29 March Friday

അരുത്‌ ഈ തീക്കളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


ട്രെയിനുകൾ വാഗ്‌ദാനംചെയ്യുന്ന ‘ശുഭയാത്ര’ പതുക്കെ ഭയവിഹ്വലമാക്കാനുള്ള തകൃതിയായ ശ്രമംനടക്കുകയാണ്‌ കേരളത്തിൽ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ യാത്രകഴിഞ്ഞ്‌ ആളുകൾ വീട്ടിലെത്തുമോ കുട്ടികളെയും സ്‌ത്രീകളെയും തനിച്ചയക്കാമോ ലഗേജുകൾ കൈമോശം വരാതെ സൂക്ഷിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളിൽ ആശങ്ക പടർത്തുന്നുമുണ്ട്‌. അമിത സ്വകാര്യ‐  കരാർവൽക്കരണവും ജീവനക്കാരെ വെട്ടിക്കുറയ്‌ക്കലും നിയമന നിരോധനവുമെല്ലാം ചേർന്ന്‌ മോദി സർക്കാർ പൊതുഗതാഗത സംവിധാനം അപ്രസക്തമാക്കുകയാണ്‌. അതോടു ചേർത്തുവായിക്കേണ്ടതാണ്‌ ബോഗികൾക്ക്‌ തീയിട്ട ചില സമീപ സംഭവങ്ങൾ. 2023 ൽ ഇതുവരെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ട്രെയിനുകൾ അഗ്നിക്കിരയാക്കുകയുണ്ടായി. അനിഷ്ട സംഭവങ്ങൾ അരങ്ങേറിയ അഞ്ചു സംസ്ഥാനത്തിൽ നാലിലും ഭരണം ബിജെപിക്കാണ്‌. അതു കാണാതെ കേരളത്തിൽ എൽഡിഎഫ്‌ സർക്കാരിനെ കടന്നാക്രമിക്കുന്ന ബിജെപിയും അതിന്‌ കുടപിടിക്കുന്ന കോൺഗ്രസും ഒരേതൂവൽപ്പക്ഷികളാണ്‌. 

ഒരേ ട്രെയിൻ, തെരഞ്ഞെടുത്ത അടുത്തടുത്ത പ്രദേശങ്ങൾ, തീയിടലിന്റെ സ്വഭാവം തുടങ്ങിയ കേരളത്തിലെ അക്രമങ്ങൾ  കൃത്യമായി പരിശോധിക്കേണ്ടതാണ്‌. കണ്ണൂരിലെ എട്ടാം നമ്പർ ട്രാക്കിൽ നിർത്തിയ കണ്ണൂർ-‐ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‌ വ്യാഴം പുലർച്ചെ തീയിട്ട്‌  ബോഗി പൂർണമായും നശിപ്പിച്ച കേസിൽ പിടിയിലായ ആൾ കുറ്റമേറ്റതായാണ്‌ സൂചന. പുറകിൽനിന്നുള്ള മൂന്നാമത്തെ ബോഗിയാണ് ചാമ്പലാക്കിയത്. ട്രെയിനിനു മുന്നിൽ ചവർ കൂട്ടിയിട്ട് കത്തിച്ച കേസിൽ നേരത്തേ കസ്റ്റഡിയിലെടുത്ത് വിട്ടിരുന്ന അയാൾ, ഷർട്ടിടാതെ കണ്ണൂരിൽ കറങ്ങുന്നത് കണ്ടതായി റിപ്പോർട്ടുണ്ട്‌. സ്റ്റേഷനു സമീപം  ഇടയ്‌ക്കിടെ അയാൾ ഉണ്ടാകാറുണ്ടെന്നാണ്‌ മറ്റൊരു മൊഴി. സാമൂഹ്യവിരുദ്ധത സ്ഥിരമാക്കിയ പ്രതിക്ക്‌ തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളാണ്‌ പ്രധാന സൂചനകളിലെത്തിച്ചത്‌. അതനുസരിച്ച്‌ ഒരാൾ കാനുമായി ബോഗിയുടെ സമീപം നിൽക്കുന്നത്‌ കണ്ടെത്തിയിരുന്നു. ട്രെയിനിൽനിന്നുള്ള വിരലടയാളത്തിന് അയാളുടേതുമായി സാമ്യം തിരിച്ചറിഞ്ഞു. അതേസമയം മനോവിഭ്രാന്തിയുടെ ആനുകൂല്യം നൽകി ഹീനമായ അതിക്രമങ്ങൾ നിസ്സാരമായി കാണുന്നത്‌ അപകടകരമാണ്‌.
2023 ഏപ്രിൽ രണ്ടിന് രാത്രി എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് വ്യാഴാഴ്‌ചയും തീയിട്ടത്. അന്ന്‌ ഒരു കുട്ടിയടക്കം മൂന്നു യാത്രികർ മരിക്കുകയും ഒമ്പതു പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. രാത്രി ഒമ്പതരയ്‌ക്ക്‌  റിസർവ് ടിക്കറ്റില്ലാത്ത അജ്ഞാതൻ ഡി‐വൺ കോച്ചിനാണ്‌ തീയിട്ടത്‌. യാത്രക്കാർ തീ അണയ്ക്കുകയും മറ്റുള്ളവരെ ബോഗികളിൽനിന്ന്‌ വേഗം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ആസൂത്രിത ആക്രമണമാണെന്ന് സംശയിക്കാൻ ശക്തമായ കാരണങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമി ഏതെങ്കിലും വ്യക്തിയെയാണോ ഒരു കൂട്ടം യാത്രക്കാരെയാണോ ലക്ഷ്യമിട്ടതെന്ന്‌ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. വിവിധ തലങ്ങളിലെ അന്വേഷണം അത്‌ തെളിയിക്കുമെന്ന്‌ ഉറപ്പിക്കാം. 

കുറഞ്ഞ ചെലവിൽ സുഖകരമായ യാത്ര ഒരുക്കലാണ് റെയിൽവേയുടെ ഉത്തരവാദിത്വം. കൊറോണ വ്യാപനം ജനജീവിതം ദുസ്സഹമായ കാലത്തും കൊള്ളയടി തുടരുകയായിരുന്നു.  വിചിത്രമായ നഷ്ടക്കണക്ക് സൂചിപ്പിച്ചാണ്‌ അധികഭാരം അടിച്ചേൽപ്പിച്ചത്‌. ടിക്കറ്റിൽ മുതിർന്ന പൗരന്മാർക്കുണ്ടായ ഇളവുകളടക്കം 53 വിഭാഗത്തിന്റേത്‌ നിർത്തി. വരുമാനം കൂട്ടാനെന്ന അവകാശവാദവുമായി സുരക്ഷാ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതും യാത്രച്ചെലവ്‌ അമിതഭാരമാക്കി. യാത്രികർക്കുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം ഏറിയിട്ടും സുരക്ഷാ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ചവരുത്തുകയാണ്‌. സ്റ്റേഷനുകളിൽ സിസിടിവി സംവിധാനം നാമമാത്രമാണ്‌. കണ്ണൂരിൽ അത്‌ പ്രവർത്തനക്ഷമമേയല്ല. അതിന്റെ വിടവിലാണ്‌   സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെ പലവിധ അക്രമങ്ങൾ പതിവാകുന്നത്‌. വനിതാ കോച്ചുകളിലും അവർക്ക്‌ ആത്മവിശ്വാസമില്ല. ഈ പശ്‌ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്നതാണ്‌ നാനാതുറകളിൽനിന്നുള്ള ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top