26 April Friday

കശ്മീര്‍ ജനതയുടെ വിശ്വാസമാര്‍ജിക്കാതെ സമാധാനമുണ്ടാകില്ല

വെബ് ഡെസ്‌ക്‌Updated: Saturday Apr 29, 2017

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നാള്‍ക്കുനാള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്കടുത്ത് പന്‍സ്ഗാമിലെ സൈനികക്യാമ്പിനുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ ഭീകരാക്രമണം നടന്നു. ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ ഫിദായീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരവാദികളും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. നിയന്ത്രണരേഖയില്‍നിന്ന് പത്ത് കിലോമീറ്റര്‍മാത്രം അകലെയുള്ള 155 ഫീല്‍ഡ് റെജിമെന്റിന്റെ ആര്‍ട്ടിലറി ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരവാദികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിലും ഒരാള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ആദ്യമായാണ് ഒരു സൈനികക്യാമ്പിനുനേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം പത്താന്‍കോട്ടിലും ഉറിയിലും നഗ്രോട്ടയിലും സൈനിക ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷംമാത്രം 88 സൈനികരാണ് കൊല്ലപ്പെട്ടത്. 2008ന് ശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമായിരുന്നു. ഈ വര്‍ഷം ഇതിനകം 15 സൈനികര്‍ കൊല്ലപ്പെട്ടു.  

പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിനുനേരെയുള്ള ഭീകരവാദാക്രമണത്തിനുശേഷം മുന്‍ സൈനിക ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ഫിലിപ് കമ്പോസിന്റെ നേതൃത്വത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. 2016 മേയില്‍ത്തന്നെ റിപ്പോര്‍ട്ട് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് സമര്‍പ്പിച്ചെങ്കിലും അതനുസരിച്ച് സൈനികകേന്ദ്രങ്ങളുടെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്താന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. അതിനുശേഷവും കശ്മീരില്‍ സൈനികകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. അതില്‍ ഏറ്റവും അവസാനത്തേതാണ് കുപ്വാരയിലേത്. 

സൈനികള്‍ക്കുനേരെ മാത്രമല്ല കശ്മീരിലെ രാഷ്ട്രീയനേതൃത്വത്തിനുനേരെയും ആക്രമണം വര്‍ധിക്കുകയാണ്. അതില്‍ ഏറ്റവും അവസാനത്തേതാണ് ഭരണകക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ടിയുടെ(പിഡിപി) നേതാവ്  അബ്ദുള്‍ ഗാനി ധര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.  പിഡിപിയുടെ പുല്‍വാമ ജില്ലാ പ്രസിഡന്റായ  ധറിനെ അജ്ഞാതരായ തോക്കുധാരികളാണ് വെടിവച്ച്് കൊന്നത്. വിഘടനവാദികളെ അനുകൂലിക്കുന്ന തോക്കുധാരികള്‍ താഴ്വരയില്‍ യഥേഷ്ടം വിഹരിക്കവെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളും പ്രവര്‍ത്തകരും ‘ഭീതിയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ താഴ്വരയുടെ വിവിധ ‘ഭാഗങ്ങളില്‍ പിഡിപിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ ആക്രമണമുണ്ടായി. ഏപ്രില്‍ 17ന് മുന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍കൂടിയായ നാഷണല്‍ കോണ്‍ഫറന്‍സ്(എന്‍സി) നേതാവിനെ ‘ഭീകരര്‍ ഷോപിയാന്‍ ജില്ലയില്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പിഡിപി, എന്‍സി, കോണ്‍ഗ്രസ്, സിപിഐ എം തുടങ്ങിയ കക്ഷികളാണ് താഴ്വരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് വിഘടനവാദികള്‍ ഉന്നയിക്കുന്നത്.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വ്യാപകമായി സുരക്ഷാസേനയ്ക്കുനേരെ കല്ലേറ് നടത്തുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.  പുല്‍വാമ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥികള്‍ക്കുനേരെ അര്‍ധസൈനികസേന ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സ്ഥിതി വഷളായത്. സ്ഥിതി നിയന്ത്രണംവിട്ടതോടെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും കോളേജുകളും  സര്‍വകലാശാലകളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.  ഇരുപത്തിരണ്ടോളം സാമൂഹ്യമാധ്യമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ശ്രീനഗര്‍ ലോക്സഭാമണ്ഡലത്തില്‍ ഏപ്രില്‍ ഒമ്പതിന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7.12 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ഒമ്പത് പേരാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലാപങ്ങളില്‍ കൊല്ലപ്പെട്ടത.്  ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഈ ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. അനന്തനാഗ് ഉപതെരഞ്ഞെടുപ്പാകട്ടെ മാറ്റിവച്ചിരിക്കുകയാണ്.

കശ്മീര്‍പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ ഒരു പദ്ധതിയും മുന്നോട്ടുവയ്ക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആശയപരമായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ബിജെപിയും പിഡിപിയും ചേര്‍ന്നുള്ള സഖ്യസര്‍ക്കാരാണ് കശ്മീരിലുള്ളത്. എന്നാല്‍, കശ്മീരിലെ പ്രതിഷേധത്തെ നേരിടാന്‍ മോഡി സര്‍ക്കാരിന് ഒരു മാര്‍ഗം മാത്രമേ അറിയൂ. സൈനികശക്തി ഉപയോഗിക്കുക എന്നത് മാത്രം.  ഒരു കശ്മീരി യുവാവിനെ ചാവേറായി രാഷ്ട്രീയ റൈഫിള്‍സ്  ഉപയോഗിച്ചതും സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടി. കശ്മീരിലെ സ്ഥിതിഗതി വഷളാകുന്നത് കശ്മീരിന് പുറത്ത്  ഹിന്ദുത്വ അജന്‍ഡ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന സങ്കുചിതമായ ചിന്തയാണ് ബിജെപിയെ നയിക്കുന്നത്. പാകിസ്ഥാനില്‍നിന്ന് പണം വാങ്ങിയാണ് കശ്മീരിലെ യുവാക്കള്‍ സൈന്യത്തിനുനേരേ കല്ലെറിയുന്നതെന്നായിരുന്നു ആദ്യം സംഘപരിവാര്‍ പ്രചരിപ്പിച്ചത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇവര്‍ക്ക് പണം ലഭിക്കാതായി എന്നും കല്ലേറിന് ശമനം വന്നെന്നും പ്രചരിപ്പിച്ചു. എന്നാല്‍, കശ്മീര്‍ താഴ്വരയിലെ സ്ഥിതി തീര്‍ത്തും വഷളായിരിക്കുകയാണിപ്പോള്‍. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കണമെന്നാണ്  മെഹ്ബൂബയുടെ ആവശ്യം.  ബന്ധപ്പെട്ട എല്ലാകക്ഷികളുമായുള്ള സംഭാഷണത്തില്‍ കൂടി മാത്രമേ കശ്മീര്‍പ്രശ്നം പരിഹരിക്കാനാകൂ. എന്നാല്‍, ഇപ്പോഴാവശ്യം സംഭാഷണം തുടങ്ങുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ്. പെല്ലറ്റ് തോക്കുകളും ബുള്ളറ്റുകളും ഗര്‍ജിക്കുമ്പോള്‍ സമാധാനസംഭാഷണം നടത്തുക അസാധ്യമാണ്. അതിനാല്‍ കശ്മീര്‍ ജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള അടിയന്തരനടപടികള്‍ കേന്ദ്രം കൈക്കൊള്ളണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top