20 June Thursday

രക്തക്കൊതി അടങ്ങാത്ത ഹിന്ദുത്വ ഭീകരത

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020


 

റിപ്പബ്ലിക്‌ ദിനം ആഘോഷിച്ച്‌  നാലുദിവസം  കഴിഞ്ഞാണ്‌ ഇന്ത്യ ഗാന്ധിജി രക്തസാക്ഷിത്വദിനം വേദനയോടെ ആചരിച്ചത്‌. നാഥുറാം ഗോഡ്‌സെയും കാവി ഭീകരരും  മഹാത്മാവിനെ   വെടിവച്ചുകൊന്നത്‌ ഇപ്പോഴും ചോരയൊലിപ്പിക്കുന്ന മുറിവുകളിലൊന്നാണ്‌. രാഷ്ട്രപിതാവിന്റെ 72–-ാം  രക്തസാക്ഷിത്വദിനത്തിൽ  ഹിന്ദുത്വ തീവ്രവാദിയായ  രാംഭക്ത് ഗോപാൽ   ജാമിയ മിലിയയിലെ വിദ്യാർഥികൾക്കുനേരെ വെടിയുതിർത്തത്‌ രണ്ടാം ഗോഡ്‌സെയുടെ  വരവാണറിയിച്ചത്‌.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ  തെരുവുകളിലിറങ്ങുന്നവരെ അവസാനിപ്പിക്കാൻ കാവിപ്പടയുടെ നേതാക്കൾ അനുയായികൾക്ക്‌ തുടർച്ചയായി സമ്മതിപത്രം നൽകിക്കൊണ്ടിരിക്കയാണ്‌. ഹിമാചൽ പ്രദേശിൽനിന്നുള്ള പാർലമെന്റംഗവും  കേന്ദ്ര ധന സഹമന്ത്രിയുമായ  അനുരാഗ് താക്കൂർ,  ‘ദേശദ്രോഹികൾക്കുനേരെ വെടിയുതിർക്കൂ’വെന്ന്‌  പൊതുയോഗത്തിൽ പരസ്യമായി ആഹ്വാനംചെയ്‌തു.  ഒരു  ഹിന്ദുത്വ തീവ്രവാദി അത്‌ പരസ്യമായി നടപ്പാക്കിയിരിക്കുന്നു.

"ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത് ? ഞാൻ തരാം നിങ്ങൾക്ക് സ്വാതന്ത്ര്യം.  ജയ് ശ്രീറാം’  എന്ന്‌ വിളിച്ചുകൂവി പൊലീസുകാരെ സാക്ഷിയാക്കി വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കുകയാണുണ്ടായത്‌. എല്ലാ അടിച്ചമർത്തൽ നടപടികളും അതിജീവിച്ച്‌ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളും മുന്നോട്ടുകൊണ്ടുപോകുന്ന  പ്രതിഷേധത്തെ പരാമർശിച്ച്‌ ‘ഷഹീൻബാഗ് ഗെയിം ഓവർ' എന്ന മറ്റൊരു പോസ്റ്റും രാംഭക്ത് ഫെയ്‌സ്‌ബുക്കിലിട്ടു. വടിവാൾ ചുംബിച്ചുനിൽക്കുന്നതാണ്‌ അയാളുടെ പ്രൊഫൈൽ ചിത്രം. ആ അക്കൗണ്ടിലെ മറ്റു പോസ്റ്റുകളിൽ താൻ ചെയ്യാൻപോകുന്ന പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് വിശദീകരിച്ചതും. തന്റെ അന്ത്യയാത്രയിൽ മൃതദേഹത്തിൽ  കാവി പുതപ്പിക്കണമെന്നും ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കണമെന്നും ആവശ്യപ്പെടുന്നുമുണ്ട്‌. വർഗീയഭ്രാന്തും അന്യമത വിദ്വേഷവും തലയ്‌ക്കുപിടിച്ചാൽ മനുഷ്യർ എത്രമാത്രം  അക്രമാസക്തരാകുമെന്നാണ്‌ ഇത്തരം ജൽപ്പനങ്ങൾ തെളിയിക്കുന്നത്‌.


 

പൗരത്വ ഭേദഗതി നിയമത്തിനും  ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ജാമിയ മുതൽ രാജ്ഘട്ട് വരെ നടത്തിയ മാർച്ചിനുനേരെയായിരുന്നു വെടിവയ്‌പ്‌. അയാൾ  അതു മുഴുവൻ ഫെയ്‌സ്‌ബുക്കിൽ സ്വന്തം അക്കൗണ്ട്‌വഴി ലൈവായി നൽകുകയുംചെയ്‌തു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്  വിജയം ലാക്കാക്കി സംഘപരിവാർ  നേതൃത്വം  നടത്തിയ വിദ്വേഷ പ്രസ്‌താവനകളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ജാമിയ വിദ്യാർഥികൾക്കുനേരെ നടത്തിയ അകാരണമായ വെടിവയ്‌പ്പെന്ന്‌ വ്യക്തം.

വെടിയുണ്ടയേറ്റ്‌ പരിക്കേറ്റ ഷദാബ്‌ ഫറൂഖ്‌  എന്ന വിദ്യാർഥിയെ  ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ, ബാരിക്കേഡുകൾ തുറക്കാൻപോലും ഡൽഹി പൊലീസ് തയ്യാറായില്ല.  അവയ്‌ക്ക്‌ മുകളിലൂടെ ചാടാൻ ആവശ്യപ്പെടുകയായിരുന്നു. ആയിരക്കണക്കിനാളുകൾ  നോക്കിനിൽക്കെ വിദ്യാർഥികൾക്കുനേരെ  വെടിയുതിർത്തയാളെ   തടയാൻ ക്രമസമാധാനപാലകർ  ശ്രമിച്ചതേയില്ലെന്നത്‌ ഡൽഹി പൊലീസ്‌ എത്രമാത്രം വിഭാഗീയമായിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌. വർഗീയ കലാപങ്ങളിൽ ആർഎസ്‌എസ്‌ ആയുധംപോലെ പ്രവർത്തിച്ച ഉത്തർപ്രദേശിലെ കുപ്രസിദ്ധമായ പിഎസിയുടെ  നിലവാരത്തിലാണ്‌ ആ സേനയും. മാധാനപരമായി സമരമുഖത്ത്‌ നിലയുറപ്പിച്ച വിദ്യാർഥിനികളുടെയും  സ്‌ത്രീകളുടെയും തലതല്ലിപ്പൊളിക്കുന്നവർ അക്രമികൾക്ക്‌ എല്ലാ സംരക്ഷണവും നൽകുകയുമാണ്‌.  അതേസമയം ജാമിയ വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത ഹിന്ദുത്വ  തീവ്രവാദിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് ഹിന്ദു മഹാസഭ. മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്സെയെപ്പോലെ യഥാർഥ രാജ്യസ്‌നേഹിയാണ്‌ വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത അക്രമിയെന്നാണ്‌ ഹിന്ദു മഹാസഭ പറഞ്ഞത്‌.

ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം കശ്‌മീരിൽ  പിടിയിലായ ഡിവൈഎസ്‌പി ദവീന്ദർ സിങ്ങിനെ എവിടെയാണ്‌ പാർപ്പിച്ചതെന്നുപോലും പുറംലോകമറിയില്ല. അയാളുടെ രാഷ്ട്രീയ ബന്ധങ്ങൾ മറച്ചുപിടിക്കാനാണ്‌ ഈ കൗശലം. പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടനയ്‌ക്ക്‌ സുപ്രധാന വിവരങ്ങൾ കൈമാറിയ ബിജെപി ഐടി സെല്ലിലെ പ്രധാനി  ധ്രുവ്‌  സക്‌സേനയ്‌ക്കും സഹ ഒറ്റുകാർക്കുമെതിരെ  പെറ്റി കേസ്‌ മാത്രമായിരുന്നു. മംഗളൂരു ബാജ്‌പേ വിമാനത്താവളത്തിൽ ബോംബുവച്ച സ്ഥിരം കുറ്റവാളി ആദിത്യ റാവുവിന്‌ മനോരോഗിയുടെ ആനുകൂല്യംനൽകി രക്ഷിക്കാനായിരുന്നു ശ്രമം. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി പ്രഗ്യാസിങ്‌ താക്കൂറിനെ പാർലമെന്റംഗവുമാക്കി. കഴിഞ്ഞ ജനുവരി 30ന്‌ ഗാന്ധിപ്രതിമയിൽ പ്രതീകാത്മകമായി വെടിയുതിർത്ത ഹിന്ദു മഹാസഭ നേതാവ്‌ പൂജാ ശകുൻ പാണ്ഡെയ്‌ക്കെതിരെ കേസുപോലും എടുത്തില്ല. ഈ പശ്‌ചാത്തലത്തിൽ 

"തോക്കുനീട്ടിനീ, യച്ഛന്റെ മാറിൻ
നേർക്കുതന്നെ നിറയൊഴിച്ചിട്ടും
പിന്നെയും ഞങ്ങൾ വിശ്വസിക്കേണം
നിന്നെയും ‘ഭാരതീയ'നായ് ത്തന്നേ!’

എന്ന വയലാറിന്റെ വരികൾ മറക്കാനാകില്ല.

ഇന്ത്യൻ മാധ്യമങ്ങളുടെ വിശ്വാസ്യത ഒരിക്കലുമില്ലാത്തവിധം  നഷ്ടമായതായുള്ള  ടിആർടി വേൾഡ്‌ ഡോക്യുഫീച്ചറിന്റെ കണ്ടെത്തൽ    അതീവഗുരുതരമാണ്‌. ഗവൺമെന്റ്‌  അനുകൂല മനോഭാവം മുളപ്പിക്കാനാണ്‌  അവയുടെ  ശ്രമം. അർണാബ് ഗോസ്വാമിയുടെ ചർച്ചകൾ അടിവരയിട്ടാണ്‌ ടിആർടി ഇക്കാര്യം സൂചിപ്പിക്കുന്നത്.  ജാമിയയിൽ ഹിന്ദുത്വഭീകരൻ വെടിവച്ചത്‌  അർണാബിന്റെ റിപ്പബ്ലിക്‌ ചാനലിൽ, പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികൾ വെടിവച്ചുവെന്നായിരുന്നു. 

ജാമിയയുടെ കവാടത്തിൽനിന്ന്‌ റിപ്പബ്ലിക്‌ ടിവിയുടെ റിപ്പോർട്ടർമാരെ ‘ഗോബാക്ക്‌’ വിളിച്ചതും മറക്കാതിരിക്കാം.  കർഷകരുടെ വരുമാനം തന്റെ ഗവൺമെന്റ് നയങ്ങൾ കാരണം ഇരട്ടിച്ചെന്നുപറ‍ഞ്ഞ് മോഡിയുമായി സംവദിച്ച സ്ത്രീയെ തെരഞ്ഞ് പോയി സത്യാവസ്ഥ പുറത്തെത്തിച്ച മാധ്യമപ്രവർത്തകനാണ് എബിപി ചാനലിലെ  പുണ്യ പ്രസൂൺ ബാജ്‌പൈ. വരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നാണ് ആ കർഷക തുറന്നടിച്ചത്. ചാനലിലൂടെ സത്യം വ്യക്തമാക്കിയതോടെ  വലിയ സമ്മർദമുണ്ടായെന്നാണ് ബാജ്‌പൈ  വെളിപ്പെടുത്തിയതും. മാധ്യമപ്രവർത്തനം തുടരാനാകാതെ  അദ്ദേഹം ചാനലിൽനിന്ന് രാജിവച്ചെന്നും ടിആർടി വെളിപ്പെടുത്തി. ഹിന്ദുത്വ ഭീകരത എല്ലാ അതിരുകളും ഭേദിച്ച്‌ അതിക്രമവും നുണപ്രചാരണവും നടത്തുമ്പോൾ ജനാധിപത്യസ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയത്താണ്‌ ഇത്തരം നിരുത്തരവാദിത്തങ്ങൾ എന്നോർക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top