02 June Friday

കശ്‌മീർ: കേന്ദ്രത്തിന്റെ ഒളി അജൻഡ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021മോഡി സർക്കാർ വെട്ടിമുറിച്ച കശ്‌മീരിന്റെ ഹൃദയത്തിൽനിന്ന്‌ ഇപ്പോഴും ചോരവാർന്നൊഴുകുകയാണ്‌. മുറിവുണക്കാനോ താഴ്‌വരയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ അല്ല കേന്ദ്ര സർക്കാരിന്‌ താൽപ്പര്യം. അധികാരശക്തികൊണ്ട്‌ കീഴ്‌പ്പെടുത്തിയ കശ്‌മീരിൽ രാഷ്‌ട്രീയ അധീശത്വത്തിന്‌ കുറുക്കുവഴി തേടുകയാണ്‌ മോഡിയും അമിത്‌ ഷായും. സാധാരണ ജീവിതവും രാഷ്‌ട്രീയപ്രക്രിയയും കശ്‌മീർ ജനതയ്‌ക്ക്‌ നഷ്‌ടപ്പെട്ടിട്ട്‌ രണ്ടു വർഷമാകാറായി. സൈനിക, സിവിൽ നിയന്ത്രണങ്ങളും കോവിഡ്‌ ദുരിതങ്ങളുമെല്ലാം വീർപ്പുമുട്ടിക്കുന്ന ജനങ്ങൾ കൊതിക്കുന്നത്‌ സമാധാനപൂർണമായ ദൈനംദിന ജീവിതമാണ്‌. എന്നാൽ, അതൊന്നുമല്ല കേന്ദ്ര സർക്കാരിന്റെ നോട്ടം. പ്രത്യേക സംസ്ഥാനപദവിയുള്ള കശ്‌മീരിനെയാണ്‌ വെട്ടിമുറിച്ച്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്‌. ഇന്റർനെറ്റും വൈദ്യുതിയുമടക്കം സർവതും നിഷേധിച്ച്‌ കൂട്ടിലടയ്‌ക്കപ്പെട്ടവരുടെ നിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുന്നവർ നിരവധിയാണ്‌. ടൂറിസവും വാണിജ്യവുമടക്കം സകലതും തകർന്നടിഞ്ഞു. അമിതാധികാര വാഴ്‌ചയിൽ ഞെരിഞ്ഞമരുകയാണ്‌ ഈ നാട്‌. ഇതിനൊരു മാറ്റംവരാൻ എതിർശബ്ദങ്ങൾ സഹിഷ്‌ണുതയോടെ കേൾക്കണം. സഞ്ചാരം വിലക്കാതിരിക്കണം. രാഷ്‌ട്രീയ സ്വാതന്ത്ര്യം അനുവദിക്കണം. കേന്ദ്ര ഭരണത്തിനുകീഴിൽ ഇതെല്ലാം അന്യമാണ്‌ കശ്‌മീരിൽ.

പ്രത്യേക പദവി നിഷേധിച്ച കശ്‌മീരിന്‌ ചുരുങ്ങിയത്‌ സംസ്ഥാനപദവിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുവഴി ജനാധിപത്യ സംവിധാനത്തിലേക്ക്‌ ഒരു തിരിച്ചുവരവും ജനങ്ങൾ ആഗ്രഹിച്ചു. സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം വന്നപ്പോൾ സംസ്ഥാനപദവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായ സമന്വയം ഉണ്ടാകുമെന്ന്‌ വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നാഷണൽ കോൺഫറൻസ്‌, പിഡിപി, സിപിഐ എം തുടങ്ങിയ പ്രധാന കക്ഷികൾ ഉൾപ്പെട്ട ഗുപ്‌കാർ സഖ്യം യോഗത്തിൽ പങ്കെടുക്കുമെന്ന്‌ വ്യക്തമാക്കിയത്‌. എന്നാൽ, ഒരുവർഷംമുമ്പ്‌ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപി ചിന്തിച്ചത്‌ മറ്റൊരു വഴിക്കാണ്‌. ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിന്‌ മാത്രമാണ്‌ സർവകക്ഷിയോഗമെന്നും സംസ്ഥാനപദവിയെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട്‌ പുറത്തുവന്നതോടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. പുതിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരുമായി സഹകരിക്കണോ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കണോ തുടങ്ങിയ കാര്യങ്ങളിൽ പുനർചിന്തനം നടത്തുമെന്ന്‌ ഗുപ്‌കാർ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്‌. സമ്പൂർണ സംസ്ഥാനപദവി ആവശ്യപ്പെട്ട കോൺഗ്രസും യോഗത്തിൽ പങ്കെടുക്കുമെന്ന സൂചന നൽകുന്നില്ല.

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും തൊടാതെ മണ്ഡല വിഭജനത്തിലും തെരഞ്ഞെടുപ്പിലും കേന്ദ്ര സർക്കാർ കേന്ദ്രീകരിക്കുമ്പോൾ ലക്ഷ്യം വ്യക്തമാണ്‌. എങ്ങനെയും കശ്‌മീരിൽ അധികാരം പിടിക്കുക. അതിനായി മണ്ഡലങ്ങൾ വെട്ടിമുറിക്കുക. ഇതാണ്‌ ബിജെപിയുടെ അജൻഡ. ടൂറിസത്തിന്റെ പറുദീസയായ കശ്‌മീരിൽ കോർപറേറ്റുകൾ കണ്ണുവച്ചിട്ട്‌ കാലമേറെയായി. 370–-ാം വകുപ്പിന്റെ പരിരക്ഷയിൽ ഇതുവരെ നടക്കാതെ പോയ ഭൂമി കച്ചവടവും കോർപറേറ്റ്‌ അധിനിവേശവും ഇനി കശ്‌മീരിൽ തുടർക്കഥയാകും. ഒരു നാടിന്റെ സ്വത്വവും പൈതൃകവും കശക്കിയെറിഞ്ഞ്‌ രാഷ്‌ട്രീയ, വാണിജ്യ താൽപ്പര്യങ്ങളുടെ വേദിയാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളാണ്‌ വിജയത്തിലെത്തുന്നത്‌. ഇതേ അജൻഡയാണ്‌ ദാമൻ, ദിയു ദ്വീപുകളിൽ കേന്ദ്രം നടപ്പാക്കിയത്‌. ലക്ഷദ്വീപിൽ തുടക്കം കുറിച്ചതും ഇതുതന്നെ.

ജനാധിപത്യ പ്രക്രിയയെക്കുറിച്ച്‌ ആണയിടുന്ന കേന്ദ്ര ഭരണം, തെരഞ്ഞെടുപ്പ്‌ നടത്തണമെങ്കിൽ ആദ്യം മണ്ഡല പുനർനിർണയം വേണം എന്ന നിലപാട്‌ സ്വീകരിച്ചതോടെ യഥാർഥ മുഖം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്‌. ഇതിനെതിരെ ശക്തമായ പ്രതികരണമാണ്‌ രാഷ്‌ട്രീയ കക്ഷികൾ ഉയർത്തുന്നത്‌. മണ്ഡല വിഭജനവും തെരഞ്ഞെടുപ്പുമല്ല ജനതയുടെ അടിയന്തരാവശ്യമെന്ന്‌ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി പ്രതികരിച്ചതിൽനിന്ന്‌ കാര്യങ്ങൾ വ്യക്തമാണ്‌. കേന്ദ്ര സർക്കാർ ആദ്യം ജനങ്ങളുടെ വിശ്വാസം നേടാൻ എന്തെങ്കിലും ചെയ്യട്ടേ എന്നാണ്‌ അവർ തുറന്നടിച്ചത്‌. ഇതൊക്കെയാണെങ്കിലും 2019 ആഗസ്‌ത്‌ അഞ്ചിന്‌ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ കശ്‌മീരിനെ വിഭജിച്ചശേഷം ലഭിക്കുന്ന ആദ്യ ജനാധിപത്യവേദി എന്ന പ്രാധാന്യം പ്രധാനമന്ത്രി വിളിച്ച യോഗത്തിനുണ്ട്‌. വികാരപരമായി യോഗം ബഹിഷ്‌കരിക്കാതെ, അവസരം യുക്തമായ രീതിയിൽ വിനിയോഗിക്കണമെന്ന ഇടതുപക്ഷ കക്ഷികളുടെ അഭിപ്രായത്തിനാണ്‌ മുൻതൂക്കം. സർവകക്ഷിയോഗത്തിനു പിന്നിലെ ഒളി അജൻഡ തുറന്നുകാട്ടുന്നതിനൊപ്പം കശ്‌മീരിൽ ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള പോരാട്ടവേദിയായി പ്രധാനമന്ത്രിയുടെ യോഗത്തെ മാറ്റാനാകുമെന്ന പ്രതീക്ഷയാണ്‌ പങ്കുവയ്‌ക്കാനുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top