25 April Thursday

പ്രാകൃതാചാരങ്ങൾ ഒഴിവാക്കുകതന്നെ വേണം

വെബ് ഡെസ്‌ക്‌Updated: Friday Feb 18, 2022


നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രാകൃതാചാരമായ കാൽകഴുകിച്ചൂട്ട്‌ വഴിപാട്‌ കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക്‌ കീഴിലുള്ള ക്ഷേത്രങ്ങളിൽ അവസാനിപ്പിക്കാനുള്ള തീരുമാനം എന്തുകൊണ്ടും ശ്ലാഘനീയമാണ്‌. ചാതുർവർണ്യത്തിൽ അധിഷ്‌ഠിതമായ ജാതിവ്യവസ്ഥ കേരളത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായി മാത്രമേ കാൽകഴുകിച്ചൂട്ട്‌ വഴിപാടിനെയും കാണാൻ കഴിയൂ.  കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവക്ഷേത്രത്തിലും കാൽകഴുകിച്ചൂട്ട്‌ വഴിപാട്‌ വിവാദമായതിനെത്തുടർന്നാണ്‌ ദേവസ്വംമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്‌. പാപ പരിഹാരത്തിനായി ചില ജ്യോൽസ്യന്മാരാണ്‌ കാൽകഴുകിച്ചൂട്ട്‌ വഴിപാട്‌ നിർദേശിച്ചിരുന്നത്‌. തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രത്തിൽ ദൈനംദിനമുള്ള  കാൽകഴുകിച്ചൂട്ട്‌ ഹൈക്കോടതിയിൽ നിയമനടപടി നേരിടുകയാണ്‌.  ഈ സാഹചര്യത്തിലാണ്‌ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാടുകൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചത്‌. ഇതേത്തുടർന്ന്‌ ദേവസ്വം ബോർഡും തന്ത്രിസമാജം ഭാരവാഹികളും നടത്തിയ കൂടിയാലോചനകളിലാണ്‌ കാൽകഴുകിച്ചൂട്ട്‌ വഴിപാടും പന്ത്രണ്ട്‌ നമസ്‌കാരവും നിർത്താൻ തീരുമാനിച്ചത്‌. കാൽകഴുകിച്ചൂട്ടിന്റെ പേര്‌ സമാരാധന എന്നാക്കി. ഇതനുസരിച്ച്‌ ക്ഷേത്രത്തിൽ ശാന്തിചെയ്യുന്ന എല്ലാവർക്കും സമാരാധനയിൽ പങ്കെടുക്കാം. നിലവിൽ തന്ത്രിയും ബ്രാഹ്മണരായ ശാന്തിക്കാരുമാണ്‌ കാൽകഴുകിച്ചൂട്ട്‌ നടത്തുന്നത്‌. ബ്രാഹ്മണരെ പുറ്റുമണ്ണും തീർഥജലവും ഉപയോഗിച്ച്‌ കാൽ കഴുകിച്ച്‌ നിവേദ്യച്ചോറ്‌ ഊട്ടുന്നതാണ്‌ കാൽകഴുകിച്ചൂട്ട്‌.

ബ്രാഹ്മണമേധാവിത്വമുള്ള ജാതിശ്രേണീബന്ധം ശക്തമാക്കിക്കൊണ്ടുമാത്രമേ കേരളത്തിൽ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യം നിറവേറ്റാനാകൂയെന്ന തിരിച്ചറിവാണ്‌ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക്‌  സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്‌. പിന്നാക്ക സമുദായക്കാർ തങ്ങളുടെ പാപ പരിഹാരത്തിന്‌ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടുക എന്നത്‌, ഉഡുപ്പിയിലെ മടൈസ്‌നാനപോലുള്ള അനാചാരമായി ഭാവിയിൽ മാറിയേക്കാമെന്ന ആശങ്ക അസ്ഥാനത്തല്ല. പിന്നാക്ക സമുദായക്കാർ തങ്ങളുടെ പാപ പരിഹാരത്തിന്‌ ബ്രാഹ്മണന്റെ എച്ചിലിലകളിൽ കിടന്നുരുളുന്ന അനാചാരമാണ്‌ മടൈസ്‌നാന. മടൈസ്‌നാനയ്‌ക്കെതിരെ കർണാടകത്തിൽ സമരം നയിക്കുന്നത്‌ സിപിഐ എമ്മാണ്‌. 

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സാധാരണമായ ജാതീശ്രേണീബദ്ധമായ ആചാരങ്ങൾക്ക്‌ സമാനമായി കേരളത്തിലും ജാതിവിഭജനം ശക്തമാക്കാനുള്ള ശ്രമങ്ങളെ ചെറുതാക്കി കണ്ടുകൂടാ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾമുതൽ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം ആർജിച്ചെടുത്ത ജനാധിപത്യ–- മതനിരപേക്ഷ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നതാണ്‌ ഇത്തരം അനാചാരങ്ങൾ. ആധുനിക ശാസ്‌ത്രീയ വിദ്യാഭ്യാസം നേടിയ കേരളംപോലുള്ള  സമൂഹത്തിൽപ്പോലും ചുരുക്കം ചില ആളുകൾക്കിടയിലെങ്കിലും ഇത്തരം ആചാരങ്ങൾക്ക്‌ സ്വീകാര്യത ലഭിക്കുന്നു എന്നത്‌  നിസ്സാര കാര്യമല്ല. ആധുനിക ശാസ്‌ത്രവികാസത്തിന്റെ ഭാഗമായി വളർന്ന സാങ്കേതികവിദ്യയെ കാലാനുസരണം പുൽകുകയും ദൈനംദിന ജീവിതത്തിൽനിന്ന്‌ ശാസ്‌ത്രീയചിന്തകളെ അകറ്റിനിർത്തുകയും ചെയ്യുന്ന വൈരുധ്യം കേരളീയ സമൂഹത്തിലും നിലനിൽക്കുന്നുണ്ട്‌. ഇതാണ്‌, സാമൂഹ്യ പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി കാലം തള്ളിക്കളഞ്ഞ ആചാരങ്ങളെ മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക്‌ ചെറിയ തോതിലെങ്കിലും പിന്തുണ ലഭിക്കാൻ കാരണം.

ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി തക്കസമയത്ത്‌ ഇടപെടുന്നതിൽ  ദേവസ്വംമന്ത്രി കാണിച്ച ജാഗ്രത അഭിനന്ദിക്കപ്പെടേണ്ടതാണ്‌. അതുപോലെതന്നെ, സർക്കാർ നിർദേശം മാനിച്ച്‌ ആചാരങ്ങളും വഴിപാടുകളും കാലോചിതമായി പരിഷ്‌കരിക്കാൻ ദേവസ്വം ബോർഡും തന്ത്രി സമാജവും കാണിച്ച ഔചിത്യവും ആശാവഹമാണ്‌. എന്നാൽ, സമൂഹത്തിന്റെ അടിത്തട്ടിൽ വേരുപിടിക്കുന്ന ജാതിബോധത്തെയും അശാസ്‌ത്രീയ ചിന്തകളെയും വേരോടെ പിഴുതുകളയുന്നതിന്‌ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതുണ്ട്‌ എന്നാണ്‌ ഈ വിഷയം നമ്മെ ബോധ്യപ്പെടുത്തുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top