16 April Tuesday

ജോഷിമഠ് : മനുഷ്യ നിർമിതദുരന്തം

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


ഉത്തരേന്ത്യയിലെ ‘പവിത്രനഗര’മെന്ന്‌ അറിയുന്ന ജോഷിമഠിൽ ഭൂമി  ഇടിഞ്ഞുതാഴുന്നു. ബദരീനാഥിന്റെ പ്രവേശനകവാടമായ ഈ പ്രദേശത്തെ ഭൂമി ഡിസംബർ 27നും ജനുവരി എട്ടിനുമിടയിലെ 12 ദിവസത്തിനകം 5.4 സെന്റി മീറ്റർ ഇടിഞ്ഞു. ഹിമാലയ ഭൂവിലെ പരിസ്ഥിതിലോലമായ ജോഷിമഠ് തുടർച്ചയായി ഇടിയാൻ തുടങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലും ഭീതിയിലുമായി. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിൽ ഉൾപ്പെടുന്ന ഇവിടെ ഏകദേശം 22,000 പേർ താമസിക്കുന്നുണ്ട്. ഇവരുടെ ചെറുതും വലുതുമായ 3800 വീടുകളിൽ 760ൽ പൂർണമായും വിള്ളൽവീണു. ജനുവരി 13 വരെയുള്ള കണക്കുപ്രകാരം ഇതിൽ147 എണ്ണത്തിൽ ഒരുനിമിഷംപോലും താമസിക്കാനാകില്ല. അതുകൊണ്ടുതന്നെ ജനങ്ങൾ ജീവനും കൊണ്ടോടുകയാണ്. വലിയൊരു വിഭാഗം ജനങ്ങൾ  വീടും സമ്പാദ്യവുമെല്ലാം ഇട്ടെറിഞ്ഞ് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു. അതെ, അനേകം ഭൂചലനങ്ങളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായ  ഈ മണ്ണ്  കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. ജോഷിമഠ് ഇന്ന് വലിയൊരു ദുരന്തചിത്രമാണ്.

എന്തുകൊണ്ട് ഇങ്ങനെയൊരു സ്ഥിതി? കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന സർക്കാരുകൾ, ഒരു വീണ്ടുവിചാരവുമില്ലാതെ, ഒരുതരത്തിലുള്ള ശാസ്ത്രീയപഠനത്തിന്റെയും പിൻബലമില്ലാതെ ഇവിടെ നടത്തുന്ന നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ ദീതിദമായ അവസ്ഥയിലേക്ക്  എത്തിച്ചത്. അതായത് മനുഷ്യനിർമിത ദുരന്തം. സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരമുള്ള ഇവിടം ഹോട്ടലുകൾ, ഷോപ്പുകൾ, ടൂർ - ട്രക്കിങ് ഗ്രൂപ്പുകളുടെ ഓഫീസ് എന്നിവയടക്കം ഏതാണ്ട് 400 വാണിജ്യസ്ഥാപനങ്ങളുടെ ഭാരം ചുമക്കുന്നുണ്ട്. കൂടാതെ സൈന്യം, ഇന്തോ–- തിബറ്റൻ ബോർഡർ പൊലീസ്, നാഷണൽ തെർമൽ പവർ കോർപറേഷൻ,  ജയപ്രകാശ് പവർ വെഞ്ച്വർ എന്നിവയുടെ നിർമാണങ്ങൾ, ഋഷി ഗംഗ, തപോവൻ എന്നിവിടങ്ങളിലെ ജലവൈദ്യുതി പദ്ധതികൾ, ടണലുകൾ തുടങ്ങിയവയുമുണ്ട്. രണ്ടു വർഷമായി നിർമാണങ്ങൾ പെരുകിവരികയാണ്. മുമ്പുണ്ടായിട്ടുള്ള ദുരന്തങ്ങളുടെയൊന്നും പാഠം ഉൾക്കൊള്ളാതെയാണ് കേന്ദ്രത്തിലെ മോദി ഭരണവും ഉത്തരാഖണ്ഡിലെ പുഷ്കർ ധാമി സർക്കാരും നിർമാണങ്ങൾക്ക് പച്ചക്കൊടി കാട്ടുന്നത്.

ഉത്തരാഖണ്ഡിലെ ഭൂമിയുടെ സ്ഥിതിയെക്കുറിച്ച്, ഏതാണ്ട് 50 കൊല്ലംമുമ്പ് എം സി മിശ്ര തയ്യാറാക്കിയ റിപ്പോർട്ട് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് അടുത്തിടെ നടത്തിയ  പഠനമനുസരിച്ച് ജോഷിമഠും സമീപപ്രദേശങ്ങളും പ്രതിവർഷം 6.5 സെന്റി മീറ്റർ (രണ്ടര ഇഞ്ച്) താഴുന്നതായി കണ്ടെത്തിയിരുന്നു. 2020 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള ഉപഗ്രഹ ഡാറ്റാ പ്രകാരമാണ് ഈ കണ്ടെത്തൽ.  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ ) ഉപഗ്രഹപഠന റിപ്പോർട്ടു പ്രകാരം 2022 ഏപ്രിലിനും നവംബറിനും ഇടയിൽ ഭൂമി 8.9 സെന്റി മീറ്റർ ഇടിഞ്ഞതായി കണ്ടെത്തി. സ്ഥിതി ഇത്ര ഗുരുതരമായിട്ടും സർക്കാരിനെ അതൊന്നും അലട്ടുന്നില്ലെന്ന് മാത്രമല്ല, റിപ്പോർട്ടുകൾ മുക്കാൻ ഇടപെടുകയും ചെയ്യുന്നു. ഐഎസ്ആർഒയുടെ റിപ്പോർട്ട് വെബ്സൈറ്റിൽനിന്ന് മാറ്റിച്ചത് ഉദാഹരണം.


 

ഇപ്പോൾ, ഭീതിയിലായ ജനങ്ങൾ രോഷാകുലരായി പ്രതിഷേധിച്ചതോടെ മാത്രമാണ് സർക്കാർ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുപോലും ആലോചിച്ചത്.  ജീവിതകാലം മുഴുവൻ അധ്വാനിച്ച് കെട്ടിപ്പടുത്ത വീടടക്കം സകലതും ഉപേക്ഷിച്ച് സാധാരണക്കാർ അഭയകേന്ദ്രങ്ങളിലേക്ക് ഓടേണ്ടിവരുമ്പോൾ വികസന ജോലികളുടെ കരാറുകാരും വൻകിട ഹോട്ടലുകാരുമെല്ലാം മുതലെടുപ്പിന് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതൊക്കെ തടഞ്ഞ്, ജനങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാനും മതിയായ നഷ്ടപരിഹാരം നൽകാനുമാണ് അടിയന്തരനടപടി വേണ്ടത്.

ജോഷിമഠ് ആവർത്തിച്ചുപറയുന്ന  പാഠമുണ്ട്. നിർമാണങ്ങൾക്ക് ശാസ്ത്രീയമായ പ്രകൃതിപഠനം അനിവാര്യമാണ്‌ എന്നതാണത്. അതിന്റെ അടിസ്ഥാനത്തിലേ വികസനപരിപാടി നടപ്പാക്കാവൂ എന്നാണ്. ഇവിടെ പഠനവും റിപ്പോർട്ടുകളും അവഗണിച്ച്, 2001 മുതൽ തുടർച്ചയായ നിർമാണനീക്കങ്ങളാണ്‌ ഉണ്ടായത്. ശാസ്ത്രീയതയും മാനവികതയും ഇഴചേർന്ന ഒരു ജൈവ സംസ്കാരത്തിനു പകരം തോന്നുംപോലെ നിർമാണം നടത്തുകയായിരുന്നു. കാലാനുസൃതമായ വികസനത്തിന് ആരും എതിരല്ല. അതുപക്ഷേ, മണ്ണിന്റെയും ഭൂവിന്റെയും പരിസ്ഥിതിയുടെയും നിയതമായ രീതിയെ പിച്ചിക്കീറിയാകരുത്. മണ്ണും ഗിരിനിരകളും ജീവജലവാഹിനികളായ നദികളുമെല്ലാമാണ് ഇന്ത്യയുടെ പ്രകൃതിസത്ത. ഇവയെല്ലാം തമ്മിലുള്ള  ആത്മബന്ധത്തെ ദൃഢമായി സംരക്ഷിച്ചുകൊണ്ടാകണം വികസനനിർമാണങ്ങൾ. അല്ലെങ്കിൽ സംഭവിക്കുക മനുഷ്യനിർമിത ദുരന്തമാണ്. ജോഷിമഠിൽ അതാണ് സംഭവിച്ചതെന്ന് വിദഗ്ധർ ഒരേസ്വരത്തിൽ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top