02 May Thursday

അധികാരം ഇനിയും അടിത്തട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021


നാട്ടിലെ ഏറ്റവും ദരിദ്രരായ മനുഷ്യന്റെ വിമോചനമെന്ന സ്വപ്‌നത്തിനൊപ്പം മഹാത്മജി ചേർത്തുവച്ചത്‌ ഗ്രാമസ്വരാജ്‌ എന്ന മഹത്തായ ആശയമായിരുന്നു. അധികാരവും സമ്പത്തും താഴേത്തട്ടിലെത്തുമ്പോഴേ ഇത്‌ യാഥാർഥ്യമാകൂ എന്ന്‌ തെളിയിച്ച കാൽനൂറ്റാണ്ടാണ്‌ കടന്നുപോയത്‌. രാജ്യം സ്വാതന്ത്ര്യം നേടിയത്‌ അതിനും അരനൂറ്റാണ്ട്‌ മുമ്പായിരുന്നുവെങ്കിലും അർഥവത്തായ സാമൂഹ്യസുരക്ഷ അകലെയായിരുന്നു. ജനകീയാസൂത്രണമെന്ന പുതുവഴി വെട്ടി, ഈ പ്രതിസന്ധിയെ മുറിച്ചുകടക്കാൻ ശ്രമിച്ച കേരളം രാജ്യത്തിന്‌ മറ്റൊരു മാതൃക സമ്മാനിച്ചു. ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ ജനങ്ങളിലേക്ക്‌ ഭരണം എത്തിച്ച ആദ്യ പരീക്ഷണത്തിന്റെ രജത ജൂബിലി നിറവിലാണ്‌ നാമിപ്പോൾ. ഇരുപത്തഞ്ചാണ്ടുമുമ്പ്‌ ചിങ്ങപ്പുലരിയിൽ ജനകീയാസൂത്രണത്തിന്‌ തുടക്കം കുറിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‌ മുന്നിൽ മുൻഅനുഭവം ഒന്നുമില്ല. നവകേരള ശിൽപ്പി ഇ എം എസിന്റെ വാക്കുകളാണ്‌ വഴികാട്ടിയത്‌–- ‘അധികാര വികേന്ദ്രീകരണം ജനങ്ങളുടെ ഇച്ഛയും പങ്കാളിത്തവും വഴിയാണ്‌ സാധ്യമാക്കേണ്ടത്‌’. ഇതിനൊപ്പം കല്യാശേരി, വള്ളിക്കുന്ന്‌ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളുടെ മാതൃകാ പ്രവർത്തനങ്ങളും ഇ കെ നായനാർ സർക്കാരിനെ പ്രചോദിപ്പിച്ചു.

പശ്‌ചാത്തല വികസനത്തിനും ജനക്ഷേമത്തിനുമുള്ള പദ്ധതികൾ മുകളിൽ രൂപപ്പെടുത്തി, താഴെതലത്തിൽ നടപ്പാക്കുന്ന പതിവുരീതിക്ക്‌ മാറ്റം വരുത്തി. കൂടുതൽ ഫണ്ടും അത്‌ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അധികാരങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ നൽകി. 1992ലെ 73, 74 ഭരണഘടനാ ഭേദഗതിപ്രകാരം രാജ്യത്താകമാനം പഞ്ചായത്ത്‌, നഗരപാലിക സംവിധാനങ്ങൾക്ക്‌ കൂടുതൽ അധികാരം കൈവന്നെങ്കിലും ഒരിടത്തും പ്രവൃത്തിപഥത്തിലെത്തിയില്ല. നാലുവർഷത്തിനുശേഷം കേരളത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ ഭരണഘടനാ ഭേദഗതിക്ക്‌ അനുബന്ധമായ നിയമനിർമാണം നടത്തി. 40 ശതമാനം ഫണ്ട്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാനും പദ്ധതി രൂപീകരണത്തിലും നടപ്പാക്കുന്നതിലും വിശാലമായ ജനപങ്കാളിത്തം ഉറപ്പാക്കാനുമുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തി. വിപ്ലവകരമായ ഈ ജനകീയമുന്നേറ്റത്തിന്റെ ഗുണഫലങ്ങളാണ്‌ ഇന്ന്‌ കേരളത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്‌.

ഇടക്കാലത്ത്‌ അധികാരത്തിലെത്തിയ യുഡിഎഫ്‌ സർക്കാരുകൾ ജനകീയാസൂത്രണത്തെ അട്ടിമറിച്ച്‌ അധികാര കേന്ദ്രീകരണത്തിന്‌ നടപടി സ്വീകരിച്ചു. എന്നാൽ, ഭൂപരിഷ്‌കരണത്തിനുശേഷം കേരളത്തെ മാറ്റിമറിച്ച ജനകീയാസൂത്രണത്തിന്റെ അന്തസ്സത്ത നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനും ഇടതുപക്ഷ സർക്കാരുകൾക്ക്‌ സാധിച്ചു. അഞ്ച്‌ സർക്കാർ മാറിമാറി വന്നിട്ടും അധികാരവികേന്ദ്രീകരണം എന്ന അടിസ്ഥാനാശയത്തിൽ അടിയുറപ്പിച്ചുനിർത്തി ജനകീയാസൂത്രണത്തെ സംരക്ഷിച്ചതിൽ കേരള ജനതയ്‌ക്ക്‌ അഭിമാനിക്കാനാകും. ജനജീവിതത്തിന്റെ സർവ മേഖലയെയും സ്‌പർശിക്കുന്ന ബൃഹദ്‌ശൃംഖലയായി ജനകീയാസൂത്രണ പ്രസ്ഥാനം വളർന്നുകഴിഞ്ഞു. പദ്ധതി രൂപീകരണത്തിന്റെയും നിർവഹണത്തിന്റെയും സൂക്ഷ്‌മ–- സ്ഥൂല തലങ്ങളിലും ദാരിദ്ര്യനിർമാർജന യജ്ഞങ്ങളിലും ജനകീയാസൂത്രണം അന്യൂന മാതൃകയാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇന്ന്‌ രാഷ്‌ട്രീയാതീതമായ പൊതുബോധമായി ജനകീയാസൂത്രണം മാറിയിട്ടുണ്ടെങ്കിൽ, അതിന്‌ കേരളം കടപ്പെട്ടിരിക്കുന്നത്‌ ഇടതുപക്ഷത്തോടുമാത്രം.

ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലൊരു അധികാര വികേന്ദ്രീകരണ മാതൃക ചൂണ്ടിക്കാണിക്കാനില്ല. കേവലം സാമ്പത്തികപ്രക്രിയയായി ചുരുങ്ങിയില്ലെന്നതും ശ്രദ്ധയർഹിക്കുന്നു. ഉൽപ്പാദന–വിപണന താൽപ്പര്യങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങളിലധിഷ്‌ഠിതമായി ആസൂത്രണത്തെ പരിവർത്തിപ്പിക്കാനായി. ഇതിനനുസൃതമായി വിഭവലഭ്യതയും ഉറപ്പുവരുത്തി. ഇതിന്റെ നേട്ടം ജനങ്ങളുടെ ജീവിതഗുണമേന്മയിലും ദൃശ്യമാണ്‌. കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളിൽ ജനകീയാസൂത്രണം സൃഷ്‌ടിച്ച മാറ്റങ്ങൾ അഭൂതപൂർവമാണ്‌. സ്‌ത്രീപദവിയിലുണ്ടായ കുതിച്ചുചാട്ടം സമാനതകളില്ലാത്തതും. കുടുംബശ്രീ പ്രസ്ഥാനം സാമ്പത്തിക സ്വാശ്രയത്തിനപ്പുറം സാമൂഹ്യമായും സ്‌ത്രീകളുടെ ഉന്നമനത്തിന്‌ വഴിയൊരുക്കി.

കേരളത്തിൽ ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്‌ ഭരണത്തുടർച്ച ലഭിച്ചതിന്റെ പ്രയോജനം ഏറെ പ്രകടമാകുന്നത്‌ ജനകീയാസൂത്രണത്തിലായിരിക്കും. ഒന്നാം പിണറായി സർക്കാരിന്റെ നാല്‌ കർമപദ്ധതിയുടെയും നിർവഹണത്തിൽ നിർണായക പങ്കുവഹിച്ചത്‌ തദ്ദേശഭരണ സ്ഥാപനങ്ങളാണ്‌. തുടർന്നങ്ങോട്ട്‌ അവ സംയോജിപ്പിച്ച്‌ ഏകോപിത കർമപദ്ധതിയാക്കുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിന്റെ തുടർപ്രവർത്തനങ്ങളിൽ പ്രാദേശികാസൂത്രണത്തിന്‌ വലിയ പങ്കാണ്‌ നിർവഹിക്കാനുള്ളത്‌. അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യം കർമപഥത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇതിനുള്ള സർവേയും അർഹരെ നിർണയിക്കലും തദ്ദേശ സർക്കാരുകളുടെ ചുമതലയാണ്‌. ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്‌മാംശങ്ങളാണ്‌ പഠന വിധേയമാകാൻ പോകുന്നത്‌. ഭാവികേരളം രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന രേഖയായി ഇതുമാറും.

ജനകീയാസൂത്രണത്തിന്റെ 25–-ാം വാർഷികാഘോഷത്തിന്‌ ഇന്ന്‌ തുടക്കം കുറിക്കുമ്പോൾ നേട്ടങ്ങൾക്കൊപ്പം ചില പോരായ്‌മകളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഗ്രാമ, വാർഡ്‌ സഭകളിലും മറ്റ്‌ വേദിയിലും ജനപങ്കാളിത്തം കുറയുന്നതും പക്ഷപാതിത്തവും ഉദ്യോഗസ്ഥ മേധാവിത്വവുമായ സമീപനങ്ങളും ഗൗരവപൂർവം കാണേണ്ടതുണ്ട്‌. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ജനകീയബദൽ കൂടുതൽ ഉയരങ്ങളിലേക്ക്‌ കുതിക്കുന്ന ഈ വേളയിൽ പിന്നിട്ട നാളുകളിൽ ഈ പ്രസ്ഥാനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യമർപ്പിക്കുന്നു; കൂടുതൽ വിജയം ആശംസിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top