28 September Thursday

ജിഷയ്‌ക്ക് നീതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017


പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോല്‍ ഇരവിച്ചിറ കനാല്‍പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അനുഭവം സമൂഹത്തില്‍ ഞെട്ടല്‍മാത്രമല്ല, രോഷവും ആശങ്കയും നൈരാശ്യവുമെല്ലാം കലര്‍ന്ന തീവ്രമായ വികാരവേലിയേറ്റംകൂടിയാണ് സൃഷ്ടിച്ചത്. നിയമവിദ്യാര്‍ഥിനികൂടിയായ ജിഷ പൈശാചികമായി മാനഭംഗംചെയ്യപ്പെട്ട് ആന്തരാവയവങ്ങളിലടക്കം ഗുരുതര പരിക്കുമായി മരിച്ചുകിടന്ന രംഗം ഓരോ സ്ത്രീയുടെയും സുരക്ഷിതത്വം നേരിടുന്ന വെല്ലുവിളിയുടെ അസ്വാസ്ഥ്യജനകമായ പ്രതീകാത്മക ചിത്രംകൂടിയായിരുന്നു. സ്ത്രീസുരക്ഷയ്ക്ക് പുകള്‍പുറ്റ കേരള സംസ്ഥാനവും സംസ്ഥാന സര്‍ക്കാരും പൊലീസ് സന്നാഹവും നിരാലംബയായ ആ പെണ്‍കുട്ടിയുടെ ദുരന്തത്തിനുമുന്നില്‍ നോക്കുകുത്തികളായി. കുറ്റവാളികളെ കണ്ടുപിടിച്ച് നിയമത്തിനുമുന്നിലെത്തിക്കേണ്ട പൊലീസ് തെളിവ് നശിപ്പിക്കാന്‍ മത്സരിച്ചു. ധൃതിവച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം, കുറ്റകൃത്യത്തിന്റെ ഗൌരവമോ കുറ്റവാളി പിടിക്കപ്പെട്ടില്ലെന്ന വസ്തുതയോ കണക്കിലെടുക്കാതെ രാത്രിയില്‍ പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിക്കുകയാണുണ്ടായത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് ജിഷയുടെ ദുരന്തമുണ്ടായത്്. പൊലീസ് പ്രകടമായിത്തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ അവശേഷിക്കെ, സംസ്ഥാനത്തിന്റെ ക്രമസമാധാനത്തകര്‍ച്ചയും നീതിനിര്‍വഹണത്തിലെ പാളിച്ചയും സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത് തടയാന്‍, ജിഷവധംതന്നെ മറച്ചുവയ്ക്കാനും നിസ്സാരപ്പെടുത്താനുമുള്ള ശ്രമങ്ങളാണുണ്ടായത്. ജിഷ ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടും ശരീരത്തില്‍ 38 മുറിവ് കണ്ടെത്തിയിട്ടും സഗൌരവം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസ് തയ്യാറായില്ല. ദളിത് വിഭാഗത്തില്‍പ്പെട്ട ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും വരില്ലെന്ന ബോധംകൂടിയായിരുന്നു ആ അവഗണനയ്ക്കു പിന്നില്‍. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടി നടത്തേണ്ടിവന്നു അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ജിഷയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനംചെയ്തത്. പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ നേരിട്ട് പെരുമ്പാവൂരിലെത്തി.

യുഡിഎഫ് ഭരണം അവസാനിക്കുന്നതുവരെ കേസന്വേഷണം എങ്ങുമെത്തിയില്ല. ബലാത്സംഗവും അതിന്റെ  ഭാഗമായി ഉണ്ടായ മൃഗീയ ആക്രമണവും മറച്ചുവച്ച് കൊലക്കുറ്റംമാത്രമായി ചുരുക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതോടെ എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ശാസ്ത്രീയ അന്വേഷണത്തിലൂടെ കൊലപാതകി അമീറുള്‍ ഇസ്ളാമാണെന്ന് കണ്ടെത്തിയതും അയാളെ തഞ്ചാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തതും ആ സംഘമാണ്്. പുതിയസംഘം അന്വേഷണമാരംഭിച്ച് ഇരുപത്തൊന്നാം ദിവസമാണ് പ്രതി പിടിയിലായത്. 2016 സെപ്തംബര്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ചു. 2016 നവംബര്‍ രണ്ടിന് തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 291 രേഖയും 36 തൊണ്ടിമുതലും ഹാജരാക്കി. ഇപ്പോള്‍ പ്രതി അമീറുള്‍ ഇസ്ളാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരിക്കുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവച്ചു.

ജിഷയുടെ ദുരനുഭവം ഒരു പെണ്‍കുട്ടിക്കുമുണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കോടതിവിധി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വതന്ത്രമായും നിര്‍ഭയമായും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാകേണ്ടത്. അതിന് ഭംഗംവരുന്നതെന്തും എതിര്‍ക്കപ്പെടണം. മനുഷ്യന്‍ ഏറ്റവും സുരക്ഷിതമായ ഇടമെന്നു കരുതുന്ന വീട്ടിലാണ് ജിഷ കൊലചെയ്യപ്പെട്ടത്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാ മനസ്സുകളിലും ആശങ്കയും പ്രതിഷേധവുമുയര്‍ന്നത് ആ സാഹചര്യത്തിലാണ്. ആദ്യം സംഭവത്തിന്റെ ഗൌരവം ന്യൂനീകരിക്കാന്‍ ശ്രമിച്ച കേന്ദ്രങ്ങള്‍ പിന്നീട് കേസന്വേഷണം വഴിതിരിക്കാനും കുറ്റവാളി പിടിയിലായപ്പോള്‍ പുതിയ കഥ ചമച്ച് പൊലീസിന്റെ മികവിനെ മൂടിവയ്ക്കാനും ശ്രമിച്ചു. അത്തരക്കാര്‍ക്കെല്ലാമുള്ള മറുപടിയാണ് കോടതിവിധി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആദ്യത്തെ മുന്‍കൈയായിരുന്നു ജിഷ കേസിലെ പ്രതിയെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുള്ളത്. ആ ഉദ്യമം കോടതിവിധിയോടെ പൂര്‍ണ വിജയത്തിലെത്തി. ജിഷയ്ക്ക് നീതികിട്ടുകയാണ്്. അന്വേഷണസംഘവും പ്രോസിക്യൂഷനും സര്‍ക്കാരും മാത്രമല്ല, ഇന്നാട്ടിലെ എല്ലാ മനുഷ്യരും ഇതിലൂടെ വിജയിക്കുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top