മറയില്ലാതെ അധിനിവേശ ത്വര കാട്ടുന്ന ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ ആ രാജ്യത്തെ പൂർണ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. സുപ്രീംകോടതിയുടെ അധികാരങ്ങൾ കവർന്നെടുക്കാൻ ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ സർക്കാർ ബിൽ പാസാക്കിയത് ഇതിന്റെ ഭാഗമാണെന്ന് വ്യക്തം. സർക്കാരിന്റെ അതിരുവിട്ട തീരുമാനങ്ങൾ അസാധുവാക്കാൻ സുപ്രീംകോടതിക്കുള്ള അധികാരം ഇല്ലാതാക്കുന്ന ബില്ലാണ് രാജ്യമെമ്പാടും കത്തിപ്പടരുന്ന പ്രതിഷേധം അവഗണിച്ച് കഴിഞ്ഞദിവസം പാസാക്കിയത്. ജഡ്‌ജിമാരുടെ നിയമനത്തിൽ സർക്കാരിന് പൂർണ അധികാരം നൽകുന്ന ബില്ലും നെതന്യാഹു സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അഴിമതി, തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് തന്റെ അധികാരം സംരക്ഷിക്കുക എന്നതിലപ്പുറമുള്ള ലക്ഷ്യങ്ങൾ ഈ നിയമനിർമാണങ്ങൾക്കു പിന്നിലുണ്ട്. പലസ്‌തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിനെ പൂർണമായി പിടിച്ചെടുക്കാനും പുരുഷമേധാവിത്വപരമായ നയങ്ങൾ നടപ്പാക്കാനും ആവശ്യമായ നിയമനിർമാണങ്ങൾ നടത്തുകയെന്ന ദീർഘകാല അജൻഡയും സർക്കാർ വച്ചുപുലർത്തുന്നു.
ഈ നിയമനിർമാണങ്ങൾക്ക് ഫാസിസ്റ്റ് സ്വഭാവമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ബില്ലിന്റെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോൾ പതിനായിരങ്ങൾ പാർലമെന്റിനു പുറത്ത് പ്രതിഷേധറാലി നടത്തുകയായിരുന്നു. ഇസ്രയേലിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൂറ്റൻ പ്രതിഷേധറാലികൾ നടക്കുന്നു. 2021ൽ അധികാരം നഷ്ടപ്പെട്ട്, 2022ൽ തീവ്രവലതുപക്ഷ പ്രചാരണം നയിച്ച് അധികാരത്തിൽ തിരിച്ചുവന്ന നെതന്യാഹു തികഞ്ഞ അപകടകാരിയായി മാറിയിട്ടുണ്ടെന്ന് രാഷ്‌ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. അദ്ദേഹം നയിക്കുന്ന സഖ്യത്തിന്റെ സ്വഭാവം അതിലേറെ കുഴപ്പം പിടിച്ചതാണ്. എഴുതപ്പെട്ട ഭരണഘടനയില്ലാത്ത ഇസ്രയേലിൽ പ്രസിഡന്റ് പദവി ആലങ്കാരികം മാത്രമാണെന്ന് ഈ സ്ഥിതിവിശേഷത്തെ കൂടുതൽ സങ്കീർണമാക്കുന്നു. നീതിന്യായ സംവിധാനമാണ് ഇസ്രയേലിൽ താരതമ്യേന നീതിപൂർവവും നിഷ്‌പക്ഷവുമായ സമീപനം സ്വീകരിച്ചുവരുന്നത്. അതിനെയും വരുതിയിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിവരുന്നതെന്ന് വിവാദ ബില്ലുകൾക്കെതിരായ രാജ്യാന്തര എതിർപ്പ് നെതന്യാഹു സർക്കാർ വകവയ്‌ക്കാത്തതിൽനിന്ന് തെളിയുന്നു. ഏതു കാര്യത്തിനും ഇസ്രയേലിനൊപ്പം നിൽക്കുന്ന അമേരിക്കയടക്കം ഈ നിയമനിർമാണങ്ങളുടെ വിഷയത്തിൽ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. പരമോന്നത കോടതിയുടെ അധികാരം നിയന്ത്രിക്കുന്ന ബിൽ ദൗർഭാഗ്യകരമാണെന്നും നീതിന്യായ മേഖലയിലെ പരിഷ്‌കാരങ്ങൾ അഭിപ്രായസമന്വയം വഴിയാണ് നടപ്പാക്കേണ്ടതെന്നും വൈറ്റ്‌ഹൗസ് പ്രതികരിച്ചു. ബിൽ പാസായതിനെ തുടർന്ന് ഇസ്രയേലിൽ സാമ്പത്തിക, സുരക്ഷ പ്രതിസന്ധി രൂപംകൊണ്ടത് അമേരിക്കയെ അലട്ടുന്നുണ്ട്.
ഇസ്രയേലിലെ സംഭവവികാസങ്ങൾ ഇന്ത്യയിലെ ജനാധിപത്യ, പുരോഗമന വാദികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ സർക്കാരുകളെയും അവരുടെ വംശീയവെറിയിൽ അധിഷ്‌ഠിതമായ നയങ്ങളെയും മാതൃകയായി കാണുന്നവരാണ് ബിജെപിയും മോദി സർക്കാരും. രാജ്യത്തെ പൗരന്മാരെയും രാഷ്‌ട്രീയ എതിരാളികളെയും ഭരണസംവിധാനത്തിലെതന്നെ സഹപ്രവർത്തകരെയും നിരീക്ഷിക്കാനുള്ള പെഗാസസ് ചാരസോഫ്‌റ്റ്‌വെയർ മോദിസർക്കാർ ഇസ്രയേലിൽനിന്നാണ് വാങ്ങിയത്. ഇതുസംബന്ധിച്ച് പാർലമെന്റിൽ പ്രസ്‌താവന നടത്താൻപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല.
ആയുധഇടപാടുകളിലും ഇസ്രയേലിനെ ഇന്ത്യയുടെ പ്രധാന പങ്കാളിയാക്കി മാറ്റിയിട്ടുണ്ട്. ഇസ്രയേലിന്റെ ആയുധ ഇടപാടുകൾ അഴിമതിയുടെ കൂത്തരങ്ങാണ്. നീതിന്യായ സംവിധാനത്തോടുള്ള നിലപാടിന്റെ കാര്യത്തിലും നെതന്യാഹു സർക്കാരും മോദിസർക്കാരും തമ്മിൽ സാമ്യമുണ്ട്. മോദിസർക്കാർ സുപ്രീംകോടതിയുമായി നടത്തിയ പരസ്യഏറ്റുമുട്ടലുകൾ വിസ്‌മരിക്കാൻ കഴിയില്ല. സുപ്രീംകോടതിക്കെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച, കിരൺ റിജിജുവിനെ നിയമമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും മോദിസർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. സുപ്രീംകോടതി– -ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമന അധികാരം പൂർണമായി കേന്ദ്രത്തിന് ലഭിക്കണമെന്നതാണ് മോദിസർക്കാരിന്റെ നിലപാട്. കൊളീജിയം നിർദേശിക്കുന്ന പേരുകൾക്ക് അംഗീകാരം നൽകാതെ പലപ്പോഴും ജഡ്‌ജിമാരുടെ നിയമനം വൈകിക്കുകയും ചെയ്‌തു. അധികാരപരിധിയിൽ വരാത്ത വിഷയങ്ങളിൽ സുപ്രീംകോടതി ഇടപെടുന്നുവെന്നും റിജിജു ആരോപിച്ചിരുന്നു. ഇസ്രയേലിലെ നിയമനിർമാണം ഇന്ത്യയിലും ആശങ്കയായി മാറുന്നത് ഈ പശ്‌ചാത്തലത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..