25 April Thursday

ട്രംപിസത്തെ ബൈഡൻ അതിജീവിക്കുമോ

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021


അമേരിക്കയുടെ ആത്മവിശ്വാസത്തിനുതന്നെ വെല്ലുവിളിയുയർത്തിയ സങ്കീർണവും അക്രമാസക്തവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയക്കൊടുവിൽ രാജ്യത്തിന്റെ 46–-ാമത്‌ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു. ഇന്തോ–-കരീബിയൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ പദവിയിലെത്തുന്ന ആദ്യ വനിതയായി. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അനുയായികളുടെ അക്രമം ഭയന്ന്‌ പൊതുജനങ്ങളെ അകറ്റിനിർത്തി അധികാരക്കൈമാറ്റം നടത്തേണ്ടിവന്നത്‌ രാജ്യത്തിന്‌ നാണക്കേടായി. 25000 നാഷണൽ ഗാർഡ്‌ സേനാംഗങ്ങളുടെ കാവലിലാണ്‌ ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത അപ്പോസ്‌തലൻമാർ പുതിയ പ്രസിഡന്റിനെ ചുമതലയേൽപ്പിച്ചത്‌.

സുദീർഘ പാരമ്പര്യമുള്ള അമേരിക്കൻ ജനാധിപത്യത്തിന്റെ അടിത്തറ ദുർബലവും ആശയദൃഢതയില്ലാത്തതുമാണെന്ന്‌ തെളിയിച്ച തെരഞ്ഞെടുപ്പിലൂടെയാണ്‌ ബൈഡനും കമല ഹാരിസും അധികാരത്തിലേറിയത്‌. പ്രചാരണം, വോട്ടെണ്ണൽ, വിജയപ്രഖ്യാപനം എന്നിങ്ങനെ  തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന ട്രംപ്‌ അനുയായികളെ ഉപയോഗിച്ച്‌ പാർലമെന്റ്‌ മന്ദിരത്തിനുനേരെ ആക്രമണം നടത്തുകയും ചെയ്‌തു. ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ ട്രംപ്‌ ഒടുവിൽ സ്ഥലം വിടുകയായിരുന്നു.

മനുഷ്യത്വരഹിതനും അക്രമാസക്തനും വംശീയവാദിയുമായ ട്രംപിന്റെ തരംതാണ ജൽപ്പനങ്ങളാൽ മുഖരിതമായിരുന്നു തെരഞ്ഞെടുപ്പ്‌ കാലം. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ മടിച്ച്‌‌ ലക്ഷക്കണക്കിന്‌ അമേരിക്കക്കാരെ മരണത്തിലേക്ക്‌ വലിച്ചെറിഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിലുടനീളം വംശീയവും ആക്രമണോത്സുകവുമായ പ്രസ്‌താവനകളിലൂടെ മനുഷ്യരാശിയെ വെല്ലുവിളിച്ചു. കള്ള പ്രചാരണങ്ങളും കപട രാഷ്‌ട്രാഭിമാനവും പ്രചരിപ്പിച്ച്‌ ജനാധിപത്യ മര്യാദകളാകെ ലംഘിച്ചു. പച്ചക്കള്ളവും വ്യാജപ്രചാരണവും നടത്തി ജനാധിപത്യത്തെയും ഭരണസംവിധാനങ്ങളെയും അപമാനിച്ചു.


 

ലോകം അംഗീകരിച്ച എല്ലാ മൂല്യവും തള്ളിക്കളയുന്ന മനുഷ്യവിരുദ്ധനായാണ്‌ അധികാരത്തിലിരുന്ന നാലുവർഷവും ട്രംപ്‌ പെരുമാറിയത്‌. അന്താരാഷ്‌ട്ര കരാറുകൾ മാനിക്കാൻ തയ്യാറായില്ല. മനുഷ്യവിരുദ്ധമായ പ്രസ്‌താവനകൾ നിരന്തരം നടത്തി. അമേരിക്കയുടെ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച്‌മെന്റിന്‌ വിധേയനായ പ്രസിഡന്റ്‌ എന്ന കുപ്രസിദ്ധിയുമായാണ്‌ ട്രംപ്‌ മനസ്സില്ലാമനസ്സോടെ അധികാരം വിട്ടൊഴിഞ്ഞത്‌. സ്ഥാനമൊഴിയാൻ വെറും ഒരാഴ്‌ച ശേഷിക്കവെയാണ്‌ അദ്ദേഹം‌ രണ്ടാമതും ഇംപീച്ച്‌ ചെയ്യപ്പെട്ടത്‌.

അമേരിക്കൻ സമൂഹം ഏറ്റവുമേറെ വിഭജിക്കപ്പെട്ട തെരഞ്ഞെടുപ്പാണിത്‌. ട്രംപ്‌ അനുകൂലികളും ട്രംപ്‌ വിരുദ്ധരുമെന്ന്‌ അമേരിക്ക രണ്ടായിപ്പിരിഞ്ഞ്‌ പൊരുതി. ഈ യുദ്ധത്തിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ കപടമാന്യതയുടെ മുഖംമൂടികളാകെ അഴിഞ്ഞുവീണു. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ ഒരാൾ ജനാധിപത്യമൂല്യങ്ങളെ ചവിട്ടിയരച്ചും പുച്ഛിച്ചും വെല്ലുവിളിച്ചു. ജനാധിപത്യത്തിന്റെ കപടമാന്യത ഇനിയില്ലെന്ന്‌ ട്രംപിലൂടെ അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. ലോകമാകെ ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ നേതൃത്വം കൊടുത്ത അമേരിക്ക സ്വന്തം ജനാധിപത്യത്തിന്റെ യഥാർഥമുഖം അനാവരണം ചെയ്‌തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവർ ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന അനുഭവം. 


 

ട്രംപിന്റെ അതിവൈകാരികാതിക്രമത്തെ അമേരിക്കൻ ജനത തെരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞുവെന്നത്‌ ശരിതന്നെ. എന്നാൽ, 67 ശതമാനം പേർ വോട്ടുചെയ്‌ത തെരഞ്ഞെടുപ്പ്‌ ജയിച്ച ജോ ബൈഡന്‌ ലഭിച്ചത്‌ 81 ദശലക്ഷം വോട്ടാണ്‌. ട്രംപിന്‌ കിട്ടിയ 74 ദശലക്ഷം വോട്ട്‌ യഥാർഥത്തിൽ ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. ഈ വൻ പിന്തുണയാണ്‌ തോൽവി സമ്മതിക്കാതെ അക്രമം നടത്താൻ പിൻബലമായത്‌. വംശീയതയ്‌ക്കും മനുഷ്യവിരുദ്ധതയ്‌ക്കും വർഗീയതയ്‌ക്കും വിലകുറഞ്ഞ ജൽപ്പനങ്ങൾക്കും പിന്തുണ നൽകുന്ന ദശലക്ഷക്കണക്കായ മനുഷ്യർ ലോകത്തിന്‌ നൽകുന്ന സന്ദേശം അത്ര ശുഭകരമല്ല.  ജനാധിപത്യം ജനാധിപത്യത്തെത്തന്നെ വിഴുങ്ങുന്നതിന്റെ സമീപകാല അനുഭവങ്ങൾ ലോകത്ത്‌ ധാരാളമുണ്ട്‌‌.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇത്തരം അനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. വംശീയതയും വർഗീയതയും സർവാധിപത്യവും ധനമൂലധനവും ഒത്തുചേരുന്ന ചരിത്രസന്ധിയിലാണ്‌ ട്രംപും മോഡിയുമെല്ലാം ഐക്യപ്പെടുന്നത്‌.
ട്രംപ്‌ തോറ്റെങ്കിലും 74 ദശലക്ഷം വോട്ടിലൂടെ ശക്തികാട്ടിയ ട്രംപിസം ‌ കനത്ത വെല്ലുവിളിയായി ജോ ബൈഡനും കമല ഹാരിസിനും മുന്നിലുണ്ട്‌. ട്രംപ്‌ തിരികൊളുത്തിയ നവവംശീയ ആശയങ്ങളുടെ ആവേശത്തിൽ അക്രമാസക്തമാകുന്ന ജനക്കൂട്ടം ഉയർത്തുന്ന ഭീഷണി ചെറുതല്ല. പ്രതിപക്ഷത്തെ അപ്രസക്തമാക്കുന്ന, ജനാധിപത്യ മൂല്യങ്ങളെ തൃണവൽഗണിക്കുന്ന, വിമർശങ്ങളിൽ അസഹിഷ്‌ണുത കാട്ടുന്ന സമഗ്രാധിപത്യശക്തികളെ അതിജീവിക്കാൻ ബൈഡനും കമലയ്‌ക്കും കഴിയുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. മോഡി ഭരണത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്നതും സമാന സാഹചര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top