26 September Tuesday

അർധരാത്രിയിലെ 
കടന്നാക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

സുപ്രീംകോടതിക്കും ഭരണഘടനയ്‌ക്കു തന്നെയും കേന്ദ്രസർക്കാർ പുല്ലുവിലപോലും കൽപ്പിക്കുന്നില്ലെന്ന കാര്യം മോദി സർക്കാർ 2014ൽ അധികാരത്തിലേറി വൈകാതെ തന്നെ രാജ്യത്തിന്‌ വ്യക്തമായ കാര്യമാണ്‌. ഭരണഘടനയെയും ഫെഡറൽ മൂല്യങ്ങളെയും കാറ്റിൽപ്പറത്തുന്ന കേന്ദ്രസർക്കാർ ഇന്ത്യയിലെ  പാർലമെന്റിനെപ്പോലും ഇരുട്ടിൽ നിർത്തിയാണ്‌ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടത്‌. പാർലമെന്റിനെ മറികടന്ന്‌ എക്സിക്യൂട്ടീവ്‌ ഉത്തരവുകളിലൂടെ നിർണായകമായ എത്രയെത്ര തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. എത്രയോ സംസ്ഥാനങ്ങളിൽ തങ്ങളുടെ പ്രതിനിധികളായ ഗവർണർമാരെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ പ്രശ്‌നങ്ങളുണ്ടാക്കി.  
 
നമ്മുടെ ജനാധിപത്യത്തിന്റെ സ്‌തംഭങ്ങളെ ഒരുതരത്തിലും പരിഗണിക്കാത്ത കേന്ദ്രസർക്കാരിന്റെ അത്തരത്തിലുള്ള ഏകാധിപത്യപ്രയോഗമാണ്‌ മെയ്‌ 20ന്‌ അർധരാത്രി ഉണ്ടായത്‌. അക്ഷരാർഥത്തിൽ ജുഡീഷ്യറിക്കു നേരെയുള്ള അർധരാത്രിയിലെ അപ്രതീക്ഷിതമായ കടന്നാക്രമണം. ഡൽഹി സർക്കാരിന്‌ നിർണായകമായ അധികാരങ്ങൾ നൽകിക്കൊണ്ട്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ പുറപ്പെടുവിച്ച ഒരു വിധിയുടെ മഷിയുണങ്ങുംമുമ്പ്‌ ആ വിധിയെ മറികടക്കാൻ ഒരു ഓർഡിനൻസ്‌ പുറത്തിറക്കിയിരിക്കുകയാണ്‌ മോദി സർക്കാർ. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ചവിട്ടിമെതിക്കുന്ന ബിജെപിയുടെ അമിതാധികാരപ്രമത്തതയുടെ മകുടോദാഹരണം. എല്ലാ അർഥത്തിലും കോടതിയലക്ഷ്യവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും.

മൂന്നംഗ ‘നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ്‌ അതോറിറ്റി രൂപീകരിച്ചുകൊണ്ട്‌ ഡൽഹി തലസ്ഥാന മേഖലയിലെ ഗ്രൂപ്പ്‌ എ ഓഫീസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള അധികാരം പിടിച്ചെടുക്കുന്നതിനാണ്‌ അർധരാത്രിയിലെ ഓർഡിനൻസ്‌. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ആം ആദ്‌മി പാർടി സർക്കാരും ഡൽഹി സർക്കാരിന്‌ അനുകൂലമായ സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിന്‌ ഹർജി നൽകാൻ കേന്ദ്രസർക്കാരും തയ്യാറായതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ സംബന്ധിച്ച പുതിയൊരു നിയമയുദ്ധത്തിന്‌ വഴി തെളിഞ്ഞിരിക്കുകയാണ്‌.

നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഡൽഹി ലഫ്‌റ്റനന്റ്‌ ഗവർണർക്ക്‌ നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ്‌ അതോറിറ്റി ശുപാർശകൾ നൽകുമെന്നാണ്‌ ഓർഡിനൻസിൽ പറയുന്നത്‌. തങ്ങളുടെ  അധികാരം ലഫ്‌റ്റനന്റ്‌ ഗവർണർ വഴി കേന്ദ്രസർക്കാർ തട്ടിപ്പറിക്കുകയാണെന്ന എഎപി സർക്കാരിന്റെ വാദത്തെ ശരിവയ്‌ക്കുന്നതാണ്‌ ഈ ഓർഡിനൻസ്‌. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനെയും അതിന്റെ സംവിധാനങ്ങളെയും മറികടന്നുകൊണ്ട്‌ നിയമനങ്ങൾക്ക്‌ അതോറിറ്റിയെ നിയമിക്കുകയും ലഫ്‌റ്റനന്റ്‌ ഗവർണർക്ക്‌ പരമാധികാരം നൽകുകയുമാണ്‌ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നത്‌. വകുപ്പുകളുടെയും ബോർഡുകളുടെയും കമീഷനുകളുടെയും മറ്റു സ്ഥാപനങ്ങളിലെയും എല്ലാ ഗ്രൂപ്പ്‌ എ ഉദ്യോഗസ്ഥരുടെയും നിയമനവും സ്ഥലംമാറ്റവും മൂന്നംഗ അതോറിറ്റിയായിരിക്കും ഇനി തീരുമാനിക്കുക. മുഖ്യമന്ത്രി അധ്യക്ഷസ്ഥാനത്ത്‌ ഉണ്ടാകുമെങ്കിലും തീരുമാനങ്ങളിൽ കേന്ദ്രസർക്കാരിനാകും നിർണായക സ്വാധീനം. അതിനായി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയെ സെക്രട്ടറിയാക്കും. കേന്ദ്രം നിയമിക്കുന്ന ചീഫ്‌ സെക്രട്ടറിയാകും മൂന്നാമത്തെ അംഗം. മുഖ്യമന്ത്രിയുടെ നിലപാടിനെ മറ്റു രണ്ടംഗങ്ങൾക്ക്‌ മറികടക്കാമെന്നർഥം.

ഓർഡിനൻസ്‌ പുറപ്പെടുവിച്ചത്‌ രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണെന്നാണ്‌ കേന്ദ്ര സർക്കാർ വാദിക്കുന്നത്‌. രാജ്യതാൽപ്പര്യങ്ങളെക്കുറിച്ച്‌ ഭരണഘടനാബെഞ്ചിന്‌ ധാരണയില്ലെന്ന്‌ സ്ഥാപിച്ചുകൊണ്ട്‌ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണ്‌ കേന്ദ്രസർക്കാർ
ചെയ്‌തത്‌.

ബിജെപിയുടെ ഇരട്ടത്താപ്പുകൂടി തെളിയുന്ന സംഭവമാണിത്‌. ഡൽഹിക്ക്‌ പൂർണ സംസ്ഥാനപദവി വേണമെന്ന്‌ ബിജെപി സമീപകാലംവരെ  ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന്‌ കടകവിരുദ്ധമാണ്‌ കേന്ദ്രസർക്കാരിൽ അധികാരം കേന്ദ്രീകരിക്കാനുള്ള പുതിയ നീക്കം. ഡൽഹിക്ക്‌ സംസ്ഥാനപദവിയോ സ്വയംഭരണമോ അനുവദിക്കണമെന്ന ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യത്തെ കേന്ദ്രം പരിഗണിക്കുന്നില്ല എന്നുകൂടിയാണ്‌ ഓർഡിനൻസ്‌ അർഥമാക്കുന്നത്‌.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പിടിച്ചെടുക്കുന്ന ഈ നീക്കത്തിനെതിരെ രാജ്യമൊട്ടുക്ക്‌ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്‌. എന്നാൽ, ആംആദ്‌മി പാർടി മുമ്പ്‌ ജമ്മു കശ്‌മീരിന്റെ സ്വയംഭരണാധികാരങ്ങൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചപ്പോൾ അതിനെ പിന്തുണച്ചവരാണ്‌. അന്ന്‌ ആഹ്ലാദം പ്രകടിപ്പിച്ചവർതന്നെയാണ്‌ ഇന്ന്‌ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്‌ എന്നതാണ്‌ മറ്റൊരു വിരോധാഭാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top