30 June Thursday

ജുഡീഷ്യല്‍ അന്വേഷണം ഉചിതമായ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2017


ഗതാഗതമന്ത്രിസ്ഥാനത്തുനിന്ന് എ കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ സംഭവവികാസങ്ങളെക്കുറിച്ച്  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ജനാധിപത്യ- ധാര്‍മികമൂല്യങ്ങളോടും നീതിനിര്‍വഹണത്തോടുമുള്ള പ്രതിബദ്ധതയ്ക്ക് സര്‍ക്കാര്‍ ഒരിക്കല്‍കൂടി അടിവരയിട്ടിരിക്കുന്നു. മന്ത്രിയുടെ അശ്ളീലസംഭാഷണമെന്ന വ്യാഖ്യാനത്തോടെ ഒരു ചാനല്‍ പുറത്തുവിട്ട പുരുഷശബ്ദം മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുള്ളത്. നിവേദനം നല്‍കാനെത്തിയ യുവതിയോട് മന്ത്രി ലൈംഗികസംഭാഷണത്തിലേര്‍പ്പെട്ടെന്നാണ് ചാനലിന്റെ ആരോപണം. ശബ്ദരേഖയില്‍ പുരുഷശബ്ദംമാത്രമാണുള്ളത്. ചാനല്‍ പറയുന്ന യുവതി എന്തെങ്കിലും പരാതിയുമായി ഇതുവരെ രംഗത്തുവന്നിട്ടുമില്ല. മന്ത്രിക്കെതിരെ ചാനല്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ നിജസ്ഥിതി പുറത്തുവരാന്‍ വിശദമായ അന്വേഷണം അനിവാര്യമായിരിക്കുന്നു. ആരോപണം ഉന്നയിക്കപ്പെട്ടത് സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ, ഉയര്‍ത്തിയത് ഒരു വാര്‍ത്താമാധ്യമം. സംഭവത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ് രണ്ടും. ശബ്ദരേഖയുടെ ആധികാരികത, ലൈംഗികചൂഷണമോ മന്ത്രിയെന്ന നിലയില്‍ മറ്റെന്തെങ്കിലും അധികാരദുര്‍വിനിയോഗമോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സ്വാഭാവികമായും അന്വേഷിക്കേണ്ടിവരിക. അത്തരമൊരു അന്വേഷണം ആദ്യം ആവശ്യപ്പെട്ടവരില്‍ ഒരാള്‍  ശശീന്ദ്രന്‍തന്നെയായിരുന്നു. വിഷയം ഗൌരവമായി എടുക്കുന്നുവെന്നും കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം തുടര്‍നടപടികള്‍ വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട ശശീന്ദ്രന്‍, അന്വേഷണഘട്ടത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ധാര്‍മികമല്ലാത്തതിനാല്‍ സ്ഥാനമൊഴിയുന്നതായി അറിയിച്ചു. കേവലം രണ്ടോ മൂന്നോ മണിക്കുറിനുള്ളിലാണ് ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത്.

ഇത്രയും വിശദീകരിച്ചത,് സമാനമായ ആരോപണങ്ങളോട് മുന്‍മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ച സമീപനത്തിലെ വൈജാത്യം ഓര്‍മിക്കാനാണ്. യുഡിഎഫ് ഭരണത്തില്‍ കേന്ദ്രമന്ത്രിയും  നിരവധി സംസ്ഥാനമന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും പലവട്ടം ലൈംഗികചൂഷണ ആരോപണങ്ങള്‍ക്ക് ഇരയായി. തലസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലില്‍ ബിസിനസ് കാര്യം ചര്‍ച്ചചെയ്യാനെന്നുപറഞ്ഞ് വിളിച്ചുവരുത്തി എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് സോളാര്‍ കേസിലെ പ്രതി സരിത പരാതി നല്‍കി. ഒരു അന്വേഷണവും നടന്നില്ല. ക്ളിഫ് ഹൌസില്‍വച്ചുപോലും താന്‍ ലൈംഗികചൂഷണത്തിനിരയായെന്ന് അവര്‍ പരാതിപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല. മന്ത്രിമാരും ഭരണകക്ഷിനേതാക്കളും നിരന്തരം സരിതയെ വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ കണ്ട് ജനം മൂക്കത്ത് വിരല്‍വച്ചു. തന്നെ രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കാത്തവരാണ് യുഡിഎഫ് മന്ത്രിമാരെന്ന് സരിത വിളിച്ചുപറഞ്ഞു. ഒരു കുലുക്കവും ഇല്ലാതെയാണ് യുഡിഎഫും കോണ്‍ഗ്രസും ഇതെല്ലാം നേരിട്ടത്. ആദ്യം തെളിവുചോദിച്ചവര്‍, രേഖകളും ശബ്ദങ്ങളും ദൃശ്യങ്ങളുമൊക്കെ പുറത്തുവന്നിട്ടും ജനങ്ങളെ ലജ്ജിപ്പിച്ചുകൊണ്ട് അധികാരത്തില്‍ തുടര്‍ന്നു.

മറ്റൊരുഘട്ടത്തില്‍, അധികാരത്തില്‍ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കോടതി പറഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ നാണംകെട്ട മെയ്വഴക്കം കേരളം കണ്ടത്. കോടതി എന്തുപറഞ്ഞാലും തന്റെ മനഃസാക്ഷിയാണ് വലുതെന്ന് നിര്‍ലജ്ജം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബാര്‍കോഴയുടെ തെളിവുകള്‍ സംശയലേശമെന്യേ പുറത്തുവന്നിട്ടും ധനമന്ത്രി കെ എം മാണിയെ സംരക്ഷിച്ചുനിര്‍ത്തി. ഒടുവില്‍ സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന കോടതിപരാമര്‍ശം വേണ്ടിവന്നു, മാണിക്ക് പുറത്തേക്കുള്ള വഴിതുറക്കാന്‍. അതേ കുറ്റത്തിന്  കൈയോടെ പിടിക്കപ്പെട്ട എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാതെ, വിജിലന്‍സിനെക്കൊണ്ട് റിപ്പോര്‍ട്ട് മാറ്റിയെഴുതിച്ചു. ഇങ്ങനെ അധികാരദുര്‍വിനിയോഗത്തിന്റെ അഴിമതിയുടെയും സത്യപ്രതിജ്ഞാലംഘനത്തിന്റെയും എത്രയെത്ര നാറുന്ന കഥകള്‍.

ഇക്കാര്യങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും അടിമുടി വിരുദ്ധദിശകളിലാണെന്നതിന്് വര്‍ത്തമാനത്തില്‍ മാത്രമല്ല, ചരിത്രത്തിലും ഉദാഹരണങ്ങളുണ്ട്. ഉന്നതമായ നീതിബോധവും ധാര്‍മികതയും മുറുകെ പിടിച്ചാണ് ഇടതുസര്‍ക്കാരുകള്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. വ്യവസായമന്ത്രിയായിരുന്ന ഇ പി ജയരാജന്‍ ബന്ധുനിയമന വിവാദമുണ്ടായപ്പോള്‍ സാങ്കേതികതയില്‍ അഭയംപ്രാപിക്കാതെ സ്ഥാനമൊഴിയുകയായിരുന്നു. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ നീലലോഹിതദാസും വി എസ് മന്ത്രിസഭയില്‍നിന്ന് പി ജെ ജോസഫും ആരോപണമുയര്‍ന്നപ്പോള്‍ കടിച്ചുതൂങ്ങാതെ രാജിവച്ചു. എന്നാല്‍, ഐസ്ക്രീം കേസിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി രാജിവച്ചതാകട്ടെ തെരുവുകള്‍ ചോരക്കളമാക്കിയശേഷവും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലം സമാനതകളില്ലാത്ത ജനാധിപത്യനിഷേധത്തിന്റെ കാലമായിരുന്നു. മാധ്യമങ്ങള്‍ നിരത്തിയ രേഖകള്‍ക്കും കോടതികള്‍ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച ഉമ്മന്‍ചാണ്ടി തെളിവെവിടെ, ഖജനാവിന് നഷ്ടമില്ലല്ലോ, നിയമം നിയമത്തിന്റെ വഴിക്ക് എന്നീ പല്ലവികളാണ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

എന്നാല്‍, ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് യഥോചിതം നിലപാട് സ്വീകരിക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ചുണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. പ്രാഥമികാന്വേഷണംപോലും നടത്താതെ സ്ഥാനമൊഴിയുന്നത്, വസ്തുതയില്ലാതെ ആരോപണവുമായി വരുന്നവര്‍ക്ക് പ്രോത്സാഹനമായി വന്നുകൂടാ. എന്നാല്‍, ഇക്കാര്യത്തില്‍ ശശീന്ദ്രന്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികത ജനങ്ങള്‍ നല്ല രീതിയില്‍ സ്വീകരിച്ചു. മറുവശത്ത് നിയമാനുസൃതമല്ലാത്ത ഫോണ്‍ചോര്‍ത്തല്‍, ലൈംഗികചൂഷണം എന്നപേരില്‍ അവതരിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍, അവയില്‍ അടങ്ങിയിരിക്കുന്ന സ്ത്രീവിരുദ്ധത, വസ്തുതാന്വേഷണത്തിന്റെ അധാര്‍മികവഴികള്‍, വ്യക്തിയുടെ സ്വകാര്യത തുടങ്ങിയ നിരവധി പ്രശ്നങ്ങളും ഇതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണംതന്നെ ഏറ്റവും ഉചിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top