19 April Friday

ക്യാമ്പസുകള്‍ പറയുന്നത്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2017

രാജസ്ഥാനിലെ കോളേജുകള്‍ക്കുപിന്നാലെ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും എസ്എഫ്ഐ നേതൃത്വത്തില്‍ ഇടതുപക്ഷ വിദ്യാര്‍ഥിസഖ്യം നേടിയ വന്‍വിജയം രാജ്യത്തെ പുരോഗമനശക്തികള്‍ക്ക് ആവേശം പകരുന്നതാണ്. രാജസ്ഥാനില്‍  ബിജെപി ഭരണത്തെ ഞെട്ടിച്ചുകൊണ്ടാണ് 21 കോളേജില്‍ എബിവിപിയെ തറപറ്റിച്ച് എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ ജനറല്‍ സീറ്റിലും ഇടതുസഖ്യം ഉജ്വലവിജയം നേടിയപ്പോള്‍ മുഖത്തടിയേറ്റത് സംഘപരിവാര്‍ ശക്തികള്‍ക്കാകെയാണ്.  ഇന്ത്യന്‍ യുവതയുടെ ചിന്തകളെ മാറ്റത്തിന്റെയും പുരോഗതിയുടെയും വഴികളിലേക്ക് തിരിച്ചുവിടുന്നതില്‍ ഡല്‍ഹി ജെഎന്‍യു നല്‍കിവരുന്ന സംഭാവന മഹത്തരമാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമെത്തുന്ന ധിഷണാശാലികളായ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ നാനാത്വത്തെയും ബഹുസ്വരതയെയും മുറുകെപ്പിടിച്ചും പരിപോഷിപ്പിച്ചുമാണ് പഠനവും ഗവേഷണവും പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇവര്‍ നേടുന്ന ബൌദ്ധികസമ്പത്ത് രാഷ്ട്രസേവനത്തിനും സമൂഹത്തിന്റെ കൂട്ടായ വളര്‍ച്ചയ്ക്കും പ്രയോജനപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ പ്രക്രിയ പ്രഗത്ഭരായ സ്റ്റേറ്റ്സ്മാന്മാരെ വാര്‍ത്തെടുക്കുന്ന ദൌത്യമായിക്കൂടി പരിണമിച്ച ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്്. വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനം ഈ അര്‍ഥത്തില്‍ സര്‍ഗാത്മകമായി മാറിയത് ജെഎന്‍യുവിന്റെമാത്രം പ്രത്യേകതയായി ചുരുക്കേണ്ടതല്ല.  രാജ്യത്തെമ്പാടുമുള്ള സര്‍വകലാശാലകളും കോളേജ് ക്യാമ്പസുകളും സഹിഷ്ണുതയുടെയും പുരോഗമനചിന്തയുടെയും വിപ്ളവബോധത്തിന്റെയും കലവറകളായിരുന്നു. ക്യാമ്പസുകളുടെ ഈ പ്രത്യുല്‍പ്പന്നമതിത്വം പ്രതിലോമശക്തികളെ അലോസരപ്പെടുത്തിയത് സ്വാഭാവികം. തുറന്ന സംവാദങ്ങളും ആശയസംവേദനവും മത-ജാതി- സ്വത്വമാത്രവാദികളുടെ താല്‍പ്പര്യങ്ങളെ പൊറുപ്പിക്കില്ലെന്ന്   ആദ്യം തിരിച്ചറിഞ്ഞത് അവര്‍തന്നെയാണ്. ഇത്തരക്കാരുടെ ആസൂത്രിത ഇടപെടലുകളാണ് ഇടക്കാലത്ത് ക്യാമ്പസുകളെ കലുഷമാക്കിയത്.

അക്കാദമിക് വേദികളുടെ തലപ്പത്തും സാംസ്കാരികസ്ഥാപനങ്ങളിലും തങ്ങളുടെ സങ്കുചിതരാഷ്ട്രീയം പിന്‍പറ്റുന്നവരെ കുത്തിനിറയ്ക്കാന്‍ കേന്ദ്രത്തില്‍ അധികാരംലഭിച്ച ആദ്യഅവസരത്തില്‍ ബിജെപി തയ്യാറായി. വിദ്യാഭ്യാസ - സാംസ്കാരികമേഖലകളില്‍ ക്രിയാത്മകമായ നിലപാടുകള്‍ പിന്തുടരാന്‍ കോണ്‍ഗ്രസിന് ദീര്‍ഘകാലഭരണത്തില്‍ ഒരിക്കലും സാധിച്ചിരുന്നില്ല. മോഡിയുടെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ രാജ്യത്ത് നടപ്പാക്കിയ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലാകട്ടെ ക്യാമ്പസുകളില്‍ പുകഞ്ഞത് അസ്വസ്ഥതകള്‍. ഈ അരക്ഷിതാവസ്ഥയെ മുതലെടുത്താണ് സംഘപരിവാറിന്റെ വിദ്യാര്‍ഥിശാഖ പിടിമുറുക്കാന്‍ ശ്രമിച്ചത്.

ന്യൂനപക്ഷ-ദളിത് വിരോധവും പീഡനങ്ങളും പ്രതികാരനടപടികളും ഉന്നതവിദ്യാഭ്യാസരംഗത്ത് വാര്‍ത്തപോലും അല്ലാതായിരിക്കുന്നു. വിഖ്യാതമായ ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെന്ന പ്രതിഭാധനനായ വിദ്യാര്‍ഥി ജീവനൊടുക്കാനിടയായത് വിദ്വേഷശക്തികളുടെ പടയോട്ടത്തിന് തിരിച്ചടിയായി. അതിശക്തമായ തിരിച്ചുവരവിന് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ച സംഭവമായി വെമുലയുടെ രക്തസാക്ഷിത്വംമാറി. അരാഷ്ട്രീയ സങ്കുചിത- സ്വത്വമാത്രവാദങ്ങളിലേക്ക് വഴിതെറ്റുന്ന വിദ്യാര്‍ഥിസമൂഹം നേരിന്റെ പാതയിലേക്ക് തിരികെവന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞവര്‍ഷം ജെഎന്‍യുവില്‍ എസ്എഫ്ഐ സഖ്യം നേടിയ വിജയം. കനയ്യകുമാര്‍ എന്ന എഐഎസ്എഫ് നേതാവിനെതിരെ ജെഎന്‍യുവിലെ ഒരുവിഭാഗം അധികൃതരും കേന്ദ്ര ഭരണകക്ഷിയുംചേര്‍ന്ന് നടത്തിയ വേട്ടയാടല്‍ സര്‍വകലാശാലാചരിത്രത്തിലെ കറുത്ത അധ്യായമാണ്. കള്ളക്കേസ് ചമച്ചും കോടതിവളപ്പില്‍ അഭിഭാഷകരെക്കൊണ്ട് കൈയേറ്റംചെയ്യിച്ചുമൊക്കെ അത്യന്തം നിന്ദ്യമായ ആക്രമണത്തിന് ഇരയായ കനയ്യ പ്രതിരോധത്തിന്റെ പ്രതീകമായി യുവമനസ്സുകള്‍ കീഴടക്കി. യോജിച്ച പോരാട്ടത്തിന്റെ പ്രാധാന്യം വിസ്മരിച്ച എഐഎസ്എഫ് തനിച്ചുമത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങി. ഒരുവര്‍ഷം മുമ്പ് അപ്രത്യക്ഷനായ നജീബ് എന്ന വിദ്യാര്‍ഥിയെക്കുറിച്ച് ഇനിയും തുമ്പൊന്നും കിട്ടിയിട്ടില്ല. വിദ്യാര്‍ഥിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉന്നത ബിജെപി നേതാക്കള്‍ നേരിട്ടിറങ്ങിയതും ഞെട്ടിക്കുന്ന അനുഭവമായിരുന്നു. എല്ലാ പ്രതികൂലഘടകങ്ങളെയും അതിജീവിച്ച് നേടിയ ഈ വിജയത്തിന് കേവലമൊരു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ മാനമല്ല ഉള്ളത്. 

വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരായ വിധിയെഴുത്ത് എന്നതിലുപരി, ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തിയാണ് ജെഎന്‍യുവിലെ വിജയം അടിവരയിടുന്നത്. ഇതര സംസ്ഥാനങ്ങളിലും വിദ്യാര്‍ഥി, യുവജനരംഗങ്ങളില്‍ ഉണര്‍വിന്റെ അന്തരീക്ഷമാണുള്ളത്.  കുത്തക അനുകൂലവും ജനവിരുദ്ധവുമായ സാമ്പത്തികനയങ്ങള്‍ പിന്തുടരുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നുകത്തില്‍ കെട്ടിയ കാളകളാണെന്ന് ജീവിതാനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് ബിജെപിക്ക് വളമായത്. അവരുടെ വിദ്വേഷരാഷ്ട്രീയം സൃഷ്ടിച്ച അരക്ഷിതജീവിതം ജനങ്ങളില്‍ പുതിയ അവബോധം വളര്‍ത്തി. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറത്ത് ജീവിതവും സമാധാനവും സംരക്ഷിക്കുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണെന്ന തിരിച്ചറിവ് ശക്തിപ്പെട്ടു. തൊഴിലും കൃഷിയും ചെയ്യുന്നവര്‍ക്കിടയില്‍ ഈ ഐക്യബോധം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരുത്താര്‍ജിക്കുന്ന കര്‍ഷക- തൊഴില്‍സമരങ്ങളില്‍ ഈ മാറ്റം പ്രകടമാണ്.

വിദ്യാര്‍ഥി, യുവജനരംഗങ്ങളിലും മാറ്റത്തിന്റെ കാറ്റ് യാദൃച്ഛികമല്ല. ഇതര മേഖലകളില്‍ അനുദിനം വളര്‍ന്നുവരുന്ന യോജിച്ച പോരാട്ടങ്ങളുടെ പ്രതിഫലനങ്ങള്‍തന്നെയാണ് ക്യാമ്പസുകളിലും സംഭവിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍  ക്യാമ്പസുകളില്‍ പരക്കുന്ന വെളിച്ചം, ഇരുട്ടിന്റെ ശക്തികള്‍ക്ക് ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം കനത്ത പ്രഹരമേല്‍പ്പിക്കുന്നതാകും *
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top