28 November Tuesday

ജുഡീഷ്യറിക്ക്‌ വിലയിടരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുള്ള ഉപകരണമാക്കി മോദി സർക്കാർ ഗവർണർമാരെ മാറ്റിയിട്ട്‌ കാലമേറെയായി. പരമോന്നത കോടതികളിലെ ജഡ്‌ജിമാരെ മോഹവലയത്തിലാക്കുന്ന കാഴ്‌ചദ്രവ്യമാക്കി ഗവർണർ പദവിയെ ഉപയോഗിക്കാനും ബിജെപിക്ക്‌ മടിയില്ല. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകർക്കുകയാണ്‌ ലക്ഷ്യം. ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെമേൽ കുതിരകയറാൻ പ്രാപ്‌തരായ പാർടി കേഡർമാരെ തെരഞ്ഞുപിടിച്ച്‌ ഗവർണർമാരാക്കിയതിന്റെ ദുരന്തഫലങ്ങൾ കുറച്ചൊന്നുമല്ല.

ഭരണപ്രതിസന്ധിയും ഉന്നതവിദ്യാഭ്യാസരംഗത്തെ സ്‌തംഭനാവസ്ഥയും ഉൾപ്പെടെ ബഹുമുഖ പ്രശ്‌നങ്ങളാണ്‌ പല സംസ്ഥാനങ്ങളും നേരിടുന്നത്‌. ഫെഡറൽ വ്യവസ്ഥയിൽ സംസ്ഥാനങ്ങൾക്ക്‌ അവകാശപ്പെട്ട ധനവിഹിതം നിഷേധിക്കുന്നതിന്‌ പുറമെയാണ്‌ ഗവർണർമാരെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയവേട്ട. ഇത്തവണ നിയമിതരായ ആറ്‌ ഗവർണർമാരിൽ നാലുപേരും ബിജെപിയുടെ പ്രധാന നേതാക്കളാണ്‌. സംസ്ഥാനങ്ങളിൽ ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്താൻ പക്വമതികളും പരിചയസമ്പന്നരുമായ സ്‌റ്റേറ്റ്‌സ്‌മാൻമാരെ ഗവർണർമാരായി നിയമിക്കുകയെന്ന കീഴ്‌വഴക്കമാണ്‌ ബിജെപി ഭരണം ഇല്ലാതാക്കിയത്‌.

ജുഡീഷ്യൽ സംവിധാനത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ മോദി സർക്കാർ മറയില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ സുപ്രീംകോടതിയിൽനിന്ന്‌ സമീപകാലത്ത്‌ വിരമിച്ച ജസ്റ്റിസ്‌ എസ്‌ അബ്‌ദുൽ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ചത്‌. ഈ നിയമനത്തിന്റെ ആന്തരാർഥങ്ങളറിയാൻ ജസ്റ്റിസ്‌ അബ്‌ദുൽ നസീറിന്റെ സമീപകാല വിധിന്യായങ്ങൾ പരിശോധിച്ചാൽ മതി. രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ തകർത്ത്‌ കലാപത്തിലേക്കും കൂട്ടക്കൊലകളിലേക്കും നാടിനെ തള്ളിവിട്ട ബാബ്‌റി മസ്‌ജിദ്‌– അയോധ്യ ഭൂമിതർക്കത്തിൽ ക്ഷേത്രനിർമാണത്തിന്‌ അനുകൂലമായി വിധിയെഴുതിയ ന്യായാധിപനാണ്‌ അദ്ദേഹം. ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്ലിം വിഭാഗത്തിലെ പുരുഷൻമാർക്കുമാത്രം ജയിൽശിക്ഷ നിർദേശിച്ച മുത്തലാഖ്‌ വിധിയും അദ്ദേഹത്തിന്റേതാണ്‌. നോട്ടുനിരോധനം ശരിവച്ചതായിരുന്നു മറ്റൊരുവിധി. നീതിപീഠത്തിലിരിക്കെ ആർഎസ്‌എസ്‌ അഭിഭാഷക സംഘടനയുടെ വേദിയിലെത്തി  മനുവിന്റെ നീതിമാർഗമാണ്‌ ഇന്ത്യ പിന്തുടരേണ്ടതെന്ന്‌ പ്രസ്‌താവിച്ചും ജസ്റ്റിസ്‌ നസീർ വിവാദമുണ്ടാക്കി.

എന്താണ്‌ ഈ നിയമനത്തിലൂടെ മോദി സർക്കാർ വിളിച്ചുപറയുന്നത്‌. തങ്ങൾക്ക്‌ ഹിതകരമായത്‌ ചെയ്‌താൽ ശിഷ്‌ടകാല സേവനവും വിലയ്‌ക്കെടുത്തോളാമെന്നാണോ. ജുഡീഷ്യറി ഉൾപ്പെടെയുള്ള ഉന്നതപദവികളിലെത്തുന്നവരുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണ്‌, വിരമിച്ച ശേഷവും അവർക്ക്‌ മെച്ചപ്പെട്ട സൗകര്യങ്ങൾ സർക്കാർ ലഭ്യമാക്കുന്നത്‌. മറ്റു പദവികൾ നിരാകരിക്കേണ്ടത്‌ അവരുടെ സാമൂഹ്യമായ ഉത്തരവാദിത്വമാണ്‌. എന്നാലിവിടെ സർക്കാർതന്നെ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുകയാണ്‌. സേവനാനന്തരം നല്ല പാക്കേജിന്‌ കാത്തിരിക്കുന്നവരായി ന്യായാധിപൻമാരെ മാറ്റിയാൽ നീതിപീഠത്തൈ പ്രതീക്ഷയോടെ കാണുന്ന ജനങ്ങളുടെ സ്ഥിതി എന്താകും. ബാബ്‌റി മസ്‌ജിദ്‌ കേസിൽ വിധി പറഞ്ഞ ബെഞ്ചിന്റെ തലവൻ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്ജൻ ഗൊഗോയിയെ കാത്തിരുന്നത്‌ രാജ്യസഭാംഗത്വമായിരുന്നു. ബെഞ്ചിലെ മറ്റ്‌ രണ്ട്‌ ജഡ്‌‌ജിമാർക്കും ഉന്നത പദവികൾതന്നെ കിട്ടി.

രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷം ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള ശ്രമം ശക്തിപ്പെട്ടതായി കാണാം. ജഡ്‌ജി നിയമനത്തിനുള്ള കൊളീജിയം കുറ്റമറ്റതാണെന്ന്‌ പറയാനാകില്ലെങ്കിലും, ബിജെപി സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്‌ കമീഷനു പിന്നിൽ രാഷ്‌ട്രീയലക്ഷ്യം മാത്രമായിരുന്നു. ഇത്‌ ഭരണഘടനാവിരുദ്ധമെന്ന്‌ സുപ്രീംകോടതി വിധിച്ചത്‌ മോദി സർക്കാരിന്‌ വലിയ തിരിച്ചടിയായി. എന്നാൽ, പിൻവാങ്ങാൻ തയ്യാറാകാതെ ജഡ്‌ജി നിയമനത്തിൽ കൈകടത്താനുള്ള ശ്രമം സർക്കാർ തുടരുകയാണ്‌. കേന്ദ്രനിയമ മന്ത്രി കിരൺ റിജിജു തന്നെ നിരന്തരം സുപ്രീംകോടതിക്കെതിരെ പരസ്യപ്രസ്‌താവന നടത്തുന്നു. കൊളീജിയം ശുപാർശകൾ തടഞ്ഞുവച്ചു. ജഡ്‌ജിമാരുടെ ഒഴിവുകളിൽ ദീർഘകാലമായി നിയമനമില്ലാതായി. ഒടുവിൽ സുപ്രീംകോടതിയുടെ കർശന ഇടപെടലിലൂടെയാണ്‌ ശുപാർശ അംഗീകരിച്ച്‌ രാഷ്‌ട്രപതി നിയമന ഉത്തരവിറക്കിയത്‌. നീതിന്യായ സംവിധാനത്തെ ഭരണത്തിന്റെ ഉപശാലയാക്കാനുള്ള നീക്കം ഭരണഘടനയ്‌ക്കു നേരെ നടക്കുന്ന ബിജെപി ആക്രമണത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ്‌.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യത്തിന്റെ അന്തസ്സത്തയും സംരക്ഷിക്കാൻ ചുമതലപ്പെട്ട ഗവർണർമാരെ രാഷ്‌ട്രീയ ചട്ടുകമാക്കുന്ന ബിജെപിയുടെ പതിവുരീതി കൂടുതൽ വഷളായ അന്തരീക്ഷം രാജ്യത്ത്‌ സൃഷ്‌ടിക്കുമെന്ന സൂചനയാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. പുതിയ നിയമനങ്ങളും ഏഴ്‌ ഗവർണർമാരുടെ സ്ഥലംമാറ്റവും ഈ വഴിക്കുള്ളതാണ്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കിയുള്ള ചരടുവലികളും ഇതിനുപിന്നിലുണ്ട്‌. തങ്ങൾ നിയമിച്ചവരാണെങ്കിലും വിടുപണിക്ക്‌ തയ്യാറല്ലെങ്കിൽ അനഭിമതരാകുമെന്നാണ്‌ പുതിയ ബംഗാൾ ഗവർണർക്കെതിരായ നീക്കങ്ങളിൽനിന്ന്‌ വ്യക്തമാകുന്നത്‌. ഭരണഘടനയോടും നിയമവ്യവസ്ഥയോടും തെല്ലും കൂറില്ലാത്ത ബിജെപി ഭരണത്തിനെതിരെ കൂടുതൽ ശക്തമായ, യോജിച്ച പോരാട്ടങ്ങൾ അനിവാര്യമാക്കുന്നതാണ്‌ പുതിയ സാഹചര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top