24 March Friday

ജഡ്ജിയുടെ ദുരൂഹമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 28, 2017

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ തുറന്നവിമര്‍ശത്തിന്, മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ അധികാരക്കുത്തകയ്ക്കുനേരെ ഉയരുന്ന വെല്ലുവിളി എന്നതിനപ്പുറമുള്ള മാനങ്ങളുണ്ട്. ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ക്ക് ആര്‍എസ്എസിന്റെ അന്ത്യശാസനത്തിനപ്പുറം ആയുസ്സ് ഉണ്ടാകാറില്ല.

അദ്വാനിയടക്കമുള്ളവരെ മൂലക്കിരുത്തിയാണ് മോഡിയും ഷായും രംഗം കൈയടക്കിയത്. നാഗ്പുരില്‍നിന്ന് ആരെ വാഴിക്കുന്നു, അവരാണ് ഭരണത്തിലും പാര്‍ടിയിലും അവസാനവാക്ക്. എന്നാലിപ്പോള്‍ ആശയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ തുടരെ ചോദ്യങ്ങള്‍ ഉയരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ ഒളിപ്പിക്കാവുന്നതല്ല ബിജെപി നേരിടുന്ന ആശയ- സംഘടനാ പ്രശ്നങ്ങള്‍. പ്രത്യേകിച്ച് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ. പട്ടേല്‍, പിന്നോക്ക, ദളിത് വിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്ന അകല്‍ച്ച ബിജെപിയെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതിനിടയിലാണ് കടുത്ത ആഭ്യന്തരശൈഥില്യവും മറനീക്കുന്നത്. 

ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച 'യുദ്ധതന്ത്ര'മാണ് മോഡിയു അമിത് ഷായും രാജ്യമാകെ വ്യാപിപ്പിക്കുന്നത്. തീവ്ര മതവര്‍ഗീയത, സങ്കുചിത ദേശീയത, ഭയം വിതയ്ക്കല്‍, ഭരണഭീകരത, സവര്‍ണാഭിമുഖ്യം, ന്യൂനപക്ഷ- ദളിത് വിരോധം, അഴിമതി, അധികാര ദുര്‍വിനിയോഗം, വ്യാജ ചരിത്രനിര്‍മിതി, കാവിവല്‍ക്കരണം, കള്ളം പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ചേരുവകള്‍ ആവശ്യാനുസരണം എടുത്തുപയോഗിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറവില്‍ സമഗ്രാധിപത്യത്തിന്റെ സാധ്യതകളാണ് എല്ലാ മേഖലയിലും പരീക്ഷിക്കുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഇടതുപക്ഷ, ജനാധിപത്യ- മതനിരപേക്ഷ കക്ഷികള്‍ ഉയര്‍ത്തുമ്പോഴും ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റമൊന്നുമില്ല. മാത്രമല്ല, കേരളംപോലെ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് കടന്നുകയറാനുള്ള ശ്രമം തുടരുകയുമാണ്.

കേരളത്തെ ലക്ഷ്യമാക്കി അമിത് ഷായുടെ പ്രത്യേക താല്‍പ്പര്യത്തിലും നേതൃത്വത്തിലും അടുത്തിടെ നടന്ന നീക്കങ്ങള്‍ ചീറ്റിപ്പോയെങ്കിലും പിന്മാറിയെന്ന് കരുതാനാകില്ല. ന്യൂനപക്ഷങ്ങളോടും സിപിഐ എമ്മിനോടുമുള്ള വിരോധം കൂട്ടിക്കെട്ടി 'മാര്‍ക്സിസ്റ്റ്- ജിഹാദി ഭീകരതയ്ക്കെതിരെ' എന്ന വന്‍പ്രചാരണത്തോടെ സംഘടിപ്പിച്ച കേരളരക്ഷാ യാത്ര ദയനീയ പരാജയമായി. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തേക്ക് നടത്തിയ തുടര്‍ച്ചയായ മാര്‍ച്ചുകളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരടക്കം നടത്തിയ ആക്രോശങ്ങള്‍ ബിജെപി ഭരണത്തെ പരിഹാസ്യമാക്കി. ഇവിടെയെല്ലാം ദൃശ്യമാകുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറം എതിര്‍പ്പുകളെ, കൊന്നും കൊലവിളിച്ചും ഇല്ലാതാക്കുന്ന ഫാസിസത്തിന്റെ പടപ്പുറപ്പാടാണ്. ഹിറ്റ്ലറില്‍നിന്ന് കടംകൊണ്ട ഈ ശൈലിയുടെ പരീക്ഷണശാല ഗുജറാത്തായിരുന്നു. മൂന്നുനാള്‍കൊണ്ട് 3000 പേരുടെ ജീവനെടുത്ത വര്‍ഗീയകലാപത്തിലും തുടര്‍ന്ന് നടന്ന നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും പുതിയൊരു ഹിംസാപദ്ധതി വെളിവായി.

ഗോധ്ര ട്രെയിന്‍ തീവയ്പിന്റെ പേരില്‍ അരങ്ങേറിയ മുസ്ളിംവംശഹത്യയുടെയും സൊഹ്റാബ്ദീന്‍, ഇസ്രത് ജഹാന്‍, പ്രജാപതി തുടങ്ങിയ കൊലക്കേസുകളുടെയും പ്രതിപ്പട്ടികയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെട്ടത് യാദൃച്ഛികമല്ല. ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യങ്ങളായിരുന്നു അവയോരോന്നും. ഗുജറാത്ത് സര്‍ക്കാരിന്റെയും ബിജെപി- സംഘപരിവാര്‍ നേതാക്കളുടെയും പങ്കാളിത്തം മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും സംശയലേശമെന്യേ കണ്ടെത്തി. എല്ലാ കേസില്‍നിന്നും മോഡിയും അമിത് ഷായും അനുചരന്മാരും തലയൂരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മോഡി പ്രധാനമന്ത്രിയും പിന്നാലെ അമിത് ഷാ ബിജെപി പ്രസിഡന്റുമായതോടെ കേസുകളില്‍ നഗ്നമായ ഇടപെടലുകളാണ് നടന്നത്. സിബിഐ അന്വേഷിച്ച നിരവധി കേസുകളുടെ പ്രതിപ്പട്ടികയില്‍നിന്ന് മോഡിയും ഷായും ഒഴിവാക്കപ്പെട്ടു.

നിയമവാഴ്ചയെയും നീതിന്യായവ്യവസ്ഥയെയും ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള വഴിവിട്ട നീക്കങ്ങളാണ് അരങ്ങേറിയത്. അന്വേഷണ ഏജന്‍സികളെമാത്രമല്ല, കോടതികളെയും വരുതിയിലാക്കാന്‍ ശ്രമം നടന്നു. ഏറ്റവുമൊടുവില്‍, അമിത് ഷാ മുഖ്യപ്രതിയായ സൊഹ്റാബ്ദീന്‍ കേസില്‍ വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. അമിത് ഷായ്ക്ക് അനുകൂലവിധി പുറപ്പെടുവിക്കുന്നതിന്  ജഡ്ജിക്ക്് മുംബൈയില്‍ വീടും നൂറുകോടി രൂപയും വാഗ്ദാനം ചെയ്തു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മൊഹിത് ഷായാണ് ഇടനിലക്കാരനായത് എന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്നു. ഇത് നിരസിച്ച ലോയ ദിവസങ്ങള്‍ക്കുള്ളില്‍ നാഗ്പുരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തുടര്‍ന്ന് കേസ് കേട്ട ജഡ്ജി എം ബി ഗൊസായി അമിത് ഷായെ കുറ്റവിമുക്തനാക്കി.

മാധ്യമശ്രദ്ധ വേണ്ടത്ര പതിയാതെ പോയ  ജഡ്ജിയുടെ ദുരൂഹമരണവും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും സംബന്ധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്്. നോട്ട് നിരോധനത്തെ സാമ്പത്തികദുരന്തമെന്ന് വിശേഷിപ്പിച്ച് നേരത്തെയും സിന്‍ഹ, മോഡിഭരണത്തിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം എന്ന ആപത്ത് മതനിരപേക്ഷ ഇന്ത്യക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. അതിനൊപ്പം ഫാസിസ്റ്റ് സമഗ്രാധിപത്യംകൂടി അടിച്ചേല്‍പ്പിക്കുന്ന മോഡി- അമിത് ഷാ ദ്വയത്തിനെതിരെ ബിജെപിക്ക് അകത്തുനിന്ന് ഉയരുന്ന ചെറുതല്ലാത്ത എതിര്‍പ്പുകള്‍ ആശ്വാസകരംതന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top