19 April Friday

അശാന്തമാകുന്ന കശ്‌മീർ താഴ്‌വര

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


അമർനാഥ് തീർഥാടനത്തിൽ ഏർപ്പെട്ടവരോട് യാത്ര നിർത്തിവച്ച് തിരിച്ചുപോകാൻ ജമ്മു കശ്‌മീർ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. സമീപകാല ചരിത്രത്തിൽ ആദ്യമായാണ് അമർനാഥ് യാത്ര നിർത്തിവച്ചത്. കാലാവധി തീരുന്നതിന് രണ്ടാഴ്‌ച മുമ്പുതന്നെ തീർഥാടനത്തിന് തിരശ്ശീല വീഴ്‌ത്തുകയായിരുന്നു. 2017ൽ ഭീകരാക്രമണം ഉണ്ടായപ്പോൾ പോലും നിർത്തിവയ്‌ക്കാതിരുന്ന അമർനാഥ് യാത്രയ്‌ക്കാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരത്തിനു പേരുകേട്ട ജമ്മു കശ്‌മീരിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന സമയമാണ് അമർനാഥ് തീർഥാടനകാലം. അതുകൊണ്ടുതന്നെ യാത്ര പൊടുന്നനവെ നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടത് വിനോദസഞ്ചാരമേഖലയ്‌ക്കും അതിനെ ആശ്രയിച്ചു ജീവിക്കുന്നവർക്കും കനത്ത തിരിച്ചടിയാണ്.

എണ്ണമറ്റ ദുരിതങ്ങളാണ് സംസ്ഥാന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറ്റുവാങ്ങേണ്ടി വന്നത്‌. ബാങ്കിൽനിന്നു പണം പിൻവലിച്ച് അവശ്യസാധനങ്ങളും മരുന്നുകളും ഇന്ധനവും വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് സ്ഥലവാസികൾ. വിനോദസഞ്ചാരികളാകട്ടെ നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കും ബസ് സ്റ്റേഷനുകളിലേക്കും തിരക്കിട്ട്‌ നീങ്ങുകയാണ്. ജമ്മുവിലും താഴ്‌വരയിലും പഠനത്തിന് എത്തിയവരും സ്വദേശത്തേക്ക് തിരക്കിട്ട് മടങ്ങുകയാണ്. അമർനാഥ് യാത്രികരെ മാത്രമല്ല, ഗുൽമാർഗിലും ശ്രീനഗറിലും എത്തിയ സഞ്ചാരികളെപ്പോലും സർക്കാർ തിരികെ പോകാൻ നിർബന്ധിക്കുകയാണ്. 

എന്തിനുവേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത് എന്നതിന് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അമർനാഥ് യാത്രയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സംസ്ഥാന അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഇതിനെക്കുറിച്ച് എന്തെങ്കിലും പുറത്തുവിടാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടുമില്ല. താഴ്‌വരയിലാകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളാണ്‌ മോഡി സർക്കാരിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 35,000 അർധ സൈനികരെയാണ് ജമ്മു കശ്‌മീരിലേക്ക്‌ അധികമായി നിയോഗിച്ചിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവുമധികം സൈനിക സാന്നിധ്യമുള്ള മേഖലയിലേക്കാണ് വീണ്ടും വൻതോതിൽ സൈനികരെ വിന്യസിക്കുന്നത്. ഇത് എന്തിനു വേണ്ടിയാണെന്ന രാഷ്‌ട്രീയ പാർടികളുടെയും ജനങ്ങളുടെയും ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ ഗവർണർക്കോ മോഡി സർക്കാരിനോ കഴിഞ്ഞിട്ടില്ല. ഭയപ്പെടാനൊന്നുമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സംസ്ഥാന ഭരണത്തിനു നേതൃത്വം നൽകുന്ന ഗവർണർ സത്യപാൽ മാലിക്ക്. അതുകൊണ്ടുതന്നെ ഊഹാപോഹങ്ങളും അർധസത്യങ്ങളും പ്രചരിക്കാൻ കാരണമാകുകയും ചെയ്യുന്നുണ്ട്. 

മോഡി സർക്കാർ വീണ്ടും തനിച്ച് ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെയാണ് കശ്‌മീർ വിഷയത്തിൽ സംഘപരിവാർ അജൻഡ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ ബിജെപി പറഞ്ഞത് മോഡി വീണ്ടും അധികാരത്തിലെത്തിയാൽ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങൾ റദ്ദാക്കുമെന്നാണ്. ഇക്കാര്യത്തിൽ താഴ്‌വരയിലെ ആരുമായും അനുരഞ്‌ജനമൊന്നും ആവശ്യമില്ലെന്ന നിലപാടിലാണ് മോഡി സർക്കാർ. അതുകൊണ്ടുതന്നെയാണ് രാഷ്‌ട്രീയ കക്ഷികളുമായി ചർച്ചപോലും നടത്താൻ അവർ തയ്യാറാകാത്തത്. കശ്‌മീരിനെ ഇന്ത്യയുടെ അഭേദ്യഭാഗമാക്കാനാണ്  ഭരണഘടനാ വകുപ്പുകൾ റദ്ദാക്കുന്നതെന്നാണ് ബിജെപി സർക്കാരിന്റെ വാദം. ഈ വകുപ്പുകൾ റദ്ദാക്കി കശ്‌മീർ താഴ്‌വരയുടെ ജനസംഖ്യാനുപാതത്തിൽ മാറ്റംവരുത്തുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇസ്രയേലിലെ നെതന്യാഹു സർക്കാർ അവലംബിക്കുന്ന ‘കുടിയേറ്റ അധിനിവേശം' കശ്‌മീരിലും പകർത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഒന്നാം മോഡി സർക്കാരിന്റെ കാലത്തുതന്നെ ഈ രീതിയിലുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരുന്നു. ജിഎസ്ടി ജമ്മു കശ്‌മീരിന്‌ ബാധകമാക്കിയതു തന്നെ ഉദാഹരണം. കശ്‌മീരിനുള്ള പ്രത്യേക പദവി അവസാനിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്ന്‌ അന്ന് ബിജെപി നേതാക്കളായ രംമാധവും ജിതേന്ദ്രസിങ്ങും പറയുകയുണ്ടായി. ജമ്മു കശ്‌മീർ സംസ്ഥാനത്തെ മൂന്നായി വിഭജിക്കുകയും മോഡി സർക്കാരിന്റെ ലക്ഷ്യമാണെന്ന പ്രചാരണവും ശക്തമാണ്. ലഡാക്ക്, ജമ്മു, കശ്‌മീർ എന്നിങ്ങനെ മൂന്നു സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംഘപരിവാർ ലക്ഷ്യം. ഇതിനിടയിലാണ് മൂന്നാംകക്ഷി ഇടപെടലിനെക്കുറിച്ചുള്ള ചർച്ചയും നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് കശ്‌മീർ വിഷയത്തിൽ മാധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത ട്രംപ് വ്യാഴാഴ്‌ച വീണ്ടും ആവർത്തിക്കുകയും ചെയ്‌തു. വിദേശ മന്ത്രി വിജയ് ശങ്കർ ഈ വാഗ്‌ദാനം തള്ളിക്കളഞ്ഞെങ്കിലും കശ്‌മീർ വിഷയത്തിൽ പല അന്തർനാടകങ്ങളും അരങ്ങേറുന്നുണ്ടെന്ന് ന്യായമായും സംശയിക്കാം. അമർനാഥ് യാത്ര റദ്ദാക്കിയതും അതിന്റെ ഭാഗം തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top