08 December Friday

കെ എം മാണിയുടെ വേർപാട്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019


ആറു പതിറ്റാണ്ടിലേറെ കേരള  രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായ നേതാവിനെയാണ് കെ എം മാണിയുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. കോൺഗ്രസിൽനിന്ന് വേർപെട്ട‌് രൂപീകൃതമായ കേരള കോൺഗ്രസിന്റെ എക്കാലത്തെയും നേതാവായിരുന്നു അദ്ദേഹം. പാലാ നിയമസഭാ മണ്ഡലം ഉണ്ടായതുമുതൽ അവിടെനിന്ന് വിജയിച്ചത് മാണിയാണ്. സംസ്ഥാനത്ത‌് ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ച ധനമന്ത്രി എന്ന നിലയിൽ ചരിത്രത്തിൽ ഇടംനേടിയ അദ്ദേഹം നിയമസഭാ പ്രവർത്തനത്തിൽ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു. എല്ലാ എതിർപ്പുകൾക്കിടയിലും സ്വന്തം പ്രാദേശിക പാർടിയെ തന്റെ പേരിനു കീഴിൽ നിലനിർത്താനും തന്റെ രാഷ്ട്രീയ അഭിരുചിക്കൊപ്പം പാർടിയെ ചലിപ്പിക്കാനും കഴിഞ്ഞ തന്ത്രജ്ഞനായ നേതാവ് എന്ന നിലയിലാണ് യുഡിഎഫ് രാഷ്ട്രീയം കെ എം മാണിയെ അടയാളപ്പെടുത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയചലനങ്ങളെ മനസ്സിലാക്കാനും അതിനനുസൃതമായി തന്റെ പാർടിയുടെ നയം മാറ്റാനും കഴിഞ്ഞ നേതൃപാടവം കേരള കോൺഗ്രസിലെ ഇതര നേതാക്കളിൽനിന്ന് മാണിയെ വ്യത്യസ‌്തനാക്കുന്നു. മുന്നണിരാഷ്ട്രീയത്തിലെ സമർഥമായ ചുവടുവയ‌്പുകളിലൂടെ കേരള കോൺഗ്രസിന്റെ താല്പര്യങ്ങൾ പലപ്പോഴും  യുഡിഎഫിന്റെ താല്പര്യങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം പാർടിയിലെ പിളർപ്പുകളെയും തിരിച്ചടികളെയും വളർച്ചയുടെ ലക്ഷണമായി അവതരിപ്പിച്ച്‌, പിളരുന്തോറും വളരുന്ന പാർടിയാണ് കേരള കോൺഗ്രസ‌് എന്നാണ‌് മാണി ഒരു ഘട്ടത്തിൽ വിശദീകരണം നൽകിയത്.

ദീർഘമായ അനുഭവവും നിരന്തരമായ പഠനവും നിയമനിർമാണത്തിൽ തന്റേതായ സംഭാവന നൽകാൻ മാണിയെ പ്രാപ്തനാക്കി. നിയമസഭയിൽ ചൂടേറിയ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ചട്ടങ്ങളും നടപടിക്രമങ്ങളും ഉദ്ധരിച്ച‌് ചടുല പ്രതികരണത്തിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മന്ത്രി എന്ന നിലയിലും വകുപ്പുകളിലെ സൂക്ഷ‌്മചലനങ്ങൾ മനസ്സിലാക്കാനും അതിനനുസൃതമായ ഇടപെടൽ നടത്താനും അദ്ദേഹം ശ്രദ്ധിച്ചു.

അതുകൊണ്ടുതന്നെ, കെ എം മാണി അറിയാതെയോ അദ്ദേഹത്തിന്റെ താല്പര്യത്തിന‌് വിരുദ്ധമായോ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ ഒരു ചലനവും ഉണ്ടാകാറില്ല. ആ സൂക്ഷ്‌മതയുടെ മറുവശമാണ്, എല്ലാ സാധ്യതകളും കണ്ടാണ് അദ്ദേഹം ഭരണപരമായ എല്ലാ തീരുമാനങ്ങളും എടുക്കാറുള്ളതെന്ന‌് എതിരാളികളും അനുകൂലികളും ഒരുപോലെ പറയാനുണ്ടായ സാഹചര്യം. മധ്യ തിരുവിതാംകൂറിലെ കർഷകരെയാണ് താൻ പ്രതിനിധാനംചെയ്യുന്നത് എന്ന് സ്ഥാപിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. കൂടെ നിൽക്കുന്നവർ കടുത്ത ശത്രുപക്ഷത്ത് പോകുമ്പോഴും നിർണായക ഘട്ടത്തിൽ മറുകണ്ടം ചാടുമ്പോഴും അക്ഷോഭ്യനായി പ്രതികൂല സാഹചര്യത്തെ നേരിടുന്ന മാണിയെ പല ഘട്ടങ്ങളിലും കേരളം കണ്ടു.  എ കെ ആന്റണിയോടൊപ്പം വലതുപക്ഷം വിട്ട‌് ഇടതു മുന്നണിയുടെ ഭാഗമായ മാണി, ഏറെ നാളുകൾ കഴിയുംമുമ്പ‌് തിരിച്ച‌് പഴയ നിലപാടിലേക്ക് പോവുകയും ആ മാറ്റം 1980ലെ ഇ  കെ നായനാർ മന്ത്രിസഭയുടെ രാജിക്ക് കാരണമാവുകയും ചെയ‌്തു.

നവലിബറൽ നയങ്ങളുടെ ആരാധകനായാണ് മാണി വിലയിരുത്തപ്പെടുന്നത്. വലതുപക്ഷ സാമ്പത്തികനയങ്ങളാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ ഇടതുപക്ഷവുമായി യോജിപ്പിന്റെ മേഖലകൾ കുറവായിരുന്നു. ഒരു കാലത്ത‌് നിയമസഭയിൽ അഴിമതി ആരോപണങ്ങളുമായി എതിർപക്ഷത്തെ സമുന്നത നേതാക്കൾക്കെതിരെപോലും കെ എം മാണി കത്തിക്കയറിയിരുന്നു. കഴമ്പില്ലെങ്കിലും,  തനിക്കുതന്നെ ബോധ്യമില്ലെങ്കിലും ഏതു വിഷയത്തിലും സഭയിൽ സമർഥമായി വാദിച്ചുനിൽക്കാനുള്ള പ്രാവീണ്യമാണ്‌ അദ്ദേഹത്തിനുമേൽ ഈ ചുമതല എത്തിച്ചത്. അതേ മാണി അവസാന നാളുകളിൽ അഴിമതി ആരോപണത്തിന്റെയും സ്വന്തം പാളയത്തിൽനിന്നുള്ള എതിർപ്പിന്റെയും ദുരിതപർവമാണ് താണ്ടിയത്. ഇടക്കാലത്ത‌് യുഡിഎഫിൽനിന്ന് പുറത്തുപോകേണ്ടിവന്നു. ഒരുപക്ഷേ, കെ എം മാണിയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലം അതാകാം. യുഡിഎഫിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് രാഷ്ട്രീയരംഗത്തെ ശക്തമായ ഇടപെടൽ അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ല. ആ ജീവിതത്തിന് എൺപത്താറാം വയസ്സിൽ തിരശ്ശീല വീഴുമ്പോൾ കേരള രാഷ്ട്രീയത്തിലെ ഒരതികായനാണ് ഇല്ലാതാകുന്നത് എന്ന് നിസ്സംശയം പറയാം. കേരള കോൺഗ്രസ‌് മാണി ഗ്രൂപ്പ് എന്ന പാർടിയുടെ നെടും തൂണാണ്; യുഡിഎഫ് രാഷ്ട്രീയത്തിലെ ചാണക്യനാണ് വിട്ടുപോകുന്നത്. ആ വേർപാടിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ  ഞങ്ങളും പങ്കുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top