24 April Wednesday

കായികരംഗത്ത്‌ പുതിയ പ്രഭാതം വിരിയട്ടെ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

കളിക്കളത്തിലെ വിജയം ഒരിക്കലും യാദൃച്ഛികതയല്ലെന്ന്‌ ഫുട്‌ബോൾ ഇതിഹാസം  പെലെ പറഞ്ഞിട്ടുണ്ട്‌. അതിന്‌ കഠിനാധ്വാനവും ആത്മസമർപ്പണവും വേണം. ഒപ്പം കരുതലും പിന്തുണയും പ്രോത്സാഹനവുമുണ്ടെങ്കിൽ വിജയത്തിലേക്കുള്ള വഴി എളുപ്പമാകും. ആ ദൗത്യത്തിൽ ഏർപ്പെട്ട സംസ്ഥാന സർക്കാർ അഭിനന്ദനമർഹിക്കുന്നു. 195 കായികതാരങ്ങൾക്ക്‌ സർക്കാർ ജോലി നൽകിയ തീരുമാനം മാതൃകാപരമാണ്‌. ഒറ്റ ദിവസം ഇത്രയധികം താരങ്ങൾക്ക്‌ നിയമന ഉത്തരവ് നൽകുന്നത്‌ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം.

ഇത്‌ പുതുതലമുറയ്‌ക്കുള്ള സന്ദേശമാണ്‌. കായികതാരങ്ങൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസം പകരുന്നതാണ്‌. കളിക്കാൻ പോയാൽ വഴിയാധാരമാകില്ലെന്ന ഉറപ്പ്‌. ഓടിയും ചാടിയും പന്തുതട്ടിയും ജീവിതം സുരക്ഷിതമാക്കാൻ ഒപ്പമുണ്ടാകുമെന്നാണ്‌ ഈ നിയമനത്തിലൂടെ സർക്കാർ സമൂഹത്തോട്‌ പറയുന്നത്‌.കളിക്കളത്തിൽ എല്ലാം സമർപ്പിച്ച പലരും സുവർണകാലത്തിനുശേഷം വിസ്‌മൃതിലാകുകയാണ്‌ പതിവ്‌. ട്രാക്കിൽ സ്വർണം നേടിയവർ ജീവിക്കാനായി കല്ലു ചുമക്കുന്നതും തെരുവ്‌ കച്ചവടം നടത്തുന്നതും പലപ്പോഴും കണ്ടതാണ്‌. വ്യാഴാഴ്‌ച മുഖ്യമന്ത്രിയിൽനിന്ന്‌ നിയമന ഉത്തരവ്‌ സ്വീകരിച്ചവരിലും അങ്ങനെ കഷ്‌ടപ്പെട്ടവരുണ്ട്‌. ഒരിക്കൽ നാടിന്റെ പേരും പെരുമയും ഉയർത്തിയവർ പിന്നീട്‌
അപ്രസക്തരാകുന്ന ദുരവസ്ഥയ്‌ക്ക്‌ കേരളത്തിൽ മാറ്റം വരികയാണ്‌.

നാടിനുവേണ്ടി നേട്ടം കൊയ്‌ത കായികതാരങ്ങളുടെ അവകാശമാണ്‌ തൊഴിലും ജീവിതസുരക്ഷിതത്വവും എന്ന്‌ അംഗീകരിക്കുന്ന എൽഡിഎഫ്‌ സർക്കാർ മൂന്നരവർഷത്തിനിടെ 440 പേർക്ക്‌ നിയമനം നൽകി. കേരളത്തിനായി സന്തോഷ് ട്രോഫി നേടിയ 11 കളിക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 58 താരങ്ങളെ കേരള പൊലീസിൽ നിയമിച്ചു. 2010 മുതൽ 2014 വരെയുള്ള അഞ്ചുവർഷത്തെ സ്‌പോർട്‌സ് ക്വോട്ട പ്രകാരമുള്ള നിയമനം ഈ സർക്കാർ ഒന്നിച്ച് നടത്തി. കഴിഞ്ഞ സർക്കാർ അഞ്ചുവർഷത്തിൽ 110 കായികതാരങ്ങൾക്കാണ് നിയമനം നൽകിയത്.
എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടൽ ഇവിടെ അവസാനിക്കുന്നില്ല.

ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കലം മെഡലുകൾ നേടിയ 83 കായികതാരങ്ങൾക്ക് എൽഡിസി തസ്തികയിൽ വൈകാതെ നിയമനം നൽകും. ഇതോടെ സ്‌പോർട്‌സ് ക്വോട്ടയിൽ നിയമിച്ചവരുടെ എണ്ണം 523 ആകും. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പി യു ചിത്ര, വി കെ വിസ്മയ തുടങ്ങിയ മുൻനിര താരങ്ങൾക്ക് ജോലി നൽകാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്‌.കളിക്കാരുടെ  ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം കായികരംഗത്ത്‌ അടിസ്ഥാന സൗകര്യവികസനവും പ്രധാനമാണ്‌. കളിക്കളങ്ങൾ ഇല്ലാതാകുകയും ഉള്ളവ നാശത്തിന്റെ വക്കിലാകുകയും ചെയ്‌തു. കുട്ടികൾക്ക്‌ കളിക്കാൻ മൈതാനമില്ലാത്ത അവസ്ഥ. ഇതിന്‌ പരിഹാരം കാണാനും സർക്കാർ ഇച്ഛാശക്തിയോടെ ശ്രമിക്കുകയാണ്‌. 14 ജില്ലാ സ്റ്റേഡിയം, 43 പഞ്ചായത്ത്,- മുനിസിപ്പാലിറ്റി സ്റ്റേഡിയം എന്നിവയ്‌ക്കായി കിഫ്‌ബിയിൽ 10,00 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായികസമുച്ചയങ്ങളിൽ 27 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇവ പൂർത്തിയായാൽ സംസ്ഥാനത്ത് 43 ഫുട്‌ബോൾ മൈതാനം, 27 സിന്തറ്റിക് ട്രാക്കുകൾ, 33 നീന്തൽക്കുളം, 33 ഇൻഡോർ സ്‌റ്റേഡിയംഎന്നിവ ഉണ്ടാകും.

വിവിധ കായിക ഇനങ്ങളിൽ കുട്ടികളെ മത്സരപ്രാപ്‌തരാക്കാനും പദ്ധതികൾ ആവിഷ്‌കരിച്ചു. തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ഫുട്‌ബോളിനായി കിക്കോഫ്, നീന്തലിന് സ്‌പ്ലാഷ്, ബാസ്‌കറ്റ്‌ബോളിന് ഹൂപ്‌സ്, അത്‌ലറ്റിക്‌സിന് സ്പ്രിന്റ് പദ്ധതികൾ ആരംഭിച്ചു. കേന്ദ്രീകൃതപരിശീലനത്തിന്‌ തിരുവനന്തപുരത്ത് ടെന്നീസ്, ഷൂട്ടിങ്‌ അക്കാദമികൾ തുറന്നു. അത്‌ലറ്റിക്‌സ് അക്കാദമി കണ്ണൂരിൽ ഉടൻ പ്രവർത്തനം തുടങ്ങും. ജി വി രാജാ സ്‌പോർട്‌സ് സ്‌കൂളും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനും രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തുകയാണ്‌.

കായികമേഖലയിലെ ഈ ഉണർവ്‌ ഉപയോഗപ്പെടുത്താൻ നമുക്ക്‌ സാധിക്കണം. ദേശീയ കായികരംഗത്ത്‌ കേരളം നേരിടുന്ന തിരിച്ചടി അതിജീവിക്കാൻ കഴിയണം. അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലുമൊക്കെ പിറകോട്ടടിയുണ്ട്‌. കായികമേഖലയുടെ വീണ്ടെടുപ്പിന്‌ ഊർജം നൽകാൻ സർക്കാരിന്റെ നടപടികൾക്കാകും.ഈ വർഷം ദേശീയ ഗെയിംസും ഒളിമ്പിക്‌സുമുണ്ട്‌. അതിലെല്ലാം നേട്ടമുണ്ടാക്കാനാകണം. ഇപ്പോഴുള്ള ആവേശവും സമർപ്പണവും തുടർന്നാൽ മെഡലുകൾ പ്രകാശം ചൊരിയുന്ന പ്രഭാതങ്ങളുണ്ടാകും. കായികരംഗത്ത്‌ കേരളം പുതിയ വിജയപഥങ്ങൾ കീഴടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top