26 April Friday

ജനവികാരം പ്രതിഫലിപ്പിച്ച്‌ ജാർഖണ്ഡ്‌ ഫലം

വി ബി പരമേശ്വരൻUpdated: Tuesday Dec 24, 2019

മോഡി സർക്കാർ അടിച്ചേൽപ്പിക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളോടുള്ള വിയോജിപ്പിന്റെ പ്രത്യക്ഷ പ്രകടനമായി ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം മാറിയിരിക്കുന്നു. ബിജെപിയെ അധികാരത്തിൽനിന്ന്‌ തൂത്തെറിയാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യമാണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. ഇത്‌ ഏതെങ്കിലും ഒരു സംസ്ഥാനത്തെയോ ഒരു പ്രത്യേക വിഷയത്തെയോമാത്രം അടിസ്ഥാനമാക്കി രൂപപ്പെട്ട സ്ഥിതിവിശേഷമല്ല. സംഘപരിവാർ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഹിന്ദുത്വ അജൻഡകൾക്കെതിരായ ചെറുത്തുനിൽപ്പ്‌ കഴിഞ്ഞ ഒന്നിലേറെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യക്തമായിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി പുറത്തായി. ഈ ഒക്‌ടോബറിൽ മഹാരാഷ്ട്രയിലും അടിതെറ്റിയ ബിജെപിക്ക്‌ ജാർഖണ്ഡിലെ തോൽവിയോടെ പ്രമുഖ സംസ്ഥാനങ്ങളിൽ ഒന്നുകൂടി നഷ്‌ടമായി. തുടർച്ചയായി അഞ്ച്‌ വലിയ സംസ്ഥാനങ്ങളിൽ ബിജെപിയെ കൈവിട്ടു.

രണ്ടാമതും ഭരണത്തിലേറിയ മോഡി സർക്കാർ മറയില്ലാതെ തുടരുന്ന ഹിന്ദുത്വവൽക്കരണത്തിന്‌ കനത്ത തിരിച്ചടി നൽകുന്ന ജനവിധികളാണ്‌ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. സാമ്പത്തികത്തകർച്ചയുടെ ദുരിതങ്ങളിൽ നട്ടംതിരിയുന്ന ജനങ്ങൾക്കുമേൽ ചേരിതിരിവിന്റെ പുത്തൻ പരീക്ഷണങ്ങളാണ്‌ അരങ്ങേറുന്നത്‌. മുത്തലാഖും കശ്‌മീർ ബില്ലുമൊക്കെ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ ധ്രുവീകരണവും ലക്ഷ്യമാക്കി ലോക്‌സഭയിൽ പാസാക്കിയെടുക്കുകയായിരുന്നു. വിവിധ പ്രാദേശിക കക്ഷികളെ വരുതിയിലാക്കി രാജ്യസഭയിലും സാങ്കേതിക ഭൂരിപക്ഷം കരസ്ഥമാക്കി. എന്നാൽ, ഇതൊക്കെ ബിജെപിയുടെ വർഗീയമുഖം കൂടുതൽ പ്രകടമാക്കാനേ ഉപകരിച്ചുള്ളൂ. മതരാഷ്‌ട്രത്തിന്റെയും ഫാസിസത്തിന്റെയും ആപത്ത്‌ ആസന്നമാണെന്ന തിരിച്ചറിവ്‌ ജനങ്ങൾക്കുണ്ടെന്ന്‌ ജനവിധികൾ വ്യക്തമാക്കി.

കോൺഗ്രസ്‌ ഭരണത്തിലെ അഴിമതിയും ജനങ്ങളുടെ ജീവിതദുരിതങ്ങളുമാണ്‌ 2014ൽ അധികാരം ബിജെപിയുടെ കൈകളിലെത്താൻ വഴിവച്ചത്‌. കേൺഗ്രസ്‌ ദുർബലപ്പെട്ടതും സംസ്ഥാനങ്ങൾ ഭരിക്കുന്ന പ്രാദേശിക കക്ഷികളുടെ അവസരവാദ നിലപാടുകളും ബിജെപി ഭരണത്തിന്‌ വളമായി. ഇതാണ്‌ വിവിധ സംസ്ഥാനങ്ങളിലെ ഭരണംകൂടി കൈയടക്കുന്നതിന്‌ ബിജെപിയെ സഹായിച്ചത്‌. ആദ്യ മോഡി ഭരണം മൂന്നുവർഷം പിന്നിടുമ്പോൾ ജനസംഖ്യയുടെ 71 ശതമാനം ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങൾ ബിജെപി ഭരണത്തിലായി. ഹിന്ദുത്വ അജൻഡയുടെ തേർവാഴ്‌ചയാണ്‌ പിന്നീട്‌ രാജ്യം കണ്ടത്‌.

ഗോവധ നിരോധനവും മറ്റും മറയാക്കി ന്യൂനപക്ഷഹത്യകളും ആൾക്കൂട്ട കൊലപാതകങ്ങളും നിത്യസംഭവങ്ങളായി. സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ലൈംഗിക പീഡനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്നും തുടർക്കഥയാണ്‌. പൊതുമേഖലാ വിൽപ്പനയും കോർപറേറ്റ്‌ അനുകൂല നടപടികളുമാണ് കേന്ദ്ര ഭരണത്തിന്റെ മുഖമുദ്ര. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിച്ചും പണം വാരിയൊഴുക്കിയും 2019ൽ വീണ്ടും അധികാരം പിടിക്കാൻ മോഡിക്ക്‌ സാധിച്ചു. ഭരണഘടനയെ അട്ടിമറിക്കുന്ന നടപടികളാണ്‌ രണ്ടാംവരവിൽ മോഡിഭരണം സ്വീകരിച്ചത്‌. സംസ്ഥാനങ്ങളിൽ ഭരണം കൈയടക്കാനും ജനവിധികൾ അട്ടിമറിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ നിർലജ്ജം ഉപയോഗിച്ചു. ഇതിനെല്ലാം എതിരെയുള്ള ശക്തമായ വിധിയെഴുത്താണ്‌ ജനങ്ങൾ നടത്തിയത്‌. ദീർഘകാലമായി ഭരണം തുടർന്ന രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക്‌ നഷ്‌ടപ്പെട്ടു. ജനങ്ങൾ തൂത്തെറിഞ്ഞിട്ടും മഹാരാഷ്‌ട്രാ ഭരണത്തിൽ കടിച്ചുതൂങ്ങാൻ ഗവർണറെ ഉപയോഗിച്ച്‌ നടത്തിയ നാണംകെട്ട കളികളും കുതിരക്കച്ചവടവും ജനാധിപത്യത്തിന്‌ തീരാകളങ്കമായി. ഹരിയാനയിൽ കഷ്‌ടിച്ച്‌ ഭരണം നിലനിർത്തി. ഈ ജനവിധികളുടെ തുടർച്ചയാണ്‌ ഇപ്പോൾ ജാർഖണ്ഡിൽനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ഇതോടെ 58 ശതമാനം ജനങ്ങളെ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഇതര ഭരണമാണുള്ളത്‌.

സംസ്ഥാന രൂപീകരണത്തിനുശേഷം അഞ്ചുവർഷം പൂർത്തിയാക്കിയ ആദ്യസർക്കാരെന്ന ഖ്യാതിയുമായി തെരഞ്ഞെടുപ്പിന്‌ പോയ രഘുബർദാസ്‌ സർക്കാർ ദയനീയ തോൽവിയാണ്‌ ഏറ്റുവാങ്ങിയത്‌. അഞ്ച്‌ ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിന്റെ അവസാനത്തെ മൂന്ന്‌ വോട്ടെടുപ്പും പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു ശേഷമായിരുന്നു. മതവിവേചനത്തിനെതിരെ രാജ്യത്ത്‌ കത്തിപ്പടർന്ന പ്രതിഷേധത്തിനൊപ്പം ജാർഖണ്ഡിലെ വോട്ടർമാരും നിലയുറപ്പിച്ചുവെന്നത്‌ അഭിമാനാർഹമായ കാര്യമാണ്‌. ന്യൂനപക്ഷ –- ഭൂരിപക്ഷ ചേരിതിരിവുണ്ടാക്കി രാഷ്‌ട്രീയനേട്ടം കൊയ്യുന്ന ബിജെപിയുടെ ദളിത്‌ പിന്നോക്ക വിരോധം ജനങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രതികരിച്ചതിന്റെ തെളിവാണ്‌ ജാർഖണ്ഡിലെ ആദിവാസി–-പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടി.

പതിവുപോലെ തീവ്രഹിന്ദുത്വം തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചാരണക്കാർഡ്‌. പൗരത്വ ബിൽ തിരക്കിട്ട്‌ പാസാക്കിയതും ഇത്‌ ലക്ഷ്യമാക്കിത്തന്നെ. എന്നാൽ, കുതന്ത്രങ്ങളെയെല്ലാം ജനങ്ങൾ നിരാകരിച്ചിരിക്കുന്നു. ജാർഖണ്ഡ്‌ മുക്തി മോർച്ച–കോൺഗ്രസ്‌ മഹാസഖ്യം കേവലഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്‌. ഭരണഘടനാമൂല്യങ്ങളും രാജ്യത്തിന്റെ ബഹുസ്വരതയും നിലനിർത്താനുള്ള ദേശവ്യാപക പോരാട്ടത്തിൽ അണിനിരക്കുന്ന ജനലക്ഷങ്ങൾക്ക്‌ ജാർഖണ്ഡ്‌ ഫലം നൽകുന്ന ഊർജം വലുതാണ്‌. ഹിന്ദുത്വശക്തികളിൽനിന്ന്‌ രാജ്യത്തെ മോചിപ്പിക്കാനുള്ള വലിയ മുന്നേറ്റത്തിന്റെ പ്രധാന ചുവടുവയ്‌പ്‌ കൂടിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top