21 May Tuesday

ഭീകരതയുടെ വേരറുക്കാൻ ജനവിശ്വാസം വീണ്ടെടുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021


കശ്മീർ വീണ്ടും പുകയുകയാണ്‌. രണ്ടര വർഷംമുമ്പ്‌ നാൽപ്പത്‌ കേന്ദ്ര സേനാംഗങ്ങൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പുൽവാമയിൽനിന്നാണ്‌ ഒടുവിലത്തെ ദുരന്തവാർത്ത. ഭീകരവിരുദ്ധ സ്‌ക്വാഡിലെ സ്‌പെഷ്യൽ പൊലീസ്‌ ഓഫീസറെയും ഭാര്യയെയും മകളെയും ഭീകരർ വീട്ടിൽ കയറി വെടിവച്ചുകൊന്നു. ഈ മാസം കൊല്ലപ്പെടുന്ന മൂന്നാമത്തെ സ്‌പെഷ്യൽ ഓഫീസറാണ്‌ ഫയസ്‌ അഹമ്മദ്‌. സുരക്ഷാസേനയും തന്ത്രപ്രധാന കേന്ദ്രങ്ങളും ഭീകരരുടെ ലക്ഷ്യമായിട്ട്‌ കാലമേറെയായി. ഡ്രോൺ ഉപയോഗിച്ച്‌ കഴിഞ്ഞദിവസം ജമ്മു വ്യോമതാവളത്തിൽ നടത്തിയ ബോംബാക്രമണം ഭീകരപ്രവർത്തനം പുതിയ തലത്തിലേക്ക്‌ കടന്നതായും വ്യക്തമാക്കുന്നു. ലഷ്‌കറെ തയ്‌ബയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ സൂചന. ശ്രീനഗറിൽ രക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്‌. സൈനികശക്തികൊണ്ടുമാത്രം ഭീകരാക്രമണം നേരിടാനാകില്ലെന്ന്‌ തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ മാറ്റം വരാത്തതാണ്‌ കശ്‌മീരിൽ രക്തച്ചൊരിച്ചിൽ തുടരാനിടയാക്കുന്നത്‌. കശ്മീർ ജനതയുടെ പ്രത്യേകപദവിയും സ്വത്വവും നിലനിർത്തിക്കൊണ്ടു മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാകൂ എന്ന തിരിച്ചറിവാണ്‌ കേന്ദ്രത്തിന്‌ ഇല്ലാത്തത്‌.

കശ്‌മീരിനെ വെട്ടിമുറിച്ച്‌ കേന്ദ്രഭരണ പ്രദേശമാക്കുകയും പട്ടാളശക്തിയിൽ ജനജീവിതം സ്‌തംഭിപ്പിക്കുകയും ചെയ്‌തിട്ട്‌ രണ്ടുവർഷമാകാറായി. വ്യക്തിസ്വാതന്ത്ര്യവും രാഷ്‌ട്രീയപ്രക്രിയയും ഫോൺ, ഇന്റർനെറ്റ്‌ സംവിധാനങ്ങളും നിഷേധിച്ച് അക്ഷരാർഥത്തിൽ തടങ്കലിലാക്കപ്പെട്ടവർ സഹിച്ച ദുരിതങ്ങൾ വിവരണാതീതമാണ്‌. രാഷ്‌ട്രീയ പാർടികളുടെ നേതാക്കളും പ്രവർത്തകരും വീട്ടുതടങ്കലിലായി. എല്ലാ പ്രതിബന്ധവും ക്ഷമാപൂർവം നേരിട്ട ബിജെപി ഇതരകക്ഷികൾ ജനാധിപത്യത്തിൽ വിശ്വാസമർപ്പിച്ച്‌ ക്രിയാത്മകമായി നീങ്ങി. ഇതിന്റെ തുടർച്ചയായാണ്‌ ഗുപ്‌കാർ സഖ്യം രൂപീകരിക്കപ്പെട്ടത്‌. ഇവരെ വിശ്വാസത്തിലെടുത്ത്‌ ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിന്‌ പകരം സങ്കുചിത രാഷ്‌ട്രീയ അജൻഡയുമായി ബിജെപി മുന്നോട്ടുപോയതാണ്‌ കശ്‌മീരിൽ വീണ്ടും വെടിമരുന്ന്‌ മണമുയരാൻ ഇടവരുത്തിയത്‌.

അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവർത്തകർ ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾതന്നെയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ പലവട്ടം തെളിഞ്ഞതാണ്‌. പുൽവാമയിൽ നാൽപ്പത്‌ അർധസൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഇന്ത്യയുടെ തലകുനിപ്പിച്ചു. 2500 പേർ യാത്ര ചെയ്‌ത 78 സൈനികബസിന്റെ കോൺവേയിലേക്കാണ്‌ സ്‌ഫോടകവസ്തു നിറച്ച ട്രക്ക്‌ ഇടിച്ചുകയറ്റിയത്‌. ഇതിൽപ്പരമൊരു സുരക്ഷാവീഴ്‌ച സംഭവിക്കാനില്ല. ദിവസങ്ങൾക്കകം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ തിരിച്ചടി (സർജിക്കൽ സ്‌ട്രൈക്ക്‌) നടത്തിയെങ്കിലും ഇന്ത്യക്കേറ്റ ആഘാതത്തിന് പരിഹാരമാകുന്നില്ല. മാത്രമല്ല, സർജിക്കൽ സ്‌ട്രൈക്ക്‌ ഭീകര കേന്ദ്രങ്ങൾ തകർക്കുന്നതിൽ എത്രമാത്രം ഫലപ്രദമായെന്നതും വിവാദവിഷയമായി. ഭീകരവിരുദ്ധനീക്കം എന്നതിലുപരി, മോഡി സർക്കാരിന്റെ രാഷ്‌ട്രീയ ആവശ്യമായിരുന്നു അന്നത്തെ പ്രത്യാക്രമണം. ഇത്തരത്തിൽ രാജ്യതാൽപ്പര്യത്തിനുമേൽ രാഷ്‌ട്രീയം പ്രതിഷ്‌ഠിക്കുന്നതാണ്‌ കശ്‌മീർ ഉണങ്ങാത്ത മുറിവായി അവശേഷിക്കാൻ കാരണം.

പതിനാല്‌ കിലോമീറ്ററിൽ കൂടുതൽ ദൂരത്തുനിന്ന്‌ നിയന്ത്രിച്ച ഡ്രോണുകളാണ്‌ കഴിഞ്ഞ ദിവസം ജമ്മു വ്യോമസേനാ വിമാനത്താവളത്തിൽ ബോംബുകൾ വർഷിച്ചത്‌. യാത്രാവിമാനത്താവളംകൂടിയായി ഉപയോഗിക്കുന്ന ഇവിടെ വൻദുരന്തം തലനാരിഴയ്‌ക്ക്‌ ഒഴിവായെങ്കിലും ഒട്ടും ആശ്വാസം പകരുന്ന വിവരങ്ങളല്ല പുറത്തുവന്നിട്ടുള്ളത്‌. ഇന്ത്യയിലെ ആദ്യ ഡ്രോൺ ആക്രമണമാണിത്. സൈനിക കേന്ദ്രത്തിനടുത്ത്‌ രണ്ട്‌ ഡ്രോണുകൾ കൂടി കണ്ടെത്തിയത്‌ ആശങ്ക വർധിപ്പിക്കുന്നു. 15 കിലോ സ്‌ഫോടകവസ്‌തുക്കൾവരെ ലക്ഷ്യസ്ഥാനത്ത്‌ കൃത്യമായി വീഴ്‌ത്താൻ സാധിക്കുന്ന ഡ്രോണുകളാണ്‌ ഭീകരർ ഉപയോഗിക്കുന്നത്‌. ഈ സംവിധാനം ഉപയോഗിച്ച്‌ മയക്കുമരുന്നും തോക്കുകളും വെടിയുണ്ടയും മറ്റ്‌ ഉപകരണങ്ങളും കടത്തുന്നത്  നേരത്തേ ശ്രദ്ധയിൽപ്പെട്ടതാണ്‌. ഇവയുടെ സഞ്ചാരവും നിയന്ത്രണവും തടസ്സപ്പെടുത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കണമെന്ന്‌ ബിഎസ്‌എഫ്‌ ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. പകരം ഇവയെ നേരിട്ട്‌ വെടിവച്ചു വീഴ്‌ത്തുകയെന്ന പ്രാകൃതരീതിയാണ്‌ തുടരുന്നത്‌. ജമ്മു വിമാനത്താവളത്തിൽ നൂറുമീറ്റർ ഉയരത്തിൽനിന്നാണ്‌ ഡ്രോൺ ബോംബിട്ടതെന്നാണ്‌ വിവരം. ഇത്ര അടുത്തുള്ള സ്‌ഫോടകവസ്‌തുവിന്‌ നേരെ വെടി ഉതിർത്താൽ അപകടസാധ്യത കൂടാനാണിട.

സർവകക്ഷിയോഗത്തിന്‌ തൊട്ടുപിന്നാലെ, പ്രതിരോധമന്ത്രിയുടെ സന്ദർശനവേള ആക്രമണം നടത്താൻ ഭീകരർ തെരഞ്ഞെടുത്തതിന്‌ പ്രാധാന്യമേറെയുണ്ട്‌. രണ്ടു വർഷത്തോളമായി പട്ടാളബൂട്ടിൽ ഞെരിയുന്ന കശ്‌മീരിനെ ജനാധിപത്യത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാനാണ്‌ സർവകക്ഷിയോഗമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ടായിരുന്നു. എന്നാൽ സംസ്ഥാന പദവി, തെരഞ്ഞെടുപ്പ്‌ തുടങ്ങിയ വിഷയങ്ങളിൽ എന്തെങ്കിലും ഉറപ്പുനൽകാതെ യോഗം പ്രഹസനമാക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്‌തത്‌. ആദ്യം മണ്ഡലവിഭജനം, പിന്നെ തെരഞ്ഞെടുപ്പ്‌. അതുംകഴിഞ്ഞ്‌ സംസ്ഥാന പദവി എന്ന ഒഴുക്കൻ സമീപനം സൃഷ്‌ടിച്ച നിരാശയെ മുതലെടുക്കാനാണ്‌ ഭീകരർ ശ്രമിക്കുന്നതെന്ന്‌ സംശയിക്കണം. കേന്ദ്ര ഗവൺമെന്റിന്‌ ആത്മാർഥതയുണ്ടെങ്കിൽ എത്രയും പെട്ടെന്ന്‌ തെരഞ്ഞെടുപ്പു നടത്തി കശ്‌മീരിൽ ജനകീയഭരണം പുനഃസ്ഥാപിക്കുകയാണ്‌ വേണ്ടത്‌. എങ്കിൽ മാത്രമേ ഭീകരതയുടെ കണ്ണികളെ അറുത്തുമാറ്റാനും അതിർത്തികടന്നുള്ള ആക്രമണങ്ങളെ ചെറുക്കാനും സാധിക്കുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top