസ്സിലാക്കുമോ എന്നതാണ് ഗൗരവമായ പ്രശ്നം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top