23 April Tuesday

സ്റ്റാർട്ടപ് മേഖലയിൽ കുതിപ്പിന് വഴിയൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്‌ കോംപ്ലക്‌സ്‌ കേരളത്തിൽ നിലവിൽവരികയാണ്‌. കളമശേരിയിൽ 13.2 ഏക്കറിൽ സജ്ജമാകുന്ന ഈ സമുച്ചയം രാജ്യത്തെ മികച്ച നവസംരംഭകത്വ കേന്ദ്രമായി മാറും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

വ്യവസായരംഗത്തെ പുതുമേഖലകളിൽ ഒന്നാണ്‌ സ്റ്റാർട്ടപ്പുകൾ. ഒരാളോ ഏതാനും പേരോ ചേർന്നു തുടങ്ങുന്ന നവീന സംരംഭങ്ങളാണ്‌ ഇവ. പലപ്പോഴും ഒരാവശ്യത്തിനുതകുന്ന സാങ്കേതികവിദ്യ കണ്ടെത്താനോ ഒരു പ്രശ്‌നത്തിന്‌ പരിഹാരം തേടാനോ തുടങ്ങുന്നവയാകാം. ലോകത്താകെ ഇത്തരം ചെറുകമ്പനികളുടെ മുന്നേറ്റം സമീപകാലത്തുണ്ടായി. എല്ലാം  വിജയിക്കുന്നില്ലെങ്കിലും  ഒട്ടേറെ കമ്പനികൾ വൻസ്ഥാപനങ്ങളായി വളർന്നു. ഉയർന്ന നൈപുണ്യ മികവും  സാങ്കേതിക വൈദഗ്‌ധ്യവും  നേടിയവരുടെ  വർധിച്ച സാന്നിധ്യം  സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾക്ക്‌ അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നു.

സർക്കാർതലത്തിൽ പ്രോത്സാഹനം കിട്ടുന്നുണ്ടെങ്കിലും ഇവയ്‌ക്ക്‌ സമഗ്രമായ ഒരു പിന്തുണാ സംവിധാനം വേണം എന്ന ആശയത്തിലാണ് ഈ സമുച്ചയം നിർമിച്ചത്. ഈ പിന്തുണ ഉണ്ടായില്ലെങ്കിൽ  സഹായം തേടി അലയുന്ന സ്റ്റാർട്ടപ് സംരംഭകർ ആശയം മറിച്ചുവിൽക്കാനോ, തുടങ്ങി ഇടയ്ക്ക‌് അവസാനിപ്പിക്കാനോ നിർബന്ധിതരാകും.

ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 35 ഇന പരിപാടിയിൽത്തന്നെ സ്റ്റാർട്ടപ്പുകൾക്ക്‌ പ്രാധാന്യം നൽകിയിരുന്നു. വർഷംതോറും ആയിരം നൂതനാശയത്തിന‌് സാമ്പത്തിക സഹായം അടക്കമുള്ള പദ്ധതികൾ നിർദേശിച്ചിരുന്നു. നവസംരംഭങ്ങളിൽ 10 ശതമാനമേ വിജയിക്കുന്നുള്ളു എന്ന സ്ഥിതി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. സംസ്ഥാന ഐടി നയത്തിലും സ്റ്റാർട്ടപ്പുകളുടെ  പ്രാധാന്യം വ്യക്തമാക്കിയിരുന്നു. സ്റ്റാർട്ടപ്പുകൾ വഴി സുസ്ഥിര സാങ്കേതിക സംരംഭകത്വം പ്രോത്സാഹിപ്പിക്കും എന്നും പറഞ്ഞിരുന്നു. ഇതിലേക്കായി ടെക്‌നോളജി ഹബ്ബുകൾ തുടങ്ങുമെന്നും വ്യക്തമാക്കി. ഈ വഴിക്കുള്ള ധീരമായ ചുവടുവയ്‌പ്പാണ്‌ കളമശേരിയിൽ ഞായറാഴ്‌ച മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ്യുന്ന സംയോജിത സ്റ്റാർട്ട്‌പ് കോംപ്ലക്‌സ്‌.

സമൂഹത്തിൽ പുതുതായി ഉയർന്നുവരുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും ഏറെയാണ്‌. പലതും പുതുതലമുറ പ്രശ്‌നങ്ങൾ എന്നുതന്നെ പറയാം. ഇവയുടെ പരിഹാരത്തിന് നവീനശാസ്‌ത്രശാഖകളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായം ആവശ്യമാണ്‌. ഇതിനുശേഷിയുള്ള ഒരു തലമുറയെ രൂപപ്പെടുത്താനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ നയത്തിൽ വ്യക്തമാക്കിയിരുന്നു. അതിനായി നൂതനാശയങ്ങളും അവയുടെ ആവിഷ്‌കാരവും പ്രോൽസാഹിപ്പിക്കുക എന്നത്‌ പ്രധാനമാണ്‌. ഈ പിന്തുണയാണ്‌ ഇപ്പോൾ സ്റ്റാർട്ടപ് സമുച്ചയം വഴി ലഭ്യമാകുന്നത്‌.

രാജ്യത്തെ ആദ്യ ഐടി പാർക്കും ആദ്യ ഇലക്‌ട്രോണിക്‌സ്‌ സംരംഭവും തുടങ്ങിയത്‌ കേരളത്തിലാണ്‌. എന്നാൽ, ഇപ്പോഴും സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലും ഇലക്‌ട്രോണിക്‌സ്‌ വ്യവസായ രംഗത്തും നമ്മൾ പിന്നിലാണ്‌. ഈ രംഗങ്ങളിൽ മാറ്റംവരുത്താൻ ഉതകുന്ന സമഗ്രമായ സമീപനമാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. നൂതന സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ കുതിച്ചുചാട്ടവും സർക്കാർ ലക്ഷ്യമിടുന്നു.

ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്റ്റാർട്ടപ്പുകളുടെ സാന്നിധ്യവും വളർച്ചയും പ്രധാനമായി സർക്കാർ കാണുന്നു. ഹാർഡ്‌വെയർ രംഗത്തെ  സ്റ്റാർട്ടപ്പുകൾക്ക്‌ പ്രത്യേക സൗകര്യം കളമശേരി സമുച്ചയത്തിലുണ്ട്‌. ഇത്‌ ഇന്ത്യയിൽത്തന്നെ ആദ്യമാണ്‌. ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക്‌ മുൻഗണന നൽകുന്നുണ്ട്‌. ക്യാൻസർ രോഗനിർണയം, ചികിത്സ തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന പ്രത്യേക കേന്ദ്രം തന്നെ ഇവിടെ സജ്ജമാകുന്നുണ്ട്‌. ഇവിടെ  പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനികൾ ഇപ്പോൾത്തന്നെ മികച്ച നേട്ടം  കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തെ പ്രവർത്തനങ്ങളിലൂടെ പേറ്റന്റിനായി 30 അപേക്ഷ സമർപ്പിച്ച്  രാജ്യത്തെ ഏറ്റവും വലിയ  ബൗദ്ധിക സ്വത്ത് അധിഷ്ഠിത ഇൻകുബേഷൻ കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.

കേരളത്തിന്‌ ഏറെ പ്രതീക്ഷ നൽകുന്ന ചുവടുവയ‌്പ്പാണ്‌ ഈ സംരംഭം. നാടിന്റെ ആവശ്യങ്ങൾക്ക്‌ ഉതകുന്ന വിധത്തിലും വളർച്ചാസാധ്യത മുന്നിൽക്കണ്ടും രൂപപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക്‌ വളർച്ചയ്‌ക്കും സുസ്ഥിരതയ്‌ക്കും അനുയോജ്യമായ അന്തരീക്ഷം ഇവിടെ ഉണ്ടാകും എന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top