18 April Thursday

കെ എം ഷാജിയുടെ കള്ളപ്പണം അഴിമതിയുടെ അഗ്രംമാത്രം

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

 

മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയും അഴീക്കോട്‌ എംഎൽഎയുമായ കെ എം ഷാജിയുടെ വീടുകളിൽനിന്ന്‌ അരക്കോടി രൂപയുടെ കള്ളപ്പണവും കണക്കിൽപ്പെടാത്ത സ്വർണവും പിടികൂടിയ സംഭവം കേരളത്തിന്റെ മനഃസാക്ഷിക്കുമുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ വലുതാണ്‌. സംസ്ഥാനത്തെ ഒരു എംഎൽഎയുടെ വീട്ടിൽനിന്ന്‌ കള്ളപ്പണശേഖരം പിടികൂടുന്നത് നിസ്സാരമല്ല. കോഴവാങ്ങിയെന്നും വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്നും ആരോപണം നേരിടുന്നയാളാണ്‌ പത്തുവർഷമായി നിയമസഭാംഗമായ ഷാജി. അദ്ദേഹത്തിന്റെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ വിജിലൻസ്‌ നടത്തിയ റെയ്‌ഡിലാണ്‌ കണക്കിൽപ്പെടാത്ത പണവും സ്വർണവും പിടിച്ചത്‌. മറ്റ്‌ വരുമാനമില്ലാത്ത ലീഗ്‌ നേതാവ്‌ ‌വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായാണ്‌ കണ്ടെത്തൽ. ജനപ്രതിനിധിയുടെ വീട്ടിൽനിന്ന്‌ കള്ളപ്പണം പിടിച്ചതിനെക്കുറിച്ച്‌ വിശദീകരിക്കാൻ ലീഗിനും യുഡിഎഫിനും ബാധ്യതയുണ്ട്‌. എന്നാൽ, ഇക്കാര്യം അറിഞ്ഞമട്ടില്ലാതെ തലപൂഴ്‌ത്തിയിരിപ്പാണ്‌ നേതൃത്വം.

അരക്കോടിയുടെ കള്ളപ്പണം, 491 ഗ്രാം സ്വർണം, വൻതുകയുടെ വിദേശ കറൻസികൾ, അനധികൃത സമ്പാദ്യത്തിന്റെ രേഖകൾ... വിജിലൻസ്‌ കണ്ടെത്തിയ വിവരങ്ങൾ ലീഗ്‌ നേതാവിന്റെ സാമ്പത്തികവളർച്ചയുടെയും വഴിവിട്ട ഇടപാടുകളുടെയും രഹസ്യങ്ങളിലേക്ക്‌ വഴിതുറക്കുന്നു. എംഎൽഎയ്‌ക്ക്‌ സ്വപ്‌നം കാണാനാകാത്ത വൻസമ്പാദ്യത്തിന്റെ വിവരങ്ങൾ കണ്ടെത്തിയതായാണ്‌ വാർത്ത. റെയ്‌ഡ്‌ കഴിഞ്ഞ്‌ ദിവസങ്ങളായിട്ടും പണത്തിന്റെയും സ്വർണത്തിന്റെയും രേഖകൾ ഹാജരാക്കാൻ കഴിയാത്തത്‌ ആരോപണം ബലപ്പെടുത്തുന്നു.

പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌‌ പരസ്‌പരവിരുദ്ധമായ വിശദീകരണമാണ്‌ ഷാജിയും അടുപ്പക്കാരും മാധ്യമങ്ങളിലൂടെ നൽകുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ശേഖരിച്ച പണമാണെന്നാണ്‌ ‘മനോരമ’യിലെ വിശദീകരണം. ഭൂമി ഇടപാടിനായി ബന്ധു തന്ന പണമാണെന്ന്‌ ‘മാതൃഭൂമി’ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്‌ ചെലവാക്കാവുന്നത്‌ 30.8 ലക്ഷം രൂപയാണ്‌. ഇതിനായി‌ അരക്കോടി രൂപ സൂക്ഷിച്ചുവെന്നാണ്‌ വാദം. ഭൂമി ഇടപാടിന്‌ ബന്ധുവിന്റെ അരക്കോടി സൂക്ഷിച്ചുവെന്ന വിശദീകരണവും കുഴപ്പത്തിലാക്കും. കണ്ണൂരിലെ വീട്ടിൽ അടുക്കളയിലെ ഫ്രിഡ്‌ജിന്റെ അടിഭാഗത്ത്‌ സെല്ലോടേപ്പുകൊണ്ട്‌ ഒട്ടിച്ച നിലയിലാണ്‌ 16 ലക്ഷം രൂപ കണ്ടെത്തിയത്‌. സ്‌റ്റോർ റൂമിലെ പഴയ ടിവിയുടെ ഉള്ളിൽനിന്ന്‌ 20 ലക്ഷം രൂപയും ഉപയോഗിക്കാത്ത ബാത്ത്‌റൂമിലെ ഫ്ലഷ്‌ ടാങ്കിൽനിന്ന്‌ 14 ലക്ഷം രൂപയും പിടിച്ചെടുത്തു. രേഖയുള്ള പണം ഫ്രിഡ്‌ജിന്റെ അടിയിലും ടിവിക്കുള്ളിലും ഫ്ലഷ്‌ ടാങ്കിലുമല്ല സൂക്ഷിക്കുക. ഇത്തരം വിശദീകരണങ്ങൾ അഴിമതി കൈയോടെ പിടിക്കപ്പെട്ടതിന്റെ തെളിവാണ്‌.

ഷാജിക്കെതിരായ അഴിമതി ആരോപണം ആദ്യമുയർന്നത്‌ ലീഗിൽനിന്നുതന്നെയാണ്‌. അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ പ്രാദേശിക ലീഗ്‌ നേതൃത്വമാണ്‌ ആരോപണം ഉന്നയിച്ചത്‌. ഇത്‌ വിജിലൻസിൽ പരാതിയായെത്തി. ഇതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ ഷാജിയുടെ അനധികൃത സ്വത്ത്‌ സംബന്ധിച്ച്‌ അഭിഭാഷകനായ എം ആർ ഹരീഷ്‌ വിജിലൻസിന്‌ പരാതി നൽകിയത്‌. ഇതോടെ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളെക്കുറിച്ചുംമറ്റും വിവരങ്ങൾ പുറത്തുവന്നു. കോർപറേഷനിൽനിന്ന്‌‌ അനുമതി വാങ്ങാതെയാണ്‌ കോഴിക്കോട്ടെ ആഡംബര വീട്‌ പണിതത്‌. 2011ലും 2016ലും തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്‌മൂലങ്ങളിലെ സ്വത്തുവിവരങ്ങളുമായി പൊരുത്തപ്പെടുന്നതേയല്ല ഷാജിയുടെ സമ്പാദ്യമെന്നും‌ വിജിലൻസ്‌ സാക്ഷ്യപ്പെടുത്തുന്നു.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന്‌ വർഗീയ പ്രചാരണം നടത്തിയതിന്‌ വിലക്കിലായ ജനപ്രതിനിധിയാണ് ഷാജി. അധികാരങ്ങളില്ലാത്ത അര എംഎൽഎയാണ്‌ അദ്ദേഹം. ജയിക്കാൻ പച്ചയായ വർഗീയത പ്രചരിപ്പിക്കുക, ഇടതുപക്ഷത്തെ ജനനേതാക്കളെ നിരന്തരം അധിക്ഷേപിക്കുക, എംഎൽഎയുടെ സ്വാധീനം ഉപയോഗിച്ച്‌ അനധികൃത സ്വത്ത്‌‌ സമ്പാദിക്കുക... രാഷ്ട്രീയ പ്രവർത്തനത്തെ സാമൂഹ്യവിരുദ്ധ നിലവാരത്തിലേക്ക്‌ തരംതാഴ്‌ത്തുന്ന സംസ്‌കാരമാണ്‌ ഇത്തരക്കാരുടേത്‌. ഈ ക്രിമിനൽ രാഷ്‌ട്രീയ അപചയത്തെക്കുറിച്ച്‌ പ്രതികരിക്കാൻ യുഡിഎഫിനോ പ്രതിപക്ഷ നേതാവിനോ വലതുപക്ഷ മാധ്യമങ്ങൾക്കോ നാവ്‌ പൊങ്ങുന്നില്ല. ഇവരുടെ ചുമലിലാണ്‌ യുഡിഎഫിന്റെ നിലനിൽപ്പ്‌. അഴിമതി ശൈലിയും ശീലവുമാക്കിയ മുസ്ലിംലീഗിന്‌ ജ്വല്ലറി തട്ടിപ്പും പഞ്ചവടിപ്പാലവും അലങ്കാരങ്ങളാണ്‌. സ്വന്തം എംഎൽഎയുടെ വീട്ടിൽനിന്ന്‌ കള്ളപ്പണം പിടിച്ചാലും അഭിമാനം. ജയിലിലേക്ക്‌ യാത്രയാകുന്ന എംഎൽഎമാരെ സൃഷ്ടിക്കാൻ അടുത്ത കാലത്തായി ലീഗ്‌ കാട്ടുന്ന പാടവം അന്യാദൃശം. ഇത്തരക്കാരെ ജനം ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിയുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top