08 May Wednesday

വിസി നിയമനം: അക്കാദമികമൂല്യം ഉയർത്തുന്ന വിധി

വെബ് ഡെസ്‌ക്‌Updated: Monday Feb 28, 2022


കണ്ണൂർ വിസി നിയമനം ശരിവച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പലരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നേരത്തേ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ അപ്പീൽ  തള്ളി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിയമനം ശരിവച്ചത്. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ ഹർജിയും നേരത്തേ തള്ളിയിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയിൽ കേരളം മുന്നോട്ടുവയ്‌ക്കുന്നത്  സമഗ്രവും സമൂലവുമായ മാറ്റങ്ങളാണ്. ഇത് ആരെയൊക്കെയാണ് അസ്വസ്ഥരാക്കുന്നതെന്ന്  തിരിച്ചറിയാൻ അവസരം ലഭിച്ച വിവാദനിഴൽയുദ്ധത്തിന്റെ ഒരധ്യായം അവസാനിച്ചിരിക്കുകയാണ്.

സർവകലാശാലയുടെയും യുജിസിയുടെയും ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി രാജ്യത്തെ മികച്ച അക്കാദമിഷ്യന്മാരിൽ ഒരാളെ വിസിയായി തുടരാൻ അനുവദിച്ചതിനെതിരെ ആയിരുന്നു വിവാദങ്ങൾ. വിസിമാരുടെ നിയമനത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നത് പ്രധാനപ്പെട്ടതാണ്. ദേശീയമായും സാർവദേശീയമായും അക്കാദമിക ബന്ധങ്ങളുള്ള ഒരാൾ വിസിയാകുന്നത് സർവകലാശാലയ്‌ക്കും കുട്ടികൾക്കും ഗുണകരമാണ്. പൂർണമായും ഒരു അക്കാദമിഷ്യനും സർവകലാശാലാ ഭരണനിർവഹണം മികച്ച നിലയിൽ കൈകാര്യം ചെയ്തയാളുമാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ. 

കക്ഷിരാഷ്ട്രീയ പരിഗണനവച്ചുമാത്രം വൈസ് ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങൾ ചെയ്തുകൂട്ടിയതാണ് യുഡിഎഫ് പാരമ്പര്യം. ഡിസിസി ഭാരവാഹിയെന്നതുപോലും വൈസ് ചാൻസലർ സ്ഥാനത്തിന്  മാനദണ്ഡമാക്കി. കാലടി വിസിയാക്കിയ ആൾ എക്കാലത്തും കോൺഗ്രസ് രാഷ്ട്രീയക്കാരനായിരുന്നു. ഇദ്ദേഹവും കലിക്കറ്റിൽ ലീഗ് നോമിനിയായി വിസിയും പിന്നീട് ബിജെപിയിലേക്കാണ് പോയത്.

അക്കാദമിക് മൂല്യങ്ങളെ വിലമതിച്ചുമാത്രം വൈസ് ചാൻസലർ നിയമനം നടത്തിയ പാരമ്പര്യമാണ് എൽഡിഎഫിന്. സർവകലാശാലാ ചട്ടങ്ങളും യുജിസി മാർഗനിർദേശങ്ങളും ഉൾപ്പെടെ നിയമപരമായി വ്യവസ്ഥാപിതമായ നടപടികൾ മാത്രമേ ചെയ്യൂ എന്നത് ഈ സർക്കാരിന്റെ നിലപാടാണ്. അങ്ങനെയൊരു ഉത്തമതാൽപ്പര്യത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനമാണ് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ ഒരിക്കൽക്കൂടി ആ ചുമതല ഏൽപ്പിക്കുകയെന്നത്.

ലോകനിലവാരത്തിൽ അറിയപ്പെടുന്ന പ്രതിഭകളാണ് കേരളത്തിലെ വിസിമാർ.  നമ്മുടെ സർവകലാശാലകളും ഉയർന്ന പദവിയിൽ. എന്നിട്ടും വിവാദമുയർത്തിക്കൊണ്ടുവന്നു. ആടിനെ പട്ടിയാക്കാനും പിന്നീട് പേപ്പട്ടിയെന്നുവിളിച്ച് തല്ലിക്കൊല്ലാനുമുള്ള നികൃഷ്ടബുദ്ധിക്കാർ സർവകലാശാലകളുടെ ചുറ്റുവട്ടത്തുണ്ട്. ഇവർക്ക് കുടചൂടാൻ  സങ്കുചിത രാഷ്ട്രീയം പേറുന്ന കുറെപ്പേരും. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ ഇവർ എന്തിനാണ് വിളറിപിടിക്കുന്നതെന്ന് ആലോചിക്കണം.

സാങ്കേതികമായ നടപടിക്രമങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം അവതരിപ്പിച്ച്‌ ഈ സർക്കാരിന്റെ സദ്‌പ്രവർത്തനങ്ങളെ താറടിച്ചുകാട്ടാനാണ് ശ്രമം നടന്നത്. സ്വന്തം നാട്ടിലെ കുട്ടികൾ ഭാവിയിൽ സ്വന്തം പഠനസ്ഥാപനമായി ലോകത്തിനുമുമ്പിൽ പറയാൻപോകുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇതിനു കരുവാക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ലോകനിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് എൽഡിഎഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്.  ആ  പ്രഖ്യാപിതലക്ഷ്യത്തിനിന്ന്‌ ഒരു ചഞ്ചലിപ്പും  വിവാദങ്ങൾകൊണ്ടുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

നമ്മുടെ കുട്ടികളുടെ, അവരുടെയും ഭാവിതലമുറയെ, ലോകം മുന്നോട്ടുവയ്‌ക്കുന്ന വെല്ലുവിളികൾ നേരിടാൻ പ്രാപ്‌തമാക്കാനുള്ള പ്രവർത്തനങ്ങൾ. അതാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ നടക്കുന്നത്. കക്ഷിരാഷ്‌ട്രീയപരമായ ഹ്രസ്വക്കാഴ്ച മാറ്റി സ്വന്തം മുന്നണിയിലെ എല്ലാവരും അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് യുഡിഎഫ് ഇനിയെങ്കിലും ഉറപ്പാക്കണം. പ്രതിപക്ഷത്തിനുപോലും ഇല്ലാത്ത രാഷ്ട്രീയബുദ്ധിയോടെ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിവാദത്തിലാക്കുന്നത് ശരിയാണോ?  ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്താൻ തുടർച്ചയായി പരിശ്രമിച്ച മാധ്യമസ്ഥാപനങ്ങളും പുനരാലോചിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top