20 April Saturday

കൈരാന നൽകുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018


വർഗീയധ്രുവീകരണത്തിലുടെ എല്ലാകാലത്തും തെരഞ്ഞെടുപ്പ് വിജയം നേടാനാകില്ലെന്ന് ബിജെപിയെ ബോധ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉത്തരേന്ത്യയിൽനിന്ന‌് പുറത്തുവന്നിട്ടുള്ളത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്ന നാല് ലോക‌്സഭാ മണ്ഡലത്തിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. മഹാരാഷ്ട്രയിലെ പാൾഘർ. നാഗാലാൻഡ് സീറ്റ് സഖ്യകക്ഷിയും നേടി. 11 നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ തരാലിയിൽ മാത്രമാണ് ബിജെപിക്ക് നിലനിർത്താനായത്. ബിജെപിയുടെ സഖ്യകക്ഷികളായ ജെഡി(യു), അകാലിദൾ എന്നീ കക്ഷികൾക്കും തിരിച്ചടിയുണ്ടായി. 2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് 282 സീറ്റുമായി അധികാരത്തിലേറിയ മോഡിയുടെ ബിജെപിക്ക് ഇപ്പോൾ 271 സീറ്റ് മാത്രമാണുള്ളത്. 

ഈ തകർച്ചയുടെ ഏറ്റവും നല്ല തെളിവാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ഉത്തർപ്രദേശിലേത്. പശ്ചിമ ഉത്തർപ്രദേശിലെ കൈരാന ലോക‌്സഭാ മണ്ഡലത്തിലും നൂർപൂർ നിയമസഭാ മണ്ഡലത്തിലും ബിജെപിക്ക് സിറ്റിങ‌് സീറ്റുകൾ നഷ്ടമായി. ഇരു സീറ്റിലും പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ അണിനിരന്നു. മാർച്ച് മാസത്തിൽത്തന്നെ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് ബിജെപിക്ക് ബോധ്യപ്പെട്ടിരുന്നു.  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗൊരഖ്പുരിലും ഉപ മുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ പ്രതിനിധാനംചെയ്‌ത ഫുൽപൂരിലും ബിജെപി ദയനീയമായി തോറ്റു. ബിഎസ‌്പിയുമായി സഖ്യത്തിൽ മത്സരിച്ച എസ‌്പി സ്ഥാനാർഥികളാണ് ഈ സീറ്റുകളിൽ വിജയിച്ചത്. ഇപ്പോൾ കൈരാനയിലും അതുതന്നെ ആവർത്തിച്ചു.  അജിത്‌സിങ് അധ്യക്ഷനായ രാഷ്ട്രീയ ലോക്ദളിന്റെ സ്ഥാനാർഥിയായി മത്സരിച്ച ബീഗം തബസും ഹസ്സനാണ് 44618 വോട്ടിന് ബിജെപിയുടെ മൃഗംഗ സിങ്ങിനെ പരാജയപ്പെടുത്തിയത്.

കൈരാനയിൽനിന്ന് ഹിന്ദുക്കൾക്ക് പലായനം ചെയ്യേണ്ടിവരുന്നുവെന്ന കള്ളക്കഥ പ്രചരിപ്പിച്ച കൈരാന എംപി ഹുക്കുംസിങ്ങിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴുതവണ എംഎൽഎയും ഒരുതവണ എംപിയുമായ ഹുക്കും സിങ്ങിന്റെ മകളായിട്ടുപോലും മൃഗംഗ സിങ്ങിന് വിജയിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലധികം വോട്ടിന് ഹുക്കുംസിങ് വിജയിച്ച മണ്ഡലത്തിലാണ് അരലക്ഷത്തോളം വോട്ടിന് ആർഎൽഡി സ്ഥാനാർഥി വിജയിക്കുന്നത്. കൈരാന മണ്ഡലത്തിലെ അഞ്ചിൽ നാല് നിയമസഭാ സീറ്റിലും ബിജെപിയായിരുന്നു വിജയിച്ചത്.  കൈരാനയിൽ മാത്രമാണ് എസ‌്പി വിജയിച്ചത്. തബസും ഹസ്സന്റെ മകൻ നഹീദ് ഹസ്സനാണ് മൃഗംഗയെ തന്നെ തോൽപ്പിച്ച് നിയമസഭയിലെത്തിയത്. അമ്മയുടെയും മകന്റെയും കൈയിൽനിന്ന് പരാജയത്തിന്റെ രുചിയറിയേണ്ടിവന്നു മൃഗംഗയ‌്ക്ക്. ബിജ്‌നോർ ജില്ലയിലെ നൂർപൂരിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ നിയാം ഉൽ ഹസ്സൻ 6211 വോട്ടിന് വിജയിച്ചു. 

ഈ രണ്ട് വിജയത്തിനും രാഷ്‌ട്രീയപ്രാധാന്യം ഏറെയാണ്. കാരണം 2003 ൽ നടന്ന മുസഫർനഗർ വർഗീയകലാപമാണ് കേന്ദ്രത്തിലും ഉത്തർപ്രദേശിലും അധികാരത്തിലെത്താൻ ബിജെപിയെ സഹായിച്ചത്. ഉത്തർപ്രദേശിൽ 80ൽ 73 ലോക‌്സഭാ സീറ്റ് നേടാൻ ബിജെപിയെ സഹായിച്ചത് കലാപം സൃഷ്ടിച്ച വർഗീയധ്രുവീകരണമായിരുന്നു. യുപിയിൽ കൂടുതൽ സീറ്റ് നേടാനായതാണ് ബിജെപിക്ക് കേന്ദ്രഭരണം ലഭിക്കാൻ കാരണം. കഴിഞ്ഞവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അവർ വിജയം ആവർത്തിച്ചു.  പശ്ചിമ യുപിയിൽ ബിജെപി സീറ്റുകൾ തൂത്തുവാരാൻ കാരണം ജാട്ടുകളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനായതാണ്. ജാട്ട്‐മുസ്ലിം ഐക്യത്തിലാണ് ചരൺസിങ‌് അദ്ദേഹത്തിന്റെ രാഷ്ട്രീയഭൂമിക പടുത്തുയർത്തിയത്.  മുസഫർനഗർ കലാപം ഈ ഐക്യം തകർത്തു. കർഷകരായ ജാട്ടുകളെ കൂടെനിർത്തുന്നതിലും ബിജെപി വിജയിച്ചു. എന്നാൽ, ഹിന്ദുത്വധ്രുവീകരണം ജാട്ടു കർഷകരുടെ ജീവിതത്തെ ഒരുതരത്തിലും മെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല ജാട്ട്കർഷക ഐക്യം തകർന്നതോടെ കാർഷികമേഖലയിലും വൻതിരിച്ചടിയുണ്ടായി. കരിമ്പ് കർഷകർക്ക‌് പഞ്ചസാരമില്ലുകൾ നൽകാനുള്ള കോടിക്കണക്കിനുവരുന്ന  കുടിശ്ശിക അധികാരത്തിലെത്തിയാൽ രണ്ടാഴ്ചയ‌്ക്കകം തിരിച്ചുനൽകുമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. 12750 കോടി രൂപയായി കുടിശ്ശിക ഉയർന്നു. സ്വാഭാവികമായും അവർ ബിജെപി വിരുദ്ധ ക്യാമ്പിലേക്ക് നീങ്ങി.

കഴിഞ്ഞ ലോക‌്സഭ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിക്കാത്ത ആർഎൽഡി വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുകയും ഒരു മുസ്ലിമിനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയും ചെയ്തു. ജാട്ടുകൾ വർധിച്ച തോതിൽ ബീഗത്തിന് വോട്ട് ചെയ്തതാണ് അവരുടെ വിജയത്തിന് കാരണമായത്. ബിജെപി തകർത്ത ജാട്ട്‐മുസ്ലിം ഐക്യം വീണ്ടും  തുന്നിച്ചേർക്കപ്പെട്ടു. മുസഫർനഗറിൽ കൊല്ലപ്പെട്ട ജാട്ട് യുവാക്കളായ സച്ചിൻ, ഗൗരവ് എന്നിവരുടെ പേരുകൾ ആവർത്തിച്ച് ജാട്ടുകളെ കൂടെനിർത്താൻ ആദിത്യനാഥ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ജിന്ന വിഷയം ആദിത്യനാഥും ബിജെപിയും സജീവ ചർച്ചാവിഷയമാക്കിയെങ്കിലും ഫലമുണ്ടായില്ല. ജിന്നയല്ല ഗണ്ണയാണ് (കരിമ്പ്) വിഷയമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അവസാനം ജിന്ന തോറ്റു; ഗണ്ണ ജയിച്ചു.  വർഗീയധ്രുവീകരണശ്രമം പരാജയപ്പെട്ടു. കർഷകർ ബിജെപിയോട് പ്രതികാരം വീട്ടി. ബിജെപിയുടെ വിജയരഥം ഉരുളാൻ തുടങ്ങിയ ഇടത്തുതന്നെ അവരുടെ പരാജയത്തിനും തുടക്കമിട്ടു. വർഗീയധ്രുവീകരണത്തെ രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ മാത്രമേ തോൽപ്പിക്കാനാകൂ എന്ന പാഠവും കൈരാന നൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top